2010, ഡിസംബർ 19, ഞായറാഴ്‌ച

കട്ടിങ്ങ് സെറിമണി അഥവാ സുന്നത്ത് കല്യാണം..!

പതിവുപോലെ ഫോണിലൂടെ പ്രായം ഒന്നിനോടടുത്ത മകന്‍റെ കളിയും, ചിരിയും, കുസൃതികളും വിവരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍റെ സുന്നത്ത് കഴിക്കണ്ടേ? എന്ന ഭാര്യയുടെ ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം മൌനംപൂണ്ടുനില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.. “ഹലോ“ എന്ന അവളുടെ തുടരത്തുടരയുള്ള വിളികേട്ടപ്പോള്‍ “ഇപ്പോള്‍ തന്നയോ ?” എന്ന മറുചോദ്യമാണ് എന്നില്‍ നിന്നുണ്ടായത്. “ഇപ്പോഴല്ല നിങ്ങള്‍ വന്നിട്ട് നടത്താം മോന് ഒരു വയസ്സായില്ലെ.?” എന്ന അവളുടെ വാക്കുകള്‍ എന്നെ ഇരുപതിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്‍റെ ബാല്യകാലത്തിലേക്കാണ് കൂട്ടികൊണ്ടു പോയത്.!

അന്ന് ഒരു തിങ്കളാഴ്ച ദിവസം സുബ്ഹിക്ക് മുന്‍പ് തന്നെ ശരീരമാസകലും വെളിച്ചെണ്ണ തേച്ച് വാസന സോപ്പുകൊണ്ട് കുളിപ്പിച്ച് പുത്തനുടുപ്പണിയിച്ച് എന്നെ അണിയിച്ചൊരുക്കുമ്പോള്‍ ഉമ്മയുടെ മുഖത്ത് സന്തോഷത്തിന്‍റെ തിരമാലകള്‍ അലയടിക്കുന്നത് ഞാന്‍ കണ്ടു . മനസ്സിന്‍റെയുള്ളില്‍ എവിടയോ ഒരു ചെറിയ ഭീതി എന്നെ വേട്ടയാടിയിരുന്നുവെങ്കിലും ഏറെ താമസിച്ചു പോയ എന്‍റെ സുന്നത്ത് കല്യാണം അന്ന് നടക്കാന്‍ പോവുകയാണ് എന്ന അറിവ് എന്നെ കുളിരണിയിപ്പിച്ചു.

ദഫ്ഫ്മുട്ടിന്‍റെയും, കോല്‍ക്കളിയുടെയും അകമ്പടിയോടെ നാട്ടുകാര്‍ക്കെല്ലാം ആട് ബിരിയാണി വിളമ്പി ആഘോഷത്തോടെ നടത്തിയ സുന്നത്ത് കല്യാണത്തിനു കിട്ടിയ ധാരാളം സമ്മാനങ്ങളെ കുറിച്ച് മദ്രസ വിട്ടു വരുമ്പോള്‍ കൂട്ടുകാരന്‍ നാസര്‍ പൊലിവോടെ പറയുന്നത് കേട്ട് നടക്കുമ്പോള്‍ ഏഴാം വയസ്സിലും സുന്നത്ത് കഴിച്ചിട്ടില്ലാത്ത ഒരു ദരിദ്ര ചെക്കന്‍റെ നിഴലായിരുന്നു എന്‍റെ കാലടിക്കു കീഴിലൂടെ നടന്നിരുന്നത് .

കിട്ടാന്‍ പോവുന്ന സമ്മാനങ്ങളേയോര്‍ത്ത് എന്‍റെയും സുന്നത്ത് കഴിക്കണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോള്‍ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ അതിനായി മാറ്റിവെക്കാന്‍ കിട്ടാത്ത പൈസയാണ് പ്രശ്നമെന്ന് ഉപ്പ ഉമ്മയോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു.

നിസ്ക്കാരത്തിനായി പള്ളിയില്‍ പോവുന്ന കൂട്ടുകാര്‍ കൂടെ ചെല്ലാന്‍ വിളിച്ചപ്പോള്‍ കൊളുത്ത് പൊട്ടി ചരടില്‍ തൂങ്ങി നില്‍ക്കുന്ന ട്രൌസര്‍ ഇട്ട് നടന്നിരുന്ന എനിക്ക് നല്ല തുണിയില്ലെന്ന് പറഞ്ഞത് കേട്ട് നാസര്‍ അവന്‍റെ ഉമ്മ കാണാതെ ഉടുത്ത തുണിക്ക് മുകളില്‍ മറ്റൊന്നുകൂടി എടുത്ത് വന്ന് വഴിയില്‍ വെച്ച് എനിക്കഴിച്ച്തന്നു . സുന്നത്ത് കഴിക്കാത്ത കുട്ടികള്‍ പള്ളിയില്‍ കയറാന്‍ പറ്റുമോ എന്ന പേടിയോടെ പള്ളിക്കിണറിന് പിന്നില്‍ മാറി നിന്നപ്പോള്‍ സംശയ നിവാരണത്തിനായി കൂട്ടത്തില്‍ മുതിര്‍ന്ന അലി മാനു ഉസ്താദിന്‍റെ അടുത്ത്ചെന്നു.

“എന്താടാ അന്‍റെ സുണ്ണാണിമുറിക്കാത്തേ ?”

ചോദ്യവുമായി അടുത്തുവന്ന മാനു ഉസ്താദ് എന്നെ കൂട്ടി പിടിച്ച് പള്ളിക്കകത്തേക്ക് കയറിയപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതോടെ പള്ളിയില്‍ പോക്ക് പതിവായി മാറുകയും ചെയ്തു.

ഒരേസമയം രണ്ട് തുണികളില്‍ അഴുക്കാവുന്നത് പതിവായപ്പോള്‍ നാസറിന്‍റെ ഉമ്മ അവനോട് കാര്യം അന്വേഷിക്കുകയും അതെനിക്ക് തരുന്ന കാര്യം അവന്‍ പറയുകയും ചെയ്തു. അലക്കിതേച്ച് ആ തുണി വേലിക്കരില്‍ വെച്ച് അവന്‍റെ ഉമ്മ എന്‍റെ കയ്യില്‍ തന്ന് ഇത് നീ സ്വന്തമായി എടുത്തോ എന്ന് പറഞ്ഞപ്പോള്‍ എനിക്കെന്തോ വലിയ നിധികിട്ടിയ സന്തോഷമായിരുന്നു. !

മാനു ഉസ്താദ് വഴിയിലെവിടയോ വെച്ച് ഉപ്പയെ കണ്ടപ്പോള്‍ കുശലാന്വേഷണത്തിനിടയില്‍ എത്രയും പെട്ടന്ന് ചെക്കന്‍റെ സുന്നത്ത് കഴിക്കണം എന്ന് നിര്‍ദേശിക്കുക കൂടി ചെയ്തപ്പോള്‍ ഉമ്മയുടെ കാതിലുണ്ടായിരുന്ന അവസാന തരി സ്വര്‍ണ്ണം നാണുതട്ടാന്‍റെ ചില്ലലമാറക്കുള്ളില്‍ സ്ഥാനം പിടിച്ചു. ശൂന്യമായ കാതിലെ തുളയടഞ്ഞു പോവാതിരിക്കാന്‍ കമ്മലിന് പകരം പച്ച ഈര്‍ക്കിളിയിട്ട ഉമ്മയുടെ കാതുകള്‍ കണ്ടപ്പോള്‍ കൊച്ചുകുട്ടിയായിരുന്ന എന്‍റെ മനസ്സ് വിങ്ങുന്നുണ്ടെന്ന് ഉമ്മക്ക് തോന്നിയതുകൊണ്ടാവാം തട്ടം കൊണ്ട് കാത് മറച്ചു പിടിച്ച് നിറകണ്ണുകളായിരുന്നിട്ടും പുഞ്ചിരി വിടാതെ…. “ഉമ്മാടെ പൊന്നു വലുതായിട്ട് ഉമ്മാക്ക് കമ്മലു വാങ്ങി തരണംട്ടോ” എന്നു പറയുമ്പോള്‍ എന്നില്‍ ഉമ്മയര്‍പ്പിക്കുന്ന പ്രതീക്ഷ ഞാന്‍ ശരിക്കും അറിയുകയായിരുന്നു. !

നാട്ടുകാര്‍ക്കെല്ലാം ബിരിയാണി കൊടുത്ത് ഒസ്സാന്‍ കോമുകാക്കയെ കൊണ്ട് സുന്നത്ത് കഴിപ്പിക്കാമെന്ന് ഉപ്പ ആഗ്രഹിച്ചിരുന്നുവെങ്കിലും, ചിലവ് ചുരുക്കി ആശുപത്രിയില്‍ വെച്ച് മതി എന്നു ഉമ്മ പറഞ്ഞത് ഉമ്മക്കും അങ്ങനെ ആഗ്രഹം ഇല്ലാതിരുന്നിട്ടല്ല. ഉപ്പയുടെ ശൂന്യമായ കൈകളെ ഓര്‍ത്തിട്ടായിരിക്കാം.

ടെന്‍റുപോലെ അട്ടത്തിലേക്ക് വലിച്ചു കെട്ടിയ കള്ളിത്തുണിയുടെ അടിയില്‍ ഞാന്‍ നഗ്നനായി കിടക്കുമ്പോള്‍ എനിക്ക് തരാന്‍ നല്ല ഭക്ഷണത്തിനായി ഉപ്പ പരക്കം പായുകയായിരുന്നു. തിരൂരില്‍ നിന്നും ഒരു പൊതി നെയ്യപ്പവുമായി എന്നെ കാണാന്‍ വന്ന അമ്മായി മടങ്ങിപ്പോവുമ്പോള്‍ എന്‍റെ കൈകളില്‍ പിടിപ്പിച്ച മുഷിഞ്ഞ അഞ്ചുരൂപാ നോട്ട് തലയിണക്കടിയില്‍ നിന്നും എടുത്ത് ഞാന്‍ ഉമ്മക്ക് നേരെ നീട്ടി. ഉമ്മാക്ക് ഇതുകൊണ്ട് കമ്മല് വാങ്ങിക്കോ എന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് അത് വാങ്ങിയ ഉമ്മ തലയിണക്കടിയില്‍ തന്നെ വെച്ച്കൊണ്ട് പറഞ്ഞു. “ഉമ്മാക്ക് ഇപ്പോ കമ്മലൊന്നും വേണ്ട. ഉപ്പാടേല്‍ കൊടുത്ത് എന്‍റെ കുട്ടിക്ക് വേണ്ടത് വാങ്ങിത്തരാന്‍ പറയാട്ടോ”

പിന്നീട് എപ്പോഴോ ആ പൈസ ഉമ്മ ചോദിച്ച് വാങ്ങിയത് എനിക്ക് കഴിക്കാന്‍ വേണ്ടി വാങ്ങിയ ആട്ടിറച്ചിയുടെ കടം വീട്ടാനായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു .

രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം പട്ടിണിക്കോലത്തില്‍ നിന്നും രൂപമാറ്റം വന്ന് വെളുത്ത ശരീരവും തടിച്ച കവിളുകളുമായി പുത്തന്‍ തുണിയെടുത്ത് മദ്രസയില്‍ ചെന്നപ്പോള്‍ കൂട്ടുകാര്‍ക്ക് അറിയേണ്ടത് എനിക്ക് കിട്ടിയ സമ്മാനങ്ങളെ കുറിച്ചായിരുന്നു.. പാര്‍ട്ടി നടത്താതെ സുന്നത്ത് കല്യാണം കഴിച്ചതു കൊണ്ടോ, ഞങ്ങളെ പോലെ മറ്റു കുടുംബാങ്ങളും ദരിദ്രരായത് കൊണ്ടോ എന്നറിയില്ല സമ്മാനങ്ങളൊന്നും എനിക്ക് കിട്ടിയിരുന്നില്ല എന്നു പറയുമ്പോഴും ഞാനും ഇനിമുതല്‍ നിങ്ങളെ പോലെ സുന്നത്ത് കഴിച്ചവന്‍ എന്ന അഭിമാനമായിരുന്നു എന്‍റെ മനസ്സില്‍ .

2010, ഡിസംബർ 5, ഞായറാഴ്‌ച

ഹമ്പട പഹയാ… ഒരു വര്‍ഷമോ?

“വല്ല വിവരവും ഉണ്ടോ നിങ്ങള്‍ക്ക്?”

“അയ്യോ... ചൂടാവല്ലെ… ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല ചോദിച്ചത്. (അത് എനിക്ക് അറിയാവുന്ന കാര്യമല്ലെ). ഇത് നിങ്ങളുടെ കൂട്ടുകാരന്‍ ബൂലോകത്ത് വട്ടം കറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു തികഞ്ഞു. ആ വിവരം വല്ലതും അറിയുമോ എന്നാണ് ചോദിച്ചത്...”

അതെ.... കൂട്ടുകാരന്‍ എന്ന ഈ ബ്ലോഗിന്‍റെ ഒന്നാം പിറന്നാളാണ് ഈ ഡിസംബര്‍ മാസത്തില്‍ .

ഇനി ഒരു കഷ്ണം കേക്ക് കഴിച്ചിട്ടാവാം ബാക്കി.!

koottukaaran

കഴിഞ്ഞ പ്രാവശ്യത്തെ അവധി കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ ജിദ്ദയില്‍ തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ കച്ചവടമൊന്നുമില്ലാത്ത ഒരു കടയുടെ താക്കോല്‍ ഏല്‍പ്പിച്ച് നല്ലവനായ(?) എന്റെ മുതലാളി എന്നോട് പറഞ്ഞു

“ഹംസേ ആ കടയില്‍ വലിയ കച്ചവടം ഒന്നുമില്ല.. നീ പോയി അതൊന്ന് ശരിയാക്കിയെടുക്ക്. എനിക്കറിയാം നീ എവിടെ ചെന്നാലും അത് നന്നാവും(?) എന്ന്. അതുകൊണ്ടാണ് നിന്നെ തന്നെ പറഞ്ഞയക്കുന്നത്”

കയറിപ്പിടിച്ച ഷര്‍ട്ടിന്റെ ഷോളര്‍ മുതുകിളക്കി ശരിയാക്കിയെടുത്തു. താഴേക്ക് ഇറങ്ങിപ്പോയ പാന്‍റിലെ ബെല്‍റ്റ് പിടിച്ച് മുകളിലേക്ക് കയറ്റി ഇന്‍സൈഡ് ശരിയെന്നുറപ്പ് വരുത്തി. ചെവിയുടെ സൈഡില്‍ നിന്നും മുടി പിറകിലേക്ക് ഒതുക്കി. സ്വയം എന്നില്‍ അഭിമാനം തോന്നുന്ന സമയത്ത് ഞാന്‍ പോലും അറിയാതെ എന്നില്‍ വരുന്ന ആക്ഷനുകള്‍ മുറതെറ്റാതെ അപ്പോഴും വന്നു. ഞാന്‍ എന്നെ തന്നെ സൂക്ഷിച്ചൊന്നു നോക്കി.!

“ഹമ്പഡാ നീ ആളൊരു മിടുക്കന്‍ തന്നെ”

മനസ്സുകൊണ്ടൊരു കമന്‍റും പാസാക്കി താക്കോല്‍ വാങ്ങി. കൂടെ ജോലി ചെയ്യാന്‍ മിടുക്കരായ രണ്ട് ജോലിക്കാരേയും തന്ന് ഇനിയുള്ള കാലം ആ കടയില്‍ നിന്നും കിട്ടുന്ന ലാഭം എണ്ണി നോക്കാന്‍ മാത്രമായി ഒരു ജോലിക്കാരനെ നിര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി മുതലാളി. (പാവം സൌദിയല്ലെ അത്ര വിവരമേ ഉള്ളൂ.. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കാത്ത മനുഷ്യര്‍ക്ക് എങ്ങിനയാ ബുദ്ധിയുണ്ടാവുന്നത് )

കടയില്‍ കാര്യമായ പണിയൊന്നുമില്ല. കൂടുതല്‍ സമയവും ഒഴിവ് തന്നെ എന്ന് മനസ്സിലായപ്പോള്‍ ശമ്പളത്തിലേക്ക് കുറച്ച് കാശ് അഡ്വന്‍സ് വേണമെന്നു പറഞ്ഞു. നാട്ടില്‍ നിന്നും വന്നതല്ലെ പാവം കടം വല്ലതും ഉണ്ടാവും എന്ന് കരുതി ചോദിച്ച കാശ് മടികൂടാതെ മുതലാളി തരികയും ചെയ്തു.

കാശ് കയ്യില്‍ കിട്ടിയപ്പോള്‍ സുഹൃത്ത് നാസറിനേയും കൂട്ടി ഞാന്‍ നേരെ പോയത് ലാപ്ടോപ്പ് വാങ്ങിക്കാനാണ് . അതില്ലാതെ ഇനി ജീവിതം മുന്നോട്ട് പോവില്ല എന്ന് കടയിലെ പത്ത് ദിവസത്തെ അനുഭവം കൊണ്ട് തന്നെ മനസ്സിലായി.

ലാപ്ടോപ്പ് വാങ്ങി. ഇന്‍റര്‍ നെറ്റ് കണക്ഷനും എടുത്തു..! ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.!

കേരള ചാറ്റ് റൂമും യാഹൂ ചാറ്റിങ്ങും എല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മടുത്തതാണ്. മൂന്ന് നാല് വര്‍ഷം മുമ്പ് വേര്‍ഡ്പ്രസ്സില്‍ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിയിരുന്നു അബദ്ധത്തില്‍ എത്തിപ്പെട്ടതാണവിടെ എന്ന സത്യം ഇപ്പോള്‍ നിങ്ങളോട് പറയുന്നതൊഴിച്ചാല്‍ മറ്റാരോടും പറഞ്ഞിട്ടില്ല. മൊബൈലില്‍ ഉണ്ടായിരുന്ന എന്റേയും മക്കളുടെയും ഫോട്ടോകള്‍ കയറ്റിയിട്ടു. അതാരെങ്കിലുമൊക്കെ വന്ന് കാണണമെന്നോ കമന്റ് വരണമെന്നോ എന്നൊന്നും എനിക്ക് ആഗ്രഹം ഇല്ലായിരുന്നു. ബഷീര്‍ വെള്ളറക്കാട് വന്ന് ഒരു ഫോട്ടോക്ക് താഴെ കമന്റെഴുതിയപ്പോള്‍ ആ ലിങ്കിലൂടെ തൂങ്ങി അദ്ദേഹത്തിന്‍റെ ബ്ലോഗിലെത്തിയപ്പോഴാണ് ബൂലോകം വിശാലമാണെന്ന് എനിക്ക് മനസ്സിലാവുന്നത്. എന്തായിട്ടെന്താ കാര്യം എന്തെങ്കിലും എഴുതണമെങ്കില്‍ മലയാളം അറിയണ്ടെ.. ഇനി അറിയുമെങ്കില്‍ തന്നെ മലയാളം ഫോണ്ട് വേണ്ടേ... എനിക്കതൊന്നും അറിയില്ല. ഞാന്‍ അതിനൊട്ട് മുതിര്‍ന്നതും ഇല്ല..!

കേരള ചാറ്റ് റൂമില്‍ നിന്നും അഞ്ചാറ് വര്‍ഷം മുമ്പ് പരിചയപ്പെട്ട നിസാം ( അവന്‍ അന്ന് ബാംഗ്ലൂരില്‍ MBA ക്ക് പഠിക്കുകയായിരുന്നു) മുടിഞ്ഞ ഇംഗ്ലീഷുമായാണ് അവന്‍ ചാറ്റിങ്ങ് തുടങ്ങിയത്. അറിയുന്ന മുറി ഇംഗ്ലീഷില്‍ എന്റെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി കൊടുത്തപ്പോള്‍ അവനില്‍നിന്നും മംഗ്ലീഷ് വരാന്‍ തുടങ്ങി.. ആ സുഹൃദ് ബന്ധം വല്ലാതങ്ങ് വളര്‍ന്നപ്പോള്‍ കമ്പ്യൂട്ടറിനോടും ഇന്റര്‍നെറ്റിനോടുമൊക്കെ എനിക്ക് വല്ലാത്ത ഇഷ്ടമായി തുടങ്ങി. ഇ‌‌-മെയിലിലൂടെ എന്തെങ്കിലും തമാശയൊക്കെ എഴുതി അവന് അയക്കുമ്പോള്‍ അവനാണു പറഞ്ഞത് നിങ്ങള്‍ക്ക് ഇതൊക്കെ ബ്ലോഗില്‍ എഴുതിക്കൂടെ എന്ന്.. അതേ കുറിച്ച് അപ്പോള്‍ ഞാനും ചിന്തിക്കാന്‍ തുടങ്ങി. ഗൂഗിളില്‍ ഒരു പുതിയ ബ്ലോഗും തുടങ്ങി.

അതാണ് ‘കൂട്ടുകാരന്‍ !!

ഇനി പോസ്റ്റുകള്‍ വേണമല്ലോ.. എവിടന്ന് ? എങ്ങനെ? എന്തെഴുതും ?

സ്കൂളില്‍ പഠിക്കുന്ന സമയത്ത് നോട്ട് പുസ്തകങ്ങള്‍ നാശമാവരുതെന്ന് കരുതി പാഠങ്ങള്‍ പോലും എഴുതാത്ത ഞാന്‍ എന്തെഴുതാനാ…?

പിന്നെ എഴുതാന്‍ തുടങ്ങിയത് കല്യാണം കഴിഞ്ഞ് വിരഹം അനുഭവിക്കുമ്പോള്‍ ഇടതടവില്ലാതെ ഭാര്യക്ക് എഴുതിയിരുന്ന കത്തുകളാണ്. ഒരു കത്തില്‍ തന്നെ ഇരുപതും മുപ്പതും പേജുകള്‍ എഴുതുന്നത് കൊണ്ട് ഒരിക്കല്‍ ശിപായി പറഞ്ഞുവെത്രേ…

“കത്തിന്‍റെ ഭാരം കണ്ടാല്‍ ഞാന്‍ അഡ്രസ്സ് നോക്കാറില്ല ഇങ്ങോട്ട് കൊണ്ട് വരാറാണ് ” എന്ന് . അത് കേട്ട് ഉപ്പയും, ഉമ്മയും, പെങ്ങന്മാരുമെല്ലാം കൂടി കുറേ ചിരിച്ചുവെന്ന് പിന്നീട് വന്ന കത്തില്‍ അവള്‍ എഴുതിയപ്പോള്‍ എനിക്ക് തോന്നി ഞാനും ഒരു “എഴുത്തുകാരന്‍” തന്നെ എന്ന്.!

അങ്ങനെ കഴിഞ്ഞ വര്‍ഷം കൂട്ടുകാരന്റെ തറക്കല്ലായ ആദ്യ പോസ്റ്റിട്ടു. എന്റെ നിസാം തന്നെ ആദ്യ കമന്റ് എഴുതി. പിറകേ വന്നത് നാട്ടുകാരനും കൂട്ടുകാരനുമായ തൂത മുനീര്‍ ആയിരുന്നു

ഒരു പരിചയവും ഇല്ലാത്ത ബൂലോകത്ത് നിന്നും ആദ്യമായി എത്തിയത് ഇസ്മായില്‍ കുറുമ്പടി (തണല്‍). അദ്ദേഹമാണ് കൂട്ടുകാരന്‍ എന്ന ബ്ലോഗിലൂടെ വ്യക്തിപരമായി ഞാന്‍ പരിചയപ്പെടുന്ന ആദ്യ ബ്ലോഗര്‍. ബൂലോകത്തെ കുറിച്ചും ഇവിടത്തെ കീഴ്വഴക്കങ്ങളെ കുറിച്ചും ആദ്യ പാഠങ്ങളും അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത് . പിന്നെ പിന്നെ കുറേ പേരെ പരിചയപ്പെടാന്‍ തുടങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖവും അനുഭൂതിയും ബൂലോകത്ത് നിന്നും ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി.

നാല് വരി തികച്ച് മലയാളം എഴുതാന്‍ കഴിയാത്ത ഞാന്‍ ഈ ഒരു വര്‍ഷം കൊണ്ട് പത്ത് മുപ്പത്ത് പോസ്റ്റ് എഴുതിയത് എങ്ങനെ എന്ന് പടച്ച റബ്ബാണേ എനിക്കറിയില്ല എന്നതാണ് സത്യം. അത് നിങ്ങളുടെ എല്ലാം സ്നേഹത്തിന്റേയും പ്രേത്സാഹനത്തിന്‍റെയും ഫലം തന്നെയാണെന്ന് ഏത് കോടതിയിലും വിളിച്ചു പറയാന്‍ ഞാന്‍ ഒരുക്കമാണ്. അതിന് അള്ളാഹുവിനെ കഴിഞ്ഞാല്‍ പിന്നെ നന്ദി പറയേണ്ടത് സ്നേഹനിധികളായ എന്റെ ബ്ലോഗ് സുഹൃത്തുക്കളോട് തന്നെയാണ്.

ഒരോരുത്തരുടെയും പേരെടുത്ത് എഴുതാന്‍ ശ്രമിച്ചാല്‍ ആരെയെങ്കിലുമൊക്കെ അറിയാതെ വിട്ടു പോവും എന്ന് എനിക്കറിയാം എന്നിരുന്നാലും ചില പേരുകള്‍ പറയതിരുന്നാല്‍ അത് ഞാന്‍ കാണിക്കുന്ന നന്ദികേടാവും.

വിരൂപനായിരുന്ന ഈ ‘കൂട്ടുകാരന്‍’ ബ്ലോഗിനെ സുന്ദരനാക്കി തന്ന എന്റെ പ്രിയ അനിയന്‍ “കൂതുമോന്‍” എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന എന്റെ കൂതറ ഹാഷിം.

ഞാന്‍ താമസിക്കുന്നിടത്തു നിന്നും ഏറെ അകലെ അല്ലാതെ താമസിക്കുന്ന സിനു മുസ്തു (ഒഴിഞ്ഞ കുടം) അവരുടെ ഭര്‍ത്താവ് മുത്തുവിന്റെ സ്നേഹത്തോടെയുള്ള ടെലിഫോണ്‍ കോളും തുടര്‍ന്ന് അവരുടെ ഫ്ലാറ്റിലേക്കുള്ള സല്‍ക്കാരവും. അരിപ്പത്തിരിയും, മട്ടന്‍ കറിയും, കോഴിഫ്രൈയും, പിന്നെ പേരറിയാത്ത എന്തൊക്കയോ വിഭവങ്ങളുമായി ഒരു അടിപൊളി വിരുന്ന് നല്‍കി അവര്‍ എന്നെ സല്‍ക്കരിച്ചപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്റെ ആദ്യ ബ്ലോഗ് മീറ്റില്‍ (ഈറ്റ്) പങ്കെടുക്കുകായായിരുന്നു ഞാന്‍.

പിന്നീട് ജിദ്ദയില്‍ തന്നെ താമസിക്കുന്ന സാബിറസിദ്ധീഖ് (മിഴിനീര്‍) എന്ന സാബിബാവയെ പരിചയപ്പെടുത്തിയത് സിനുവാണ് സാബിയുടെ ഭര്‍ത്താവ് ബാവക്കയുമായി സംസാരിച്ചതോട് കൂടി പുതിയ ഒരു സൌഹൃദ ബന്ധം കൂടിയുണ്ടാവുകയും സ്നേഹവിരുന്നുകളുടെ എണ്ണം കൂടുകയും ചെയ്തു.

കഴിഞ്ഞ ബലി പെരുന്നാളിന് ഈ രണ്ട് പെങ്ങന്മാരുടെ ഫ്ലാറ്റുകളില്‍ എനിക്ക് കിട്ടിയ വിരുന്ന് ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.. അത്രക്ക് രുചികരമായിരുന്നു രണ്ടിടത്തു നിന്നും കിട്ടിയ ഭക്ഷണം. ഹോട്ടല്‍ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുന്ന എന്നോട് സാബി വളയിട്ട കൈകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ അഭിപ്രായം ചോദിച്ചപ്പോള്‍.. പോസ്റ്റുകളില്‍ കമന്റെഴുതിയുള്ള അനുഭവം വെച്ച് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു.

“പാചകത്തില്‍ സാബീ നിനക്ക് അക്ഷരതെറ്റില്ല”

ബാവക്കയും മക്കളും എല്ലാം കൂടി ചിരിച്ചപ്പോഴാണ് പറഞ്ഞത് തമാശയായിരുന്നു എന്ന് എനിക്കും മനസ്സിലായത്..

സിനുവിന്റെ വീട്ടിലെ പെരുന്നാള്‍ ഭക്ഷണത്തിന്റെ കൂടെ കിട്ടിയ സ്പെഷല്‍ പായസം എനിക്ക് വേണ്ടി സ്പോണ്‍സര്‍ ചെയ്തത് ബഹറൈനില്‍ നിന്നും ഉമ്മുഅമ്മാര്‍ (അക്ഷര ചിന്തുകള്‍ ) ആയിരുന്നു എന്ന് സിനു പ്രത്യേകം പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ബൂലോക ബന്ധത്തിന്റെ സ്നേഹം തിരിച്ചറിയുകയായിരുന്നു.!!

പാതിരാത്രിയിലും നെറ്റിനു മുന്നില്‍ ഉറങ്ങാതെ ഇരിക്കുന്ന എന്നെ ശാസനാ രൂപത്തില്‍ ഒരു അമ്മയുടെ സ്നേഹത്തോടെ “പോയി ഉറങ്ങെടാ.. സമയം കുറേ ആയില്ലെ” എന്ന് ഉപദേശിച്ചിരുന്ന ടീച്ചര്‍ എന്നു ഞാന്‍ വിളിക്കുന്ന മാണിക്യം മുതല്‍ ഈ അടുത്ത കാലത്ത് പരിചയപ്പെട്ട സി.പി നൌഷാദ് വരെ വ്യക്തിപരമായി എനിക്ക് എടുത്ത് പറയേണ്ട ഒത്തിരി ഒത്തിരി സുഹൃത്തുക്കളും സഹോദരിമാരും ഉണ്ട് ഈ ബൂലോകത്ത്. ഒരോരുത്തരുമായുള്ള എന്‍റെ ആത്മ ബന്ധം എഴുതാന്‍ ഈ ഒരു പോസ്റ്റ് എന്നല്ല ചിലപ്പോള്‍ ഇതു പോലെ നൂറോളം പോസ്റ്റ് എഴുതിയാലും തീരുമെന്ന് എനിക്ക് തോന്നുന്നില്ല അതുകൊണ്ട് കുറെ പേരുടെയെല്ലാം പേരെടുത്ത് മാത്രം ഞാന്‍ ഇവിടെ എഴുതാം. സ്നേഹോപദേശങ്ങള്‍ നല്‍കി എന്നെ പ്രോത്സാഹിപ്പിക്കുന്ന.....

ശ്രീ,

ലക്ഷ്മി ലച്ചു,

റോസാപ്പൂക്കള്‍,

സിദ്ധീഖ് തൊഴിയൂര്‍,

സുല്‍ഫി,

വഷളന്‍JK,

നൌഷാദ് അകമ്പാടം,

ആദില,

അലി,

വായാടി,

സബിതടീച്ചര്‍ ( തണല്‍),

പട്ടേപാടം റാംജി,

മുഹമ്മദ്കുട്ടിക്ക,

മനോരാജ്,

കുമാരന്‍,

അഭി,

മുഖ്താര്‍,

ഏറക്കാടന്‍,

ഏച്ചുമ്മുക്കുട്ടി,

തെച്ചിക്കൊടന്‍,

ജിഷാദ്,

കണ്ണൂരാന്‍,

പാവപ്പെട്ടവന്‍,

ജയന്‍ ഏവൂര്‍,

ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍,

അക്ബര്‍,

ഭായി,

ഗീതേച്ചി,

ബഷീര്‍ വെള്ളറക്കാട്

കമ്പര്‍,

ജീവികരിവെള്ളൂര്‍,

O.A.B. (ബസ്സ്സ്റ്റോറി )

യാസര്‍ ( വഴിപോക്കന്‍),

അനീസ് ഹസ്സന്‍(ആയിരത്തൊന്നാം രാവ്)

രവീണ രവീന്ദ്രന്‍,

റഫീഖ്,

My Dreems,

S.M.Sadiqe,

Fasil,

രഞ്ജിത്,

ശ്രീനാഥന്‍,

പാലക്കുഴി,

സലാഹ്,

P.D. ,

മന്‍സൂരാലുവിള.

N.B.സുരേഷ്,

JYO,

മഴമേഘങ്ങള്‍,

പൌര്‍ണമി,

MAY FLOWERS,

കുഞ്ഞൂസ്,

കുസുമം.ആര്‍.പുന്നപ്ര,

നൂനൂസ്,

ശ്രീക്കുട്ടന്‍,

ഒഴാക്കന്‍,

അഷറഫ് ഉണ്ണീന്‍,

Chithrangada,

ആളവന്താന്‍ ,

സിബുനൂറനാട് (വരയും വരിയും)

യൂസഫ്പ,

മിഴിനീര്‍തുള്ളി( റിയാസ്)

സുഹൈല്‍ ചെറുവാടി,

ഷുക്കൂര്‍ ചെറുവാടി,

ഒരു നുറുങ്ങ് ( ഹാറൂന്‍ക്ക ),

റെഫി,

Thalayambalath,

സുകന്യ,

മഴവില്ല്,

പാവം ഞാന്‍,

സുലേഖ,

എം.ടി.മനാഫ്,

സ്നേഹപൂര്‍വ്വം ശ്യാമ,

SIYA,

അനില്‍കുമാര്‍ .സി.പി,

രസികന്‍ ,

ഭാനു കളരിക്കല്‍,

നൌഷു,

സുല്‍ത്താന്‍,

A.FAISAL,

ഹൈന,

ജുവൈരിയ സലാം,

ഉമേഷ് പീലിക്കോട്,

കൊലുസ്,

നസീഫ് അരീക്കോട്,

ജിതിന്‍,

വിനുവേട്ടന്‍,

നീലത്താമര,

മഹേഷ് വിജയന്‍,

കൊട്ടോട്ടിക്കാരന്‍,

ഷഹല്‍.ബി,

ഷബ്ന സുമയ്യ,

ഹാപ്പിബാച്ചിലേഴ്സ്,

സുരേഷ്കുമാര്‍ . വീ.കെ,

ചെറുവാടി,

EX.Pravaasini,

പേരൂറാന്‍,

ഹനീഫ വരിക്കോടന്‍,

ഭൂതത്താന്‍,

ഒറ്റയാന്‍,

ജാസ്മിക്കുട്ടി,

മുകില്‍.

ജയരാജ് മുരിക്കുമ്പുഴ,

ആചാര്യന്‍,

ജിപ്പൂസ്,

സ്വപ്ന സഖി,

റഷീദ് പുന്നശ്ശേരി,

ജയിംസ് സണ്ണിപാറ്റൂര്‍,

അമ്പിളി,

ശ്രീദേവി,

SREEE,

സമദ് ഇരുമ്പൂഴി,

എന്‍റെ ലോകം ,

ഫാരിസ്,

ഒറ്റവരിരാമന്‍,

സി.പി നൌഷാദ്,

മൊഹിയുദ്ധീന്‍ എം.പി,

രാധികാനായര്‍,

റ്റോംസ് കോനുമാഠം,

വിഷ്ണുപ്രിയ,

രമേഷ് അരൂര്‍,

അരീക്കോടന്‍,

അനീസ,

റിഷ റഷീദ്,

ഫൈസുമദീന,

ചാണ്ടിക്കുഞ്ഞ്,

ELAYDAN,

റാണിപ്രിയ,

അനൂപ്.ടി.എം,

കുട്ടന്‍,

കൊലകൊമ്പന്‍,

വെള്ളത്തിലാശാന്‍,

മന്‍സു,

Shaivyam,

കാര്‍ന്നോര്‍,

നിഷ,

മനുഷ്യ സഹജമായ മറവികൊണ്ട് പേരെഴുതാന്‍ വിട്ടുപോയ ഒരുപാട് പേര്‍ ഇനിയും ഉണ്ട്. ദയവ് ചെയ്ത അവരുടെയും പേരുകള്‍ ഞാന്‍ എടുത്ത് പറഞ്ഞിട്ടുണ്ട് എന്നു കരുതി കൂട്ടിവായിക്കണം .

ബ്ലോഗില്‍ വന്നു വായിച്ച് മെയിലിലൂടെയും അല്ലാതെയും എന്നെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗ് ഇല്ലാത്ത അനേകം സുഹൃത്തുക്കള്‍ വേറെയും ഉണ്ട്. അവരുടെ പേരുകള്‍ ഒന്നും ഞാന്‍ ഇവിടെ എഴുതിയിട്ടില്ല. ഞാന്‍ അറിയാത്ത എന്നെ നേരിട്ടറിയാത്ത ഒരുപാട് സുഹൃത്തുക്കള്‍ ബ്ലോഗ് വായിച്ചു പോവുന്നുണ്ട് എന്നറിയാം അവര്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

എന്നെ ഫോളോചെയ്ത എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു.

തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കില്‍ മാത്രമേ എനിക്കിവിടെ തുടര്‍ന്ന് പോവാന്‍ കഴിയൂ എന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട് ..

ഒരിക്കല്‍ കൂടി എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു കൊണ്ട് ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കുന്നു.
നന്ദി, നന്ദി.... നന്ദി…!

2010, ഡിസംബർ 1, ബുധനാഴ്‌ച

പോസ്റ്റ് തേടുന്ന ബ്ലോഗര്‍

യര്‍ച്ചയുടെ പടവുകള്‍ ചവിട്ടികയറുമ്പോള്‍ അയാള്‍ പഴയകാലങ്ങള്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു. ഇല്ലായ്മകള്‍ കൂടപ്പിറപ്പായ സമയത്ത് ഉപകാരം ചെയ്തവരെ കുറിച്ചുള്ള ഓര്‍മകള്‍ അയാളില്‍ നിന്നും നഷ്ടമായി കഴിഞ്ഞിരുന്നു. വന്ന വഴി മറന്നവനെന്ന് blogar ആക്ഷേപിച്ചവരെ അയാള്‍ പുഛിച്ചു തള്ളി. !

കാലങ്ങള്‍ക്കിപ്പുറം ചിതലരിച്ച ഓര്‍മകളെ അയാള്‍ പൊടിതട്ടിയെടുക്കാന്‍ പെടാപ്പാട് പെട്ടുകൊണ്ടിരിക്കുന്നു. കാരണം അയാള്‍ ഇന്നൊരു ബ്ലോഗറാണ് .!

2010, നവംബർ 23, ചൊവ്വാഴ്ച

ശകുനം

eeee

ഭാര്യയുടെ പ്രാര്‍ത്ഥനയും, വഴിപാടുകളും കൊണ്ട് ഏറെ താമസിച്ചു കിട്ടിയ ജോലിക്കായ് ദൂര യാത്ര പുറപ്പെടുമ്പോള്‍ നിറകുടം കണ്ടിറങ്ങണമെന്ന അവളുടെ വിശ്വാസത്തിനു അയാള്‍ എതിരൊന്നും പറഞ്ഞില്ല. വെള്ളം നിറച്ച് മുറ്റത്ത് വെച്ച തിളക്കമുള്ള സ്റ്റീല്‍ കുടത്തിലേക്ക് മാത്രം നോക്കിക്കൊണ്ട് അയാള്‍ വീടിന്‍റെ പടികളിറങ്ങി.

മണിക്കൂറുകള്‍ക്കകം മുറ്റത്ത് വന്നു നിന്ന ആംബുലന്‍സില്‍ നിന്നും അയാളുടെ മൃതശരീരം പുറത്തേക്കിറക്കുമ്പോള്‍ വീടിന്‍റെ പടിക്കെട്ടുകളില്‍ ഉണങ്ങി തുടങ്ങിയ രക്തം ആരൊക്കയോ കഴുകി കളയുന്നുണ്ടായിരുന്നു.

2010, നവംബർ 9, ചൊവ്വാഴ്ച

അടുത്ത അവകാശി..

ച്ഛനമ്മമാരെ തിരിച്ചറിയാതെ ഭൂമുഖത്ത് വളരുന്ന അനേകായിരം കുഞ്ഞുങ്ങളില്‍ ഒരുവനായി ദൂരെ ദൂരെ ഒരു അനാഥാലയത്തിന്‍റെ മതില്‍ കെട്ടിനുള്ളില്‍ അവന്‍ വളരുന്നുണ്ടാവും.!!

കണ്ണെത്താ ദൂരത്തോളം പച്ച വിരിച്ച് നില്‍ക്കുന്ന നെല്‍പ്പാടത്തിനോട് ചേര്‍ന്ന ചെമ്മണ്‍പാതയുടെ ഓരത്ത് ആഡംബരത്തിലും ,പ്രൌഡിയിലും, തലയുയര്‍ത്തി നിന്നിരുന്ന മണ്ണിശ്ശേരി വീട്. ജാതി മത ഭേദമന്യേ ഏത് പാതിരാത്രിയിലും സഹായം തേടിയെത്തുന്നവര്‍ക്ക് ആശ്വാസമായിരുന്ന ആ ഇരുനില കേണ്‍ക്രീറ്റ് കെട്ടിടം കാട് പിടിച്ച മുറ്റവും, ചിലന്തിവലയും, പച്ചപ്പൂപ്പലും കെട്ടിയ ചുവരുകളുമായി മനുഷ്യവാസം നഷ്ടമായ പ്രേതഭവനം പോലെ മാറിയിരിക്കുന്നു ഇന്ന്.!

വിദേശത്ത് പോയി ആവശ്യത്തിലേറെ സമ്പാദിച്ച് വിശ്രമ ജീവിതം നയിക്കുന്ന നാട്ടു പ്രമാണിയും, സ്നേഹ സമ്പന്നനും, രണ്ട് ആണ്മക്കളുടെ പിതാവുമായ മണ്ണിശ്ശേരി തറവാട്ടിലെ കോയഹാജിയോട് നാട്ടുകാര്‍ക്കെല്ലാം സ്നേഹവും ബഹുമാനമായിരുന്നു.!

കാതില്‍ സ്വര്‍ണ്ണചിറ്റും, കഴുത്തില്‍ ചങ്കേലസ്സും അരയില്‍ വെള്ളി അരഞ്ഞാണവും, അണിഞ്ഞ് പതിനാലാം രാവില്‍ മിന്നി നില്‍ക്കുന്ന മണിമുത്തു പോലെയുള്ള കുഞ്ഞിമാളുതാത്ത ആ വീടിന്‍റെ ഐശ്വര്യവും , ഹാജിയുടെ ഭാഗ്യവുമായിരുന്നു.

സുന്ദരിയായ ഭാര്യ സൈറയുമൊത്ത് വിദേശത്ത് കഴിയുന്ന മൂത്ത മകന്‍ ഗഫാര്‍ ബാപ്പയെ പോലെ സ്നേഹസമ്പന്നനും, കരുണയുള്ളവനുമായിരുന്നു. രണ്ടാമന്‍ ജാഫര്‍ എഞ്ചിനിയറിങ്ങിനു പഠിക്കുന്നു.

സ്നേഹവും, സന്തോഷവും കളിയാടിയിരുന്ന ജീവിതത്തിനിടയില്‍ ഒരു വിറയലു പോലെ വന്ന അസുഖം കുഞ്ഞിമാളുതാത്തയെ ഒരു ഭാഗം തളര്‍ത്തി കിടപ്പിലാക്കി. പല രീതിയിലുള്ള ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

ഉമ്മയെ കാണാന്‍ ഭാര്യയുമൊത്ത് നാട്ടിലെത്തിയ ഗഫാര്‍ തിരിച്ചു പോവുമ്പോള് സൈറയെ ഉമ്മയുടെ സഹായത്തിനു നിര്‍ത്തിയാണ് മടങ്ങിയത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ജാഫര്‍ വീട്ടിലേക്ക് താമസം മാറ്റി. അവിടെ നിന്നും കോളേജില്‍ പോവാന്‍ തുടങ്ങി.

മാസങ്ങള്‍ പലത് കഴിഞ്ഞു. കുഞ്ഞിമാളുതാത്തയുടെ അസുഖത്തിനു കുറവൊന്നുമുണ്ടായില്ല. കളിച്ചും,ചിരിച്ചും വീട്ടു കാര്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം നിയന്ത്രിച്ചിരുന്ന സൈറയുടെ മുഖത്തെ വിളര്‍ച്ചയും, രൂപ മാറ്റവും കണ്ട് അടുക്കളപ്പുറത്ത് പണിക്കാരി പെണ്ണുങ്ങള്‍ അടക്കം പറയാന്‍ തുടങ്ങി. അത് പതുക്കെ പതുക്കെ നാട്ടില്‍ പരന്നതോടെ ഗ്രാമവാസികളുടെ ശ്രദ്ധ മുഴുവന്‍ മണ്ണിശ്ശേരി വീട്ടിലേക്കായി.

ഗഫാര്‍ സൈറയെ വിട്ട് പോയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു . സൈറ ഇപ്പോള്‍ നാല് മാസത്തോളം ‍ഗര്‍ഭിണിയാണ്. ഹാജിയുടെ സഹായം പറ്റി ജീവിച്ചിരുന്നവര്‍ തന്നെ ഗര്‍ഭകഥ ഹരം പകരുന്ന രീതിയില്‍ അങ്ങാടിയില്‍ പറയാന്‍ തുടങ്ങി.

എല്ലാ കണ്ണുകളും ജാഫറിലേക്ക് തിരിഞ്ഞു. ജ്യേഷ്ട ഭാര്യയില്‍ അനുജനു ജനിക്കാന്‍ പോവുന്ന കുഞ്ഞിന്‍റെ ഭാവികാലം വരെ നാലാളു കൂടുന്നിടത്തെ ചര്‍ച്ചാ വിഷയമായി. കാശിനോടൊപ്പം വീറും വാശിയും കൈമുതലായുള്ള അന്നാട്ടിലെ തന്നെ ‍പേരുകേട്ട മറ്റൊരു തറവാട്ടില്‍ പെട്ട സൈറയുടെ വീട്ടുകാരും വിവരം അറിഞ്ഞു. മണ്ണിശ്ശേരി വീട്ടില്‍ നിന്നുമുണ്ടായ ഗര്‍ഭം അത് ആരുടെതാണെങ്കിലും അതിനുത്തരം കാണേണ്ടവര്‍ അവര്‍ തന്നെ എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം ഹാജിയും കുടുംബവും നാണക്കേടിലായി.

തന്‍റെ നിരപാരിധിത്വം ജാഫര്‍ പലരോടും പറഞ്ഞുവെങ്കിലും സംശയിക്കത്തക്ക വിധം സൈറയുമായി മറ്റാര്‍ക്കും ബന്ധമില്ലാത്തതിനാല്‍ ആര്‍ക്കും അത് വിശ്വാസമായില്ല. സ്വന്തം ബാപ്പ പോലും തന്നെ വിശ്വസിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ ഒരു രാത്രിയില്‍ ജാഫര്‍ ആരോടും പറയാതെ നാട് വിട്ട് പോയി. ജാഫറിനെ കാണാതായതോടു കൂടി ജനിക്കാന്‍ പോവുന്ന കുഞ്ഞിന്‍റെ പിതൃത്വത്തിനു നാട്ടുകാര്‍ക്ക് മറ്റൊരാളെ അന്വേഷിക്കേണ്ടി വന്നില്ല.

സൈറ ആരോടും ഒന്നും ഉരിയാടാതെ ഒരു മുറിയില്‍ മാത്രം ഒതുങ്ങിക്കൂടി. മനോനില നഷ്ടമായ ഒരു ഭ്രാന്തനെ പോലെ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ഗഫാറിനു അവളുടെ നാവില്‍ നിന്നു തന്നെ സത്യമറിയണമെന്ന വാശിയായി.

ഗഫാറിന്‍റെ വരവറിഞ്ഞ് മണ്ണിശ്ശേരി വീട്ടുമുറ്റത്ത് ആളുകള്‍ തടിച്ചു കൂടിയതോടെ ആരുടെയും മുഖത്ത് നോക്കാന്‍ ശേഷിയില്ലാതെ ഹാജി തളര്‍ന്നു കിടക്കുന്ന കുഞ്ഞിമാളുതാത്തയുടെ മുറിയില്‍ കയറി വാതിലടച്ചിരുന്നു.

സൈറയുടെ മുറിയില്‍ കയറിയ ഗഫാര്‍ അവളോട് വീട്ടില്‍ നിന്നിറങ്ങാന്‍ പറഞ്ഞു. മറുപടിയൊന്നുമില്ലാതെ നിര്‍വികാരതയോടെ ഇരിക്കുന്ന സൈറയുടെ മുടിക്കുത്തില്‍ പിടിച്ച് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് വന്നു. കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തിനു മുന്നില്‍ പരിസരബോധം നഷ്ടമായി ഒരു ഭ്രാന്തിയെ പോലെ അവള്‍ വിളിച്ചു കൂവാന്‍ തുടങ്ങി…

“നിങ്ങളെ ബാപ്പ പറയട്ടെ എന്നോട് ഇറങ്ങിപ്പോവാന്‍ അപ്പോള്‍ ഞാന്‍ പോവാം ..”

അവളുടെ വാക്കുകള്‍കേട്ട് ആളുകള്‍ ഞെട്ടി പരസ്പരം മുഖത്തോട് മുഖം നോക്കി. ഇടിവെട്ടേറ്റവനെ പോലെ ഗഫാര്‍ അവളില്‍ നിന്നും കൈകള്‍ പിന്‍വലിച്ചു. ഇതേ സമയം അകത്തുനിന്നും കുഞ്ഞിമാളുതാത്തയുടെ ഭയന്നു വിറച്ചുള്ള നിലവിളി നാട്ടുകാര്‍ കേട്ടു. വീടിനകത്തേക്ക് ഓടി കയറിവര്‍ കുഞ്ഞിമാളുതാത്തയുടെ മുറിയുടെ വാതില്‍ തള്ളിതുറന്ന് അകത്തേക്ക് കയറിയപ്പോഴേക്കും ഉടുമുണ്ടില്‍ തുങ്ങി നില്‍ക്കുന്ന ഹാജിയുടെ അവസാന ശ്വാസവും നിലച്ചിരുന്നു. മരുന്നിന്‍റെയും, കുഴമ്പിന്‍റെയും മണം നിറഞ്ഞു നിന്ന മുറിയില്‍ കണ്മുന്നില്‍ തൂങ്ങിയാടുന്ന ഭര്‍ത്താവിന്‍റെ ശരീരത്തിലേക്ക് കണ്ണ് തുറിച്ച്നോക്കി നിസ്സഹായാവസ്ഥയില്‍ കിടന്നിരുന്ന കുഞ്ഞിമാളുതാത്ത കൂടുതല്‍ താമസിയാതെ മരണത്തിനു കീഴടങ്ങി .

മണ്ണിശ്ശേരി വീട്ടിലെ തന്നെ അവകാശിയായി ജനിക്കാന്‍ പോവുന്ന കുഞ്ഞിനേയോ സൈറയെയോ സ്വീകരിക്കാന്‍ അവളുടെ വീട്ടുകാര്‍ തയ്യാറായില്ല. ഭാര്യക്ക് ജനിച്ച അനുജനേയും ബാപ്പയുടെ സ്വത്തുക്കളും ദൂരെയൊരു അനാഥാലയത്തിനു നല്‍കി ഒരിക്കലും ഈ ഗ്രാമത്തിലേക്കൊരു മടക്കമില്ലെന്ന തീരുമാനത്തോടെ സൈറയുമായി ഗഫാര്‍ ‍ വിദേശത്തേക്ക് മടങ്ങി .!!

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

സുഖമുള്ള നോവ്…

ടിയന്തരാവസ്ഥാകാലത്തെ ഒരു കര്‍ക്കിടക രാവില്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടിലില്‍ മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ഒരു ആണ്‍ കുഞ്ഞായി പിറന്ന എനിക്ക് മൂന്നാം വയസ്സില്‍ മരണപ്പെട്ടുപോയ ഉമ്മയുടെ സഹോദരന്‍റെ പേര് നല്‍കുമ്പോള്‍ എന്‍റെ ദീര്‍ഘായുസ്സിന് വേണ്ടി അവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരിക്കാം. എനിക്ക് ശേഷം ഉമ്മ പ്രസവിച്ചതെല്ലാം ആണ്‍കുട്ടികളായത് കൊണ്ട് എന്‍റെ ജന്മം പിന്നീടവര്‍ക്ക് ഭാഗ്യമായും തോന്നിയിട്ടുണ്ടാവാം.

കൂലിപ്പണിക്കാരനായ ഉപ്പാക്ക് കിട്ടുന്ന വരുമാനം വീട്ടിലെ ചിലവുകള്‍ക്ക് തന്നെ തികയാതെ വരുന്നതുകൊണ്ട് പാഠപുസ്തകങ്ങളൊന്നും ചുമക്കാതെയായിരുന്നു എന്‍റെ സ്കൂളിലേക്കും മദ്രസയിലേക്കുമുള്ള യാത്ര. മാസ വരിസംഖ്യയായ പതിനഞ്ചു രൂപ നാല് മാസമായി അടച്ചില്ലെന്നു പറഞ്ഞ് മദ്രസയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വീട്ടില്‍ നിന്നും പഠിച്ചുവരാന്‍ പറഞ്ഞ പാഠം പുസ്തകമില്ലാത്തത് കൊണ്ട് പഠിക്കാതിരുന്നതിനു അലവി ഉസ്താതിന്‍റെ ചൂരല്‍ വടി കൂട്ടിപിടിച്ചുള്ള നുള്ളലില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്നായിരുന്നു അപ്പോഴത്തെ എന്‍റെ ആശ്വാസം. പുരയില്‍ ചെന്ന് വരിസംഖ്യ വേണം എന്ന് പറയുമ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് പണിയില്ലാതിരിക്കുന്ന ഉപ്പയും ഉമ്മയും കൂടി ഓലമേഞ്ഞ പുരയുടെ മേല്‍കൂരയില്‍ നിന്നും തുള്ളി മുറിയാതെ അകത്തേക്ക് വീഴുന്ന വെള്ളം ചൂലുകൊണ്ട് അടിച്ച് പുറത്തേക്ക് തള്ളുന്ന തിരക്കിലായിരുന്നു എങ്കിലും ഞാന്‍ പറയുന്നത് അവര്‍ ശ്രദ്ധിച്ചിരുന്നു.

നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആരില്‍ നിന്നോ കടം വാങ്ങിയ അറുപത് രൂപ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ച് വരിസംഖ്യ അടച്ചോളൂ എന്ന് പറയുമ്പോള്‍ ഉപ്പയുടെ മുഖത്ത് ഈ കടം ഇനി എങ്ങനെ വീട്ടും എന്ന ആവലാതി എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും തുടര്‍ന്നും മദ്രസയില്‍ പോവമല്ലോ എന്ന സന്തോഷമായിരുന്നു എന്‍റെ മനസ്സില്‍.

വരിസംഖ്യയുമായി മദ്രസയില്‍ ചെന്ന ഞാന്‍ ഇരുന്നിരുന്ന മുന്‍ ബെഞ്ചില്‍ മരമില്ല് മുതലാളി ഹുസൈന്‍ ഹാജിയുടെ മകന്‍ സലാഹ് സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. പരാതിയുമായി ചെന്ന എന്നോട് പിറകിലെ ബെഞ്ചില്‍ ഇരുന്നാല്‍ മതി എന്ന് ശാസനാ രൂപത്തില്‍ അലവി ഉസ്താദ് പറഞ്ഞത് ഞാന്‍ ഇല്ലാത്തവന്‍റെ വീട്ടില്‍ നിന്നും വരുന്ന കുട്ടി ആയതുകൊണ്ട് മാത്രമായിരുന്നു.

ഇന്‍റര്‍ബെല്‍ സമയത്ത് മൂത്രപ്പുരയുടെ പടിക്കെട്ടുകളില്‍ തട്ടി വീണ് തലപൊട്ടി ചോരയൊലിപ്പിച്ച സലാഹിനെ ആരൊക്കയോ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ ആ പരിസരത്ത് എവിടയും ഇല്ലാതിരുന്ന ഞാന്‍ ബെഞ്ച് മാറ്റിയിരുത്തിയതിനു പ്രതികാരമായി മനപ്പൂര്‍വം തള്ളിയിട്ടതാണെന്ന് പറഞ്ഞ് അലവി ഉസ്താദ് കൈകളിലെ ചൂരല്‍ എന്‍റെ കാല്‍ തുടകളില്‍ പതിപ്പിക്കുമ്പോള്‍ ഉസ്താദിന്‍റെ മനസ്സില്‍ ഹുസൈന്‍ ഹാജിയുടെ പ്രീതി പിടിച്ചു പറ്റുക എന്ന ഉദ്ദേശമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ എന്നിലെ എട്ടു വയസ്സുകാരനു കഴിഞ്ഞിരുന്നു. ചെയ്യാത്ത തെറ്റിന് അടിവാങ്ങി കരഞ്ഞുകൊണ്ട് പുരയില്‍ ചെന്നപ്പോള്‍ സാരമില്ലെന്ന് പറഞ്ഞ് ഗോവിന്ദന്‍നായരുടെ ചായക്കടയില്‍ നിന്നും ഉപ്പ വാങ്ങിത്തന്ന കടലക്കറി ഒഴിച്ച ദോശയുടെ രുചി വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെ നാവിന്‍ തുമ്പില്‍ മായാതെ നില്‍ക്കുന്നു.

കീറിയ ഓലപ്പായയുടെ കീറാത്ത ഭാഗത്തേക്ക് നീക്കികിടത്തി എന്‍റെ കാല്‍ തുടയിലെ ചൂരലിന്‍റെ പാടുകള്‍ ചിമ്മിനി വിളക്കിന്‍റെ വെട്ടത്തില്‍ നോക്കി കൈ കൊണ്ട് തടവി കൊണ്ടിരിക്കുമ്പോള്‍ ഉമ്മയില്‍ നിന്നും അറിയാതെ വന്നിരുന്ന തേങ്ങലുകള്‍ കണ്ണടച്ച് ഉറക്കം വരാതെ കിടന്നിരുന്ന ഞാന്‍ അറിയുന്നുണ്ടായിരുന്നു.

കാല ചക്രത്തിന്‍റെ നിലക്കാത്ത കറക്കത്തില്‍ ജീവിത മാര്‍ഗം തേടി അറബ് നാട്ടിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം അവധിക്ക് നാട്ടിലേക്ക് പോവുമ്പോള്‍ അദ്ധ്യാപകന്മാര്‍ക്ക് അപമാനമയി മാത്രം ഞാന്‍ കരുതിയിരുന്ന അലവി ഉസ്താദിനെ ഒന്ന് നേരില്‍ കാണണമെന്ന മോഹം എനിക്കുണ്ടായിരുന്നു.

എന്‍റെ വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലേയുള്ള അലവി ഉസ്താതിന്‍റെ വീടിന്‍റെ മുന്നില്‍ കാര്‍ നിറുത്തി മുള്ളു വേലി കൊണ്ട് വളച്ചു കെട്ടിയ പഴയ ഇരു നില ഓടുപുരയുടെ പടികള്‍ കയറുമ്പോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ പോലുമറിയാതെ ചെകുത്താന്‍ രൂപപ്പെടുത്തിയ ഒരു പ്രതികാര വാശി ഉണ്ടായിരുന്നിരിക്കാം.

പൂമുഖത്ത് കട്ടിലില്‍ അവശതയോടെ ഇരിക്കുന്ന വൃദ്ധനെ കണ്ടപ്പോള്‍ കാരിരുമ്പ് പോലെ ഉറച്ച ശരീരമുണ്ടായിരുന്ന ആ പഴയ അലവിഉസ്താദിന്‍റെ അപ്പോഴത്തെ രൂപ മാറ്റം എന്നില്‍ എന്തോ മാനസിക വിഷമം വരുത്തുന്നത് ഞാന്‍ അറിഞ്ഞു.

സലാം പറഞ്ഞ് അകത്ത് കയറിയ എന്നെ മനസ്സിലാവാതെ നോക്കികൊണ്ടിരുന്ന ഉസ്താദിന് ഞാന്‍ ആരെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ എനിക്ക് ആദ്യം കിട്ടിയ വിഷയം സലാഹ് വീണ് തലപൊട്ടിയ കാര്യം തന്നെയായിരുന്നു. ഉസ്താദിന്‍റെ ഓര്‍മയില്‍ എവിടയും സ്ഥാനം പിടിക്കാത്ത ആ സംഭവം ഞാന്‍ മറക്കാതിരിക്കാന്‍ കാരണം അന്ന് ഞാന്‍ അനുഭവിച്ച വേദനയായിരിക്കാം.


വീടും അഡ്രസ്സും പറയാതെ ഉസ്താദിന്‍റെ ഓര്‍മയെ പരീക്ഷിക്കാന്‍ ശ്രമിച്ച് പരാജയം സമ്മതിച്ച ഞാന്‍ ആരെന്ന് പറഞ്ഞു കൊടുത്തപ്പോള്‍ ഉസ്താദിന്‍റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എന്നോട് ചെയ്ത തെറ്റിന്‍റെ പ്രായശ്ചിത്തമായിരുന്നില്ല അപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീരില്‍. പഠിപ്പിച്ചു വിട്ട ഒരു ശിഷ്യന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ കാണാന്‍ വന്നിരിക്കുന്നു എന്ന സന്തോഷമായിരുന്നു അതെന്ന് മനസ്സിലായപ്പോള്‍ ഇത്രയും കാലം ഉസ്താദിനെ കുറിച്ച് മോശമായി ചിന്തിച്ചിരുന്ന എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി. എന്‍റെ നല്ലതിനു വേണ്ടി പ്രാര്‍ത്ഥിച്ച ഉസ്താദിന്‍റെ കൈ ചുംബിച്ച് പടിയിറങ്ങുമ്പോള്‍ വര്‍ഷങ്ങളായി എന്‍റെ മനസ്സിലുണ്ടായിരുന്ന ആ അടിയുടെ വേദന അലിഞ്ഞ് സുഖമുള്ള ഒരു നോവായി മാറിയിരുന്നു.

-------------------------------------------------

ചിത്രം വരച്ച് എന്‍റെ പോസ്റ്റ് കുളമാക്കിയത് : നൌഷാദ് അകമ്പാടം

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

ദാരിദ്ര്യത്തിന്‍റെ മുഖം.

ആറ് മാസത്തെ അവധി തീരാന്‍ ‍ ഇനി നാല് ദിവസം കൂടി മാത്രം. വീണ്ടും മണല്‍ കാട്ടിലേക്കുള്ള യാത്രക്കായ് ഒരുക്കങ്ങള്‍. ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് ഉസ്താതിനെ കണ്ട് യാത്ര പറയാന്‍ പള്ളി വരാന്തയില്‍ കുറച്ച് സമയം കാത്തു നില്‍ക്കേണ്ടി വന്നു.

പള്ളിയുടെ ഒരു ഭാഗത്ത് ആളുകള്‍ കൂട്ടം കൂടി നിന്ന് എന്തോ കാര്യമായ ചര്‍ച്ചയിലാണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. കൂട്ടത്തില്‍ നിന്നും ഒരാളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കള്ളിയെ പിടിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ചര്‍ച്ചയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .

കള്ളിയോ ? ….അതും പള്ളിയില്‍ ?

നിമിഷങ്ങള്‍ എണ്ണി നാട്ടില്‍ കഴിയുന്ന എനിക്ക് അവിടെ കളയാന്‍ കൂടുതല്‍ സമയം ഇല്ല. മാത്രവുമല്ല ജുമുഅ കഴിഞ്ഞു ഭാര്യയുമായി അവളുടെ വീട്ടില്‍ പോവാന്‍ അവളോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞു പോന്നതുമാണ്.

“അതേയ് എന്താ ശരിക്കും പ്രശ്നം ?”

എത്രയും പെട്ടന്ന് കാര്യങ്ങള്‍ വിശദമായി അറിഞ്ഞ് സ്ഥലം കാലിയാക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും അയാളെ തോണ്ടി വിളിച്ചു. മറുപടിയായി മറ്റൊരാളുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു കടലാസ് വാങ്ങി എന്‍റെ നേരെ നീട്ടി . ഞാന്‍ അതിലൊന്നു കണ്ണോടിച്ചു. ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനു സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഏതോ പള്ളിക്കമ്മറ്റി കൊടുത്ത് സഹായഭ്യര്‍ത്ഥനാ കത്ത്. ഒറ്റനോട്ടത്തില്‍ എനിക്കതില്‍ കുഴപ്പമൊന്നും തോന്നിയില്ല.

“ഇതിലെന്താ പ്രശ്നം ?”

“ ആ കത്തൊന്ന് ശരിക്കും നോക്കൂ..”

ഞാന്‍ അതിലേക്ക് വീണ്ടും നോക്കി ഇല്ല എനിക്കൊന്നും മനസ്സിലാവുന്നില്ല ഏതോ പള്ളിയുടെ ലറ്റര്‍പാഡില്‍ ഒപ്പും സീലും അടങ്ങിയ ഒരു കത്ത്. ഞാന്‍ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.

“ഊം..?”

“ അതിലെ തിയ്യതികള്‍ നോക്കൂ വെട്ടി തിരുത്തിയത് കണ്ടില്ലെ ?”

അപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ അതുപെട്ടത് അറിയാത്ത വിധത്തില്‍ അതിലെ തിയ്യതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

“അതെ തിരുത്തിയിട്ടുണ്ട്. എന്താ കാര്യം ? കള്ളക്കത്താണോ ?”

കഴിഞ്ഞ വെള്ളിയാഴ്ച ഒരു സ്ത്രീ കൊണ്ട് വന്ന് പള്ളിയില്‍ കൊടുത്ത കത്താണ് അത്. കത്ത് പരിശോധിച്ചപ്പോള്‍ സംശയം തോന്നി. പിരിവ് നടത്തി കാശ് അടുത്ത ആഴ്ച തരാം എന്ന് പറഞ്ഞ് അന്ന് അവരെ വിട്ടു. സ്ത്രീക്ക് കത്ത് കൊടുത്ത പള്ളിക്കമ്മറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ അവിടത്തെ സെക്രട്ടറിയും മറ്റൊരാളും ഇവിടെ എത്തിയിട്ടുണ്ട്. കത്ത് അവര്‍ കൊടുത്തത് തന്നെയാണെന്നും പക്ഷെ അതില്‍ പറഞ്ഞ കല്യാണം രണ്ട് മാസം മുന്‍പ് കഴിഞ്ഞതാണെന്നും പറഞ്ഞു. ഇപ്പോഴും ആ കത്തുമായി ആ സ്ത്രീ പിരിവ് നടത്തുന്ന കാര്യം അവര്‍ക്കറിയുകയുമില്ല. അപ്പോഴാണ് കൂട്ടത്തില്‍ നില്‍ക്കുന്ന രണ്ട് അപരിചിതരെ ഞാന്‍ ‍ ശ്രദ്ധിച്ചത്. ആ സ്ത്രീയുടെ നാട്ടിലെ പള്ളിക്കമ്മറ്റിയില്‍ പെട്ടവരാണ്. ഇതൊന്നും അറിയാതെ ആ സ്ത്രീ വന്ന് പള്ളിയുടെ പുറത്ത് നില്‍ക്കുന്നുണ്ട്.

ആഹാ ,,, അതുകൊള്ളാമല്ലോ. ,, എന്നാല്‍ ആ സ്ത്രീയെ ഒന്നു കാണുക തന്നെ വേണം. എന്‍റെ മറ്റു തിരക്കുകള്‍ എല്ലാം കുറച്ചു നേരത്തേക്ക് മറന്ന് ഞാനും അവരുടെ കൂടെ പള്ളിയുടെ പുറത്തേക്ക് നടന്നു.

തവിട്ടു നിറമുള്ള കോട്ടന്‍ സാരിയുടുത്ത് എകദേശം അമ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ രൂപം. ദാരിദ്ര്യം മുഖത്ത് പച്ചകുത്തിവെച്ചതുപോലെ. ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും സഹതാപം പിടിച്ചു പറ്റാന്‍ കഴിവുള്ള ഒരു സ്ത്രീ. അവരെ കണ്ടാല്‍ ഒരു തട്ടിപ്പുകാരിയെന്ന് ആരും പറയില്ല.

പിരിവ് നടത്തി കാശുമായി അടുത്തേക്ക് വരുന്ന ആളുകളേയും പ്രതീക്ഷിച്ചു നില്‍ക്കുന്ന അവരുടെ അടുത്തേക്ക് സ്വന്തം നാട്ടുകാരായ രണ്ടു പേരോടൊപ്പം വരുന്ന ആള്‍കൂട്ടത്തെ കണ്ടപ്പോള്‍ സംഗതി പന്തിയില്ലെന്നു അവര്‍ക്ക് മനസ്സിലായി.

“ഹവ്വാത്താ,, സുലൈഖാടെ കല്യാണം കഴിഞ്ഞിട്ട് മാസം രണ്ട് കഴിഞ്ഞില്ലെ . ഇപ്പോഴും ഈ കത്ത് കൊണ്ട് നടക്കുവാണോ നിങ്ങള്‍ ?”

ചോദ്യം അവരുടെ നാട്ടില്‍ നിന്നും വന്ന ഒരാളില്‍ നിന്നാണുണ്ടായത് . അപ്പോഴേക്കും പള്ളിക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടാന്‍ തുടങ്ങി. മറുപടി ഒന്നും പറയാതെ അവര്‍ തല താഴ്ത്തി നില്‍ക്കുകയാണ്. ആളുകള്‍ക്കിടയില്‍ നിന്നും അപ്പോഴേക്കും കള്ളിയെന്നും, തട്ടിപ്പുകാരിയെന്നു, അടിക്കണമെന്നും ഇടിക്കണമെന്നുമല്ലാം മുറുമുറുപ്പ് തുടങ്ങി കഴിഞ്ഞിരുന്നു.

“ചോദിച്ചതിനു മറുപടി പറയെടീ..”

കൂട്ടത്തില്‍ നിന്നും ആരോ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ മുഖം ഉയര്‍ത്തി. വെളുത്ത നിറമുള്ള അവരുടെ മുഖം വെയിലേറ്റ് ചുവന്നതിനുമപ്പുറം ഭയം കൊണ്ട് ഇരുണ്ട് പോയിരുന്നു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ മാറോട് ചേര്‍ത്തു പിടിച്ച് അവര്‍ ദയനീമായി മറ്റുള്ളവരെ നോക്കി. കുഴിഞ്ഞു പോയ അവരുടെ കണ്ണുകളില്‍ നിന്നും കണ്ണൂനീര്‍ കവിളിലൂടെ ഒഴുകാന്‍ തുടങ്ങി.

എനിക്കെന്തോ അവരുടെ മുഖത്ത് നോക്കിയപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. എങ്കിലും അവര്‍ ചെയ്തത് തെറ്റ് തന്നെ . സഹായത്തിനായി പള്ളിക്കമ്മറ്റി കൊടുത്ത കത്ത് ദുരുപയോഗം ചെയ്ത് അവര്‍ തട്ടിപ്പ് നടത്തുന്നത് ന്യായീകരിക്കാന്‍ കഴിയില്ലല്ലോ. കൂട്ടത്തില്‍ നിശബ്ദനായി ഒരു കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ..

“അത്.. അത്.. കല്യാണത്തിന്‍റെ കടം വീടിയിട്ടില്ല ..”

പതിഞ്ഞ ശബ്ദത്തില്‍ വിറക്കുന്ന സ്വരത്തോടെ അവര്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

“എന്നുവെച്ച് പഴയ കത്തില്‍ തിയ്യതി തിരുത്തി ആളെ പറ്റിക്കാന്‍ നടക്കുവാണോ ?

ആള്‍കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ ശരിക്കും കരയാന്‍ തുടങ്ങി. !

പള്ളിക്കമ്മറ്റി കത്ത് കൊടുത്തെങ്കിലും കാര്യമായ സഹായമൊന്നും എവിടെ നിന്നും കിട്ടിയില്ല . കടം വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ അവധി തീര്‍ന്നപ്പോള്‍ ജ്വല്ലറിക്കാര്‍ പെണ്ണിനെ കെട്ടിച്ചു വിട്ട വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കിയെന്നും അതുകാരണം പെണ്ണിനെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചുകൊണ്ടാക്കിയെന്നും. കല്യാണം കഴിഞ്ഞതുകാരണം അരും സഹായിക്കുന്നില്ലെന്നും അവര്‍ കരച്ചിലിനിടയില്‍ പറഞ്ഞു.

ദേഷ്യത്തോടെ നിന്നിരുന്നവരെല്ലാം അവരുടെ സംസാരം കേട്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ നിശബ്ദരായി . ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ.

ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന അവരുടെ ഭര്‍ത്താവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാമ്പ് കടിയേറ്റ് മരണപ്പെട്ടതാണ്. രണ്ട് പെണ്മക്കള്‍ മാത്രമുള്ള അവരെ സഹായിക്കാന്‍ മറ്റു ബന്ധുക്കള്‍ ആരുമില്ല. കഷ്ടപ്പാടുകൊണ്ട് ചെയ്തു പോയ ഈ തെറ്റിനു അവര്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും . അവരുടെ നാട്ടില്‍ നിന്നും വന്ന ഒരാള്‍ ആള്‍കൂട്ടത്തെ നോക്കി പറഞ്ഞു. ഒരു ക്ഷമാപണം കേള്‍ക്കുന്നതിനു മുന്‍പ് തന്നെ അവിടെ കൂടിയവരുടെയെല്ലം മനസ്സില്‍ അവരോട് അലിവ് തോന്നി കഴിഞ്ഞിരുന്നു.

ഈ തെറ്റ് ഇനി അവര്‍ ഒരിക്കലും ആവര്‍ത്തിക്കില്ല എന്നു പറഞ്ഞുകൊണ്ട് അയാള്‍ ആ കത്ത് അവിടെ കീറിയിട്ടു. അവിടെ കൂടി നിന്നവരെല്ലാം കൂടി കുറച്ച് കാശ് അവരുടെ കയ്യില്‍ കൊടുത്തു.

പള്ളിയിലേക്ക് കയറുമ്പോള്‍ സൈലന്‍റിലിട്ട മൊബൈല്‍ ഫോണ്‍ വിരുന്നു പോവാന്‍ കാത്തിരുന്ന് സഹികെട്ട ഭാര്യയുടെ തുടരെ തുടരെ യുള്ള വിളി കാരണം കിടന്നു തുള്ളാന്‍ തുടങ്ങിയിട്ട് സമയം ഏറെ ആയിരുന്നു. നേരം വൈകിയതിനു ഫോണിനേക്കാള്‍ വലിയ തുള്ളല്‍ വീട്ടില്‍ ചെന്നാല്‍ കാണാം എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നുവെങ്കിലും ആ സ്ത്രീയുടെ ദാരിദ്ര്യവും, ഭയവും നിറഞ്ഞ ആ മുഖമായിരുന്നു അപ്പോള്‍ എന്‍റെ മനസ്സ് നിറയെ.

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

പാറേലി അമ്മിണി . ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..!

പതിറ്റാണ്ട്കള്‍ക്ക് മുന്‍പ് ഒരു പെരുന്നാള്‍ രാവില്‍ നടന്ന ക്രൂരമായ ഒരു കൊലപാതകത്തിന്‍റെ രഹസ്യം തേടിയുള്ള എന്‍റെ അന്വേഷണം ഇവിടെ ആരംഭിക്കുകയാണ്. ഒരു ഡിറ്റക്റ്റീവ് കഥയുടെ വിഷയം എന്നതിനേക്കാള്‍ കഴുത്തറുത്ത് കഷ്ണം കഷ്ണമാക്കി മൂടപ്പെട്ട അമ്മിണി എന്ന ഒരു പാവത്തിനെ കുറിച്ച് കൂടുതല്‍ അറിയുക. എന്ന ലക്ഷ്യത്തോടെ മാത്രം.

അന്വേഷണം എവിടെ തുടങ്ങണം ? ആര്.... ? ആര്‍ക്ക് വേണ്ടി..? ചോദ്യങ്ങള്‍ ഒരുപാടാണ്.. !!

സൂര്യോദയത്തിനു മുന്‍പ് ശരീരാമസകലം വെളിച്ചെണ്ണയും തേച്ച് ചന്ദ്രികാ സോപ്പുമായി പെരുന്നാള്‍ കുളി കുളിക്കാന്‍ വേണ്ടി പാറേലിപ്പുഴയിലേക്ക് പോയ കുഞ്ഞിമായീന്‍ എന്ന മായീങ്കുട്ടി പുഴക്കരയിലെ കോമുഹാജിയുടെ തെങ്ങിന്‍ തോപ്പില്‍ നിന്നും അടക്കിപിടിച്ചുള്ള സംസാരവും ഒച്ചപ്പാടും കേട്ടാണ് അങ്ങോട്ട് നോക്കിയത്. അരണ്ട വെളിച്ചത്തില്‍ ചോരയൊലിക്കുന്ന കൈകളുമായി രണ്ട് മൂന്ന് പേര്‍ ചാക്കില്‍ കെട്ടിയ എന്തോ കുഴികുത്തി മൂടുന്നു. മകരമാസത്തിലെ തണുത്തുറഞ്ഞ വെളുപ്പാന്‍ കാലമായിട്ടും മായീങ്കുട്ടിയുടെ ശരീരം വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി. ചെറുനാക്ക് ഉള്‍വലിഞ്ഞു. തെണ്ടയിലെ വെള്ളം വറ്റി. തന്നെ ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി മായീങ്കുട്ടി വീട്ടിലേക്ക് മടങ്ങി. മായീങ്കുട്ടിയെ കൂടാതെ മറ്റൊരാള്‍ കൂടി ഈ കാഴ്ചയെല്ലാം കാണുന്നുണ്ടായിരുന്നു പുഴക്കരയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ വെളിക്കിരിക്കാന്‍ ഇറങ്ങിയ അണ്ണാച്ചിരാജു എന്ന തമിഴന്‍ രാജു.

പാറേലി ഗ്രാമത്തില്‍ പുറമ്പോക്ക് ദാക്ഷായണി പോറ്റിവളര്‍ത്തിയ അമ്മിണി ആ പെരുന്നാള്‍ രാത്രിയില്‍ ക്രൂരമായ് കൊല്ലപ്പെട്ടു. മൂടികെട്ടിയ ആകാശവും വീശിയടിക്കുന്ന കാറ്റും പ്രകൃതിയോടൊപ്പം പാറേലി ഗ്രാമവാസികളും സങ്കടത്തോടെയാണ് അന്നത്തെ പെരുന്നാളാഘോഷിച്ചത്.

അടിയന്തരാവസ്ഥാകാലത്ത് ഒളിവില്‍ പോയ ദാക്ഷായണിയുടെ ഭര്‍ത്താവ് നക്സലേറ്റ് നീലാണ്ടന്‍ പാറേലിപ്പുഴ നീന്തിക്കടന്ന് ഭാര്യയെ കാണന്‍ ഒളിച്ചും പാത്തും വന്നപ്പോള്‍ ആറ് മാസത്തോളം മാത്രം പ്രായമായ അമ്മിണിയും കൂടെയുണ്ടായിരുന്നു. വഴിയിലെ ഒരു മരച്ചുവട്ടില്‍ നിന്നും കിട്ടിയതാണെന്നും ആരെങ്കിലും അന്വേഷിച്ച് വന്നാല്‍ തിരികെ ഏല്‍പ്പിക്കണമെന്നും പറഞ്ഞ് നീലാണ്ടന്‍ ഇരുളിലേക്ക് തന്നെ ഓടിമറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മിണിയെ തേടി ആരും വന്നില്ല. അമ്മിണി ദാക്ഷായണിയുടെ സംരക്ഷണയില്‍ വളര്‍ന്നു വലുതായി.

അന്ന് ഒളിവില്‍ പോയ നീലാണ്ടന്‍ പിന്നീടൊരിക്കലും ആ ഗ്രാമത്തിലേക്ക് തിരിച്ചു വന്നില്ല. നീലാണ്ടന്‍റെ അഭാവവും ദാക്ഷായണിയുടെ ദാരിദ്രവും മുതലാക്കി ‍പലരും രാവും പകലും ദാക്ഷയണിയുടെ പുരയില്‍ കയറി ഇറങ്ങാന്‍ തുടങ്ങി. അതോടെ നാട്ടുകാര് ദാക്ഷായണിയെ പുറമ്പോക്ക് ദാക്ഷായണി എന്നു വിളിക്കാന്‍ തുടങ്ങി. പ്രായത്തില്‍ കവിഞ്ഞ അമ്മിണിയുടെ വളര്‍ച്ച മാംസകൊതിയന്മാരായ പലരേയും വല്ലാതെ ആകര്‍ഷിച്ചു. അമ്മിണിയെ ആവശ്യപ്പെട്ടു വന്നവരെയെല്ലാം ദാക്ഷായണി ആട്ടിയോടിച്ചു. സ്വന്തമായി മാറ്റാരുമില്ലാത്ത ദാക്ഷയണിക്ക് അമ്മിണി സ്വന്തം മോളെ പോലയായിരുന്നു.

പാറേലിഗ്രാമത്തില്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത പ്രമാണിയാണ് കോമുഹാജി. ഹാജിയുടെ വിശ്വസ്തനും ആശ്രിതനുമാണ് കറുത്ത് തടിച്ച മരക്കുറ്റി പോലുള്ള കശാപ്പുകാരന്‍ മമ്മാലി. പുറം നാട്ടില്‍ നിന്നും ഹാജിയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ വരുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ട സൌകര്യം ചെയ്ത്കൊടുക്കാന്‍ ഹാജി മമ്മാലിയെയാണ് ചുമതലപ്പെടുത്തിയത്. ആഘോഷത്തിനുള്ള ഇരയെ തേടിയിറങ്ങിയ മമ്മാലിയുടെ കണ്ണില്‍ പെട്ടത് ദാക്ഷായണിയുടെ വീടിന്‍റെ മുന്‍പില്‍ നില്‍ക്കുന്ന അമ്മിണിയാണ് . തടിച്ചുകൊഴുത്ത അമ്മിണിയെ കണ്ട മമ്മാലി കണ്ണുകള്‍ തിരിച്ചെടുക്കാന്‍ കഴിയാതെ അവളെ തന്നെ നോക്കി നിന്നു. തന്നെ തന്നെ നോക്കി നില്‍ക്കുന്ന മമ്മാലിയെ അമ്മിണി ശ്രദ്ധിച്ചതേയില്ല മമ്മാലിയെ കണ്ട ദാക്ഷായണി വീടിന്‍റെ പുറത്തിറങ്ങി.

മനസ്സിലുള്ള ആഗ്രഹം ദാക്ഷാണിയെ അറിയിച്ചപ്പോള്‍ ദാക്ഷായണി മമ്മാലിയെ തെറിവിളിച്ച് ആട്ടിയോടിച്ചു. മമ്മാലി ഹാജിയാരോട് കാര്യം പറയുകയും അമിണിയെ കാണിച്ചു കൊടുക്കുകയും ചെയ്തപ്പോള്‍ മാംസകൊതിയനായ ഹാജിയുടെ മനസ്സിലും കൊതിയുണര്‍ന്നു. തിരുവായക്കെതിര്‍വായ ഇല്ലാത്ത ഹാജിയുടെ പിടക്കുന്ന പച്ച നോട്ടുകള്‍ക്ക് മുന്‍പില്‍ ദാക്ഷായണി മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.

ഹാജിയാണ് അമ്മിണിയുടെ കൊലയാളിയെന്നു നാട്ടുകാരെല്ലാം അടക്കം പറഞ്ഞുവെങ്കിലും അതിന്‍റെ പേരില്‍ പോലീസ് കേസോ അന്വേഷണമോ നടന്നില്ലാ എന്നതാണ് ഏറെ രസകരം.

പഴനിയില്‍ വെച്ച് ‍ അണ്ണാച്ചിരാജുവിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ അയാള്‍ പറഞ്ഞത് ഹാജിയല്ല അമ്മിണിയുടെ കൊലയാളിയെന്നും മലയാളമല്ലാത്ത മറ്റേതോ ഭാഷ സംസാരിച്ച് തലപ്പാവ് വെച്ച മറ്റൊരാളാണെന്നുമാണ്. കൂടുതല്‍ അറിയില്ലെന്നും പറഞ്ഞ് അണ്ണാച്ചിരാജു ആള്‍തിരക്കിലേക്ക് ഉള്‍വലിഞ്ഞു.!!

കഥയില്‍ ഇതുവരെ പറഞ്ഞു കേള്‍ക്കാത്താ ഒരു തലപ്പാവുകാരന്‍..? അതാര്..?

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണ് . പാറേലി ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഒരാള്‍ക്കെ ഇനി അതിനുത്തരം പറയാന്‍ കഴിയൂ… മായീങ്കുട്ടിക്ക്മാത്രം.!

വീടിന്‍റെ മുറ്റത്തെ പുളിമര ചുവട്ടില്‍ ചാരുകസേരയിട്ടിരിക്കുന്ന മായീങ്കുട്ടിയുടെ അടുത്ത് ചെന്ന് അമ്മിണിയുടെ കൊലപാതകത്തെ കുറിച്ചു ചോദിച്ചപ്പോള്‍ പുച്ചത്തോടെയുള്ള ഒരു നോട്ടമായിരുന്നു ആദ്യ മറുപടി. അല്‍പ്പ നേരത്തെ മൌനത്തിനു ശേഷം മായീങ്കുട്ടി പറഞ്ഞു തുടങ്ങി.

“ദാക്ഷായണിക്ക് കാശ് കൊടുത്ത് ഏര്‍പ്പാട് പറഞ്ഞുറപ്പിച്ച് ഹാജി വീട്ടിലേക്ക് മടങ്ങി. മമ്മാലിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് പെരുന്നാള്‍ തലേന്ന് രാത്രിയില്‍ ‍ ദാക്ഷായണിയുടെ വീട്ടിലെത്തി. ശരീരം വിറ്റ് ജീവിക്കുന്നവളെങ്കിലും അമ്മിണിയെ കൊണ്ട് പോവുന്നത് സഹിക്കാന്‍ പറ്റാതെ ദാക്ഷായണി വാതിലടച്ചിരുന്ന് പൊട്ടിക്കരഞ്ഞു. ഉറങ്ങിക്കിടന്നിരുന്ന അമ്മിണിയുടെ കൈകാലുകള്‍ കയറിട്ടുകെട്ടി. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന അമ്മിണി അലറിക്കരഞ്ഞെങ്കിലും കേള്‍ക്കാന്‍ ആ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ഗ്രാമവാസികളെല്ലാം അന്ന് പാതിരാ വയള് കേള്‍ക്കാന്‍ പാറേലി അങ്ങാടിയില്‍ പോയതായിരുന്നു.”

മലയാളമല്ലാത്ത ഭാഷ സംസാരിക്കുന്ന തലപ്പാവ് വെച്ച ആളെന്ന് അണ്ണാച്ചിരാജു പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മായീങ്കുട്ടി പറഞ്ഞത് ഇങ്ങനയാണ്.

“അതെ അത് അണ്ണച്ചിരാജുവിനറിയാത്ത ഭാഷ എന്നു പറയുന്നതാവും ശരി. അത് അറബിയായിരുന്നു. വയനാട്ടില്‍ പള്ളിദര്‍സില്‍ പഠിക്കാന്‍ പോയിരുന്ന ഹാജിയുടെ മൂത്ത മകന്‍ ഉസ്മാന്‍കുട്ടി ബിസ്മി ചൊല്ലി കത്തി കഴുത്തില്‍ വെച്ചത് കണ്ടിട്ടാണ് അണ്ണാച്ചിരാജു മലയാളമല്ലാത്ത ഭാഷ എന്നു പറഞ്ഞത്.. സ്ഥിരമായി അറവ് നടത്തുന്ന വീരാന്‍ മൊല്ലാക്ക പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയതായിരുന്നു അന്ന്. അറവ് കഴിഞ്ഞപ്പോഴാണ് അമ്മിണി ഗര്‍ഭിണിയായിരുന്നു എന്ന നെട്ടിക്കുന്ന ആ സത്യം അവരെല്ലാം അറിഞ്ഞത് . വിവരമറിഞ്ഞ ഹാജിയാര് ചെനയുള്ള പശുവിന്‍റെ ഇറച്ചി നാട്ടുകാര്‍ക്ക് തിന്നാന്‍ കൊടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് അതിനെ പുഴക്കടവിലുള്ള ഹാജിയുടെ തന്നെ തെങ്ങിന്തോപ്പില്‍ കുഴിച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. നാട്ടുകാര്‍ പറയുന്നത് പോലെ ഹാജിയാര്‍ അതില്‍ കുറ്റക്കാരനല്ല.!!..”

ചരിത്രത്തില്‍ ആദ്യമായി പാറേലിഗ്രാമത്തില്‍ ആളുകള്‍ ബീഫ് കിട്ടാത്ത സങ്കടത്തോടെ ആഘോഷിച്ച ഒരു ചെറിയപെരുന്നാളായിരുന്നു അന്നത്തെ ദിവസം.!!

ആരേയും വേദനിപ്പിക്കാനോ ശിക്ഷിക്കാനോ വേണ്ടിയായിരുന്നില്ല അന്വേഷണം. പതിറ്റാണ്ടുകളായി മനസ്സിനെ വേട്ടയാടികൊണ്ടിരുന്ന ഒരു കൊലപാതകത്തിന്‍റെ സത്യമെന്തന്നറിയാന്‍ വേണ്ടി മാത്രം തുടങ്ങിയ ഈ അന്വേഷണം ഇവിടെ അവസാനിപ്പിച്ച് ഞാന്‍ ഈ ഗ്രാമത്തില്‍ നിന്നും മടങ്ങുകയാണ്. .!!

2010, ജൂലൈ 19, തിങ്കളാഴ്‌ച

കോയക്കുട്ടിയുടെ ഉപദേശം

“ആവശ്യമില്ലാത്ത ഒരോ കാര്യം പറഞ്ഞ്   ഒരുത്തന്‍റെ പണി കളഞ്ഞപ്പോള്‍ നിനക്ക് സമാധാനമായില്ലെ”

അലാറത്തിന്‍റെ ശല്യമില്ലാതെ സ്വസ്ഥമായി     ഉറങ്ങാന്‍ കഴിയുന്ന വെള്ളിയാഴ്ച ദിവസം  പുറത്തു നിന്നും ഹസ്സനിക്കയുടെ  ഉച്ചത്തിലുള്ള സംസാരം കേട്ടുകൊണ്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്.    തലയിലൂടെ പുതപ്പ് വലിച്ചുവാരിയിട്ടു തിരിഞ്ഞുകിടന്ന് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും    സംസാരത്തിന്‍റെ ശബ്ദം  കൂടി വരികയാണ്.  അവധി ദിവസത്തിലെ സുഖനിദ്ര നഷ്ടപ്പെടുത്തിയ      ഹസ്സനിക്കയെ പ്രാകികൊണ്ട്   കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഞാന്‍ ഹാളിലേക്ക് ചെന്നു.

    നിവര്‍ത്തിപിടിച്ച പത്രത്തിലേക്ക്     ശ്രദ്ധിക്കാതെ  കൂട്ടിലങ്ങാടിക്കാരന്‍ ‍കോയകുട്ടിയുടെ  നേരെ തിരിഞ്ഞാണ് ഹസ്സനിക്കയുടെ സംസാരം.!  

“എന്താ ഹസ്സനിക്കാ രാവിലെ തന്നെ ?”

ഉറക്കം നഷ്ടമായ നീരസം പുറത്ത് കാണിക്കാതെ ഞാന്‍ ഹസ്സനിക്കയോട്    ചോദിച്ചു. !

“ഈ പഹയന്‍ കാരണം ആ ചെറുക്കന്‍റെ ജോലി പോയി” കോയക്കുട്ടിയെ  ചൂണ്ടികൊണ്ട് ഹസ്സനിക്ക എന്‍റെ നേരെ തിരിഞ്ഞു.   

“ആരുടെ ?”  എന്ന ഭാവത്തില്‍ ഞാന്‍ ഹസ്സനിക്കയെ  നോക്കി.

“നമ്മുടെ  ജമാലിന്‍റെ …  ഇവന്‍റെ ഒരോ ഉപദേശങ്ങള്‍…”   

അത്രയും പറഞ്ഞുകൊണ്ട്  കയ്യിലുണ്ടായിരുന്ന പത്രം താഴെക്കിട്ട് ഹസ്സനിക്ക കിച്ചനിലേക്ക്  നടന്നു.  കാര്യമൊന്നും മനസ്സിലാവാതെ ഞാന്‍ കോയക്കുട്ടിയെ നോക്കി .    ഒരുവഷളന്‍ ചിരിയുമായി താന്‍ ഈ നാട്ടുകാരനെയല്ലാ എന്ന ഭാവത്തില്‍   ഒന്നും മിണ്ടാതെ കസേരയിലേക്ക് കാലും കയറ്റിവെച്ച് നഖം മുറിച്ചുകൊണ്ടിരിക്കുകയാണ്  കോയക്കുട്ടി.   അവനോട് ചോദിച്ചിട്ടു ഒരു കാര്യവുമില്ലെന്ന് അറിയുന്നത്കൊണ്ട്     ഞാന്‍  ബ്രഷും, സോപ്പുമായി ബാത്ത്റൂമിലേക്ക് കയറി.

  ഡിഗ്രിവരെ പഠിച്ചവനാണെങ്കിലും ചില സമയത്ത് മണ്ടത്തരങ്ങള്‍  മാത്രമാണ്  കോയക്കുട്ടിയില്‍ നിന്നുമുണ്ടാവുക.   സ്ഥലവും സന്ദര്‍ഭവും നോക്കാതെ ഓരോ കാര്യങ്ങള്‍ പറയും .  പല സന്ദര്‍ഭങ്ങളിലും പലര്‍ക്കും അത് ദോഷമാവുന്നു എന്നവന് മനസ്സിലാക്കാന്‍ കഴിയില്ല.

   ഒരു ദിവസം റൂമില്‍ ഗസ്റ്റായി വന്ന ഹസ്സനിക്കയുടെ  അനുജനും സുഹൃത്തുക്കളും    മറ്റെല്ലാവരും കൂടി ഒന്നിച്ചിരുന്ന് ടി.വിയില്‍ വാര്‍ത്ത കൊണ്ടിരിക്കുമ്പോള്‍. വാര്‍ത്ത വായിക്കുന്ന അവതാരികയെ നോക്കി  കോയക്കുട്ടി പറഞ്ഞ സഭ്യതക്ക് നിരക്കാത്ത  അശ്ലീലം കലര്‍ന്ന   കമന്‍റില്‍   തൊലിയുരിഞ്ഞു പോയത് ഹസ്സനിക്കയുടെതായിരുന്നു .      ചിരിയും തമാശയുമായി ഇരുന്നിരുന്ന ഞങ്ങള്‍ എല്ലാം സംസാരം നിറുത്തിയിട്ടും കോയക്കുട്ടിക്ക്   കാര്യം മനസ്സിലായില്ല.  അവന്‍ അവന്‍റെ കമന്‍റ് വിശദീകരിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ നിന്നും ഒന്നും മിണ്ടാതെ ഹസ്സനിക്ക  പതുക്കെ പുറത്തേക്കിറങ്ങിപോയി.   അനുജനും  സുഹൃത്തുക്കളും പോയതിനു ശേഷം ഹസ്സനിക്ക അവനുമായി വഴക്ക് കൂടിയെങ്കിലും അവന്‍റെ വിവരദോഷം എന്ന രീതിയില്‍ എല്ലാവരും ഇങ്ങനയുള്ള സംഭവങ്ങളെല്ലാം  എഴുതി തള്ളുകയാണ് പതിവ്.

   

ഹസ്സനിക്കയുടെ ഭാര്യ സഹോദരനാണ് ജമാല്‍. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒന്നര ലക്ഷത്തോളം രൂപ മുടക്കി വിസക്ക് കൊണ്ട് വന്ന ജമാലിനു  നാലഞ്ചു മാസമായിട്ടും ജോലിയൊന്നും ശരിയായിരുന്നില്ല.   അകന്ന ഒരു പരിചയക്കാരന്‍ വഴി ജമാലിനു   ഒരു ബാകാലയില്‍  ( GROCERY )    ജോലി കിട്ടിയത് ഒരു മാസം മുന്‍പാണ് അത്യാവശ്യ ശമ്പളമൊക്കെയായി കുഴപ്പമില്ലാത്ത ഒരു ജോലി.  ഹസ്സനിക്ക ഒരു ഭാരം തലയില്‍നിന്നിറങ്ങി എന്ന ആശ്വാസത്തിലായിരുന്നു അതിനു ശേഷം.

  കുളികഴിഞ്ഞു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ഹസ്സനിക്ക പുറത്ത് നില്‍ക്കുന്നുണ്ട്.!

“എന്താ  ഹസ്സനിക്ക   പ്രശ്നം?  ജമാലിന്‍റെ  ജോലി എങ്ങനാ പോയത് ?”

ദേഷ്യത്താല്‍ ചുവന്ന മുഖവുമായി  നില്‍ക്കുന്ന ഹസ്സനിക്കയോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം  പറഞ്ഞ മറുപടി കേട്ട് എനിക്ക് ചിരിയാണ് വന്നത്.   സന്ദര്‍ഭം അനുകൂലമല്ലാത്തകൊണ്ട് വന്ന ചിരി പുറത്ത് കാണിക്കാതെ ഞാന്‍ റൂമിലേക്ക് കയറി.

ജമാല്‍  ജോലി ചെയ്യുന്ന കടയിലേക്ക് കോയക്കുട്ടി കുശലാന്വേഷണവുമായി കയറിചെന്നപ്പോള്‍  അവിടെ ആരൊക്കയോ നില്‍ക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ കോയക്കുട്ടി   ജമാലിനോട്  സംസാരം  തുടങ്ങി. ജോലിക്കിടയിലാണെങ്കിലും    ജമാല്‍  എല്ലാറ്റിനും മറുപടി പറഞ്ഞുകൊണ്ടിരുന്നു. അവസാനം യാത്ര പറഞ്ഞു പോരുന്ന സമയത്ത് കോയക്കുട്ടി  ജമാലിനൊരു  ഉപദേശം കൊടുത്തു.!

“ദിവസം നൂറ് റിയാലില്‍ കൂടുതല്‍  അടിച്ചുമാറ്റരുത്, കൂടുതല്‍ എടുത്താല്‍ മുതലാളിമാര്‍ക്ക് മനസ്സിലാവും . എടുക്കുന്ന കാശ്  പോക്കറ്റില്‍ ഇടരുത്  ഷൂവിനിടയിലോ സോക്സിനടിയിലോ ഒളിപ്പിച്ച് പുറത്തിറങ്ങിയാല്‍ മതി.”

കോയക്കുട്ടി ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍      ജമാല്‍  ഇടംകണ്ണിട്ടും  ആക്ഷന്‍  കാണിച്ചും    മറ്റുള്ളവര്‍ കേള്‍ക്കുന്നു എന്ന് കാണിക്കുന്നുണ്ടായിരുന്നുവെങ്കിലും കോയക്കുട്ടി അതൊന്നും ശ്രദ്ധിക്കാതെ പറയാനുള്ളത് പറഞ്ഞ് കടയില്‍ നിന്നും ഇറങ്ങി.

അന്നത്തോടുകൂടി  ജമാലിന്‍റെ ആ കടയിലെ സേവനം അവസാനിപ്പിക്കേണ്ടി വന്നു.   ഉപദേശം കൊടുത്ത് പോവുമ്പോള്‍ കടയില്‍ ഉണ്ടായിരുന്നവരുടെ    കൂട്ടത്തില്‍   മലയാളിയായ കടയുടെ ഉടമസ്ഥന്‍ കൂടിയുണ്ടെന്ന കാര്യം  കോയക്കുട്ടി ശ്രദ്ധിച്ചില്ല.!!

2010, ജൂലൈ 5, തിങ്കളാഴ്‌ച

സതി നിലനിന്നിരുന്നുവെങ്കില്‍……

ബന്ധങ്ങളും കടപ്പാടുകളും വെറും ജലരേഖകള്‍ മാത്രമാണെന്നതിന്‍റെ ഒരു ഉത്തമ ഉദാഹരണമാണ് ഹമീദിന്‍റെ ജീവിതം.

ആറടി ഉയരവും വിടര്‍ന്ന നെഞ്ചും വെളുത്ത നിറവും തുടുത്ത കവിളുകളും കട്ടി മീശയുമുള്ള സുന്ദരനായ അവനെ കണ്ടാല്‍ എഴുത്തും വായനയും അറിയില്ല എന്നാരും പറയില്ല. ഉപ്പയും ഉമ്മയും മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും അടങ്ങിയ കുടുംബത്തിലെ മുത്ത മകന്‍. നാട്ടില്‍ സ്വകാര്യ ബസ്സില്‍ ക്ലീനര്‍ ആയി ജോലിചെയ്യുന്നതിനിടയിലാണവന്‍ ഞങ്ങളുടെ കമ്പനിയിലെ ഓഫീസ്ബോയ് ആയി സൌദിയില്‍ വരുന്നത്. എന്‍റെ സഹമുറിയനായി താമസം തുടങ്ങിയ അവന്‍ രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അവധിയില്‍ പോയി വിവാഹം കഴിച്ചു. സുന്ദരിയായ സുനീറ ഹമീദിനു അനുയോജ്യമായ പെണ്ണ് തന്നെയായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ സുനീറ ഗര്‍ഭിണിയായിരുന്നു.

നാട്ടില്‍ സ്റ്റേഷനറി കട നടത്തുന്ന അനുജന്‍റെയും ഹമീദിന്‍റെയും വിവാഹം ഒരേദിവസമാണ് നടന്നത്. അനുജന്‍റെയും ഭാര്യയുടെയും വൈവാഹിക ജീവിത സന്തോഷവും ആര്‍ഭാടം നിറഞ്ഞതുമായി മാറുമ്പോള്‍ വിരഹവും,മാനസിക വിഷമങ്ങളും നിറഞ്ഞ ജീവിതമായിരുന്നു സുനീറക്ക് അവിടെ ഉണ്ടായിരുന്നത്. വിഷമങ്ങള്‍ അതിരുകടന്നിട്ടോ,അതോ സ്വഭാവ സവിശേഷതകൊണ്ടോ എന്നറിയില്ല സുനീറക്ക് ആ വീട്ടില്‍ സ്വസ്ഥത ഇല്ലായിരുനു. മറ്റു കുടുംബാങ്ങള്‍ക്ക് മുന്‍പില്‍ സുനീറ ഒറ്റപ്പെടുന്നതായും,അവളുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ വേണ്ടവിധം ശ്രദ്ധ ചെലുത്താതായും അവള്‍ക്ക് തോന്നിയത് ഹമീദിനെ അറിയിച്ചുകൊണ്ടിരുന്നു.

അവരുടെ സന്തോഷവും, സങ്കടവും. പ്രണയവും വിരഹവുമെല്ലാം എന്‍റെ എഴുത്തുകളിലൂടെയും വായനയിലൂടെയുമായിരുന്നു അവന്‍ അറിഞ്ഞിരുന്നത്. അവരുടെ സ്നേഹത്തിന്‍റെ ആഴം എഴുത്തിലൂടെ മനസ്സിലാക്കുമ്പോള്‍ ഞാന്‍ വിവാഹിതനായിരുന്നില്ല. ദാമ്പത്യബന്ധത്തിലെ സ്നേഹം എന്താണെന്ന് അറിയാത്ത ഞാന്‍ ചില സമയത്ത് അവന്‍റെ അമിതഭാര്യ സ്നേഹത്തെ രഹസ്യമായി കളിയാക്കാറുണ്ട്. അന്നവന്‍ എന്നോട് പറഞ്ഞിരുന്നു “നീ ഒന്ന് കെട്ട് അപ്പോള്‍ അറിയാം എന്ന്”. ഭാര്യയെ ഒരാള്‍ ഇത്രമാത്രം സ്നേഹിക്കുമോ എന്ന് അവന്‍റെ സ്നേഹം കാണുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

ഇതിനിടയില്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കുകയും, മറ്റു അനുജന്മാര്‍ വിവാഹിതരാവുകയും ചെയ്തതോടെ വീട്ടിലെ പ്രശ്നങ്ങള്‍ കൂടി വന്നു. അവിടത്തെ അസൌകര്യവും കുത്തുവാക്കുകളും സഹിക്കവയ്യാതായപ്പോള്‍ ബാങ്ക് ലോണായും കടമായും സ്വരുക്കൂട്ടിയ കാശുകൊണ്ട് രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ തറവാട് വീട്ടില്‍ നിന്നും അധികം അകലയല്ലാതെ ഒരു വീട് പണിതു.

പുതിയ വീട്ടിലേക്ക് താമസം മാറിയാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നു കരുതിയിരുന്ന അവന് പുതിയ പ്രശ്നങ്ങളുടെ തുടക്കമായി മാറുകയായിരുന്നു ആ വീട്.

മൊബൈല്‍ ഫോണ്‍ വ്യാപകമാവുകയും കത്തെഴുത്തുകള്‍ നിലക്കുകയും ചെയ്തപ്പോള്‍ തന്‍റെ പ്രശ്നങ്ങള്‍ മറ്റൊരാള്‍ കൂടി അറിയുന്നതിനവാസാനം ഉണ്ടാവുമല്ലോ എന്നു കരുതി കൂടുതല്‍ സന്തോഷിക്കുന്നതവനാവും എന്നു ഞാന്‍ കരുതിയത് വെറുതയായിരുന്നു. അപ്പോഴും അവന്‍റെ ഒരോ പ്രശ്നങ്ങളും അവന്‍ എന്നോട് പറയുമായിരുന്നു. ഈ സമയത്തെല്ലാം ഞാന്‍ വിവാഹം കഴിഞ്ഞ് പ്രണയത്തിന്‍റെ തീവൃതയും വിരഹത്തിന്‍റെ നൊമ്പരവും അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു.

ഏറെ സന്തോഷവനായി തമാശകള്‍ മാത്രം പറഞ്ഞിരുന്ന ഹമീദ് പിന്നെ പിന്നെ ചിന്താത്മകനായും നിശബ്ദനായും മാറുന്നത് ഞാന്‍ അവനെ ഇടക്കിടക്ക് ഓര്‍മപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി അവന്‍റെ മോള്‍ക്ക് പതിനൊന്ന് വയസ്സായി. പല പ്രാവശ്യം അവധിയില്‍ പോയിട്ടും ആ കുഞ്ഞിനു ശേഷം മറ്റൊരു കുഞ്ഞുണ്ടാവത്തിന്‍റെ വിഷമം അവന്‍റെ വാക്കുകളില്‍ എന്നും ഉണ്ടായിരുന്നു. കഴിഞ്ഞ തവണ അവധികഴിഞ്ഞു വന്നപ്പോള്‍ അവന്‍ വളരെ സന്തോഷവാനായിരുന്നു. പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അവര്‍ക്ക് വീണ്ടും ഒരു കുഞ്ഞ് ജനിക്കാന്‍ പോവുന്നതിന്‍റെ സൂചനകളുമായാണ് സുനീറ അവനെ യാത്രയാക്കിയത്. പക്ഷെ ആ സന്തോഷം രണ്ട് മാസത്തില്‍ കൂടുതല്‍ നില നിന്നില്ല. വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍കോള്‍ എല്ലാം തകര്‍ത്തെറിഞ്ഞു അവള്‍ ഹോസ്പിറ്റലില്‍ ആണെന്നും അത് അബോര്‍ഷനായെന്നും അറിയാന്‍ കഴിഞ്ഞു.

ഒരു ദിവസം സന്ധ്യാനമസ്കാരം കഴിഞ്ഞ് മുറിയിലേക്ക് കയറി ചെന്ന ഞാന്‍ മൊബൈലിലൂടെ ആരോടോ ഉച്ചത്തില്‍ സംസാരിക്കുന്ന ഹമീദിനേയണ് കണ്ടത്. എന്നെ കണ്ടയുടന്‍ മൊബൈല്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച അവനോട് സംസാരിക്കുവാണെങ്കില്‍ ഞാന്‍ പുറത്തു പോവാം എന്ന് ആംഗ്യ ഭാഷയിലൂടെ പറഞ്ഞപ്പോള്‍ വേണ്ട എന്നവന്‍ പറഞ്ഞുകൊണ്ട് ബെഡ്ഡിലേക്ക് ചാഞ്ഞ് ഒന്നും മിണ്ടാതെ കിടന്നു. പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ എന്നോട് പറഞ്ഞു.

“സതി നിലനിന്നിരുന്നാല്‍ മതിയായിരുന്നു അല്ലെ?”

എനിക്ക് ഒന്നും മനസ്സിലായില്ല.!!

“സതിയോ? അതെന്തിനാ?”

“എന്നാല്‍ ഭര്‍ത്താവ് ജീവന്‍ കളഞ്ഞാല്‍ ഭാര്യ കൂടെ ചാവുമായിരുന്നില്ലെ.?”

നിരക്ഷരനായ അവന്‍ എവിടന്നോ കേട്ട ഒരുവാക്ക് പറയുകയാവും എന്നു കരുതി ഞാന്‍ കൌതുകത്തോടെ അവനെ നോക്കി. എന്തേ ഇപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ എന്ന ഭാവത്തില്‍. അവന്‍ എന്‍റെ മുഖത്തു നിന്നും കണ്ണുകള്‍ എടുത്ത് താഴേക്ക് നോക്കികൊണ്ടിരുന്നു.

“നിനക്കെന്താ വട്ടുണ്ടോ? ഇനി ആ ആചാരം ഉണ്ടെങ്കില്‍ തന്നെ നമുക്കതെങ്ങനാ ബാധകമാവുന്നത്?” ഞാന്‍ സംസാരം തുടരാന്‍ തീരുമാനിച്ചു.ഒരു തമാശയായി മാത്രമാണ് ഞാന്‍ അത് കണക്കാക്കിയത് . പക്ഷെ അവന്‍റെ മുഖം കോപവും സങ്കടവും കൊണ്ട് ചുവന്നിരുന്നു.

“ഞാന്‍ എത്രമാത്രം അവളെ സ്നേഹിച്ചതാ എന്നിട്ടും അവള്‍ എന്നെ മനസ്സിലാക്കിയില്ലല്ലോ. അവളെ കൊന്ന് കളയാന്‍ എന്‍റെ കൈകള്‍ക്കാവില്ല അതാ…”

പറഞ്ഞു തുടങ്ങിയ വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയാതെ അവന്‍ പൊട്ടി പൊട്ടിക്കരഞ്ഞു. അല്‍പ്പ നേരത്തെ തേങ്ങലുകള്‍ക്കൊടുവില്‍ അവന്‍ സംസാരം തുടര്‍ന്നു. സുനീറ ആ കുഞ്ഞിനെ സ്വയം ഇല്ലാതാക്കിയതാണെന്ന നെട്ടിക്കുന്ന സത്യം അവന്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ എന്‍റെ മനസ്സ് സമ്മതിച്ചില്ല. വീട്ടില്‍ നിന്നും അവനുകിട്ടിയ വിവരം ഒരു അമ്മായിഅമ്മ മരുമകള്‍ വഴക്കിന്‍റെ ബാക്കിമാത്രം ആവും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തല കുലുക്കി അതിനെ എതിര്‍ത്തു. നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ടവന്‍ ബാക്കി കൂടി പറഞ്ഞത് സുനീറയുടെ മറ്റൊരു മുഖത്തെ കുറിച്ചായിരുന്നു.

മോളെ സ്കൂളിലേക്ക് കൊണ്ട് പോവുന്ന ഓട്ടോഡ്രൈവര്‍ സുനീറയുമായുള്ള സത്യമോ അതോ അവന്‍റെ വെറും മോഹമോ എന്നറിയാത്ത അവിഹിത ബന്ധം കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞു രസിച്ചത് ഹമീദിന്‍റെ സഹോദരന്‍റെ ചെവിയില്‍ എത്തിയ കാര്യം അവന്‍ ഹമീദിനെ അറിയിച്ചു. ആ ഓട്ടോറിക്ഷകാരനുമായി ഇനിയാതൊരു അടുപ്പവും വേണ്ട എന്ന വീട്ടുകാരുടെ എതിര്‍പ്പിനവള്‍ വില കല്‍പ്പിച്ചില്ല. ഹമീദിനോടവള്‍ തന്‍റെ നിരപാരാധിത്വം പറഞ്ഞപ്പോള്‍ അവന് അവളെ വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സത്യമാണെങ്കിലും അല്ലങ്കിലും ഇനി അവനുമായി ഒരു ലോഹ്യവും വേണ്ട എന്ന ഒരു വാക്കില്‍ അവന്‍ ആ വിഷയം അവസാനിപ്പിച്ചു.

പിന്നീടെന്നും സുനീറയെ പറ്റിയുള്ള ഒരോ കഥകള്‍ ഇവന്‍റെ ചെവിയില്‍ എത്തുന്നത് ഇവനെ അലോസരപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ പുതിയ പുതിയ കഥാപാത്രങ്ങളെ സുനീറയുമായി ചേര്‍ത്ത് പറഞ്ഞപ്പോള്‍ അവന്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ കളയുകയാണ് ചെയ്തത്.

അവരുടെ നാട്ടില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന സുരേഷ് എന്ന യുവാവുമായി സുനീറയെ ബന്ധപ്പെടുത്തിപറഞ്ഞത് ഹമീദ് ഏറെ വിശ്വസിക്കുകയും തന്നോട് ഒരിക്കലും നുണപറയില്ലെന്ന് പൂര്‍ണ്ണ വിശ്വാസവുമുള്ള അമ്മാവനായതുകൊണ്ട് ഹമീദിന്‍റെ മനസ്സില്‍ സംശയത്തിന്‍റെ മുള പൊട്ടി. പതിനൊന്നു വയസ്സായ മോളോട് സ്വന്തം ഉമ്മയുടെ സ്വഭാവത്തെ പറ്റി ചോദിച്ചറിയേണ്ടി വരികയും സുരേഷ്മാമ ഇടക്കെല്ലാം വീട്ടില്‍ വരാറുണ്ട് ഉമ്മയുമായി ഒറ്റക്ക് സംസാരിക്കാറുണ്ട് എന്നു മോള്‍ പറയുക കൂടി ചെയ്തപ്പോള്‍ ഹമീദ് തകര്‍ന്നു പോയി. തന്നെ ഇത്രയും കാലം അവള്‍ വഞ്ചിക്കുകയായിരുന്നെവന് മനസ്സിലായി. അപ്പോഴെക്കും സുനീറ അവന്‍റെ വീട്ടുകാരുമായി വഴക്കിട്ട് വീട് പൂട്ടി മോളുമായി അവളുടെ വീട്ടിലേക്ക് പോയിരുന്നു.

എത്രയും പെട്ടന്ന് നാട്ടില്‍ വാ എന്ന അമ്മാവന്‍റെ ആവശ്യപ്രകാരം ബോസിനോട് അവധി ചോദിച്ചപ്പോള്‍ ഉടന്‍ അവധിനല്‍കാന്‍ കഴിയില്ല എന്ന ബോസിന്‍റെ നിലപാടില്‍ വിസ ക്യാന്‍സല്‍ ചെയ്താണെങ്കിലും പോവണം എന്ന വാശിയിലായിരുന്നു അവന്‍. എന്‍റെ ഇടപെടലിലൂടെ അനുവദിച്ചുകിട്ടിയ അവധിയില്‍ അവന്‍ എന്നോട് യാത്ര പറഞ്ഞപ്പോള്‍. “നീ കേട്ടതെല്ലാം ഒരു നുണക്കഥയാവും സാരമില്ല പോയി വരൂ” എന്ന് ഞാന്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു എങ്കിലും കരഞ്ഞുകലങ്ങിയ അവന്‍റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എന്‍റെ കണ്ണുകളും നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നു.

പന്ത്രണ്ട് വര്‍ഷത്തെ ബന്ധവും അവളോടുള്ള സ്നേഹവും പെട്ടന്ന് പറിച്ചെറിയാന്‍ കഴിയാത്ത ഹമീദ് നാട്ട്മദ്ധ്യസ്തന്മാരുമായി ഒരു ഒത്തു തീര്‍പ്പിനു വേണ്ടി ചെന്നപ്പോള്‍ അവള്‍ അവന്‍റെ മുഖത്ത് നോക്കി പറഞ്ഞത് “നിങ്ങളുടെ ഒരു കുഞ്ഞിനെ കൂടി എനിക്കിനി വേണ്ടാത്തത് കൊണ്ട് തന്നെയാണതിനെ ഞാന്‍ കളഞ്ഞത്” എന്നായിരുന്നു. അവന്‍റെ കുഞ്ഞിനെ ആവശ്യമില്ലാത്ത അവള്‍ അപ്പോഴെക്കും അവന്‍റെ അതുവരെയുള്ള സമ്പാദ്യം കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു.

അവന്‍ അവിടന്ന് നിരാശയോടെ മടങ്ങി പോന്ന പിറകെ അവള്‍ നൊന്ത്പെറ്റ മോളുടെ കരയുന്ന മുഖം അവഗണിച്ചുകൊണ്ട് അവളുടെ വാപ്പയും ഉമ്മയും നോക്കി നില്‍ക്കെ സുരേഷിനെ വിളിച്ചു വരുത്തി അവന്‍റെ കൂടെ ഇറങ്ങിപോയി.

കോടതിയിലേക്ക് കേസ് എത്തിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു മുന്‍പില്‍ വക്കീലിന്‍റെ മറുപടി ഉണ്ടായത് കേസ് കോടതിയില്‍ എത്തിയാലും അവള്‍ക്കെ വിജയം ഉണ്ടാവൂ. അവന്‍റെ കൂടെ പോവാനെ കോടതി പറയൂ.. പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനോ അതില്‍ ഇവനു പറ്റിയ നഷ്ടങ്ങള്‍ക്കോ കോടതിയില്‍ വിലയുണ്ടാവില്ല. എന്നാണ്.

ഇടക്കെന്നോ സുനീറ മോളെ കാണാണം എന്നും പറഞ്ഞ് സ്കൂളില്‍ ചെന്നപ്പോള്‍ കുട്ടി അവളേ കാണണ്ട എന്നു പറഞ്ഞ് ടീച്ചറെ കെട്ടിപിടിച്ച് കരഞ്ഞത് കാരണം സ്കൂളില്‍ ഇങ്ങനെ ഒരു സീന്‍ ഉണ്ടാക്കരുതെന്നു പറഞ്ഞ് ടീച്ചേഴ്സ് സുനീറയെ മടക്കി അയച്ചു.

ഒരു ആത്മഹത്യയിലോ സതിയിലോ തീരണ്ടതല്ല ജീവിതങ്ങള്‍ എന്ന തിരിച്ചറിവുള്ള ഹമീദ് ഇപ്പോള്‍ സുനീറയേക്കാള്‍ സുന്ദരിയും സ്നേഹവതിയുമായ ഒരു ഭാര്യയും സ്വന്തം ഉമ്മയെക്കാള്‍സ്നേഹിക്കുന്ന ഒരു രണ്ടാനുമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന മോളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു.

***** ***** ***** ***** ***** *****

വാല്‍കഷ്ണം :

കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് മാത്രം മാറ്റം വരുത്തി ഒരു അനുഭവകഥ വളരെ ചുരുക്കി ഞാന്‍ ഇവിടെ എഴുതുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട് എന്നെനിക്കറിയാം. ഒരിക്കലും അവനു ബാധകമല്ലാത്തതും എന്നോ കേട്ട് മറന്നതുമായ സതി എന്ന വാക്ക് അവന്‍റെ നാവില്‍ നിന്നും വരാനുള്ള കാരണം അമിതമായി സ്നേഹിച്ച തന്‍റെ ഭാര്യ തന്നെ വഞ്ചിച്ചു എന്നറിഞ്ഞപ്പോഴുള്ള ആത്മരോക്ഷത്തില്‍ നിന്നുമാണെന്നു നമുക്ക് എഴുതി തള്ളാം.

പിന്നീടൊരിക്കല്‍ ഞാന്‍ അവനുമായി സംസാരിച്ചപ്പോള്‍ “എന്തറിഞ്ഞിട്ടാ നീ സതി ഉണ്ടായാല്‍ നന്നായി എന്നെന്നോട് പറഞ്ഞത്” എന്ന് ചോദിച്ചിരുന്നു. “നിനക്കറിയില്ലെ അവളെ ഞാന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു” എന്ന് പറയുമ്പോഴും അവനില്‍ നിന്നും അവന്‍റെ കുടുംബത്തില്‍ നിന്നുമുണ്ടായ തെറ്റുകള്‍ അവന്‍ നിരസിക്കുന്നില്ല. നാട്ടില്‍ തന്നെ നില്‍ക്കുന്ന അനുജന്‍ ഭാര്യയുമായി സന്തോഷത്തോടെ മധുവിധു ആഘോഷിക്കുമ്പോള്‍ കുടുംബ ഭാരം മുഴുവന്‍ തലയിലേറ്റി ഇവന്‍ ഗള്‍ഫിലേക്ക് തിരിച്ച് പോരുകയായിരുന്നു. മറ്റു അനുജന്മാരെല്ലാം വിവാഹിതരാവുകയും കുറഞ്ഞ മുറികള്‍ മാത്രം ഉള്ള വീട്ടില്‍ അവരെല്ലാം മണിയറ ഒരുക്കുകയും ചെയ്തപ്പോള്‍. വീടിന്‍റെ ഹാളില്‍ കിടന്നിരുന്ന സുനീറക്കും മോള്‍ക്കും അവധിക്ക് ഇവന്‍ ചെല്ലുമ്പോള്‍ മാത്രമാണ് മുറികളില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താക്കന്മാര്‍ അടുത്തുള്ള മറ്റു മരുമക്കളുടെ ഇടയില്‍ ഇവളുടെ ആവശ്യങ്ങള്‍ ഉപ്പയും ഉമ്മയും വേണ്ട രീതിയില്‍ ശ്രദ്ധിക്കാതിരുന്നതും അവന്‍റെ വീട്ടുകാരുടെ ഭാഗത്ത് വന്ന തെറ്റുകളാണ്. സ്വന്തമായി ഒരു വീടും അതിന്‍റെ ഭരണവും കൈവന്നപ്പോള്‍ ചോദ്യം ചെയ്യാന്‍ അടുത്താരുമില്ല എന്ന് മനസ്സിലാക്കി അവള്‍ ഇവന്‍റെ സ്നേഹത്തിനോ കഷ്ടപ്പാടുകള്‍ക്കോ വില കല്‍പ്പിക്കാതെ അവളുടെ ഇഷ്ടപ്രാകാരം അഴിഞ്ഞാടുകയും ചെയ്തു.

2010, ജൂൺ 28, തിങ്കളാഴ്‌ച

എന്‍റെ മലയാളം (കവിത കണ്ട കൂതറ)

മലയാളം

മലയാലം ഞാന്‍

പതിച്ചിട്ടുണ്ട്.

അല്ല ,,

പദിച്ചിട്ടുണ്ട്.

ശ്ശോ,,,,,

പധിച്ചിട്ടുണ്ട്.

കഷ്ടം..!!

പഡിച്ചിട്ടുണ്ട്.

ഛേയ്,,,

പഠിച്ചിട്ടുണ്ട്.

ഹാവൂ.. ശരിയായി.!!

***   ***   ***

ഫോട്ടോ പോസ്റ്റില്‍ ചേര്‍ക്കാന്‍ സമ്മതിച്ച കൂതറഹാഷിമിനു  നന്ദി :)

2010, ജൂൺ 14, തിങ്കളാഴ്‌ച

നീര്‍നായ നാണപ്പന്‍.

കിഴക്കെതൊടിയില്‍ നിന്നും സൂര്യന്‍ അഞ്ചിപ്പുഴയിലെ കുളിസീന്‍ കാണാന്‍ ഇറങ്ങിയിട്ട് മണിക്കൂര്‍ രണ്ട് കഴിഞ്ഞു.! കുമാരന്‍റെ ഷാപ്പില്‍ നിന്നും തലേദിവസം കള്ളിനോടൊപ്പം കഴിച്ച കപ്പയും ബോട്ടിയും വയറ്റില്‍ കിടന്ന് അരിപ്പോം തിരിപ്പോം കളി തുടങ്ങിയപ്പോള്‍ കിടക്കപ്പായയില്‍ നിന്നും ചാടി എഴുന്നേറ്റ് ഒരു മൊന്ത വെള്ളവുമായി നാണപ്പന്‍ തൊടിയിലേക്ക് ഓടി മുക്കലും മൂളലും കഴിഞ്ഞു ഒരു വിധം ആശ്വാസത്തോടെ കയ്യില്‍ ഉണ്ടായിരുന്ന മൊന്ത കിണറ്റിന്‍ കരയിലേക്കൊരു ഏറുകൊടുത്ത് പായയും തലയിണയും തന്നെ ലക്ഷ്യം വെച്ച് അകത്തേക്ക് കയറിയപ്പോഴെക്കും ഭാര്യ രമണി അതെല്ലാം ചുരുട്ടികൂട്ടി മുറിചുവരിനു മുകളില്‍ കയറ്റി വെച്ചിരുന്നു.! രമണിയുടെ അപ്പനപ്പുപ്പന്മാരുടെ ഇരട്ടപേരുകള്‍ ഒന്നൊഴിയാതെ നാമം ജപിച്ച് പുറം കാലുകൊണ്ട് ഒരു തൊഴിയും കൊടുത്ത് നാണപ്പന്‍ ഷര്‍ട്ടെടുത്ത് തോളിലൂടെയിട്ട് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് ഓന്ത് വാസുവിന്‍റെ ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ നാണപ്പനെ തേടി വന്നത് .!

നീര്‍നായ് നാണപ്പന്‍ എന്നറിയപ്പെടുന്ന നാണപ്പന്‍ പേരുപോലെ തന്നെ ഏത് കുത്തൊഴുക്കുള്ള വെള്ളത്തിലും നിഷ് പ്രയാസം നിന്തുവാനും ഏത് ആഴമുള്ള കിണറ്റിലും എത്ര നേരം വേണമെങ്കിലും മുങ്ങി കിടക്കുവാനും മിടുക്കനാണ്. നാണപ്പനെ തേടി അന്യ നാടുകളില്‍ നിന്നും ആളുകള്‍ വരാറുണ്ട്. വെള്ളത്തില്‍ മുങ്ങിപോയ എന്താണെങ്കിലും നാണപ്പനെത്തിയാല്‍ അത് കരക്കടിഞ്ഞു എന്നുറപ്പിക്കാം.! കൂട്ടികൊണ്ട് പോവാന്‍ വന്നവരോട് തന്‍റെ ഡിമാന്‍റ് പറഞ്ഞുറപ്പിച്ച് നാണപ്പന്‍ ഓട്ടോയിലേക്ക് കയറി. റേഷന്‍ കാര്‍ഡുമായി പിറകെ ഒടി വന്ന രമണിയെ പുരക്കകത്ത് വെച്ച് പറഞ്ഞതിന്‍റെ ബാക്കി കൂടി കേള്‍പ്പിച്ച് ഓന്ത് വാസുവിനെ നോക്കി വണ്ടി വിടാന്‍ പറഞ്ഞു.! മഴക്കാലമായാല്‍ നാണപ്പനു ജോലി കൂടും എന്നാലും വീട്ടുകാര്‍ക്ക് പത്ത് പൈസ നാണപ്പന്‍റെ കയ്യില്‍ നിന്നും കിട്ടില്ല എന്നുമാത്രമല്ല കിട്ടുന്നതെല്ലാം കുമാരന്‍റെ കള്ള് ഷാപ്പില്‍ ചിലവഴിച്ച് രാത്രിയില്‍ വീട്ടില്‍ ചെന്ന് രമണിയുടെ മുതുകില്‍ ആലിക്കല്‍ അമ്പലത്തിലെ വേലക്ക് പുതുതായ് കാണാന്‍ തുടങ്ങിയ ഡിജിറ്റല്‍ ശിങ്കാരിമേളം പ്രാകടീസ് ചെയ്യാന്‍ തുടങ്ങും.!

പ്രത്യേകിച്ച് വേറെ പണിക്കൊന്നും പോവാത്ത നാണപ്പന്‍ ചൂണ്ടയും എടുത്ത് പുഴക്കരയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ ഇരുന്ന് മീന്‍ പിടിക്കാനെന്ന വ്യാജേന കുറഞ്ഞ അകലമുള്ള മറുകരയില്‍ കുളിക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങളുടെ കുളിയും നോക്കി മുറിബീഡിയും വലിച്ച് തന്‍റെ ഏക സുഹൃത്തായ സൂര്യനു കൂട്ടായി ഒറ്റയിരിപ്പാണ് പടിഞ്ഞാറുള്ള ഭാര്യവീട്ടിലേക്ക് സൂര്യന്‍ തന്‍റെ നോട്ടവും കഴിഞ്ഞു പോവും വരെ നാണപ്പന്‍ കൂട്ടിരിക്കും. മറുകരയില്‍ കുളിക്കുന്നതാരാണെന്നു കുറ്റിച്ചെടികള്‍ക്കിടയിലൂടെ മുഖം വ്യക്തമായി കണ്ടില്ലങ്കിലും ചില ബോഡീപാട്സുകള്‍ കണ്ടാല്‍ അതാരാണെന്ന് നാണപ്പനു പെട്ടന്ന് മനസ്സിലാവും.!

പതിവു പോലെ ഒരു ദിവസം ചൂണ്ടയുമായ് പുഴക്കരയില്‍ ഇരിക്കുമ്പോഴാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതു ബോഡി നാണപ്പന്‍റെ കണ്ണില്‍ പെട്ടത്. തന്‍റെ ഫേവറേറ്റ് ശരീരങ്ങള്‍ പലതും സൂര്യന്‍റെ ആര്‍ത്തിപിടിച്ച നോട്ടംകൊണ്ട് വാടി പോയത് കാരണം ജീവിതത്തോട് തന്നെ മടുപ്പ് തോന്നിയിരുന്ന നാണപ്പന്‍ ആകാശത്തേക്കൊന്നു നോക്കി. സൂര്യന്‍ തന്‍റെ ആര്‍ത്തിപിടിച്ച കണ്ണുകള്‍ കൊണ്ട് ഇമവെട്ടാതെ അവളെ തന്നെ നോക്കി നില്‍ക്കുന്നു.! അവന്‍റെ നോട്ടത്തില്‍ അവളുടെ നനഞ്ഞൊട്ടിയ ശരീരം കൂടുതല്‍ വെട്ടിത്തിളങ്ങി. നാണപ്പന്‍ കീശയില്‍ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടത്ത് വെച്ചു. കാഴ്ചയ്ക്ക് തടസമായി നിന്നിരുന്ന ഒരു പുല്ലാണിവള്ളി പിഴുതെറിഞ്ഞു.!

നീരാടികൊണ്ടിരിക്കുന്ന ആ സുന്ദര രൂപം നാണപ്പനെ ഏതോ മായലോകത്തേക്ക് കൂട്ടികൊണ്ട് പോവാന്‍ ബെന്‍സ്കാറുമായ് വന്നപ്പോഴാണ് അവളുടെ കരച്ചിലും അവളുടെ കൂടെ കുളിച്ച്കൊണ്ടിരുന്ന തരുണികളുടെ മുങ്ങി തപ്പലും നാണപ്പന്‍റെ ശ്രദ്ധയില്‍ പെട്ടത്. നാണപ്പനു കാര്യം പിടികിട്ടി. തന്നെ കൊതിപ്പിച്ചുകൊണ്ടിരുന്ന ആ സുന്ദരിയില്‍ നിന്നും വിലപ്പെട്ടത് എന്തോ നഷ്ടമായിരിക്കുന്നു. !!

http://hasufa.blogspot.com/ നാണപ്പന്‍റെ പൌരബോധം ഉണര്‍ന്നു ആണായിട്ടൊരുവന്‍ ഇവിടെ ഇരിക്കുമ്പോള്‍ …? നാണപ്പന്‍ കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. മുണ്ടും ബനിയനുമഴിച്ച് കരയില്‍ വെച്ച് വെള്ളത്തിലേക്കിറങ്ങി നിന്നിടത്തു നിന്നും ഒരു മുങ്ങല്‍ കുറച്ച് സമയം കഴിഞ്ഞു മുങ്ങിയ അതേ സ്ഥലത്തു തന്നെ നാണപ്പന്‍ പൊങ്ങി. ആ ഒരു മുങ്ങലില്‍ നാണപ്പന്‍ നീന്തി മറുകരയില്‍ ചെന്നു അവിടെ കളഞ്ഞു പോയ സാധനം തിരഞ്ഞു കയ്യില്‍ തടഞ്ഞത് ഒരു സ്വര്‍ണ്ണ പാദസരം വിലപിടിപ്പുള്ള വസ്തു ആയതുകൊണ്ട് നാണപ്പന്‍ സൌകര്യപൂര്‍വ്വം തന്‍റെ പൌരബോധം മറന്ന് അതേ മുങ്ങലില്‍ തന്നെ തിരിച്ചിങ്ങോട്ടും നീന്തി. നാണപ്പന്‍ മുങ്ങിചെന്നതോ സാധനവുമായ് മടങ്ങിയതോ അവിടെ തിരഞ്ഞുകൊണ്ടിരുന്ന സ്ത്രീകളാരും അറിഞ്ഞില്ല.! അവര്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

കരയില്‍ കയറിയ നാണപ്പന്‍ അന്നത്തെ സൌന്ദര്യാസ്വാദനം അവസാനിപ്പിച്ചു വീട്ടിലേക്ക് മടങ്ങി താന്‍ പോവുന്നതിലും മുന്‍പെ നാണപ്പന്‍ പോവുന്നത് കണ്ടപ്പോള്‍ ആകാശത്തു നിന്നും സൂര്യന്‍ ലജ്ജകൊണ്ട് ഒരു മേഘത്തിനടിയില്‍ ഒളിച്ചു.!

നാലഞ്ച് ദിവസം കഴിഞ്ഞ് നാണപ്പന്‍ പാദസരം വില്‍ക്കാനായി തട്ടാന്‍ രവിയുടെ അടുത്ത് ചെന്നു. രവി കല്യാണവും ഹണിമൂണ്‍ ആഘോഷവുമെല്ലാം കഴിഞ്ഞ് അന്നു കട തുറന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. രമണിയുടെ ആഭരണങ്ങള്‍ എല്ലാം രവിയുടെ അടുത്ത് തന്നെയാണ് നാണപ്പന്‍ വിറ്റ് കാശാക്കിയിട്ടുള്ളത് അത്കൊണ്ട് രവിക്ക് നാണപ്പനില്‍ നിന്നും സ്വര്‍ണ്ണം വാങ്ങാന്‍ ഒരു പേടിയും ഇല്ല. അന്നത്തെ സ്വര്‍ണ്ണ വിലനിലവാരം ചോദിച്ചറിഞ്ഞുകൊണ്ട് കടയുടെ മുന്‍പില്‍ ഉള്ള സ്റ്റൂളില്‍ ഇരുന്ന് പാദസരം രവിയുടെ നേരെ നീട്ടി . അത് വാങ്ങി രവി തിരിച്ചും മറിച്ചും നോക്കി എന്നിട്ട് തുലാസില്‍ ഇട്ടു തൂക്കം നോക്കി ഒന്നരപവന്‍റെ അന്നത്തെ വിലയും പറഞ്ഞു. സംഖ്യ കേട്ടപ്പോള്‍ നാണപ്പന്‍ ഉള്ളാല്‍ ഒന്നു ചിരിച്ചു. പാദസരം പോക്കറ്റിലേക്കിട്ട രവി നാണപ്പനെ നോക്കി. പോക്കറ്റില്‍ നിന്നും നൂറ്റിഅമ്പത് രൂപയെടുത്ത് നാണപ്പനു നേരെ നീട്ടി.! നാണപ്പന്‍ മനസ്സിലാവാത്ത പോലെ തന്‍റെ ഉണ്ടകണ്ണുകള്‍ കൊണ്ട് രവിയെ തുറിച്ച് നോക്കി . നാണപ്പന്‍റെ നോട്ടം കണ്ടപ്പോള്‍ രവി പറഞ്ഞു.

“നാണപ്പാ മുങ്ങിത്തപ്പാന്‍ പോയാല്‍ നിനക്ക് കിട്ടുന്ന കൂലി നൂറ്റമ്പത് രൂപയല്ലെ അതു മുഴുവന്‍ ഉണ്ട്. ഈ പാദസരം എന്‍റെ ഭാര്യയുടെ കാലില്‍നിന്നും പുഴയില്‍ പോയതാ മുങ്ങി തപ്പി എടുത്തതിനുള്ള കൂലിയാ ഇത്.അവള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയത് ഞാനങ്ങ് ക്ഷമിച്ചു.”

നാണപ്പന്‍റെ ചിരിയൊന്നു കോടി ഒന്നും മിണ്ടാതെ ആ പൈസയും വാങ്ങി കുമാരന്‍റെ ഷാപ്പ് ലക്ഷ്യമാക്കി നടന്നു. ഭാര്യയുടെ കുളിസീന്‍ ഒരാള്‍ നോക്കികണ്ടെങ്കില്‍ എന്താ കളഞ്ഞു പോയ ഒന്നരപ്പവന്‍ കയ്യില്‍ തന്നെ കൊണ്ട് വന്ന് തന്നില്ലെ. എന്ന സമാധാനത്തില്‍ രവി തന്‍റെ മുന്നില്‍ എരിഞ്ഞു തുടങ്ങിയ ഉമിയിലേക്ക് ആഞ്ഞ് ഊതികൊണ്ടിരുന്നു. !!

*** *** *** *** ****

ചിത്രം : ഞാന്‍ ഒരു പരീക്ഷണം നടത്തിയത്.!

2010, ജൂൺ 1, ചൊവ്വാഴ്ച

ചിക്കന്‍പോക്സ് അവാര്‍ഡ്.!

വാര്‍ഡുകള്‍ പലപേരില്‍ ഉണ്ട് പക്ഷെ ചിക്കന്‍പോക്സ് അവാര്‍ഡ് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലങ്കില്‍ ഇതാ  കുറേ വര്‍ഷങ്ങള്‍ക്ക്  മുന്‍പ് നടന്ന ഒരു കൊച്ചു സംഭവം .വായാടിയുടെ  ഫോട്ടോ ബ്ലോഗില്‍   മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും കാരവാന്‍ ഉണ്ട് എന്ന് എഴുതികണ്ടപ്പഴാണ് ഈ സംഭവം എനിക്കോര്‍മ വന്നത്.!

ആദ്യം ഞാന്‍  അസിയെ പരിചയപ്പെടുത്താം . പെരിന്തല്‍മണ്ണ ടൌണില്‍ ജഹനറ തിയറ്ററിനുമുന്‍പില്‍ അവന്‍റെ കുടുംബ  സ്വത്തായ ഒരു ഹോട്ടലുണ്ട്. അത് നടത്തുന്നത് അവന്‍റെ ജ്യേഷ്ഠനാണ്. എന്നിട്ടും ഞങ്ങള്‍  എട്ട് പേരടങ്ങുന്ന മലയാളികള്‍ക്ക്   ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുകയായിരുന്നു അവന്‍.

ഞാന്‍ അന്ന് സൌദിയില്‍ വന്നിട്ട് കുറച്ച് മാസങ്ങളെ  ആയിരുന്നുള്ളൂ.    അസി ഭക്ഷണം ഉണ്ടാക്കുന്ന ഫ്ലാറ്റിലേക്കുള്ള എന്‍റെ മാറി താമസത്തില്‍  ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവനാണ്. കാരണം മോഹന്‍ലാല്‍ ഫാന്‍ ആയി മറ്റുള്ളവരോട് തര്‍ക്കിച്ച് നില്‍ക്കാന്‍ അവിടെ അന്ന് അസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം മമ്മൂട്ടി ഫാന്‍സ്.  അതിനിടയിലേക്കാണ്  ഒരു മോഹലന്‍ലാല്‍ “ഫാന്‍“ആയ എന്‍റെ രംഗപ്രവേശം . സ്വാഭാവികമായും അസിക്ക് ഞാന്‍ ഒരു കൂട്ട് തന്നെയാവും .!

അടുത്തടുത്ത നാട്ടുകരാണെങ്കിലും  അസിയെ ഞാന്‍ ഇവിടെ വെച്ചാണ് പരിചയപ്പെടുന്നത്.   ആദ്യമായ് ആരെ പരിചയപ്പെടുമ്പോഴും അവന്‍റെ കുടുംബ സ്വത്തായ  ഹോട്ടലാണവന്‍ അടയാളം പറയുക  പെരിന്തല്‍മണ്ണ ടൌണില്‍ ജഹനറ തിയറ്ററിനുമുന്‍പില്‍  പഴയകാലത്ത് തന്നെ നാല് നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന  ഫൈവ്സ്റ്റാര്‍  K.P.M  .HOTEL  അറിയാത്തയാത്തവര്‍ കുറവാണ്. അതിന്‍റെ ഉടമസ്ഥന്‍   ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുന്നു.  അതും കുറഞ്ഞ ശമ്പളത്തിന്.  എന്‍റെ കൌതുകം ഞാന്‍ മറച്ചു വെച്ചില്ല  .!

“അസീ   ഒരു ഹോട്ടല്‍ സ്വന്തമായിട്ടുണ്ടായിട്ടും   നീ..  ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കികൊണ്ട് ?

അവന്‍ ഒന്നു ചിരിച്ചു ..!

“ഹോട്ടല്‍   നടത്തിപ്പില്‍  ജ്യേഷ്ഠനുമായി   തര്‍ക്കിക്കേണ്ടി വന്നു. അപ്പോള്‍ ഒന്നും നോക്കിയില്ല ഉംറ വിസയടിച്ചിങ്ങ് കയറി പോന്നു.

അവന്‍റെ വാക്കുകളില്‍ നിന്നും ഹോട്ടല്‍ ഇടപാടില്‍ ജ്യേഷ്ഠനുമായി തര്‍ക്കിക്കേണ്ടി വന്നതിന്‍റെയും ഉംറ  വിസയില്‍ നിന്നുകൊണ്ട് ജോലി ചെയ്യുന്നതിന്‍റെയും വിഷമം ഞാന്‍ കണ്ടു.!  അവന്‍   ഭക്ഷണം ഉണ്ടാക്കുമ്പോള്‍   ഭക്ഷണം നന്നാവാത്തതിനു ചിലര്‍ അവനെ ചീത്ത പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൂടി ആലോചിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു.!

“എന്നാലും  ഇത്രയും വലിയ ഒരു ഹോട്ടല്‍  ഉണ്ടായിട്ടും ?” 

“എത്ര വലിയ ഹോട്ടല്‍ ?”        പെട്ടന്നായിരുന്നു അവന്‍റെ മറുചോദ്യം.

“കെ.പി. എം ഹോട്ടല്‍… അല്ലെ ജഹനറക്ക് മുന്‍പില്‍  ഉള്ളത് ?” 

“ഹ ഹ  ഹ” ………        അവന്‍ ചിരിയോട് ചിരി. കുറേ നേരം ചിരിച്ചതിനു ശേഷം   എന്നോട് പറഞ്ഞു.

“അല്ല പഹയാ..ആരോടും പറയണ്ട … ജഹനാറയുടെ ഗൈറ്റിനു മുന്‍പില്‍ ഉന്തുവണ്ടിയില്‍ ഒരാള്‍ തട്ടുകട നടത്തുന്നില്ലെ  അതാ.. ഞാന്‍ പറഞ്ഞ ഹോട്ടല്‍.”

മറുപടി കേട്ടപ്പോള്‍ ഞാനും ചിരിച്ചു പോയി. വിശദമായ് ചോദിക്കുന്നവരോട് മാത്രമേ അവന്‍ ഇങ്ങനെ പറയൂ. അല്ലാത്തവര്‍ K.P.M. HOTEL എന്നു തന്നെ കരുതും .!!

ഇപ്പോള്‍ ഏകദേശം അസിയുടെ സംസാര രീതി മനസ്സിലായിട്ടുണ്ടാവുമല്ലോ.  ഇനി അവാര്‍ഡ് വിഷയത്തിലേക്ക് വരാം.

പതിവു പോലെ റൂമില്‍  സംസാര വിഷയം രാഷ്ട്രീയത്തില്‍ നിന്നും മാറി സിനിമയില്‍ എത്തിmammu& lal.  എല്ലാവരും മമ്മൂട്ടി, മോഹന്‍ലാല്‍ തര്‍ക്കത്തിലാണ് അവര്‍ക്ക് കിട്ടിയ അവാര്‍ഡുകളുടെയും അവര്‍ അഭിനയിച്ച  സിനിമകളുടെ വിജയത്തെയും കുറിച്ച്  തര്‍ക്കും  മുറുകി  നില്‍ക്കുന്നു.  മോഹന്‍ലാല്‍  ഭാഗത്ത്  ഞാനും അസിയും മാത്രം   ബാക്കിയുള്ളവര്‍ എല്ലാം എതിരാളികള്‍ അന്ന് മലയാള പത്രമോ, ചാനലുകളോ ഇവിടെ കിട്ടിയിരുന്നില്ല.  എവിടന്നോ കിട്ടിയ മലയാള പത്രത്തിന്‍റെ ഒരു തുണ്ടുകടലാസ് വായിച്ചു കൊണ്ട് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.

“സുരേഷ് ഗോപിക്ക് ചിക്കന്‍പോക്സ് ഇതാ ഈ പേപ്പറില്‍ ഉണ്ട്.”.

ഉടനെ മമ്മൂട്ടിയുടെ ആരാധകനായ നാസര്‍ പറഞ്ഞു.

“ഇതെന്താ  എല്ലാ നടന്മാര്‍ക്കും ഇപ്പോള്‍ ചിക്കന്‍പോക്സ് വരുന്നുണ്ടല്ലോ.. മമ്മൂട്ടിക്കും ഉണ്ടായിട്ടുണ്ട്.”

അസി എന്‍റെ മുഖത്തേക്കൊന്നു നോക്കി. ഞാന്‍ പ്രതികരണം ഒന്നുമില്ലാതെ ഇരിക്കുവായിരുന്നു. എന്‍റെ മൌനം കണ്ടപ്പോള്‍ അസിക്ക് തോന്നി മോഹന്‍ലാല്‍ പക്ഷം പരാജയപ്പെടാന്‍ പോവുന്നുവെന്ന്. അവന്‍  ഉടന്‍ പറഞ്ഞു.!

“മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും മാത്രമല്ല. ഞങ്ങളുടെ ലാലേട്ടനും  കിട്ടിയിരിക്കുന്നു ചിക്കന്‍പോക്സ് അവാര്‍ഡ്.” 

റൂമില്‍ എല്ലാവരും കൂട്ടച്ചിരി… ചിരിക്കാതിരിക്കാന്‍ എനിക്കും കഴിഞ്ഞില്ല. എന്‍റെയും കൂടി ചിരി കണ്ടപ്പോള്‍ അസിക്ക്  മനസ്സിലായി. മോഹന്‍ലാലിനു “ചിക്കന്‍പോക്സ്” അവാര്‍ഡ് കിട്ടിയിട്ടില്ല എന്ന് അവന്‍ പറഞ്ഞത് അബദ്ധമായി   എന്നും. ഉടന്‍ തന്നെ അവന്‍ അത് തിരുത്തിപറഞ്ഞു.

“നിങ്ങള്‍ അങ്ങനെ  ചിരിക്കുകയൊന്നും വേണ്ട ഇനി കിട്ടിയിട്ടില്ലാ എങ്കില്‍ തന്നെ  അടുത്ത വര്‍ഷത്തെ ചിക്കന്‍പോക്സ് അവാര്‍ഡ് ലാലേട്ടനു തന്നെ കിട്ടും നമുക്ക് നോക്കാലോ.”.!!

2010, മേയ് 18, ചൊവ്വാഴ്ച

ഭ്രാന്തി സൈന.!

അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ ഭാര്യകൊണ്ട്കൊടുത്ത കട്ടന്‍ചായ ഒരു കവിള്‍ കുടിച്ച് പത്രം നിവര്‍ത്തികൊണ്ട് ഫിറോസ് കട്ടിലിലേക്ക് തന്നെ ചാഞ്ഞു. പോലീസ് അക്രമം ആദ്യപേജില്‍ വാര്‍ത്തയായപ്പോള്‍. അകത്തുള്ള പേജുകളെല്ലാം പീഡനവാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്നു . ഒരു മൂന്നാം കിട നോവല്‍ വായിക്കുന്ന രീതിയില്‍ മാത്രം വായിക്കേണ്ട രസംകൊല്ലിപത്രം ചുരുട്ടി മേശപ്പുറത്തേക്കിട്ട് ഒന്നുകൂടി മയങ്ങാം എന്നു ചിന്തിച്ച് തലയിണയിലേക്ക് മുഖം അമര്‍ത്തിയപ്പോഴാണ് ഉമ്മ മുറിയിലേക്ക് കയറി ചെന്ന് സൈനയുടെ മരണം അറിയിച്ചത്.! ആരെന്ന ഭാവത്തിലുള്ള ഫിറോസിന്‍റെ നോട്ടത്തിനു നമ്മുടെ ഭ്രാന്തിസൈന എന്ന മറുപടി കൊടുത്തപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മരണ വീട്ടിലേക്ക് പോവാന്‍ തയ്യാറായി നില്‍ക്കുന്ന ഉമ്മയോട് ഞാനും കൂടെ വരാം എന്നു പറഞ്ഞ് ഉടുതുണികൊണ്ട് കണ്ണുകള്‍ തുടച്ച് കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഫിറോസ് ബാത്ത് റൂമിലേക്ക് കയറി. ഷവറിലൂടെ ഒഴുകിയെത്തിയ തണുത്ത വെള്ളത്തിനിടയില്‍ നില്‍ക്കുമ്പോള്‍ കണ്ണുകളില്‍ നിന്നുമൊഴുകിയ കണ്ണുനീര്‍ വേര്‍തിരിച്ചറിയാനായില്ല .! വിതുമ്പിപ്പോയ ചുണ്ടുകള്‍ പാട്പെട്ട് കടിച്ചമര്‍ത്തി.!

കുട്ടിക്കാലത്ത് ഫിറോസിനു സൈനയെ പേടിയായിരുന്നു. ഓത്തുപള്ളിയിലേക്ക് പോവുന്ന ഇടവഴിയുടെ ഓരത്തു ഓലമേഞ്ഞ പുരയില്‍ അവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത് . ഇടവഴിയിലൂടെ പോവുന്ന കുട്ടികളെ മാടി വിളിച്ചുകൊണ്ട് അവര്‍ പുരയുടെ മുന്‍പില്‍ തന്നെയുണ്ടാവും .! പേടികാരണം കുട്ടികള്‍ ആരും അവരുടെ അടുത്തു ചെന്നിരുന്നില്ല.! കുട്ടികളെ കയ്യില്‍ കിട്ടിയാല്‍ കൊല്ലുന്ന ഭ്രാന്തിയാണവര്‍ എന്നാണ് കുട്ടികള്‍ക്കിടയിലെ വിശ്വാസം.! ഒരിക്കല്‍ സുബൈറാണ് ഫിറോസിനോടത് പറഞ്ഞത് അവനോട് അവന്‍റെ ഉമ്മ പറഞ്ഞുകൊടുത്തതാണത്രെ, സൈനയുടെ പുരയുടെ മുന്നില്‍ എത്തിയാല്‍ അവരുടെ നടത്തത്തിനു വേഗത കൂടി അത് ഓട്ടമായി മാറും.!

ചുരുണ്ട മുടിയില്‍ വെള്ളിരോമങ്ങള്‍ നിറഞ്ഞ് യുവത്വത്തില്‍ തന്നെ വാര്‍ദ്ധക്യത്തിനു പിടികൊടുത്തു തനിച്ചു താമസിക്കുന്ന അവരുടെ പുരയിലേക്ക് കുട്ടികള്‍ എന്നല്ല അധികം ആരും പോവാറില്ല. ആരോടും സംസാരിക്കാതെ ഒതുങ്ങികൂടിയ പ്രകൃതം.! പക്ഷെ ഏതു നേരവും അവര്‍ സ്വയം എന്തോ പിറുപിറുത്ത്കൊണ്ടിരിക്കുന്നത് കാണാം .ചില സമയങ്ങളില്‍ അവര്‍ ഫിറോസിന്‍റെ വീടിന്‍റെ അടുക്കളപ്പുറത്തു വന്നു നില്‍ക്കും ഉമ്മ കൊടുക്കുന്ന ഭക്ഷണം അടുക്കളപ്പുറത്തിരുന്നു തന്നെ കഴിച്ച് ഒന്നും മിണ്ടാതെ നടന്നകലുന്നത് ഫിറോസ് മുറിക്കകത്തിരുന്നു ഒളിഞ്ഞു നോക്കും.! ഒരു ദിവസം ഫിറോസ് ഉമ്മയോട് ചോദിച്ചു

എന്തിനാ ഉമ്മാ അവര്‍ക്ക് കഞ്ഞികൊടുക്കുന്നത് അവര്‍ കുട്ടികളെ കണ്ടാല്‍ കൊല്ലില്ലെ .

ഉമ്മ ചിരിച്ചു കൊണ്ട് ഫിറോസിനെ ചേര്‍ത്ത് പിടിച്ചു. വാത്സല്യത്തോടെ അവന്‍റെ തലയില്‍ തലോടി.!

ആരാ മ്മാന്‍റെ കുട്ടിനോട് നൊണ പറഞ്ഞത്?

സുബൈര്‍ പറഞ്ഞല്ലോ,, അവര്‍ക്ക് ഭ്രാന്താണ് അവര് കുട്ട്യേളെ കയ്യില്‍ കിട്ടിയാല്‍ കൊല്ലൂന്ന്..

നിഷ്കളങ്കമായ ഫിറോസിന്‍റെ ഉത്തരത്തിനു മുന്‍പില്‍ ഉമ്മ ഒന്ന് പുഞ്ചിരിച്ചു. അവനെ അരികിലേക്ക് കൂടുതല്‍ ചേര്‍ത്തു പിടിച്ചു. സൈനയെ കുറിച്ചു പറയാന്‍ തുടങ്ങി.!

മമ്മദിക്കയുടെയും റുഖിയാത്തയുടെയും ഒരേ ഒരു മോള്‍ സൈനബയെ വാത്സല്യത്തോടെ അവര്‍ വിളിച്ചിരുന്ന പേരാണ് സൈന.! കുട്ടിക്കാലത്ത് തന്നെ വാപ്പ നഷ്ടപ്പെട്ട സൈനയെ സുലൈമാന്‍ ഹാജിയുടെ വീട്ടിലെ അടുക്കളപ്പണിയെടുത്താണ് റുഖിയാത്ത വളര്‍ത്തിയത്. കൌമാരം പിന്നിട്ട് യവ്വനത്തിലേക്ക് കയറിയ സൈന റുഖിയാത്താന്‍റെ മനസ്സില്‍ വലിയ നൊമ്പരമായി തന്‍റെ കാല ശേഷം മകളുടെ ഭാവിയോര്‍ത്ത് അവര്‍ വേവലാതിപെട്ടു.! സുന്ദരിയായ സൈന നാട്ടിലെ ചെറുപ്പക്കാരുടെ എല്ലാം മോഹമായെങ്കിലും അവളെ അച്ചടക്കത്തോടെയാണ് റുഖിയാത്ത വളര്‍ത്തിയത്. സുലൈമാന്‍ഹാജിയുടെ മരമില്ലില്‍ ജോലി ചെയ്തിരുന്ന ചാവക്കാട്ടുകാരന്‍ ഹസ്സന്‍ സൈനബയെ കണ്ടപ്പോള്‍ സുലൈമാന്‍ഹാജി വഴി സൈനയെ വിവാഹം ആലോചിച്ചു. ഹസ്സനെ നന്നായി അറിയുന്ന സുലൈമാന്‍ ഹാജി റുഖിയാത്തയോട് സൈനയെ ഹസ്സനു കല്ല്യാണം കഴിച്ചു കൊടുക്കാന്‍ പറഞ്ഞു.! റുഖിയാത്തയ്ക്ക് അതു വലിയ ഒരു ആശ്വാസമായി.!

ഹസ്സനുമായുള്ള സൈനയുടെ വിവാഹം കഴിഞ്ഞു. ദുരിത ജീവിതത്തില്‍ ഒരു താങ്ങായി ഹസ്സന്‍ കൂടിയപ്പോള്‍ അവര്‍ ഏറെ സന്തോഷിച്ചു. ആണ്‍ മക്കള്‍ ഇല്ലാതിരുന്ന റുഖിയാത്തയ്ക്ക് ഹസ്സന്‍ സ്വന്തം മകനെ പോലെയായിരുന്നു. !

സന്തോഷകരമായ അവരുടെ ജീവിതത്തിനിടയിലേക്ക് ഒരു ദിവസം ഹൃദയം പിളര്‍ക്കുന്ന ഒരു വാര്‍ത്തയുമായാണ് സുലൈമാന്‍ഹാജിയുടെ മകന്‍ ജബ്ബാര്‍ ഓടിവന്നത് .!

റുഖിയാത്താ,,

ജബ്ബാറിന്‍റെ വിളികേട്ട റുഖിയാത്ത പുറത്തേക്ക് വന്നു.! ഇറയത്ത് നിന്നു കൊണ്ട് ജബ്ബാറിനെ നോക്കി.

റുഖിയാത്താ,,, ഹസ്സന്‍….ഹസ്സന്‍..

വാക്കുകള്‍ കിട്ടാതെ ജബ്ബാര്‍ പരുങ്ങികൊണ്ടിരുന്നു.!

എന്താന്‍റെ കുട്ടിക്ക് പറ്റ്യയ്..

റുഖിയാത്തയുടെ ശബ്ദം ഒരു അലറലായിരുന്നു. ഉമ്മയുടെ കരച്ചില്‍കേട്ട് പുറത്തേക്ക് വന്ന സൈന ഒന്നും പറയാന്‍ കഴിയാതെ നില്‍ക്കുന്ന ജബ്ബാറിനെ നോക്കി.!

അത് പിന്നെ ഒര്,, ഒര്.. മരം….

ജബ്ബാറിനു വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.! അപ്പോഴേക്കും സൈന ബോധമറ്റ് താഴെ വീണിരുന്നു.! റുഖിയാത്ത നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ച് ഉമ്മറപ്പടിയില്‍ തളര്‍ന്നിരുന്നു.!

ലോറിയില്‍ നിന്നും മരമിറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഉരുണ്ട് വീണ ഒരു മരത്തിന്‍റെ അടിയില്‍ പെട്ട ഹസ്സന്‍ അവരെയല്ലാം വിട്ട് സൃഷ്ടാവില്‍ അഭയം പ്രാപിച്ച് കഴിഞ്ഞിരുന്നു.!

താങ്ങിപിടിച്ച മയ്യിത്തുമായ് ആളുകള്‍ പുരയുടെ മുന്‍പില്‍ എത്തി. ഓര്‍മ തിരിച്ചുകിട്ടിയ സൈന ഹസ്സന്‍റെ മയ്യത്ത് കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.! നെഞ്ചില്‍ അമര്‍ത്തിപിടിച്ചു താഴെ ഇരുന്നിരുന്ന റുഖിയാത്തയുടെ ചലനം നിലച്ചുപോയത് ഏറെ വൈകിയാണ് മറ്റുള്ളവര്‍ അറിഞ്ഞത്.!

ഉമ്മയുടെയും ഭര്‍ത്താവിന്‍റെയും മയ്യിത്ത് ഒരേ സമയം പടിയിറങ്ങിപോവുമ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന സൈനയുടെ മനസ്സിന്‍റെ താളത്തിനു പിഴവുകള്‍ വന്നിരുന്നു. കരയാനറിയാതെ അവള്‍ നിര്‍വികരാവസ്ഥയോടെ നാലുപാടും നോക്കികൊണ്ടിരുന്നു. !

സുലൈമാന്‍ഹാജിയുടെ ഭാര്യ ഉമ്മുഖുല്‍സുവിന്‍റെ സഹായം
saina...2 ഉണ്ടായിരുന്നുവെങ്കിലും സ്വയബുദ്ധി നഷ്ടമായ സൈന കൂരയില്‍ വല്ലാതെ കഷ്ടപ്പെട്ടു. കൂടുതല്‍ താമസിയാതെ അവള്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി.! പ്രസവ ശേഷം സൈനയില്‍ ചെറിയ മാറ്റങ്ങള്‍ എല്ലാം കണ്ടുവെങ്കിലും പൂര്‍ണമായും അവള്‍ സാധാരണ നിലയില്‍ എത്തിയിരുന്നില്ല. എങ്കിലും കുട്ടിയുടെ അടുത്ത് അവള്‍ എല്ലാം തികഞ്ഞ ഒരു ഉമ്മയായിരുന്നു.! വാത്സല്യത്തോടെ അതിനെ താലോലിക്കുന്നത് കാണുമ്പോള്‍ ഉമ്മുകുത്സു അത്ഭുതപ്പെടാറുണ്ട് . കുട്ടിക്ക് ആറ് മാസം പ്രായമായ സമയത്ത് അവനെ അടുത്തു കിടത്തി മുലപ്പാല്‍ കൊടുത്തു കൊണ്ടുറങ്ങിപ്പോയ സൈന ഉറക്കത്തില്‍ കുട്ടിയുടെ മുകളിലേക്ക് മറിഞ്ഞ് കിടന്നത് അവളറിഞ്ഞില്ല .! സമയത്ത് കുഞ്ഞ് ശ്വാസം കിട്ടാതെ അവള്‍ക്കടിയില്‍ കിടന്ന് ഒന്ന് പിടഞ്ഞു. ഉറക്കത്തിന്‍റെ കാഠിന്യത്തിലായിരുന്ന സൈന അതറിഞ്ഞില്ല.! എന്തോ ഓര്‍മയില്‍ നെട്ടിയുണര്‍ന്ന സൈന ചനലനമറ്റ് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത് താന്‍ കാരണം കുഞ്ഞ് മരിച്ചുവെന്നറിഞ്ഞപ്പോള്‍ സൈന ഒന്നലറിക്കരഞ്ഞു പക്ഷെ കരച്ചില്‍ അധികനേരം ഉണ്ടായില്ല അപ്പോഴേക്കും അവള്‍ പൂണ്ണമായും ഒരു ഭ്രാന്തിയെ പോലെയായി.! പിറ്റേ ദിവസം ഉമ്മുഖുല്‍സു വന്നു നോക്കുമ്പോള്‍ ജീവനില്ലാത്ത കുഞ്ഞിനെയും താലോലിച്ചിരിക്കുന്ന സൈനയെയാണ് കണ്ടത്.!

ഭ്രാന്തിയായ അവള്‍ മനപ്പൂര്‍വ്വം കുട്ടിയെ കൊന്നതാണെന്ന ശ്രുതി നാട്ടില്‍ പരക്കുകയും ചെയ്തു.!

ഉമ്മ സൈനയുടെ കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിറ്റേ ദിവസം ഓത്തുപള്ളിയില്‍ പോവുന്ന വഴിയില്‍ അവരുടെ പുരയുടെ മുന്നില്‍ എത്തിയപ്പോള്‍ അവന്‍ അവിടെക്കൊന്നു നോക്കി ഉമ്മറത്തു തന്നെ തലയില്‍ ചൊറിഞ്ഞുകൊണ്ട് എന്തോ പിറുപിറുത്ത് ഇരിക്കുന്നുണ്ടായിരുന്നു സൈന. ഫിറോസിന്‍റെ നോട്ടം കണ്ടപ്പോള്‍ അവര്‍ അവനെ മാടി വിളിച്ചു. അവന്‍ പതുക്കെ പതുക്കെ അവരുടെ അടുത്തേക്ക് ചെന്നു അവര്‍ ഒരു കൈകൊണ്ട് അവനെ പിടിക്കാന്‍ നോക്കി , അവന്‍ ആദ്യം ഒന്നകന്നുമാറി. അവര്‍ പിന്നെയും അവനെ മാടി വിളിച്ചു അവന്‍ അവരുടെ അടുത്തേക്ക് പതുക്കെചേര്‍ന്നു നിന്നു അപ്പോഴെക്കും സുബൈറും മറ്റുകുട്ടികളും ഫിറോസിനെ സൈന പിടിച്ചേന്നും പറഞ്ഞു കരഞ്ഞ്കൊണ്ട് ഓത്തുപള്ളിയിലേക്ക് ഓടിയിരുന്നു.!

സൈന ഒരു കൈകൊണ്ട് ഫിറോസിനെ തലോടികൊണ്ടിരുന്നു ഫിറോസ് അവരുടെ മുഖത്തേക്ക് നോക്കി കുഴിഞ്ഞുപോയ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതാണ് അവന്‍ കണ്ടത്. ഒരു ഉമ്മയുടെ വാത്സല്യത്തോടെ അവര്‍ അവനെ ചേര്‍ത്തു പിടിച്ചു . അവരുടെ സങ്കടം കണ്ടപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞു .! സൈന എന്തോ പിറുപിറുത്തുകൊണ്ട് ഫിറോസിനെ കൂട്ടിപിടിച്ച് നിന്നു.!

ഓത്തുപള്ളിയിലേക്ക് കരഞ്ഞുകൊണ്ട് ഓടിപ്പോയ സുബൈറും മറ്റ് കുട്ടികളും ഫിറോസിനെ സൈന പിടിച്ചെന്നും പറഞ്ഞു കോയമൊല്ലാക്കയെ കൂട്ടി വന്നു മൊല്ലാക്ക അവരെ നോക്കികൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.!

എന്തിനാ സൈന ജ്ജ് കുട്ട്യേളെ പേടിപ്പിക്കുന്നത് ?

സൈന മറുപടി ഒന്നും പറഞ്ഞില്ല.!! മൊല്ലാക്ക അവരുടെ കയ്യില്‍ നിന്നും ഫിറോസിനെ ബലമായി പിടിച്ചുമാറ്റി. ഫിറോസ് അപ്പോള്‍ കരയുകയായിരുന്നു. സൈനയെ പേടിച്ചാണ് ഫിറോസ് കരയുന്നതെന്നു കരുതി മൊല്ലാക്ക അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. സൈനയുടെ സ്നേഹവും സങ്കടവുമാണ് കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചതെന്നവര്‍ അറിഞ്ഞിരുന്നില്ല.!!

അതിനു ശേഷം എന്നും ഫിറോസ് ഇടവഴിയിലൂടെ പോവുമ്പോള്‍ അവരുടെ അടുത്ത് കയറും രാവിലെ ഉമ്മയുണ്ടാക്കുന്ന പലഹാരങ്ങളില്‍ നിന്നും ഒരു പങ്ക് അവര്‍ക്ക് കൊണ്ട് കൊടുക്കും അവര്‍ അത് അവന്‍റെ വായില്‍ തന്നെ വെച്ചു കൊടുക്കും. ഫിറോസ് സ്വന്തം ഉമ്മയില്‍ നിന്നും കിട്ടുന്ന അതെ സ്നേഹം അവരില്‍ നിന്നും കിട്ടുന്നതായി അറിഞ്ഞു.!

കാലങ്ങള്‍ ഫിറോസില്‍ പല മാറ്റങ്ങളും വരുത്തി. ജോലിതിരക്കിനിടയില്‍ അവരെ അപൂര്‍വ്വമായി മാത്രം കാണാന്‍ തുടങ്ങി . ഫിറോസിനെ കാണാന്‍ വേണ്ടിമാത്രമായ് സൈന അവരുടെ വീടിന്‍റെ പിറകില്‍ വന്നു നില്‍ക്കാന്‍ തുടങ്ങി. എന്തോ അവര്‍ക്ക് നഷ്ടപ്പെട്ടുപോയ മകനെ അവര്‍ ഫിറോസില്‍ കണ്ടു. കുറച്ചു ദിവസങ്ങളായി അവരെ കാണാതെയായി ജോലിതിരക്കിനിടയില്‍ ഫിറോസിന് അവരെ അന്വേഷിക്കാന്‍ സമയം കിട്ടിയതുമില്ല.!

ഫിറോസ് ഒഴികെ ബാക്കി എല്ലാവര്‍ക്കും അവര്‍ ഭ്രാന്തിസൈനയായിരുന്നു. ഫിറോസിനു മാത്രം അവരെ ഒരു ഭ്രാന്തിയായി കാണാന്‍ കഴിഞ്ഞില്ല.!!

നോക്കീം ങ്ങള്‍ അവിടെ എന്തെടുക്ക്വാ ഉമ്മ നിങ്ങളെ കാത്താ നില്‍ക്കുന്നത് ,

ബാത്ത് റൂമിന്‍റെ വാതിലില്‍ മുട്ടികൊണ്ട് ഭാര്യയുടെ വിളി ഫിറോസിനെ ചിന്തയില്‍ നിന്നുണര്‍ത്തി.

ഉമ്മയുടെ കൂടെ മരണ വീട്ടിലേക്ക് എത്തിയപ്പോള്‍ അവിടെ ആളുകള്‍ കൂടാന്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ അനാഥയായ ഒരു മയ്യത്തിന്‍റെ എല്ലാ കര്‍മ്മങ്ങളും ഒരു മകന്‍റെ സ്ഥാനത്ത് നിന്നു കൊണ്ട് ചെയ്തു തീര്‍ക്കുമ്പോള്‍ അവര്‍ ‍കാരണം മരണപ്പെട്ട അവരുടെ മകനായി മാറുകയായിരുന്നു ഫിറോസ്.!