2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ബാധ ഒഴിയാത്ത സുബൈദ..!!

ടിഞ്ഞാറെ പറമ്പിലെ സുബൈദാന്‍റെ പൂവന്‍കോഴി സുബ്ഹി ബാങ്ക് കൊടുക്കന്നതിനു മുന്‍പെ കൂവി. ! കുഞ്ഞാലന്‍കാക്ക അലുമിനിയ കലവും എടുത്ത് പശുവിന്‍റെ അടുത്ത് ചെന്നു അകിടില്‍ വെള്ളം തെളിച്ച് പാല്‍ കറക്കാന്‍ തുടങ്ങി..! സുബൈദ എഴുന്നേറ്റ് കലക്കി വെച്ച അരിമാവെടുത്ത് ചട്ടിയില്‍ ഒഴിച്ചു . മറ്റൊരു അടുപ്പില്‍ കടലക്കറിക്കുള്ള പാത്രം കയറ്റി വെച്ചു.!!

കുഞ്ഞാലന്‍കാക്കയ്ക്ക് വീടിന്‍റെ മുന്‍പില്‍ തന്നെ ഒരു ചായക്കടയുണ്ട്. ജന്‍മനാല്‍ വലതു കാല്‍ ഇടതുകാലിനേക്കാള്‍ അല്‍പ്പം നീളം കുറവായതുകൊണ്ട് നൊണ്ടികുഞ്ഞാലന്‍ എന്ന ഇരട്ട പേരിലാണ് നാട്ടില്‍ അറിയപ്പെടുന്നത്.!! കുഞ്ഞാലന്‍ കാക്കയേക്കാള്‍ വളരെ ചെറുപ്പമാണ് സുബൈദ. കുഞ്ഞാലന്‍കാക്കയുടെ ആദ്യഭാര്യ പാത്തുട്ടിതാത്ത പശുവിന്‍റെ ചവിട്ടുകൊണ്ട് അരക്കു താഴെ തളര്‍ന്ന് കിടന്നപ്പോള്‍ അവരെ ശുശ്രൂഷിക്കാന്‍ വന്ന അകന്ന ബന്ധത്തില്‍ പെട്ട സുബൈദ ഇടയില്‍ എന്നോ കുഞ്ഞാലന്‍കാക്കയുടെ ഭാര്യയായത് നാട്ടുകാര്‍ അറിഞ്ഞത് രായീന്‍ മൊല്ലാക്ക നിക്കാഹ് ചൊല്ലികൊടുത്തപ്പോഴാണ്.!! സുബൈദായെ കെട്ടി മധുവിധു ആഘോഷിക്കുന്ന നാളില്‍ പാവം പാത്തുട്ടിതാത്ത ഇഹലോകവാസം വെടിഞ്ഞത് കുഞ്ഞാലന്‍കാക്ക അറിഞ്ഞത് ബസ്സ്ക്ലീനര്‍ ഗോപി പാലക്കാട് ഹോട്ടലില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞത്കൊണ്ടാണ്.!! അന്ന് സുബൈദയെയും കൂട്ടി കുഞ്ഞാലന്‍കാക്ക മലമ്പുഴ ഡാം കാണാന്‍ പോയതായിരുന്നു.!! പാത്തുട്ടിതാത്തയില്‍ കുഞ്ഞാലന്‍ കാക്കയ്ക്ക് ഒരു മകനുണ്ടായിരുന്നു മന്‍സൂര്‍.!! എളാമ സുബൈദയുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ ചായക്കടയില്‍ നിന്നും അഞ്ഞൂറിന്‍റെ ഒരു നോട്ടും അടിച്ച് മാറ്റി അവന്‍ നാട് വിട്ടതാണ്.!! ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ആര്‍ക്കും അറിയില്ല ആരും അന്വേഷിച്ചിട്ടും ഇല്ല..!! സുബൈദാക്ക് കുട്ടികളുണ്ടായിട്ടില്ല .!! കുഞ്ഞാലന്‍കക്കായുടെ കുഴപ്പം കൊണ്ടാണ് കുട്ടികളുണ്ടാവത്തത് എന്ന് സുബൈദ ചിലരോടെല്ലാം സ്വകാര്യമായി പറയാറുണ്ടെങ്കിലും അലക്കുകാരി ജാനു നാട്ടില്‍ പറഞ്ഞു നടക്കുന്നത് സുബൈദ മച്ചിയാ അവളു പെറൂലാ എന്നാണ്...!! അതിന് തെളിവായി പറയുന്നത് കുഞ്ഞലന്‍കാക്കയ്ക്ക് ഒരു മകന്‍ മുന്‍പ് ഉണ്ടായിട്ടുണ്ടല്ലോ എന്നാണ്.!!

11111 സുബൈദയുടെ മൊഞ്ചും കൊഞ്ചലും കാരണം കടയില്‍ സാമന്യം നല്ല കച്ചവടം നടക്കാറുണ്ട്.! അമ്പതിനും എഴുപതിനും ഇടയില്‍ പ്രായമുള്ള പത്ത് പന്ത്രണ്ട് സ്ഥിരം കസ്റ്റമര്‍, പിന്നെ ഓട്ടോറിക്ഷാ സ്റ്റാന്‍റിലെ ചെറുപ്പക്കാരായ ഡ്രൈവര്‍മാര്‍. ഇവരെല്ലാം ചോറ് തിന്നുന്ന കൈകൊണ്ട് കോഴിയെ ആട്ടിയ പോലെ ചായക്കടയുടെ ചുറ്റുവട്ടത്തു തന്നെ ചുറ്റിപറ്റിയുണ്ടാവും.!! കുഞ്ഞാലന്‍കാക്ക കച്ചവടം മുടങ്ങരുതല്ലോ എന്നു കരുതി ആരെയും പിണക്കാനും പോവാറില്ല. !!

പതിവു പോലെ ഒരു ദിവസം സുബൈദയുടെ കോഴി അതിന്‍റെ സമയം ആയപ്പോള്‍ കൂവിയെങ്കിലും സുബൈദ കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റില്ല. കുഞ്ഞാലന്‍കാക്ക പശുവിനെ കറന്ന് പാലുമായി കടയില്‍ കയറിയിട്ടും സുബൈദയെ കാണാത്തത് കൊണ്ട് വീടിനകത്തേക്ക് കയറി. പായയില്‍ മൂടി പുതച്ച് കിടയ്ക്കുന്ന സുബൈദയുടെ അടുത്ത് ചെന്നു വിളിച്ചു. സുബൈദ മുരണ്ട്കൊണ്ട് വിളികേട്ടു കുഞ്ഞാലന്‍കാക്ക പുതപ്പ് മാറ്റി സുബൈദയുടെ നെറ്റിയില്‍ കൈവെച്ചു നോക്കി. അടുപ്പത്തിരിക്കുന്ന പൊറോട്ടക്കല്ലില്‍ തെട്ടത് പോലെ കുഞ്ഞാലന്‍കാക്ക പെട്ടന്ന് കൈ പിറകിലേക്ക് വലിച്ചു. പൊള്ളുന്ന പനി.!! കുഞ്ഞാലന്‍കാക്ക ഒരു ചുക്കുകാപ്പിയുണ്ടാക്കി സുബൈദാക്ക് കൊടുത്തു. വിക്സെടുത്ത് നെറ്റിയിലും കഴുത്തിലും പുരട്ടി കൊടുത്തു. നാണു വൈദ്യരുടെ അവിടന്നു പച്ചമരുന്നു വാങ്ങി കൊണ്ട് വന്നു ആട്ടിന്‍ പാലില്‍ ചാലിച്ചു കൊടുത്തു. എന്നിട്ടും പനിക്ക് കുറവുണ്ടായില്ല . പനി മൂത്ത് സുബൈദ പിച്ചും പേയും പറയാന്‍ തുടങ്ങി അത് പിന്നെ പിന്നെ ബാധ കയറിയപോലെ കൂവലും തേങ്ങലുമായി മാറി. കുഞ്ഞാലന്‍കാക്ക പല വിധ ചികിത്സകളും നോക്കി.!! ഒരു കുറവും ഇല്ല.!!

ചാമ്പക്ക പോലെ നിറവും തുടിപ്പുണ്ടായിരുന്ന സുബൈദ ഉപ്പിലിട്ട കണ്ണിമാങ്ങ പോലയായി.!! ചായകടയിലെ കച്ചവടം കുറയാന്‍ തുടങ്ങി .!! ചില സമയങ്ങളില്‍ ചായകട തുറക്കതെയായി. അലോപൊതി മരുന്നുകൊണ്ടും ആയൂര്‍വേദ മരുന്നു കൊണ്ടും ഫലമില്ലാ എന്നു കണ്ടപ്പോള്‍ കുഞ്ഞാലന്‍കാക്ക സുബൈദാനെയും കൊണ്ട് വീരാന്‍പാപ്പാനെ കാണാന്‍ പോയി.!!

വീരാന്‍പാപ്പ നാട്ടിലെ അറിയപ്പെടുന്ന സിദ്ധനാണ്..!! മന്ത്രത്തെക്കാള്‍ ഏറെ തന്ത്രം കൊണ്ടാണ് വീരാന്‍പാപ്പ ആളുകള്‍ക്കിടയില്‍ നിന്നും സ്വന്തം തടി സലാമത്താക്കുന്നത്.!! എട്ട് പത്ത് കൊല്ലം ഗള്‍ഫില്‍ നിന്നിട്ടും ക്ലച്ച് പിടിക്കാതായപ്പോള്‍ മന്ത്രവാദ ചികിത്സയും ബാധ ഒഴിപ്പിക്കലുമാണ് കാശുണ്ടാക്കാനുള്ള എളുപ്പ വഴി എന്നു തിരിച്ചറിഞ്ഞ് നാട്ടില്‍ തന്നെ കൂടിയതാണ്.!! ഗള്‍ഫില്‍ പത്തു കൊല്ലം നിന്നിട്ടും ഉണ്ടാക്കാന്‍ പറ്റാത്തത് വീരാന്‍പാപ്പ നാട്ടില്‍ നിന്നും ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കുകയും ചെയ്തു. കാറും വീടും തോട്ടവും എല്ലാം.!!

മുന്നില്‍ ഇരിക്കുന്ന സുബൈദയെ അടിമുടി നോക്കിയ വീരാന്‍പാപ്പ കണ്ണുചിമ്മി കുറെ നേരം ഇരുന്നു പിന്നെ പതുക്കെ കണ്ണുകള്‍ തുറന്നു എല്ലാം മനസ്സിലായ പോലെ തലയാട്ടി കൊണ്ടിരുന്നു.ശിഷ്യന്‍ അബ്ബാസിനെ അടുത്തേക്ക് വിളിച്ചു ചെവിയില്‍ എന്തോ സ്വകാര്യമായി പറഞ്ഞു.പിന്നെ കുഞ്ഞാലന്‍കാക്കയെ നോക്കി. സംഗതി കൂടോത്രം കൊണ്ട് വന്നതാണെന്നും ചെയ്ത ആളെ അറിയണമെങ്കില്‍ പതിനായിരം രൂപയില്‍ അധികം ചിലവ് വരുമെന്നും ചെയ്ത ആളെ തിരിച്ചറിഞ്ഞാലെ അതിനു മറു ചികിത്സ നടത്താന്‍ പറ്റൂ. . എന്നും പറഞ്ഞു. !! പതിനായിരം എന്നു കേട്ടപ്പോള്‍ കുഞ്ഞാലന്‍ കാക്കയുടെ കണ്ണുകള്‍ ചില്ലലമാരയില്‍ സുബൈദ ഉണ്ടാക്കി വെക്കുന്ന അരിയുണ്ട പോലെ പുറത്തേക്ക് തള്ളി വന്നു.!! സുബൈദയെക്കാളും വലുതല്ല പതിനായിരം എന്ന തിരിച്ചറിവുള്ള കുഞ്ഞാലന്‍കാക്ക സമ്മതം മൂളി. സുബൈദയുടെ കാതില്‍ കിടന്നിരുന്ന സ്വര്‍ണ്ണ ചിറ്റിലേക്ക് നോക്കി.!! ചിറ്റ് വിറ്റ കാശുകൊടുത്തപ്പോള്‍ ആ നെട്ടിക്കുന്ന സത്യം വീരാന്‍പാപ്പ അവരോട് പറഞ്ഞു. അടുത്ത വീട്ടില്‍ താമസിക്കുന്ന കുഞ്ഞാലന്‍കാക്കയുടെ അകന്ന ബന്ധത്തില്‍ പെട്ട മരക്കാരുകുട്ടിയാണ് അതിനു പിന്നില്‍ എന്നും അതിനു കാരണം മരക്കാരുകുട്ടിക്ക് സുബൈദയോടുള്ള മോഹമാണെന്നും .!!

താന്‍ ഈ പറഞ്ഞ സത്യം ആരോടെങ്കിലും പറഞ്ഞാല്‍ ചികിത്സക്ക് ഫലമുണ്ടാവില്ലാ എന്നു കൂടി പറയാന്‍ വീരാന്‍പാപ്പ മറന്നില്ല.!!

ദേഷ്യം മനസ്സില്‍ നില്‍ക്കാത്ത കുഞ്ഞാലന്‍കാക്ക മരക്കാരുകുട്ടിയുടെ പുരയുടെ വേലിക്കരികില്‍ ചെന്നു മരക്കാരുകുട്ടിയേയും വാപ്പ കാരണവന്മാരെയും ചീത്ത വിളിക്കാന്‍ തുടങ്ങി കാര്യമറിയാതെ പകച്ചു പോയ മരക്കാരുകുട്ടി എന്തിനാ കുഞ്ഞാലന്‍കാക്കാ ചീത്ത പറയുന്നത് എന്നും ചോദിച്ച് അടുത്ത് ചെന്നു. അടുത്തെത്തിയ മരക്കാരുകുട്ടിയെ കുഞ്ഞാലന്‍കാക്ക തന്‍റെ നൊണ്ടിക്കാലു കൊണ്ട് ഒരു ചവിട്ട് കോടുത്തു.!! സുഖമില്ലാതെ കിടന്നിരുന്ന സുബൈദക്ക് കൂടുതല്‍ സംസാരിക്കാന്‍ കഴിയാത്തത് കൊണ്ട് അവളെ കൊണ്ട് കഴിയുന്ന വിധത്തില്‍ അരക്കു താഴെയുള്ള തെറിവാക്കുകള്‍ മാത്രം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. നാട്ടുകാരും അയല്‍വാസികളും ചുറ്റും കൂടി. കാര്യം ചോദിച്ചിട്ട് അവര്‍ ആദ്യം ഒന്നും പറഞ്ഞില്ല.!!

പഞ്ചായത്ത് മെമ്പറും സഖാവുമായ പരീദ് വിഷയത്തില്‍ ഇടപെട്ടു. രണ്ട് കൂട്ടരേയും ചര്‍ച്ചക്ക് വിളിച്ചു ചര്‍ച്ച കുഞ്ഞാലന്‍ കാക്കയും സുബൈദയും ബഹിഷ്ക്കരിച്ചു. നാട്ടുകാര്‍ക്ക് കാര്യമറിയണമെന്ന വാശിയായി നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ വീരാന്‍പാപ്പ പറഞ്ഞകാര്യം നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞാലന്‍കാക്കയ്ക്ക് പറയേണ്ടി വന്നു.!! മരക്കാര്‍കുട്ടിക്ക് തന്‍റെ നിരപരധിത്വം തെളിയിക്കണമെന്ന വാശിയായി. മെമ്പറെയും കൂട്ടി വീരാന്‍പാപ്പയുടെ അടുത്ത് ചെന്നു. മെമ്പറെയും മരക്കാരുകുട്ടിയെയും കണ്ട വീരാന്‍പാപ്പ അവരോട് പറഞ്ഞത് കുഞ്ഞാലന്‍കാക്കയോട് താന്‍ അങ്ങനെ പറഞ്ഞിട്ടെയില്ലന്നും നിങ്ങള്‍ കുഞ്ഞാലന്‍കക്കാനേയും കൂട്ടിവാ അപ്പോള്‍ അറിയാലോ സത്യം എന്നുമാണ് കുഞ്ഞാലന്‍കക്ക അവരുടെ കൂടെ വരില്ലാ എന്നും വീരാന്‍പാപ്പക്ക് നല്ല ഉറപ്പായിരുന്നു. അതാണ് അവരോട് അങ്ങനെ പറഞ്ഞത്. !!

പിറ്റെ ദിവസം മുറ്റത്തു കൂടിയ ആള്‍കൂട്ടം വീരാന്‍പാപ്പയുടെ സര്‍വ്വ പ്രതീക്ഷയും തകര്‍ത്തു. മെമ്പറും മരക്കാരുകുട്ടിയും നാട്ടുകാരും അവര്‍ക്കിടയില്‍ കുഞ്ഞാലന്‍കാക്കയും.!! കുറച്ചു പേര്‍ കുഞ്ഞാലന്‍ കാക്കയുടെ ഭാഗവും മറ്റു ചിലര്‍ മരക്കാര്‍കുട്ടിയുടെ ഭാഗവും ചേര്‍ന്ന് തര്‍ക്കിക്കുന്നു. !!

തടിയൂരാന്‍ ഒരു മാര്‍ഗവും കാണുന്നില്ല.!! ഇന്ന് നാട്ടുകാരുടെ കൈകൊണ്ട് മയ്യാUntitled-1 copyത്തായത് തന്നെ. വീരാന്‍ന്‍പാപ്പ ഗോഡ്ഫാദറില്‍ അഞ്ഞൂറാനെ കണ്ട സ്വാമിനാഥന്‍ കൊച്ചമ്മിണീ മക്കളേ എന്നു വിളിച്ച് നോക്കും പോലെ പുരക്കകത്തുള്ള ഭാര്യയേയും മക്കളേയും ഒന്നു നോക്കി..! ഓടാന്‍ തയ്യാറായി നില്‍ക്കുന്ന തന്‍റെ അരുമ ശിഷ്യന്‍ അബ്ബാസിനെയും.!!

മെമ്പര്‍ക്ക് ആദ്യമേ വീരാന്‍പാപ്പയോട് ദേഷ്യമാണ് പാപ്പാന്‍റെ കള്ളത്തരം പൊളിക്കാന്‍ ഒരു അവസരം നോക്കി നടന്നിരുന്ന മെമ്പര്‍ക്ക് വീണ്കിട്ടിയ സുവര്‍ണ്ണാവസരമാണ് മുന്നില്‍.!! മെമ്പറുടെയും നാട്ടുകാരുടെയും നിര്‍ബന്ധം കൂടിയപ്പോള്‍‍ കുഞ്ഞലന്‍കാക്കക്ക് അവരുടെ കൂടെ വരാതിരിക്കാന്‍ പറ്റിയില്ല.!! .

നാട്ടുകാരോട് നിശബ്ദരായി നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് മെമ്പര്‍ പരീദ് അകത്തേക്ക് കയറി. വീരാന്‍പാപ്പയെ പുറത്തേക്ക് വിളിച്ചു നാട്ടുകാരുടെ മുന്‍പില്‍ വെച്ചു വീരാന്‍പാപ്പായോട് സത്യം പറയാന്‍ പറഞ്ഞു.!! വീരാന്‍പാപ്പ നാലുപാടും ഒന്നു നോക്കി.!! എല്ലാവരും ആകാംഷയോടെ വീരാന്‍പാപ്പയുടെ വാക്കുകള്‍ക്കായി കാത് കൂര്‍പ്പിച്ചു. !! വീരാന്‍പാപ്പ തന്‍റെ സ്ഥിരം ശൈലിയില്‍ കുറച്ചു നേരം കണ്ണടച്ചു നിന്നും . പിന്നെ പതുക്കെ കണ്ണുകള്‍ തുറന്നു.!!

“നിങ്ങള്‍ രണ്ട് കൂട്ടരും ഒരേ സമയം എന്‍റെ അടുത്ത് വന്നിട്ട് അതില്‍ ഒരു കൂട്ടരെ മാത്രം ഞാന്‍ വഷളാക്കേണ്ടി വരും .അത് ഞാന്‍ ചെയ്യുന്നില്ല. അത് എന്‍റെ അന്തസിന് ചേര്‍ന്ന പണിയല്ല. എന്‍റെ ഈ വാക്കുകളില്‍ നിന്നും ബുദ്ധിയുള്ളവര്‍ക്ക് ആരാണ് യഥാര്‍ത്ഥ തെറ്റുകാരന്‍ എന്ന് മനസ്സിലായിട്ടുണ്ടാവും”

ഇത്രയും പറഞ്ഞ് വീരാന്‍പാപ്പ ആള്‍കൂട്ടത്തിലേക്ക് നോക്കി.!! എല്ലാവരു പരസ്പരം തമ്മില്‍ തമ്മില്‍ നോക്കികൊണ്ടിരിക്കുന്നു. ബുദ്ധിയില്ലാത്തവര്‍ ഒരാളു പോലും കൂട്ടത്തില്‍ ഇല്ലാത്തത് കൊണ്ട് ആരും ഒന്നും മിണ്ടിയില്ല. !! വീരാന്‍ പാപ്പ പതുക്കെ അകത്തേക്ക് കയറി. വീരാന്‍പാപ്പയുടെ വാക്കുകള്‍ കേട്ട മരക്കാര്‍കുട്ടി തന്‍റെ പക്ഷമാണ് പാപ്പ പറഞ്ഞതെന്നു പറഞ്ഞ് ഒച്ചവെച്ചു അതേ സമയം തന്നെ കുഞ്ഞാലന്‍കാക്ക തന്‍റെ ഭാഗമാണ് പാപ്പ പറഞ്ഞത് എന്ന് പറഞ്ഞ് വാദിച്ചു. നാട്ടുകാര്‍ ഒന്നും മനസ്സിലാവാതെ കുന്തം വിഴുങ്ങിയ പോലെ നിന്നു. മെമ്പര്‍ പരീദ് ഇവിടെയും വീരാന്‍പാപ്പാനെ പൂട്ടാന്‍ പറ്റാത്ത വിഷമത്തില്‍ പതുക്കെ സ്ഥലം കാലിയാക്കി. അകത്തേക്ക് കയറിയ വീരാന്‍പാപ്പ മേശപ്പുറത്ത് വെച്ചിരുന്ന ഒരു മൊന്ത വെള്ളം ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തു. !! അപ്പോഴും വീടിന്‍റെ മറുപുറത്ത് പുതുതായി ചികിത്സക്ക് വന്ന രോഗികളും അവരുടെ ബന്ധുക്കളും ക്രമ നമ്പര്‍ അനുസരിച്ച് വീരാന്‍പാപ്പായുടെ മാന്ത്രിക ചികിത്സക്കായി ഊഴവും കാത്തിരിക്കുവായിരുന്നു.!!

2010, ഏപ്രിൽ 7, ബുധനാഴ്‌ച

കാലനെ കാത്തിരുന്നവള്‍.!!

നിശയുടെ അന്ത്യം   വരെയും കാത്തിരുന്നവള്‍ക്ക്..

നിരാശ മാത്രം നല്‍കിയതെന്തു നീ  ..

ഇനിയും ഒരു  ദിനം കൂടി നീ നല്‍കിയാല്‍

ഇന്നത്തെ അന്നം  തേടണം മറ്റൊരാളില്‍..!!

അനാഥമായി തീര്‍ന്നൊരീ ഭൂമിയില്‍ ,

അലയുന്നു ഇന്നു ഏകയായി

നല്ല നാളില്‍ ‍ തേടിയെത്തിയവര്‍ എത്രയോ

അന്നും അവള്‍ തന്‍ കണ്‍കള്‍ തേടിയത് നിന്നെ മാത്രം

കൊണ്ട് നടന്നവര്‍ നേടിയത് ഏറെ

അരച്ചാണ്‍ വയര്‍ നിറഞ്ഞതോ മിച്ചം

അച്ഛനാരെന്നറിയാത്ത പെണ്‍കുഞ്ഞിനെ..

പെറ്റിട്ട   ക്രൂരയാം അമ്മയായ്..

തന്‍ തനിപകര്‍പ്പിനെ ഈ തെരുവിനു നല്‍കി  ..

കാത്തിരിപ്പൂ നിന്‍ സമാഗതത്തിനായ്..

ഇനിയെങ്കിലും വരില്ലെ നീ അവളെ പുണരുവാന്‍..

ചുളി വീണ വദനം ഇഷ്ടമില്ലെ നിനക്കും.!!