2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

പാറേലി അമ്മിണി . ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..!

പതിറ്റാണ്ട്കള്‍ക്ക് മുന്‍പ് ഒരു പെരുന്നാള്‍ രാവില്‍ നടന്ന ക്രൂരമായ ഒരു കൊലപാതകത്തിന്‍റെ രഹസ്യം തേടിയുള്ള എന്‍റെ അന്വേഷണം ഇവിടെ ആരംഭിക്കുകയാണ്. ഒരു ഡിറ്റക്റ്റീവ് കഥയുടെ വിഷയം എന്നതിനേക്കാള്‍ കഴുത്തറുത്ത് കഷ്ണം കഷ്ണമാക്കി മൂടപ്പെട്ട അമ്മിണി എന്ന ഒരു പാവത്തിനെ കുറിച്ച് കൂടുതല്‍ അറിയുക. എന്ന ലക്ഷ്യത്തോടെ മാത്രം.

അന്വേഷണം എവിടെ തുടങ്ങണം ? ആര്.... ? ആര്‍ക്ക് വേണ്ടി..? ചോദ്യങ്ങള്‍ ഒരുപാടാണ്.. !!

സൂര്യോദയത്തിനു മുന്‍പ് ശരീരാമസകലം വെളിച്ചെണ്ണയും തേച്ച് ചന്ദ്രികാ സോപ്പുമായി പെരുന്നാള്‍ കുളി കുളിക്കാന്‍ വേണ്ടി പാറേലിപ്പുഴയിലേക്ക് പോയ കുഞ്ഞിമായീന്‍ എന്ന മായീങ്കുട്ടി പുഴക്കരയിലെ കോമുഹാജിയുടെ തെങ്ങിന്‍ തോപ്പില്‍ നിന്നും അടക്കിപിടിച്ചുള്ള സംസാരവും ഒച്ചപ്പാടും കേട്ടാണ് അങ്ങോട്ട് നോക്കിയത്. അരണ്ട വെളിച്ചത്തില്‍ ചോരയൊലിക്കുന്ന കൈകളുമായി രണ്ട് മൂന്ന് പേര്‍ ചാക്കില്‍ കെട്ടിയ എന്തോ കുഴികുത്തി മൂടുന്നു. മകരമാസത്തിലെ തണുത്തുറഞ്ഞ വെളുപ്പാന്‍ കാലമായിട്ടും മായീങ്കുട്ടിയുടെ ശരീരം വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി. ചെറുനാക്ക് ഉള്‍വലിഞ്ഞു. തെണ്ടയിലെ വെള്ളം വറ്റി. തന്നെ ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി മായീങ്കുട്ടി വീട്ടിലേക്ക് മടങ്ങി. മായീങ്കുട്ടിയെ കൂടാതെ മറ്റൊരാള്‍ കൂടി ഈ കാഴ്ചയെല്ലാം കാണുന്നുണ്ടായിരുന്നു പുഴക്കരയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ വെളിക്കിരിക്കാന്‍ ഇറങ്ങിയ അണ്ണാച്ചിരാജു എന്ന തമിഴന്‍ രാജു.

പാറേലി ഗ്രാമത്തില്‍ പുറമ്പോക്ക് ദാക്ഷായണി പോറ്റിവളര്‍ത്തിയ അമ്മിണി ആ പെരുന്നാള്‍ രാത്രിയില്‍ ക്രൂരമായ് കൊല്ലപ്പെട്ടു. മൂടികെട്ടിയ ആകാശവും വീശിയടിക്കുന്ന കാറ്റും പ്രകൃതിയോടൊപ്പം പാറേലി ഗ്രാമവാസികളും സങ്കടത്തോടെയാണ് അന്നത്തെ പെരുന്നാളാഘോഷിച്ചത്.

അടിയന്തരാവസ്ഥാകാലത്ത് ഒളിവില്‍ പോയ ദാക്ഷായണിയുടെ ഭര്‍ത്താവ് നക്സലേറ്റ് നീലാണ്ടന്‍ പാറേലിപ്പുഴ നീന്തിക്കടന്ന് ഭാര്യയെ കാണന്‍ ഒളിച്ചും പാത്തും വന്നപ്പോള്‍ ആറ് മാസത്തോളം മാത്രം പ്രായമായ അമ്മിണിയും കൂടെയുണ്ടായിരുന്നു. വഴിയിലെ ഒരു മരച്ചുവട്ടില്‍ നിന്നും കിട്ടിയതാണെന്നും ആരെങ്കിലും അന്വേഷിച്ച് വന്നാല്‍ തിരികെ ഏല്‍പ്പിക്കണമെന്നും പറഞ്ഞ് നീലാണ്ടന്‍ ഇരുളിലേക്ക് തന്നെ ഓടിമറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മിണിയെ തേടി ആരും വന്നില്ല. അമ്മിണി ദാക്ഷായണിയുടെ സംരക്ഷണയില്‍ വളര്‍ന്നു വലുതായി.

അന്ന് ഒളിവില്‍ പോയ നീലാണ്ടന്‍ പിന്നീടൊരിക്കലും ആ ഗ്രാമത്തിലേക്ക് തിരിച്ചു വന്നില്ല. നീലാണ്ടന്‍റെ അഭാവവും ദാക്ഷായണിയുടെ ദാരിദ്രവും മുതലാക്കി ‍പലരും രാവും പകലും ദാക്ഷയണിയുടെ പുരയില്‍ കയറി ഇറങ്ങാന്‍ തുടങ്ങി. അതോടെ നാട്ടുകാര് ദാക്ഷായണിയെ പുറമ്പോക്ക് ദാക്ഷായണി എന്നു വിളിക്കാന്‍ തുടങ്ങി. പ്രായത്തില്‍ കവിഞ്ഞ അമ്മിണിയുടെ വളര്‍ച്ച മാംസകൊതിയന്മാരായ പലരേയും വല്ലാതെ ആകര്‍ഷിച്ചു. അമ്മിണിയെ ആവശ്യപ്പെട്ടു വന്നവരെയെല്ലാം ദാക്ഷായണി ആട്ടിയോടിച്ചു. സ്വന്തമായി മാറ്റാരുമില്ലാത്ത ദാക്ഷയണിക്ക് അമ്മിണി സ്വന്തം മോളെ പോലയായിരുന്നു.

പാറേലിഗ്രാമത്തില്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത പ്രമാണിയാണ് കോമുഹാജി. ഹാജിയുടെ വിശ്വസ്തനും ആശ്രിതനുമാണ് കറുത്ത് തടിച്ച മരക്കുറ്റി പോലുള്ള കശാപ്പുകാരന്‍ മമ്മാലി. പുറം നാട്ടില്‍ നിന്നും ഹാജിയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ വരുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ട സൌകര്യം ചെയ്ത്കൊടുക്കാന്‍ ഹാജി മമ്മാലിയെയാണ് ചുമതലപ്പെടുത്തിയത്. ആഘോഷത്തിനുള്ള ഇരയെ തേടിയിറങ്ങിയ മമ്മാലിയുടെ കണ്ണില്‍ പെട്ടത് ദാക്ഷായണിയുടെ വീടിന്‍റെ മുന്‍പില്‍ നില്‍ക്കുന്ന അമ്മിണിയാണ് . തടിച്ചുകൊഴുത്ത അമ്മിണിയെ കണ്ട മമ്മാലി കണ്ണുകള്‍ തിരിച്ചെടുക്കാന്‍ കഴിയാതെ അവളെ തന്നെ നോക്കി നിന്നു. തന്നെ തന്നെ നോക്കി നില്‍ക്കുന്ന മമ്മാലിയെ അമ്മിണി ശ്രദ്ധിച്ചതേയില്ല മമ്മാലിയെ കണ്ട ദാക്ഷായണി വീടിന്‍റെ പുറത്തിറങ്ങി.

മനസ്സിലുള്ള ആഗ്രഹം ദാക്ഷാണിയെ അറിയിച്ചപ്പോള്‍ ദാക്ഷായണി മമ്മാലിയെ തെറിവിളിച്ച് ആട്ടിയോടിച്ചു. മമ്മാലി ഹാജിയാരോട് കാര്യം പറയുകയും അമിണിയെ കാണിച്ചു കൊടുക്കുകയും ചെയ്തപ്പോള്‍ മാംസകൊതിയനായ ഹാജിയുടെ മനസ്സിലും കൊതിയുണര്‍ന്നു. തിരുവായക്കെതിര്‍വായ ഇല്ലാത്ത ഹാജിയുടെ പിടക്കുന്ന പച്ച നോട്ടുകള്‍ക്ക് മുന്‍പില്‍ ദാക്ഷായണി മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.

ഹാജിയാണ് അമ്മിണിയുടെ കൊലയാളിയെന്നു നാട്ടുകാരെല്ലാം അടക്കം പറഞ്ഞുവെങ്കിലും അതിന്‍റെ പേരില്‍ പോലീസ് കേസോ അന്വേഷണമോ നടന്നില്ലാ എന്നതാണ് ഏറെ രസകരം.

പഴനിയില്‍ വെച്ച് ‍ അണ്ണാച്ചിരാജുവിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ അയാള്‍ പറഞ്ഞത് ഹാജിയല്ല അമ്മിണിയുടെ കൊലയാളിയെന്നും മലയാളമല്ലാത്ത മറ്റേതോ ഭാഷ സംസാരിച്ച് തലപ്പാവ് വെച്ച മറ്റൊരാളാണെന്നുമാണ്. കൂടുതല്‍ അറിയില്ലെന്നും പറഞ്ഞ് അണ്ണാച്ചിരാജു ആള്‍തിരക്കിലേക്ക് ഉള്‍വലിഞ്ഞു.!!

കഥയില്‍ ഇതുവരെ പറഞ്ഞു കേള്‍ക്കാത്താ ഒരു തലപ്പാവുകാരന്‍..? അതാര്..?

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണ് . പാറേലി ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഒരാള്‍ക്കെ ഇനി അതിനുത്തരം പറയാന്‍ കഴിയൂ… മായീങ്കുട്ടിക്ക്മാത്രം.!

വീടിന്‍റെ മുറ്റത്തെ പുളിമര ചുവട്ടില്‍ ചാരുകസേരയിട്ടിരിക്കുന്ന മായീങ്കുട്ടിയുടെ അടുത്ത് ചെന്ന് അമ്മിണിയുടെ കൊലപാതകത്തെ കുറിച്ചു ചോദിച്ചപ്പോള്‍ പുച്ചത്തോടെയുള്ള ഒരു നോട്ടമായിരുന്നു ആദ്യ മറുപടി. അല്‍പ്പ നേരത്തെ മൌനത്തിനു ശേഷം മായീങ്കുട്ടി പറഞ്ഞു തുടങ്ങി.

“ദാക്ഷായണിക്ക് കാശ് കൊടുത്ത് ഏര്‍പ്പാട് പറഞ്ഞുറപ്പിച്ച് ഹാജി വീട്ടിലേക്ക് മടങ്ങി. മമ്മാലിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് പെരുന്നാള്‍ തലേന്ന് രാത്രിയില്‍ ‍ ദാക്ഷായണിയുടെ വീട്ടിലെത്തി. ശരീരം വിറ്റ് ജീവിക്കുന്നവളെങ്കിലും അമ്മിണിയെ കൊണ്ട് പോവുന്നത് സഹിക്കാന്‍ പറ്റാതെ ദാക്ഷായണി വാതിലടച്ചിരുന്ന് പൊട്ടിക്കരഞ്ഞു. ഉറങ്ങിക്കിടന്നിരുന്ന അമ്മിണിയുടെ കൈകാലുകള്‍ കയറിട്ടുകെട്ടി. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന അമ്മിണി അലറിക്കരഞ്ഞെങ്കിലും കേള്‍ക്കാന്‍ ആ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ഗ്രാമവാസികളെല്ലാം അന്ന് പാതിരാ വയള് കേള്‍ക്കാന്‍ പാറേലി അങ്ങാടിയില്‍ പോയതായിരുന്നു.”

മലയാളമല്ലാത്ത ഭാഷ സംസാരിക്കുന്ന തലപ്പാവ് വെച്ച ആളെന്ന് അണ്ണാച്ചിരാജു പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മായീങ്കുട്ടി പറഞ്ഞത് ഇങ്ങനയാണ്.

“അതെ അത് അണ്ണച്ചിരാജുവിനറിയാത്ത ഭാഷ എന്നു പറയുന്നതാവും ശരി. അത് അറബിയായിരുന്നു. വയനാട്ടില്‍ പള്ളിദര്‍സില്‍ പഠിക്കാന്‍ പോയിരുന്ന ഹാജിയുടെ മൂത്ത മകന്‍ ഉസ്മാന്‍കുട്ടി ബിസ്മി ചൊല്ലി കത്തി കഴുത്തില്‍ വെച്ചത് കണ്ടിട്ടാണ് അണ്ണാച്ചിരാജു മലയാളമല്ലാത്ത ഭാഷ എന്നു പറഞ്ഞത്.. സ്ഥിരമായി അറവ് നടത്തുന്ന വീരാന്‍ മൊല്ലാക്ക പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയതായിരുന്നു അന്ന്. അറവ് കഴിഞ്ഞപ്പോഴാണ് അമ്മിണി ഗര്‍ഭിണിയായിരുന്നു എന്ന നെട്ടിക്കുന്ന ആ സത്യം അവരെല്ലാം അറിഞ്ഞത് . വിവരമറിഞ്ഞ ഹാജിയാര് ചെനയുള്ള പശുവിന്‍റെ ഇറച്ചി നാട്ടുകാര്‍ക്ക് തിന്നാന്‍ കൊടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് അതിനെ പുഴക്കടവിലുള്ള ഹാജിയുടെ തന്നെ തെങ്ങിന്തോപ്പില്‍ കുഴിച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. നാട്ടുകാര്‍ പറയുന്നത് പോലെ ഹാജിയാര്‍ അതില്‍ കുറ്റക്കാരനല്ല.!!..”

ചരിത്രത്തില്‍ ആദ്യമായി പാറേലിഗ്രാമത്തില്‍ ആളുകള്‍ ബീഫ് കിട്ടാത്ത സങ്കടത്തോടെ ആഘോഷിച്ച ഒരു ചെറിയപെരുന്നാളായിരുന്നു അന്നത്തെ ദിവസം.!!

ആരേയും വേദനിപ്പിക്കാനോ ശിക്ഷിക്കാനോ വേണ്ടിയായിരുന്നില്ല അന്വേഷണം. പതിറ്റാണ്ടുകളായി മനസ്സിനെ വേട്ടയാടികൊണ്ടിരുന്ന ഒരു കൊലപാതകത്തിന്‍റെ സത്യമെന്തന്നറിയാന്‍ വേണ്ടി മാത്രം തുടങ്ങിയ ഈ അന്വേഷണം ഇവിടെ അവസാനിപ്പിച്ച് ഞാന്‍ ഈ ഗ്രാമത്തില്‍ നിന്നും മടങ്ങുകയാണ്. .!!