2010, ഫെബ്രുവരി 27, ശനിയാഴ്‌ച

ഒ..നെഗറ്റീവ്


ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .

അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍ എത്തി. അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്. വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.

“കേശവാ എന്തിനാ അവര്‍ വന്നത് ?

മൈക്ക് വാസുവിന് കാര്യമറിയണം.

“ഓ അയാളുടെ മോള്‍‍ ഗര്‍ഭിണിയാണത്രെ.. .. അവര്‍ അഷറഫിനെ തേടി വന്നതാ..

“എന്താ കാര്യം ?

“ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.

“അപ്പോള്‍ ? അഷറഫ്…..!! അവന്‍ അത്രക്കാരനോ…?

“ഗോവിന്ദാ,, ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ അഷറഫ് ഒരു ഹിന്ദുപെണ്ണിനെ ചതിച്ചെന്ന്.!!

മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി .. !!

“ആഹാ.. എന്നാല്‍ അവനെ വെറുതെ വിടരുത് വാ പോയി നോക്കാം.

എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും വെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.!!

അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു കാണുന്നുണ്ടായിരുന്നു.

“ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ. വാ നമുക്കും പോയി നോക്കാം..!!

നാസറും ആളെ കൂട്ടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും നടന്നു. വെട്ടുകത്തിയും വടിവാളും എടുക്കാന്‍ അവരും മറന്നില്ല.!!

ശിവന്‍‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു. അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു.

“നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് ..

നാസര്‍ വീമ്പിളക്കി.

“ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്‍റെ തല മണ്ണില്‍ കിടന്നുരുളും.

ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍.

“എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍..

പറഞ്ഞു തീരും മുന്‍പ് വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്.

പിന്നെ അവിടെ കൂട്ട തല്ല് ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നും രക്തം ഒലിച്ചിറങ്ങി.

പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും ഇറങ്ങി വന്നു. കൂടെ അഷറഫും.

“എന്താ … എന്തിനാ വഴക്ക്?

അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു.

“നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. ഒരു ഹിന്ദുവായ നിങ്ങളുടെ മകളെ ചതിച്ച് ഇവന്‍ ഇവിടെ ജീവിക്കണ്ട..

ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു.

“ചതിച്ചെന്നോ ആര് ആരെ ചതിച്ചു ? എന്താ ഈ പറയുന്നതു ?

അഷറഫിന് കാര്യം പിടി കിട്ടിയില്ല.

“ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ..

ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു.

“ നിര്‍‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ മോള്‍ ഗര്‍ഭിണിയാ അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ…

ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു.

“അപ്പോള്‍ പിന്നെ നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ?

തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു.

“അവള്‍ക്ക് സിസേറിയനാ ഇന്ന് ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ വായനശാലയില്‍ നിന്നാ അഷറഫിന്‍റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട് പോവാന്‍ വന്നതാ ഞങ്ങള്‍..

ശിവന്‍കുട്ടി അഷറഫിന്‍റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി.

ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം എന്ന് ചിന്തിച്ച്.

**********************



ചിത്രം : മുക്താര്‍

78 അഭിപ്രായ(ങ്ങള്‍):

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയറെടുത്തതു മിനി കഥയിലെ കഥതന്ദു അല്ലെ.. നന്നായിടുണ്ട്.. അതിശയോക്തി കുറച് കൂടിയോ - ശംശയം.
കഥക്ക് വേണ്ടി കഥ എഴുതുമ്പോള്‍ കൃത്രിമത്വം മുഴച്ചു കാണും - ഒരു പച്ച മനുഷ്യനായി ജീവിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ അതെ പടി നല്ല ഭാഷയില്‍ കോരിയിടുമ്പോള്‍ അത് നല്ല കഥയായി തീരും. അതി ഭാവുകത്വം കലരാത്ത പുതിയവ പ്രതീക്ഷിക്കുന്നു.. എല്ലാ ഭാവുകങ്ങളും.

തൂവലാൻ പറഞ്ഞു...

കാലിക പ്രസക്തിയുള്ള കഥ...അഭിനന്ദനങ്ങൾ...

തൂവലാൻ പറഞ്ഞു...

കാലിക പ്രസക്തിയുള്ള കഥ...അഭിവാദ്യങ്ങൾ..

Renjith Kumar CR പറഞ്ഞു...

ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം എന്ന് ചിന്തിച്ച്.:)
കൊള്ളാം ഹംസ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

(തേങ്ങ ഉടക്കാനൊന്നും ഞാനില്ല.അതിനു പറ്റിയ തേങ്ങ ഖത്തറില്‍ കിട്ടാനും ഇല്ല )
കഥയുടെ പ്രമേയം അസ്സലായി.എന്റെ അഭിപ്രായത്തില്‍ ഒന്ന് കൂടി 'ആറ്റിക്കുറുക്കി'എഴുതാമായിരുന്നു എന്ന് തോന്നുന്നു.(എല്ലാവരുടെയും അഭിപ്രായം അങ്ങിനെയാവനമെന്നില്ല)
എന്ത് തന്നെയായാലും ഇന്നിന്റെ മതവെറിയുടെ നേര്‍ക്കാഴ്ച ആണിത് . കൂടുതല്‍ എഴുതുക.ഭാവുകങ്ങള്‍ !

ശ്രീ പറഞ്ഞു...

പ്രസക്തമായ പോസ്റ്റ് മാഷേ.

kambarRm പറഞ്ഞു...

ഹം സക്കാ അസ്സലായി...
ഇതു പോലെയുള്ള നിസ്സാരമായ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ചത്‌ കൊണ്ടാണൂ വർഗീയതയും അല്ലാത്തതുമായ പല കലാപങ്ങളും നമ്മുടെ കേരളത്തിൽ അരങ്ങേറിയിട്ടുള്ളത്‌ എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌..
ഇപ്പോൾ ചില വാർത്താമാധ്യമങ്ങൾ ഇത്തരം ഊഹപ്രചരണങ്ങൾ പ്രചരിപ്പിക്കാൻ നേത്രത്വം കൊടുക്കുന്ന രീതിയിൽ പെരുമാറുന്നു എന്നത്‌ അത്യധികം ഭീതിയുണർത്തുന്നു.......
ശാന്തിയും സമാധാനവും വിളയാടുന്ന ഒരു മാവേലി നാടിനായി നമുക്ക്‌ പ്രാർത്ഥിക്കാം...

Shaivyam...being nostalgic പറഞ്ഞു...

ഇത് 'ഇന്നി'ന്‍റെ കഥയാണ്‌...
ഒരു BIG മിനിക്കഥ

Vayady പറഞ്ഞു...

ഒരു സമകാലീന പ്രശ്‌നത്തെ വ്യത്യസ്തമായൊരു വീക്‌ഷണ കോണിലൂടെ കാണാനുള്ള താങ്കളുടെ ശ്രമം നന്നായി.

സിനു പറഞ്ഞു...

കഥ വളരെ നന്നായിട്ടുണ്ട്.
എവിടെ പ്രശ്നം ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക്
തലയും വാലും കേള്‍ക്കേണ്ട ആവശ്യമില്ലല്ലോ...

ബാവ താനൂര്‍ പറഞ്ഞു...

ഇതിലെ സന്ദേശം കൊള്ളാം ...

Shajith Cherpulassery പറഞ്ഞു...

മതത്തിന്റെ പേരില്‍ സ്വന്തം സഹോദരങ്ങളുടെ രക്തത്തിനും മാനത്തിന്നും വില കല്പിക്കാത്ത ഒരു മത ഭ്രാന്തന്റെ എങ്കിലും കണ്ണ് തുറപ്പിക്കാന്‍ ഈ കഥ ഒരു നിമിത്തമായെങ്കില്‍......
ഇതുപോലത്തെ കാലിക പ്രസക്തിയുള്ള കഥകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

റോസാപ്പൂക്കള്‍ പറഞ്ഞു...

ഹംസ കഥ വളരെ നന്നായി.പക്ഷേ ഇതുമാതിരി കഥകള്‍ കണ്ണു തുറപ്പിക്കുമോ..

Unknown പറഞ്ഞു...

ചെറിയ കഥയില്‍ വലിയ ഒരാശയം ഉണ്ട്. നന്നായി, അഭിനന്ദനങ്ങള്‍.

നന്ദന പറഞ്ഞു...

കഥ നന്നായിട്ടുണ്ട്, ഇന്നത്തെ മനുഷ്യരേ വരച്ചുകാണിക്കുന്നു.

“നീ എത്ര ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.“ ഈ വരിവേണമായിരുന്നോ എന്നൊരു സംശയം.

ഏകതാര പറഞ്ഞു...

നടന്നതോ നടന്നെക്കാവുന്നതോ ആയ ഒരു കഥ.
അഭിനന്ദനങ്ങള്‍ .

ഹംസ പറഞ്ഞു...

@ അഷറഫ് ഉണ്ണീന്‍

അഭിപ്രായം അറിയിച്ചതിന് നന്ദി. അതിശയോക്തി കുറച്ചെഴുതാന്‍ ശ്രമിച്ചിരുന്നു. വന്നു പോയ പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി.

@ തൂവാലന്‍ .

നല്ല വാക്കുകള്‍ക്ക് നന്ദി.

@ രഞ്ജിത്..

അഭിപ്രായത്തിനു നന്ദി.

@തണല്‍.

വിലയേറിയ അഭിപ്രായം സ്വീകരിക്കുന്നു. നന്ദി അറിയിക്കുന്നു.

@ ശ്രീ.

നല്ല വാക്കിനു നന്ദി

@ കമ്പര്‍.

നിങ്ങള്‍ പറഞ്ഞത് സത്യം. നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ശന്തിയും സമാധാനവും ഉള്ള ഒരു നാടിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം .. അഭിപ്രായം അറിയിച്ചതി നന്ദി.

@ shaivyam.

വായടീ.

സിനു.

ബാവ താനൂര്‍.

ഷാജിത്.

റോസാപ്പൂ,,

തെച്ചിക്കോടന്‍,

നല്ല വാക്കുകള്‍ക്ക് നന്ദി.

@ നന്ദന

“നീ എത്ര ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.“ മതഭ്രാന്ത് തലയില്‍ കയറിയ ഒരാളുടെ വാക്കുകള്‍ . അവര്‍ക്ക് ഒന്നും നോക്കാനില്ല എന്തും പറയും അത്രയെ ചിന്തിച്ചുള്ളൂ..

നല്ല ഒരു അഭിപ്രയം അറിയിച്ചതിനു നന്ദി

‌@ ഏകതാര.

അഭിപ്രായത്തിനു നന്ദി

Anil cheleri kumaran പറഞ്ഞു...

കഥ വളരെ നന്നായിരിക്കുന്നു.

Nizam പറഞ്ഞു...

Kadhayude Ashayam or sandehsham Kollam.. Pakshe Adhibavukatham itra venamaayirunnow..?

കൊള്ളക്കാരന്‍ പറഞ്ഞു...

ഹംസ,
മിക്കവാറും എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങളുടെയും തുടക്കം ഇതുപോലെ ഏതെങ്കിലും നിസ്സാര സംഭവത്തില്‍ നിന്നായിരിക്കും.. നര്‍മ്മത്തിലൂടെ അവതരിപ്പിച്ചതിന് നന്ദി..
പിന്നെ, തലക്കെട്ട്‌ കണ്ടതുകൊണ്ടു ക്ലൈമാക്സ്‌ ഊഹിക്കാന്‍ പറ്റി.. ഇല്ലാരുന്നേല്‍ കുറച്ചുകൂടി നന്നായേനെ..

ബഷീർ പറഞ്ഞു...

ഒരു വലിയ കലാപമുണ്ടാവുന്നത് മിക്കപ്പോഴും ഇത്തരം ഊഹാപോഹങ്ങളിലൂടെയാണ്.ഇന്ന് മാധ്യമങ്ങൾ മെനഞ്ഞുണ്ടാക്കുന്ന കഥകളിലും രക്തത്തിന്റെ മണമാണുള്ളത് പലപ്പോഴും.

പിന്നെ, കഥ മുഴുവനാവുന്നതിനു മുന്നെ തലക്കെട്ട് കഥ പറഞ്ഞു :)

All the best

ബഷീർ പറഞ്ഞു...

OT :

കൊള്ളക്കാരൻ പറഞ്ഞതും ഞാൻ പറഞ്ഞതും ഏതാണ്ട് ഒന്നാണാല്ലോ !! അപ്പോൾ ഞാനാരായി :(

nasser പറഞ്ഞു...

കാലിക പ്രസക്തമായ പ്രമേയം

Martin Tom പറഞ്ഞു...

ഞാന്‍ പൊതുവേ ഇഷ്ട വരികള്‍ കോപ്പി പേസ്റ്റ് ചെയ്തു ഐക്യധാര്‍ട്യം പ്രഖ്യാപിക്കാതതാണ് എങ്കിലും ഇന്ന് ഒരു വരി എനിക്ക് 'ക്ഷ' പിടിച്ചു.
നീ എത്ര ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ..
മര്മത്ത് കുത്തുന്ന നര്‍മം!

പ്രദീപ്‌ പറഞ്ഞു...

ഹംസാക്ക ... ഇഷ്ടപ്പെട്ടു .. കാലിക പ്രധാനം ...

ഇത്രയും ബുദ്ധിയില്ലാത്തവന്മാര്‍ നമ്മുടെ നാട്ടില്‍ കൂടുതല്‍ ആണ് . അതാണ്‌ പ്രശ്നവും ..

പട്ടേപ്പാടം റാംജി പറഞ്ഞു...

വലിയ കാര്യം കൊച്ചായി പറഞ്ഞ കഥ.
നന്നായി.
രക്തഗ്രുപ്പ് ഒന്ന് മാറ്റാമായിരുന്നു.

ഗീത പറഞ്ഞു...

വളരെ ഇഷ്ടമായി ഹംസ. മതഭ്രാന്തുകാരുടെ തലയില്‍ എന്നിതിതൊക്കെയൊന്ന് കയറിപ്പറ്റും?
നമുക്ക് ഡോക്ടര്‍മാരെ സ്വാധീനിച്ചാലോ? രക്തം നല്‍കേണ്ടിവരുമ്പോള്‍ സ്വന്തം മതത്തില്‍ പെട്ടവരുടേത് പാടില്ലെന്ന് പറയണം.

ഹംസ പറഞ്ഞു...

@ കുമാരന്‍,

നല്ല വാക്കുകള്‍ക്ക് നന്ദി

@ നിസാം ,

അതിഭാവുകത്വം മനപ്പൂര്‍വമല്ല വന്നുപോയതായിരിക്കും അഭിപ്രായത്തിനു നന്ദി.

@ കൊള്ളക്കാരന്‍,

ഒരു സസ്പെന്‍സ് കഥയായി ഉദ്ദേശിച്ചില്ല അതുകൊണ്ട് മറച്ചു വെക്കാന്‍ ഒന്നുമില്ലതെ എഴുതി അതില്‍ തലക്കെട്ടും അങ്ങനയായി. നല്ല അഭിപ്രായം പറഞ്ഞതിനു നന്ദി . നിങ്ങളുടെ പേര് കേട്ടാല്‍ പേടിയാണെലും ഇനിയും വരണംകൊള്ളക്കരെ എനിക്ക് കുട്ടിക്കാലം മുതല്‍ പേടിയാ , അതു ചാമ്പല്‍ക്കട് സിനിമ കണ്ടതിനു ശേഷമാ.

@ബഷീര്‍.

വീണ്ടും കണ്ടുമുട്ടിയതില്‍ സന്തോഷം. അഭിപ്രായം പറഞ്ഞതിനു നന്ദിയും. കൊള്ളക്കാരന്‍ പറഞ്ഞത് തന്നെ പറഞ്ഞ് ഇപ്പോള്‍ ആരാണ് കെള്ളക്കാരന്‍ എന്നു സംശയം ബാക്കി.

@ നസീര്‍.

നല്ല വാക്കുകള്‍ക്ക് നന്ദി,

@ ഒറ്റവരി രാമന്‍

അഭിപ്രായത്തിനു നന്ദി

@പ്രദീപ്.

നല്ല വാക്കുകള്‍ക്ക് നന്ദി.

@ റാംജീ..

അഭിപ്രായത്തിനു നന്ദി. രക്തം ഏതായാലും അതില്‍ ജാതിയും മതവും നോക്കുമ്പോഴെ ഗ്രൂപ്പ് മാറുന്നുള്ളൂ..

@ ഗീതേച്ചീ..

നല്ല വാക്കിനു നന്ദി.

അഭി പറഞ്ഞു...

നല്ല ഒരു പോസ്റ്റ്‌ മാഷെ
അഭിനന്ദനങ്ങള്‍

എറക്കാടൻ / Erakkadan പറഞ്ഞു...

ലവ്‌ ജിഹാദാണെന്നാണ​‍്‌ ആദ്യം വിചാരിച്ചത്‌. അവസാനമയപ്പോഴേക്കും ചിന്തിപ്പിച്ചു.

Unknown പറഞ്ഞു...

ഏതു വർഗ്ഗീയ പ്രശ്നങ്ങളൂടെയും തുടക്കം തിരഞ്ഞാൽ കണ്ടെത്താൻ കഴിയുന്ന ഒരു സത്യം , മതത്തിന്റെ മഹത്ത്വമോ, വിശ്വാസത്തിന്റെ പവിത്രതയോ അറിയാതെ ലക്കും ലകാനും ഇല്ലാതെ പേരുകൊണ്ട് മാത്രം വേർത്തിരിക്കപ്പെട്ട ഇരുകാലി മ്രുഗങ്ങളായിരിക്കും അതിനു പിന്നിൽ..... നന്നായിരിക്കുന്നു.

NISHAM ABDULMANAF പറഞ്ഞു...

alla masheee
chumma onnu chodichooteeee
nalattee friend hamsa yanooooooooo.......

കുട്ടന്‍ പറഞ്ഞു...

കാലിക പ്രസക്തിയുള്ള പ്രമേയം അവതരിപ്പിച്ച രീതി നന്നായിരിക്കുന്നു ........ആശംസകള്‍

ഒരു നുറുങ്ങ് പറഞ്ഞു...

ഈ ലോകം ഇങ്ങിനൊക്കെത്തന്നെയാവൂ !
ആധുനിക സൌകര്യങ്ങള്‍,മനുഷ്യനെ കൂടുതലായി
വഷളാക്കുന്നല്ലോ ! യഥാറ്ത്ഥത്തിലവന്‍
ഈ സൌകര്യങ്ങള്‍ ക്ഷേമസൌഭാഗ്യത്തില്‍
തന്നെയും തന്‍റെ ചുറ്റുപാടുമുള്ളവരെയും
എത്തിക്കാന്‍ നിമിത്തമാകേണ്ടതാണ്‍,മറിച്ചവനെ
കൂടുതല്‍ ആറ്ത്തിപൂണ്ടവനും വികാരജീഇവിയുമാക്കി
ത്തീറ്ക്കുകയാണ്‍ !!

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു..ഒരു ചെറിയ കാര്യം പോലും..
മതപരവും ജാതീയപരവുമായ വഴക്കുകള്‍ക്കു വഴിയൊരുക്കുന്ന ഇന്നത്തെ സാമൂഹികാവസ്ഥയ്ക്ക് എതിരെ ഇത്തരം കഥകളിലൂടെ എങ്കിലും..നമ്മള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു.......
ആശംസകള്‍......

ഹംസ പറഞ്ഞു...

@ അഭി

അഭിനന്ദനങ്ങള്‍ക്ക് നന്ദി.

@ എറക്കാടാന്‍

@ പാലക്കുഴി

അഭിപ്രായത്തിനു നന്ദി.

@ നിഷാം അബ്ദുല്‍മനാഫ്

നളന്‍റെ ഫ്രന്‍റ് ഹംസയല്ല. എന്‍റെ ഫ്രന്‍റാണു നളന്‍

വന്നതില്‍ സന്തോഷം ഇനിയും ഈ വഴി വരണം

@ കുട്ടന്‍.

ആശംസകള്‍ക്ക് നന്ദി

@ ഒരു നുറുങ്ങ്.

@ Bijli.

അഭിപ്രായങ്ങള്‍ക്ക് നന്ദി.. ഇനിയും ഈ വഴി വരിക.

Sabu Kottotty പറഞ്ഞു...

കാള പെറ്റെന്നു കേട്ടാലുടനേ കയറെടുക്കാനോടുന്നവര്‍ക്ക് ഗുണപാഠമാണീ കഥ. മിയ്ക്കവാറും ഇങ്ങനെയൊക്കെത്തന്നെയാ അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ടാവുന്നത്. മനുഷ്യന്മാരാണെങ്കിലല്ലേ മനസ്സുണ്ടാവൂ മനസ്സിലാക്കാന്‍...

ഒഴാക്കന്‍. പറഞ്ഞു...

ചെറിയ കഥയില്‍ വലിയ ഒരാശയം ഉണ്ട് മാഷേ.
തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

ഒഴാക്കന്‍. പറഞ്ഞു...

കാലിക പ്രസക്തമായ പ്രമേയം കാണാനുള്ള താങ്കളുടെ ശ്രമം നന്നായി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല പ്രമേയം
കാലിക പ്രസക്തിയുള്ളആശയപ്രകാശനവുമായി നന്നായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അഭിനന്ദനങ്ങൾ കേട്ടൊ ...ഹംസ

Umesh Pilicode പറഞ്ഞു...

aasamsakal...........

ഭായി പറഞ്ഞു...

അവിടെങും പത്രക്കാ‍രും ചാനലുകാരും ഇല്ലാതിരുന്നതുകൊണ്ട് കാര്യങള്‍ ഇങിനെ അവസാനിച്ചു.ഇല്ലെങ്കില്‍ കാണാമായിരുന്നു!

അടുത്ത പ്രശ്നം എവിടെയുണ്ടാക്കാം എന്ന് ചിന്തിച്ച് അവര്‍ പോകേണ്ട കാര്യമില്ലല്ലോ മാഷേ.കാര്യം അവിടെതന്നെയുണ്ടല്ലോ!

“എന്ത്..! ഒരു ക്ഷത്രിയ ഹിന്ദു പെണ്ണിന് ഒരു മേത്തന്റെ രക്തമോ???!! പറ്റില്ല അതിലും ഭേദം അവള്‍ മരിക്കുന്നതാ..വെട്ടെടാ അവനെ..! “

അല്ലേ......

പറയേണ്ടത് നന്നായി പറഞു.

ജീവി കരിവെള്ളൂർ പറഞ്ഞു...

മതമേതായാലും മനുഷ്യൻ നന്നായാമതി എന്നതോർക്കുമ്പോഴും ജാതിയും മതവും പിന്തുടർന്നുകൊണ്ടേയിരിക്കുന്നു . ഇവിടെ അവകാശം വേണമെങ്കിൽ ജാതി പറയണമത്രേ . നമ്മുടെയൊക്കെ അവകാശത്തെ നിഷേധിച്ച് എറണാകുളത്ത് ഒരു മഹാറാലി നടന്നു ഈ അടുത്ത് .
വളരെ നല്ല പ്രമേയം .പക്ഷേ മതഭ്രാന്തന്മാരുടെ നാട്ടിൽ ....

ഹംസ പറഞ്ഞു...

@ കൊട്ടോട്ടിക്കരന്‍.

അതെ മനുഷ്യന്മാരാണെങ്കിലെ മനസ്സുണ്ടാവൂ മനസ്സിലാക്കാന്‍.

നല്ല ഒരു അഭിപ്രായം അറിയിച്ചതിനു നന്ദി

@ ഓഴക്കന്‍

നല്ല വാക്കുകള്‍ക്ക് നന്ദി

@ ബിലാത്തിപട്ടണം .

അഭിനന്ദനങ്ങള്‍ക്ക് നന്ദി.

@ ഉമേഷ്

സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി

@ ഭായ് …

ഭായിയുടെ അഭിപ്രായം ചിന്തക്ക് വകയുണ്ട്.

“എന്ത്..! ഒരു ക്ഷത്രിയ ഹിന്ദു പെണ്ണിന് ഒരു മേത്തന്റെ രക്തമോ???!! പറ്റില്ല അതിലും ഭേദം അവള്‍ മരിക്കുന്നതാ..വെട്ടെടാ അവനെ..! “

അവര്‍ മറ്റൊരു പ്രശ്നം തേടി പോവണ്ട ആവശ്യമില്ല ശരിതന്നെ.

നന്ദി നല്ല ഒരു അഭിപ്രായം അറിയിച്ചതിന്.

@ ജീവി കരിവെള്ളൂര്‍,

അഭിപ്രായം അറിയിച്ചതിനു നന്ദി.

വീണ്ടും വരിക ഈ വഴി.

Akbar പറഞ്ഞു...

സമൂഹത്തിന്‍റെ ജീര്‍ണതയിലേക്ക്‌ കഥയിലൂടെ ഒരു ശ്രദ്ധ ക്ഷണിക്കല്‍. നന്നായിരിക്കുന്നു. ആശംസകള്‍. ഈ കഥാപാത്രങ്ങളെല്ലാം നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെ.

ബൈജു സുല്‍ത്താന്‍ പറഞ്ഞു...

ശ്രദ്ധേയമായ ഒരു വിഷയം, നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ !

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

nannayirikkunnu...
prasakthi ulla blog

വിരോധാഭാസന്‍ പറഞ്ഞു...

രക്തത്തിന് ജാതിയും മതവും ഇല്ല....

നല്ല എഴുത്ത് , ആശംസകള്‍>>!!
സ്നേഹപൂര്‍വ്വം

വരികളിലൂടെ... പറഞ്ഞു...

ഈ അഭിപ്രായങ്ങള്‍ക്കുള്ള വാക്ക് തിട്ടപ്പെടുത്തല്‍ ഒഴിവാക്കികൂടെ അതല്ലെ അഭിപ്രായം പറയുന്നവര്‍ക്ക് സുഖം... inganne oru comment ente blogil kandu..enniku manasilaayilla...engilum thanks for visiting :)

Sukanya പറഞ്ഞു...

ഗംഭീരം. എനിക്കൊന്നും ഇനി പറയാനില്ല.

mukthaRionism പറഞ്ഞു...

ഹംസക്കാ..

എന്താ പറയ..
നല്ല കഥ..
വര്‍ഗീയകലാപങ്ങളുടെയൊക്കെ
കാരണമന്വേഷിച്ചാല്‍
ഇമ്മാതിരി
സംഭവങ്ങല്‍ തന്നാവും പിന്നില്‍..
കാര്യമറിയാതെ...
അതെ, കാള പെറ്റെന്നു കേട്ടാല്‍...
തീക്ഷ്‌ണമായ എഴുത്ത്..
ചില വരികള്‍ ചിരി വരുത്തി..
പക്ഷെ ചിരിക്കാന്‍ കഴിയുന്നില്ല...
വിഷയത്തിന്റെ ഗാംഭീര്യം ചിരിയല്ല...
ചിന്തയാണ്.. ഭീതിയാണ്.. വേദനയാണ്
പകരുന്നത്...
ചെറിയ കഥ ഇങ്ങനെയാവണം...
ഒടുക്കം അസ്സലായി..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannaayittundu......, nalla sandesham............, abhinandanagal.........

kamil പറഞ്ഞു...

വായിച്ചിരുന്നില്ലെങ്കില്‍ നഷ്ട്ടമായേക്കാവുന്ന പോസ്റ്റ്..!

ഹംസ പറഞ്ഞു...

@ അക്ബര്‍.

ബൈജു സുല്‍ത്താന്‍

INTIMATE STRANGER

അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി

വീണ്ടും വരിക ഈ വഴി

@ ലക്ഷ്മി

ഇല്ല രക്തത്തിന് ജാതിയും മതവും.

ആശംസകള്‍ക്ക് നന്ദി. ഇനിയും വരണം

@ വരികളിലൂടെ

നിങ്ങള്‍ക്കുള്ള മറുപടി ഞാന്‍ ഇമൈല്‍ അയച്ചിട്ടുണ്ട്. നന്ദി

@ സുകന്യ

നല്ല വാക്കിനു നന്ദി..

ഇതുവഴി ഇനിയും വരണം

@ മുക്താര്‍

നല്ല വാക്കുകള്‍ക്കും നല്ല ഒരു അഭിപ്രായത്തിനും നന്ദി

@ ജയരാജ് മുരുക്കുമ്പുഴ.

അഭിനന്ദനങ്ങള്‍ക്ക് നന്ദി

@ kamil.

ആദ്യ വരവിനും വായനക്കും നന്ദി .ഇനിയും വരിക ഈ വഴി

വെഞ്ഞാറന്‍ പറഞ്ഞു...

സംഗതി കൊള്ളാം. നാലും ഒരല്‍പ്പം കൂടി തേച്ചു മിനുക്കാരുന്നൂന്ന്... ഇതൊന്നും എല്ലാടത്തും പുറത്തു സംഭവിക്കുന്നില്ലെങ്കിലും അകമേ എല്ലാടത്തും സംഭവിക്കുന്നുണ്ട്. പിന്നെ, ഏതഭിപ്രായത്തെയും അംഗീകരിച്ചില്ലെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തീ മാനിക്കുമല്ലോ?

Typist | എഴുത്തുകാരി പറഞ്ഞു...

വളരെ നന്നായിരിക്കുന്നു. കാര്യമുള്ള കഥ.

ramanika പറഞ്ഞു...

ചോര കളര്‍ ചുവപ്പ്
ഹിന്ദു ആയാലും മുസ്ലിം ആയാലും കൃസ്ത്യാനി ആയാലും
ഇന്ന് നടക്കുന്ന വെട്ടും കുത്തും വെറും നിസ്സാര കാര്യത്തിനാണ് അതും കഥയറിയാതെ ഉണ്ടാക്കുന്നവ
വളരെ മനോഹരം .........

ഹംസ പറഞ്ഞു...

@ വെഞ്ഞാറന്‍

അഭിപ്രായത്തിനു നന്ദി. തീര്‍ച്ചയായും അഭിപ്രായ സ്വാതന്ത്രം ഉണ്ട് നിങ്ങളുടെ മനസ്സില്‍ തോനുന്നത് മറച്ച് വെക്കാതെ പറയാം .

@ എഴുത്തുകാരി.

നല്ല വാക്കിനു നന്ദി

@ രമണിക,

അഭിപ്രായത്തിനു നന്ദി

F A R I Z പറഞ്ഞു...

ലോകം മുന്‍പോട്ടു കുതിക്കുംതോറും "മനുഷ്യനെ" ഉള്‍കൊള്ളാന്‍ കഴിയാതെ ,ഹിന്ദുവും,മുസല്‍മാനും,ക്രിസ്ത്യാനിയും , അവന്‍ പ്രധിനിധീകരിക്കുന്ന സംസ്കൃതിയാണ്, പൈശാചികമായ പ്രവര്‍ത്തിയിലേക്ക് അവരെ നയിക്കുന്നതെന്ന, തെറ്റായ സന്ദേശം പരത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന രക്ത രാക്ഷസന്മാരുടെ പ്രവര്‍ത്തി മനുഷ്യ മനസ്സുകളെ എത്രമാത്രം സ്വാധീനിക്കുന്നു . നേരത്തെ വെച്ച് പുലര്‍ത്തുന്ന വൈര മനോഭാവം,പരസ്പരം വെട്ടിമരിക്കാന്‍ കാത്തിരിക്കുമ്പോള്‍,അതിലേക്കു പാറിവരുന്ന ഒരു തീപൊരി,എത്രമാത്രം ആപല്കരമായി തീരുന്നു എന്നതിനുള്ള ചെറിയ സാംബള്‍ ആണ് ഈ കഥ.

സമകാലീന പ്രസക്തമായ സന്ദേശം പരത്തുന്ന ഈ കൊച്ചുകഥ,തെറ്റില്ലാതെ പറഞ്ഞവസാനിപ്പിച്ച ഹംസ ഭായിക്ക്
ഭാവുകങ്ങള്‍
---ഫാരിസ്‌

മാണിക്യം പറഞ്ഞു...

കഥ കൊള്ളാം ഇതാണ് ഇന്ന് മലയാളി അല്ലെ? ഈ ജാതി ചിന്തിക്കുന്നവര്‍ ദൈവത്തെ മറന്നു അയ്യപ്പനും വാവ്വരും കഥ കേട്ട് വളര്‍ന്നവരാ മലയാളി. അഞ്ചു നേരം നിസ്ക്കരിക്കുന്ന തുപ്പലു പോലും വിഴുങ്ങാതെ ഒരു മാസം മുഴുവന്‍ നോമ്പ് നോക്കുന്ന മുസല്മാനെ ആദരവോടെ നോക്കിയിരുന്ന നാടാ നമ്മുടേത്, ഒരെ ബന്ചില്‍ ഹിന്ദുവും മുസല്മാനും ക്രിസ്ത്യാനിയും ഇരുന്ന് വിദ്യഭ്യാസം ചെയ്തു വളര്‍‌ന്നപ്പോള്‍ എവിടെ പിഴച്ചത് എന്നാണ് ഈ രീതി വന്നത് ഓണത്തിനു ഒന്നിച്ച് ഊഞ്ഞാലാടി ബക്രീദിനും ഒരുമിച്ച് നെയ്ച്ചോര്‍ തിന്നു ക്രിസ്മസ്സിനും ഒരുമിച്ച് പടക്കം പൊട്ടിച്ച് കരോള്‍ പാടി നീങ്ങിയ കേരളം ആണു ഇന്നും ഒര്‍‌മ്മയില്..അവിടെ നിന്ന് ഒരു വ്യതിയനം അതു വേണൊ മലയാളിക്ക് .... വളരും തോറും മനസ്സില്‍ പരസ്പര സ്നേഹം കൂടട്ടെ ദൈവത്തിന്റെ മറ്റൊരു പേര്‍ സ്നേഹം എന്നു തന്നെയാണെന്ന് എല്ലാവരും ഓര്‍ക്കട്ടെ ....Be Positive :) ആശംസകള്‍ ഹംസാ സസ്നേഹം മാണിക്യം.

ഹംസ പറഞ്ഞു...

@ ഫാരിസ്

@ മാണിക്യം.

അതിവിശാലമായ നല്ല അഭിപ്രായം അറിയിച്ച രണ്ട് പേര്‍ക്കും എന്‍റെ നന്ദി. ഇനിയും ഈ വഴിവരണം

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ദാണ്ടെ, ലതിവിടെ കെടക്കണു..
http://www.orkut.com/Main#CommMsgs?cmm=95521351&tid=5445822650857954037

OAB/ഒഎബി പറഞ്ഞു...

നന്നായി സുഹൃത്തെ,,
വളരെ വളരെ നന്നായി.

കഥയുടെ പേര് A+ എന്നൊ മറ്റൊ ആക്കിയിരുന്നെങ്കില്‍ അത്യുഗ്രനാകുമായിരുന്നു.

പിന്നെ ഈ കഥക്ക് ശേഷം മറ്റൊരു കഥ പെട്ടെന്ന് പോസ്റ്റ് ചെയ്തതിനാല്‍ ഒരു സെഞ്ചുറി കളഞ്ഞു. :)
നന്ദിയോടെ..

ഹംസ പറഞ്ഞു...

@ രാമചന്ദ്രന്‍ വെട്ടിക്കട്

@ ഒ എ ബി

അഭിപ്രായങ്ങള്‍ക്ക് നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം എന്ന് ചിന്തിച്ച്... നല്ല കഥ വളരെ ഇഷ്ട്ടമായി ആശംസകൾ...

ഹംസ പറഞ്ഞു...

ഉമ്മു അമ്മാര്‍

അഭിപ്രായത്തിനു നന്ദി

gulfmallu പറഞ്ഞു...

സുഹൃത്തെ

തങ്ങളുടെ തഴെ കാണുന്ന ഗള്‍ഫ് മല്ലു വിലെ ബ്ലോഗില്‍ നിന്ന് ലിങ്കുകള്‍ ഒഴിവാക്കണം എന്ന് ഉണര്തിക്കുന്നു


http://gulfmallu.ning.com/profiles/blogs/3086030:BlogPost:100814



Admin
www.gulfmallu.tk
The First Pravasi Indian website

Nileenam പറഞ്ഞു...

കഥ നന്നായി. പക്ഷെ വേറൊരു സ്ഥലത്തും ഇതേ കഥ, ആരാ ശരിക്കും ഓണര്‍? http://thoufeeqcm.blogspot.com/2010/06/fwd.html?utm_source=feedburner&utm_medium=feed&utm_campaign=Feed:+blogspot/rvASl+(THOUGHTS)

mukthaRionism പറഞ്ഞു...

വര ചേര്‍ത്തതിനു നന്ദി.

Mohamed Salahudheen പറഞ്ഞു...

നേരത്തേ വായിച്ചതാ. കമന്റാന് മറന്നു.
അതോ കണ്ണാടിയില് കണ്ടതാണോ.

ഓ, ഓര്മയില്ല.

അജ്ഞാതന്‍ പറഞ്ഞു...

ഇന്നത്തെ സാമൂഹ്യ പരിതസ്ഥിതിയില്‍ തികച്ചും അര്‍ത്ഥവത്തായത്. കഥാകൃത്തിന് നന്ദി

കൊമ്പന്‍ പറഞ്ഞു...

eee pstt copy paste und ee logil


http://eantelokam.blogspot.com/

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഹംസയുടെ ഈ കഥ ഞാന്‍ ഇപ്പോഴാണ് വായിക്കുന്നത്. എനിയ്ക്ക് മെയില്‍ അയക്കാറില്ലാത്തതുകൊണ്ട് വന്നില്ല. നല്ല കഥ. വിവാദമായതു കൊണ്ട് പൊന്മളക്കാരന്‍ ലിങ്കു തന്നു വന്നതാ..

ijaz ahmed പറഞ്ഞു...

ഏകദേശം ഒന്നര കൊല്ലമായിട്ടു പോസ്ടിയതാനെങ്ങിലും എന്റെ ശ്രദ്ധയില്‍ ഈ പോസ്റ്റ്‌ ഇപ്പോയാണ് പെടുന്നത് , വളരെ നന്നായിട്ടുണ്ട് ,

Unknown പറഞ്ഞു...

വളരെ നന്നായി.......

പുനത്തില്‍ താമിര്‍ പറഞ്ഞു...

...അഭിവാദ്യങ്ങൾ..

പുനത്തില്‍ താമിര്‍ പറഞ്ഞു...

...അഭിവാദ്യങ്ങൾ..

Sunais T S പറഞ്ഞു...

വളരെ നന്നായി എഴുതി....
ആശംസകള്‍