2011, ജനുവരി 7, വെള്ളിയാഴ്‌ച

കുടുംബ സ്നേഹി

സമയത്തുള്ള മൊബൈല്‍ റിങ്ങ്ടോണ്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. ഒലിച്ചിറങ്ങിയ വിയര്‍പ്പ് കണങ്ങള്‍ മുഖത്ത് നിന്നും തുടച്ച്കൊണ്ടയാള്‍ ഫോണ്‍ എടുത്ത് ദേഷ്യത്തോടെ എന്തോ പറഞ്ഞ് മൊബൈല്‍ ബെഡിന്‍റെ സൈഡിലേക്കെറിഞ്ഞു.!

തെന്നിമാറിപ്പോയ പുതപ്പ് മുകളിലേക്ക് വലിച്ച് കയറ്റി അയാളുടെ വിരിഞ്ഞ മാറില്‍ മുഖം ചാര്‍ത്തി അവള്‍ ചോദിച്ചു….

“ആരാ.?”

“വീട്ടീന്ന് ഭാര്യായാ”

“എന്താ..?”

“മോന് സുഖമില്ലെന്ന് ഡോകടറെ കാണിക്കാന്‍”

“എന്നിട്ട്..?”

‘ഹോ..എന്‍റെ കയ്യില്‍ കാശില്ലെന്നേ”

ആശ്ചര്യത്തോടെയും അതിലേറെ സംശയത്തോടെയും അയാളില്‍ നിന്നും അല്‍പ്പം മാറിക്കിടന്നവള്‍ ചോദിച്ചു…

“അപ്പോള്‍…?”

പുഞ്ചിരിയോടെ അവളിലേക്ക് കൂടുതല്‍ ചേര്‍ന്ന് കിടന്ന് കൊണ്ടയാള്‍ പറഞ്ഞു..

“പേടിക്കേണ്ട നിനക്കുള്ള നെക്ലസ് ഞാന്‍ വാങ്ങിച്ചിട്ടുണ്ട്..”

2010, ഡിസംബർ 19, ഞായറാഴ്‌ച

കട്ടിങ്ങ് സെറിമണി അഥവാ സുന്നത്ത് കല്യാണം..!

പതിവുപോലെ ഫോണിലൂടെ പ്രായം ഒന്നിനോടടുത്ത മകന്‍റെ കളിയും, ചിരിയും, കുസൃതികളും വിവരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍റെ സുന്നത്ത് കഴിക്കണ്ടേ? എന്ന ഭാര്യയുടെ ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം മൌനംപൂണ്ടുനില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.. “ഹലോ“ എന്ന അവളുടെ തുടരത്തുടരയുള്ള വിളികേട്ടപ്പോള്‍ “ഇപ്പോള്‍ തന്നയോ ?” എന്ന മറുചോദ്യമാണ് എന്നില്‍ നിന്നുണ്ടായത്. “ഇപ്പോഴല്ല നിങ്ങള്‍ വന്നിട്ട് നടത്താം മോന് ഒരു വയസ്സായില്ലെ.?” എന്ന അവളുടെ വാക്കുകള്‍ എന്നെ ഇരുപതിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്‍റെ ബാല്യകാലത്തിലേക്കാണ് കൂട്ടികൊണ്ടു പോയത്.!

അന്ന് ഒരു തിങ്കളാഴ്ച ദിവസം സുബ്ഹിക്ക് മുന്‍പ് തന്നെ ശരീരമാസകലും വെളിച്ചെണ്ണ തേച്ച് വാസന സോപ്പുകൊണ്ട് കുളിപ്പിച്ച് പുത്തനുടുപ്പണിയിച്ച് എന്നെ അണിയിച്ചൊരുക്കുമ്പോള്‍ ഉമ്മയുടെ മുഖത്ത് സന്തോഷത്തിന്‍റെ തിരമാലകള്‍ അലയടിക്കുന്നത് ഞാന്‍ കണ്ടു . മനസ്സിന്‍റെയുള്ളില്‍ എവിടയോ ഒരു ചെറിയ ഭീതി എന്നെ വേട്ടയാടിയിരുന്നുവെങ്കിലും ഏറെ താമസിച്ചു പോയ എന്‍റെ സുന്നത്ത് കല്യാണം അന്ന് നടക്കാന്‍ പോവുകയാണ് എന്ന അറിവ് എന്നെ കുളിരണിയിപ്പിച്ചു.

ദഫ്ഫ്മുട്ടിന്‍റെയും, കോല്‍ക്കളിയുടെയും അകമ്പടിയോടെ നാട്ടുകാര്‍ക്കെല്ലാം ആട് ബിരിയാണി വിളമ്പി ആഘോഷത്തോടെ നടത്തിയ സുന്നത്ത് കല്യാണത്തിനു കിട്ടിയ ധാരാളം സമ്മാനങ്ങളെ കുറിച്ച് മദ്രസ വിട്ടു വരുമ്പോള്‍ കൂട്ടുകാരന്‍ നാസര്‍ പൊലിവോടെ പറയുന്നത് കേട്ട് നടക്കുമ്പോള്‍ ഏഴാം വയസ്സിലും സുന്നത്ത് കഴിച്ചിട്ടില്ലാത്ത ഒരു ദരിദ്ര ചെക്കന്‍റെ നിഴലായിരുന്നു എന്‍റെ കാലടിക്കു കീഴിലൂടെ നടന്നിരുന്നത് .

കിട്ടാന്‍ പോവുന്ന സമ്മാനങ്ങളേയോര്‍ത്ത് എന്‍റെയും സുന്നത്ത് കഴിക്കണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോള്‍ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ അതിനായി മാറ്റിവെക്കാന്‍ കിട്ടാത്ത പൈസയാണ് പ്രശ്നമെന്ന് ഉപ്പ ഉമ്മയോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു.

നിസ്ക്കാരത്തിനായി പള്ളിയില്‍ പോവുന്ന കൂട്ടുകാര്‍ കൂടെ ചെല്ലാന്‍ വിളിച്ചപ്പോള്‍ കൊളുത്ത് പൊട്ടി ചരടില്‍ തൂങ്ങി നില്‍ക്കുന്ന ട്രൌസര്‍ ഇട്ട് നടന്നിരുന്ന എനിക്ക് നല്ല തുണിയില്ലെന്ന് പറഞ്ഞത് കേട്ട് നാസര്‍ അവന്‍റെ ഉമ്മ കാണാതെ ഉടുത്ത തുണിക്ക് മുകളില്‍ മറ്റൊന്നുകൂടി എടുത്ത് വന്ന് വഴിയില്‍ വെച്ച് എനിക്കഴിച്ച്തന്നു . സുന്നത്ത് കഴിക്കാത്ത കുട്ടികള്‍ പള്ളിയില്‍ കയറാന്‍ പറ്റുമോ എന്ന പേടിയോടെ പള്ളിക്കിണറിന് പിന്നില്‍ മാറി നിന്നപ്പോള്‍ സംശയ നിവാരണത്തിനായി കൂട്ടത്തില്‍ മുതിര്‍ന്ന അലി മാനു ഉസ്താദിന്‍റെ അടുത്ത്ചെന്നു.

“എന്താടാ അന്‍റെ സുണ്ണാണിമുറിക്കാത്തേ ?”

ചോദ്യവുമായി അടുത്തുവന്ന മാനു ഉസ്താദ് എന്നെ കൂട്ടി പിടിച്ച് പള്ളിക്കകത്തേക്ക് കയറിയപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതോടെ പള്ളിയില്‍ പോക്ക് പതിവായി മാറുകയും ചെയ്തു.

ഒരേസമയം രണ്ട് തുണികളില്‍ അഴുക്കാവുന്നത് പതിവായപ്പോള്‍ നാസറിന്‍റെ ഉമ്മ അവനോട് കാര്യം അന്വേഷിക്കുകയും അതെനിക്ക് തരുന്ന കാര്യം അവന്‍ പറയുകയും ചെയ്തു. അലക്കിതേച്ച് ആ തുണി വേലിക്കരില്‍ വെച്ച് അവന്‍റെ ഉമ്മ എന്‍റെ കയ്യില്‍ തന്ന് ഇത് നീ സ്വന്തമായി എടുത്തോ എന്ന് പറഞ്ഞപ്പോള്‍ എനിക്കെന്തോ വലിയ നിധികിട്ടിയ സന്തോഷമായിരുന്നു. !

മാനു ഉസ്താദ് വഴിയിലെവിടയോ വെച്ച് ഉപ്പയെ കണ്ടപ്പോള്‍ കുശലാന്വേഷണത്തിനിടയില്‍ എത്രയും പെട്ടന്ന് ചെക്കന്‍റെ സുന്നത്ത് കഴിക്കണം എന്ന് നിര്‍ദേശിക്കുക കൂടി ചെയ്തപ്പോള്‍ ഉമ്മയുടെ കാതിലുണ്ടായിരുന്ന അവസാന തരി സ്വര്‍ണ്ണം നാണുതട്ടാന്‍റെ ചില്ലലമാറക്കുള്ളില്‍ സ്ഥാനം പിടിച്ചു. ശൂന്യമായ കാതിലെ തുളയടഞ്ഞു പോവാതിരിക്കാന്‍ കമ്മലിന് പകരം പച്ച ഈര്‍ക്കിളിയിട്ട ഉമ്മയുടെ കാതുകള്‍ കണ്ടപ്പോള്‍ കൊച്ചുകുട്ടിയായിരുന്ന എന്‍റെ മനസ്സ് വിങ്ങുന്നുണ്ടെന്ന് ഉമ്മക്ക് തോന്നിയതുകൊണ്ടാവാം തട്ടം കൊണ്ട് കാത് മറച്ചു പിടിച്ച് നിറകണ്ണുകളായിരുന്നിട്ടും പുഞ്ചിരി വിടാതെ…. “ഉമ്മാടെ പൊന്നു വലുതായിട്ട് ഉമ്മാക്ക് കമ്മലു വാങ്ങി തരണംട്ടോ” എന്നു പറയുമ്പോള്‍ എന്നില്‍ ഉമ്മയര്‍പ്പിക്കുന്ന പ്രതീക്ഷ ഞാന്‍ ശരിക്കും അറിയുകയായിരുന്നു. !

നാട്ടുകാര്‍ക്കെല്ലാം ബിരിയാണി കൊടുത്ത് ഒസ്സാന്‍ കോമുകാക്കയെ കൊണ്ട് സുന്നത്ത് കഴിപ്പിക്കാമെന്ന് ഉപ്പ ആഗ്രഹിച്ചിരുന്നുവെങ്കിലും, ചിലവ് ചുരുക്കി ആശുപത്രിയില്‍ വെച്ച് മതി എന്നു ഉമ്മ പറഞ്ഞത് ഉമ്മക്കും അങ്ങനെ ആഗ്രഹം ഇല്ലാതിരുന്നിട്ടല്ല. ഉപ്പയുടെ ശൂന്യമായ കൈകളെ ഓര്‍ത്തിട്ടായിരിക്കാം.

ടെന്‍റുപോലെ അട്ടത്തിലേക്ക് വലിച്ചു കെട്ടിയ കള്ളിത്തുണിയുടെ അടിയില്‍ ഞാന്‍ നഗ്നനായി കിടക്കുമ്പോള്‍ എനിക്ക് തരാന്‍ നല്ല ഭക്ഷണത്തിനായി ഉപ്പ പരക്കം പായുകയായിരുന്നു. തിരൂരില്‍ നിന്നും ഒരു പൊതി നെയ്യപ്പവുമായി എന്നെ കാണാന്‍ വന്ന അമ്മായി മടങ്ങിപ്പോവുമ്പോള്‍ എന്‍റെ കൈകളില്‍ പിടിപ്പിച്ച മുഷിഞ്ഞ അഞ്ചുരൂപാ നോട്ട് തലയിണക്കടിയില്‍ നിന്നും എടുത്ത് ഞാന്‍ ഉമ്മക്ക് നേരെ നീട്ടി. ഉമ്മാക്ക് ഇതുകൊണ്ട് കമ്മല് വാങ്ങിക്കോ എന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് അത് വാങ്ങിയ ഉമ്മ തലയിണക്കടിയില്‍ തന്നെ വെച്ച്കൊണ്ട് പറഞ്ഞു. “ഉമ്മാക്ക് ഇപ്പോ കമ്മലൊന്നും വേണ്ട. ഉപ്പാടേല്‍ കൊടുത്ത് എന്‍റെ കുട്ടിക്ക് വേണ്ടത് വാങ്ങിത്തരാന്‍ പറയാട്ടോ”

പിന്നീട് എപ്പോഴോ ആ പൈസ ഉമ്മ ചോദിച്ച് വാങ്ങിയത് എനിക്ക് കഴിക്കാന്‍ വേണ്ടി വാങ്ങിയ ആട്ടിറച്ചിയുടെ കടം വീട്ടാനായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു .

രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം പട്ടിണിക്കോലത്തില്‍ നിന്നും രൂപമാറ്റം വന്ന് വെളുത്ത ശരീരവും തടിച്ച കവിളുകളുമായി പുത്തന്‍ തുണിയെടുത്ത് മദ്രസയില്‍ ചെന്നപ്പോള്‍ കൂട്ടുകാര്‍ക്ക് അറിയേണ്ടത് എനിക്ക് കിട്ടിയ സമ്മാനങ്ങളെ കുറിച്ചായിരുന്നു.. പാര്‍ട്ടി നടത്താതെ സുന്നത്ത് കല്യാണം കഴിച്ചതു കൊണ്ടോ, ഞങ്ങളെ പോലെ മറ്റു കുടുംബാങ്ങളും ദരിദ്രരായത് കൊണ്ടോ എന്നറിയില്ല സമ്മാനങ്ങളൊന്നും എനിക്ക് കിട്ടിയിരുന്നില്ല എന്നു പറയുമ്പോഴും ഞാനും ഇനിമുതല്‍ നിങ്ങളെ പോലെ സുന്നത്ത് കഴിച്ചവന്‍ എന്ന അഭിമാനമായിരുന്നു എന്‍റെ മനസ്സില്‍ .

2010, ഡിസംബർ 5, ഞായറാഴ്‌ച

ഹമ്പട പഹയാ… ഒരു വര്‍ഷമോ?

“വല്ല വിവരവും ഉണ്ടോ നിങ്ങള്‍ക്ക്?”

“അയ്യോ... ചൂടാവല്ലെ… ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല ചോദിച്ചത്. (അത് എനിക്ക് അറിയാവുന്ന കാര്യമല്ലെ). ഇത് നിങ്ങളുടെ കൂട്ടുകാരന്‍ ബൂലോകത്ത് വട്ടം കറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു തികഞ്ഞു. ആ വിവരം വല്ലതും അറിയുമോ എന്നാണ് ചോദിച്ചത്...”

അതെ.... കൂട്ടുകാരന്‍ എന്ന ഈ ബ്ലോഗിന്‍റെ ഒന്നാം പിറന്നാളാണ് ഈ ഡിസംബര്‍ മാസത്തില്‍ .

ഇനി ഒരു കഷ്ണം കേക്ക് കഴിച്ചിട്ടാവാം ബാക്കി.!

koottukaaran

കഴിഞ്ഞ പ്രാവശ്യത്തെ അവധി കഴിഞ്ഞ് മനസ്സില്ലാമനസ്സോടെ ജിദ്ദയില്‍ തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ കച്ചവടമൊന്നുമില്ലാത്ത ഒരു കടയുടെ താക്കോല്‍ ഏല്‍പ്പിച്ച് നല്ലവനായ(?) എന്റെ മുതലാളി എന്നോട് പറഞ്ഞു

“ഹംസേ ആ കടയില്‍ വലിയ കച്ചവടം ഒന്നുമില്ല.. നീ പോയി അതൊന്ന് ശരിയാക്കിയെടുക്ക്. എനിക്കറിയാം നീ എവിടെ ചെന്നാലും അത് നന്നാവും(?) എന്ന്. അതുകൊണ്ടാണ് നിന്നെ തന്നെ പറഞ്ഞയക്കുന്നത്”

കയറിപ്പിടിച്ച ഷര്‍ട്ടിന്റെ ഷോളര്‍ മുതുകിളക്കി ശരിയാക്കിയെടുത്തു. താഴേക്ക് ഇറങ്ങിപ്പോയ പാന്‍റിലെ ബെല്‍റ്റ് പിടിച്ച് മുകളിലേക്ക് കയറ്റി ഇന്‍സൈഡ് ശരിയെന്നുറപ്പ് വരുത്തി. ചെവിയുടെ സൈഡില്‍ നിന്നും മുടി പിറകിലേക്ക് ഒതുക്കി. സ്വയം എന്നില്‍ അഭിമാനം തോന്നുന്ന സമയത്ത് ഞാന്‍ പോലും അറിയാതെ എന്നില്‍ വരുന്ന ആക്ഷനുകള്‍ മുറതെറ്റാതെ അപ്പോഴും വന്നു. ഞാന്‍ എന്നെ തന്നെ സൂക്ഷിച്ചൊന്നു നോക്കി.!

“ഹമ്പഡാ നീ ആളൊരു മിടുക്കന്‍ തന്നെ”

മനസ്സുകൊണ്ടൊരു കമന്‍റും പാസാക്കി താക്കോല്‍ വാങ്ങി. കൂടെ ജോലി ചെയ്യാന്‍ മിടുക്കരായ രണ്ട് ജോലിക്കാരേയും തന്ന് ഇനിയുള്ള കാലം ആ കടയില്‍ നിന്നും കിട്ടുന്ന ലാഭം എണ്ണി നോക്കാന്‍ മാത്രമായി ഒരു ജോലിക്കാരനെ നിര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി മുതലാളി. (പാവം സൌദിയല്ലെ അത്ര വിവരമേ ഉള്ളൂ.. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കാത്ത മനുഷ്യര്‍ക്ക് എങ്ങിനയാ ബുദ്ധിയുണ്ടാവുന്നത് )

കടയില്‍ കാര്യമായ പണിയൊന്നുമില്ല. കൂടുതല്‍ സമയവും ഒഴിവ് തന്നെ എന്ന് മനസ്സിലായപ്പോള്‍ ശമ്പളത്തിലേക്ക് കുറച്ച് കാശ് അഡ്വന്‍സ് വേണമെന്നു പറഞ്ഞു. നാട്ടില്‍ നിന്നും വന്നതല്ലെ പാവം കടം വല്ലതും ഉണ്ടാവും എന്ന് കരുതി ചോദിച്ച കാശ് മടികൂടാതെ മുതലാളി തരികയും ചെയ്തു.

കാശ് കയ്യില്‍ കിട്ടിയപ്പോള്‍ സുഹൃത്ത് നാസറിനേയും കൂട്ടി ഞാന്‍ നേരെ പോയത് ലാപ്ടോപ്പ് വാങ്ങിക്കാനാണ് . അതില്ലാതെ ഇനി ജീവിതം മുന്നോട്ട് പോവില്ല എന്ന് കടയിലെ പത്ത് ദിവസത്തെ അനുഭവം കൊണ്ട് തന്നെ മനസ്സിലായി.

ലാപ്ടോപ്പ് വാങ്ങി. ഇന്‍റര്‍ നെറ്റ് കണക്ഷനും എടുത്തു..! ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.!

കേരള ചാറ്റ് റൂമും യാഹൂ ചാറ്റിങ്ങും എല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മടുത്തതാണ്. മൂന്ന് നാല് വര്‍ഷം മുമ്പ് വേര്‍ഡ്പ്രസ്സില്‍ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിയിരുന്നു അബദ്ധത്തില്‍ എത്തിപ്പെട്ടതാണവിടെ എന്ന സത്യം ഇപ്പോള്‍ നിങ്ങളോട് പറയുന്നതൊഴിച്ചാല്‍ മറ്റാരോടും പറഞ്ഞിട്ടില്ല. മൊബൈലില്‍ ഉണ്ടായിരുന്ന എന്റേയും മക്കളുടെയും ഫോട്ടോകള്‍ കയറ്റിയിട്ടു. അതാരെങ്കിലുമൊക്കെ വന്ന് കാണണമെന്നോ കമന്റ് വരണമെന്നോ എന്നൊന്നും എനിക്ക് ആഗ്രഹം ഇല്ലായിരുന്നു. ബഷീര്‍ വെള്ളറക്കാട് വന്ന് ഒരു ഫോട്ടോക്ക് താഴെ കമന്റെഴുതിയപ്പോള്‍ ആ ലിങ്കിലൂടെ തൂങ്ങി അദ്ദേഹത്തിന്‍റെ ബ്ലോഗിലെത്തിയപ്പോഴാണ് ബൂലോകം വിശാലമാണെന്ന് എനിക്ക് മനസ്സിലാവുന്നത്. എന്തായിട്ടെന്താ കാര്യം എന്തെങ്കിലും എഴുതണമെങ്കില്‍ മലയാളം അറിയണ്ടെ.. ഇനി അറിയുമെങ്കില്‍ തന്നെ മലയാളം ഫോണ്ട് വേണ്ടേ... എനിക്കതൊന്നും അറിയില്ല. ഞാന്‍ അതിനൊട്ട് മുതിര്‍ന്നതും ഇല്ല..!

കേരള ചാറ്റ് റൂമില്‍ നിന്നും അഞ്ചാറ് വര്‍ഷം മുമ്പ് പരിചയപ്പെട്ട നിസാം ( അവന്‍ അന്ന് ബാംഗ്ലൂരില്‍ MBA ക്ക് പഠിക്കുകയായിരുന്നു) മുടിഞ്ഞ ഇംഗ്ലീഷുമായാണ് അവന്‍ ചാറ്റിങ്ങ് തുടങ്ങിയത്. അറിയുന്ന മുറി ഇംഗ്ലീഷില്‍ എന്റെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി കൊടുത്തപ്പോള്‍ അവനില്‍നിന്നും മംഗ്ലീഷ് വരാന്‍ തുടങ്ങി.. ആ സുഹൃദ് ബന്ധം വല്ലാതങ്ങ് വളര്‍ന്നപ്പോള്‍ കമ്പ്യൂട്ടറിനോടും ഇന്റര്‍നെറ്റിനോടുമൊക്കെ എനിക്ക് വല്ലാത്ത ഇഷ്ടമായി തുടങ്ങി. ഇ‌‌-മെയിലിലൂടെ എന്തെങ്കിലും തമാശയൊക്കെ എഴുതി അവന് അയക്കുമ്പോള്‍ അവനാണു പറഞ്ഞത് നിങ്ങള്‍ക്ക് ഇതൊക്കെ ബ്ലോഗില്‍ എഴുതിക്കൂടെ എന്ന്.. അതേ കുറിച്ച് അപ്പോള്‍ ഞാനും ചിന്തിക്കാന്‍ തുടങ്ങി. ഗൂഗിളില്‍ ഒരു പുതിയ ബ്ലോഗും തുടങ്ങി.

അതാണ് ‘കൂട്ടുകാരന്‍ !!

ഇനി പോസ്റ്റുകള്‍ വേണമല്ലോ.. എവിടന്ന് ? എങ്ങനെ? എന്തെഴുതും ?

സ്കൂളില്‍ പഠിക്കുന്ന സമയത്ത് നോട്ട് പുസ്തകങ്ങള്‍ നാശമാവരുതെന്ന് കരുതി പാഠങ്ങള്‍ പോലും എഴുതാത്ത ഞാന്‍ എന്തെഴുതാനാ…?

പിന്നെ എഴുതാന്‍ തുടങ്ങിയത് കല്യാണം കഴിഞ്ഞ് വിരഹം അനുഭവിക്കുമ്പോള്‍ ഇടതടവില്ലാതെ ഭാര്യക്ക് എഴുതിയിരുന്ന കത്തുകളാണ്. ഒരു കത്തില്‍ തന്നെ ഇരുപതും മുപ്പതും പേജുകള്‍ എഴുതുന്നത് കൊണ്ട് ഒരിക്കല്‍ ശിപായി പറഞ്ഞുവെത്രേ…

“കത്തിന്‍റെ ഭാരം കണ്ടാല്‍ ഞാന്‍ അഡ്രസ്സ് നോക്കാറില്ല ഇങ്ങോട്ട് കൊണ്ട് വരാറാണ് ” എന്ന് . അത് കേട്ട് ഉപ്പയും, ഉമ്മയും, പെങ്ങന്മാരുമെല്ലാം കൂടി കുറേ ചിരിച്ചുവെന്ന് പിന്നീട് വന്ന കത്തില്‍ അവള്‍ എഴുതിയപ്പോള്‍ എനിക്ക് തോന്നി ഞാനും ഒരു “എഴുത്തുകാരന്‍” തന്നെ എന്ന്.!

അങ്ങനെ കഴിഞ്ഞ വര്‍ഷം കൂട്ടുകാരന്റെ തറക്കല്ലായ ആദ്യ പോസ്റ്റിട്ടു. എന്റെ നിസാം തന്നെ ആദ്യ കമന്റ് എഴുതി. പിറകേ വന്നത് നാട്ടുകാരനും കൂട്ടുകാരനുമായ തൂത മുനീര്‍ ആയിരുന്നു

ഒരു പരിചയവും ഇല്ലാത്ത ബൂലോകത്ത് നിന്നും ആദ്യമായി എത്തിയത് ഇസ്മായില്‍ കുറുമ്പടി (തണല്‍). അദ്ദേഹമാണ് കൂട്ടുകാരന്‍ എന്ന ബ്ലോഗിലൂടെ വ്യക്തിപരമായി ഞാന്‍ പരിചയപ്പെടുന്ന ആദ്യ ബ്ലോഗര്‍. ബൂലോകത്തെ കുറിച്ചും ഇവിടത്തെ കീഴ്വഴക്കങ്ങളെ കുറിച്ചും ആദ്യ പാഠങ്ങളും അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത് . പിന്നെ പിന്നെ കുറേ പേരെ പരിചയപ്പെടാന്‍ തുടങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖവും അനുഭൂതിയും ബൂലോകത്ത് നിന്നും ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി.

നാല് വരി തികച്ച് മലയാളം എഴുതാന്‍ കഴിയാത്ത ഞാന്‍ ഈ ഒരു വര്‍ഷം കൊണ്ട് പത്ത് മുപ്പത്ത് പോസ്റ്റ് എഴുതിയത് എങ്ങനെ എന്ന് പടച്ച റബ്ബാണേ എനിക്കറിയില്ല എന്നതാണ് സത്യം. അത് നിങ്ങളുടെ എല്ലാം സ്നേഹത്തിന്റേയും പ്രേത്സാഹനത്തിന്‍റെയും ഫലം തന്നെയാണെന്ന് ഏത് കോടതിയിലും വിളിച്ചു പറയാന്‍ ഞാന്‍ ഒരുക്കമാണ്. അതിന് അള്ളാഹുവിനെ കഴിഞ്ഞാല്‍ പിന്നെ നന്ദി പറയേണ്ടത് സ്നേഹനിധികളായ എന്റെ ബ്ലോഗ് സുഹൃത്തുക്കളോട് തന്നെയാണ്.

ഒരോരുത്തരുടെയും പേരെടുത്ത് എഴുതാന്‍ ശ്രമിച്ചാല്‍ ആരെയെങ്കിലുമൊക്കെ അറിയാതെ വിട്ടു പോവും എന്ന് എനിക്കറിയാം എന്നിരുന്നാലും ചില പേരുകള്‍ പറയതിരുന്നാല്‍ അത് ഞാന്‍ കാണിക്കുന്ന നന്ദികേടാവും.

വിരൂപനായിരുന്ന ഈ ‘കൂട്ടുകാരന്‍’ ബ്ലോഗിനെ സുന്ദരനാക്കി തന്ന എന്റെ പ്രിയ അനിയന്‍ “കൂതുമോന്‍” എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന എന്റെ കൂതറ ഹാഷിം.

ഞാന്‍ താമസിക്കുന്നിടത്തു നിന്നും ഏറെ അകലെ അല്ലാതെ താമസിക്കുന്ന സിനു മുസ്തു (ഒഴിഞ്ഞ കുടം) അവരുടെ ഭര്‍ത്താവ് മുത്തുവിന്റെ സ്നേഹത്തോടെയുള്ള ടെലിഫോണ്‍ കോളും തുടര്‍ന്ന് അവരുടെ ഫ്ലാറ്റിലേക്കുള്ള സല്‍ക്കാരവും. അരിപ്പത്തിരിയും, മട്ടന്‍ കറിയും, കോഴിഫ്രൈയും, പിന്നെ പേരറിയാത്ത എന്തൊക്കയോ വിഭവങ്ങളുമായി ഒരു അടിപൊളി വിരുന്ന് നല്‍കി അവര്‍ എന്നെ സല്‍ക്കരിച്ചപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്റെ ആദ്യ ബ്ലോഗ് മീറ്റില്‍ (ഈറ്റ്) പങ്കെടുക്കുകായായിരുന്നു ഞാന്‍.

പിന്നീട് ജിദ്ദയില്‍ തന്നെ താമസിക്കുന്ന സാബിറസിദ്ധീഖ് (മിഴിനീര്‍) എന്ന സാബിബാവയെ പരിചയപ്പെടുത്തിയത് സിനുവാണ് സാബിയുടെ ഭര്‍ത്താവ് ബാവക്കയുമായി സംസാരിച്ചതോട് കൂടി പുതിയ ഒരു സൌഹൃദ ബന്ധം കൂടിയുണ്ടാവുകയും സ്നേഹവിരുന്നുകളുടെ എണ്ണം കൂടുകയും ചെയ്തു.

കഴിഞ്ഞ ബലി പെരുന്നാളിന് ഈ രണ്ട് പെങ്ങന്മാരുടെ ഫ്ലാറ്റുകളില്‍ എനിക്ക് കിട്ടിയ വിരുന്ന് ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.. അത്രക്ക് രുചികരമായിരുന്നു രണ്ടിടത്തു നിന്നും കിട്ടിയ ഭക്ഷണം. ഹോട്ടല്‍ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുന്ന എന്നോട് സാബി വളയിട്ട കൈകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ അഭിപ്രായം ചോദിച്ചപ്പോള്‍.. പോസ്റ്റുകളില്‍ കമന്റെഴുതിയുള്ള അനുഭവം വെച്ച് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു.

“പാചകത്തില്‍ സാബീ നിനക്ക് അക്ഷരതെറ്റില്ല”

ബാവക്കയും മക്കളും എല്ലാം കൂടി ചിരിച്ചപ്പോഴാണ് പറഞ്ഞത് തമാശയായിരുന്നു എന്ന് എനിക്കും മനസ്സിലായത്..

സിനുവിന്റെ വീട്ടിലെ പെരുന്നാള്‍ ഭക്ഷണത്തിന്റെ കൂടെ കിട്ടിയ സ്പെഷല്‍ പായസം എനിക്ക് വേണ്ടി സ്പോണ്‍സര്‍ ചെയ്തത് ബഹറൈനില്‍ നിന്നും ഉമ്മുഅമ്മാര്‍ (അക്ഷര ചിന്തുകള്‍ ) ആയിരുന്നു എന്ന് സിനു പ്രത്യേകം പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ബൂലോക ബന്ധത്തിന്റെ സ്നേഹം തിരിച്ചറിയുകയായിരുന്നു.!!

പാതിരാത്രിയിലും നെറ്റിനു മുന്നില്‍ ഉറങ്ങാതെ ഇരിക്കുന്ന എന്നെ ശാസനാ രൂപത്തില്‍ ഒരു അമ്മയുടെ സ്നേഹത്തോടെ “പോയി ഉറങ്ങെടാ.. സമയം കുറേ ആയില്ലെ” എന്ന് ഉപദേശിച്ചിരുന്ന ടീച്ചര്‍ എന്നു ഞാന്‍ വിളിക്കുന്ന മാണിക്യം മുതല്‍ ഈ അടുത്ത കാലത്ത് പരിചയപ്പെട്ട സി.പി നൌഷാദ് വരെ വ്യക്തിപരമായി എനിക്ക് എടുത്ത് പറയേണ്ട ഒത്തിരി ഒത്തിരി സുഹൃത്തുക്കളും സഹോദരിമാരും ഉണ്ട് ഈ ബൂലോകത്ത്. ഒരോരുത്തരുമായുള്ള എന്‍റെ ആത്മ ബന്ധം എഴുതാന്‍ ഈ ഒരു പോസ്റ്റ് എന്നല്ല ചിലപ്പോള്‍ ഇതു പോലെ നൂറോളം പോസ്റ്റ് എഴുതിയാലും തീരുമെന്ന് എനിക്ക് തോന്നുന്നില്ല അതുകൊണ്ട് കുറെ പേരുടെയെല്ലാം പേരെടുത്ത് മാത്രം ഞാന്‍ ഇവിടെ എഴുതാം. സ്നേഹോപദേശങ്ങള്‍ നല്‍കി എന്നെ പ്രോത്സാഹിപ്പിക്കുന്ന.....

ശ്രീ,

ലക്ഷ്മി ലച്ചു,

റോസാപ്പൂക്കള്‍,

സിദ്ധീഖ് തൊഴിയൂര്‍,

സുല്‍ഫി,

വഷളന്‍JK,

നൌഷാദ് അകമ്പാടം,

ആദില,

അലി,

വായാടി,

സബിതടീച്ചര്‍ ( തണല്‍),

പട്ടേപാടം റാംജി,

മുഹമ്മദ്കുട്ടിക്ക,

മനോരാജ്,

കുമാരന്‍,

അഭി,

മുഖ്താര്‍,

ഏറക്കാടന്‍,

ഏച്ചുമ്മുക്കുട്ടി,

തെച്ചിക്കൊടന്‍,

ജിഷാദ്,

കണ്ണൂരാന്‍,

പാവപ്പെട്ടവന്‍,

ജയന്‍ ഏവൂര്‍,

ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍,

അക്ബര്‍,

ഭായി,

ഗീതേച്ചി,

ബഷീര്‍ വെള്ളറക്കാട്

കമ്പര്‍,

ജീവികരിവെള്ളൂര്‍,

O.A.B. (ബസ്സ്സ്റ്റോറി )

യാസര്‍ ( വഴിപോക്കന്‍),

അനീസ് ഹസ്സന്‍(ആയിരത്തൊന്നാം രാവ്)

രവീണ രവീന്ദ്രന്‍,

റഫീഖ്,

My Dreems,

S.M.Sadiqe,

Fasil,

രഞ്ജിത്,

ശ്രീനാഥന്‍,

പാലക്കുഴി,

സലാഹ്,

P.D. ,

മന്‍സൂരാലുവിള.

N.B.സുരേഷ്,

JYO,

മഴമേഘങ്ങള്‍,

പൌര്‍ണമി,

MAY FLOWERS,

കുഞ്ഞൂസ്,

കുസുമം.ആര്‍.പുന്നപ്ര,

നൂനൂസ്,

ശ്രീക്കുട്ടന്‍,

ഒഴാക്കന്‍,

അഷറഫ് ഉണ്ണീന്‍,

Chithrangada,

ആളവന്താന്‍ ,

സിബുനൂറനാട് (വരയും വരിയും)

യൂസഫ്പ,

മിഴിനീര്‍തുള്ളി( റിയാസ്)

സുഹൈല്‍ ചെറുവാടി,

ഷുക്കൂര്‍ ചെറുവാടി,

ഒരു നുറുങ്ങ് ( ഹാറൂന്‍ക്ക ),

റെഫി,

Thalayambalath,

സുകന്യ,

മഴവില്ല്,

പാവം ഞാന്‍,

സുലേഖ,

എം.ടി.മനാഫ്,

സ്നേഹപൂര്‍വ്വം ശ്യാമ,

SIYA,

അനില്‍കുമാര്‍ .സി.പി,

രസികന്‍ ,

ഭാനു കളരിക്കല്‍,

നൌഷു,

സുല്‍ത്താന്‍,

A.FAISAL,

ഹൈന,

ജുവൈരിയ സലാം,

ഉമേഷ് പീലിക്കോട്,

കൊലുസ്,

നസീഫ് അരീക്കോട്,

ജിതിന്‍,

വിനുവേട്ടന്‍,

നീലത്താമര,

മഹേഷ് വിജയന്‍,

കൊട്ടോട്ടിക്കാരന്‍,

ഷഹല്‍.ബി,

ഷബ്ന സുമയ്യ,

ഹാപ്പിബാച്ചിലേഴ്സ്,

സുരേഷ്കുമാര്‍ . വീ.കെ,

ചെറുവാടി,

EX.Pravaasini,

പേരൂറാന്‍,

ഹനീഫ വരിക്കോടന്‍,

ഭൂതത്താന്‍,

ഒറ്റയാന്‍,

ജാസ്മിക്കുട്ടി,

മുകില്‍.

ജയരാജ് മുരിക്കുമ്പുഴ,

ആചാര്യന്‍,

ജിപ്പൂസ്,

സ്വപ്ന സഖി,

റഷീദ് പുന്നശ്ശേരി,

ജയിംസ് സണ്ണിപാറ്റൂര്‍,

അമ്പിളി,

ശ്രീദേവി,

SREEE,

സമദ് ഇരുമ്പൂഴി,

എന്‍റെ ലോകം ,

ഫാരിസ്,

ഒറ്റവരിരാമന്‍,

സി.പി നൌഷാദ്,

മൊഹിയുദ്ധീന്‍ എം.പി,

രാധികാനായര്‍,

റ്റോംസ് കോനുമാഠം,

വിഷ്ണുപ്രിയ,

രമേഷ് അരൂര്‍,

അരീക്കോടന്‍,

അനീസ,

റിഷ റഷീദ്,

ഫൈസുമദീന,

ചാണ്ടിക്കുഞ്ഞ്,

ELAYDAN,

റാണിപ്രിയ,

അനൂപ്.ടി.എം,

കുട്ടന്‍,

കൊലകൊമ്പന്‍,

വെള്ളത്തിലാശാന്‍,

മന്‍സു,

Shaivyam,

കാര്‍ന്നോര്‍,

നിഷ,

മനുഷ്യ സഹജമായ മറവികൊണ്ട് പേരെഴുതാന്‍ വിട്ടുപോയ ഒരുപാട് പേര്‍ ഇനിയും ഉണ്ട്. ദയവ് ചെയ്ത അവരുടെയും പേരുകള്‍ ഞാന്‍ എടുത്ത് പറഞ്ഞിട്ടുണ്ട് എന്നു കരുതി കൂട്ടിവായിക്കണം .

ബ്ലോഗില്‍ വന്നു വായിച്ച് മെയിലിലൂടെയും അല്ലാതെയും എന്നെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗ് ഇല്ലാത്ത അനേകം സുഹൃത്തുക്കള്‍ വേറെയും ഉണ്ട്. അവരുടെ പേരുകള്‍ ഒന്നും ഞാന്‍ ഇവിടെ എഴുതിയിട്ടില്ല. ഞാന്‍ അറിയാത്ത എന്നെ നേരിട്ടറിയാത്ത ഒരുപാട് സുഹൃത്തുക്കള്‍ ബ്ലോഗ് വായിച്ചു പോവുന്നുണ്ട് എന്നറിയാം അവര്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

എന്നെ ഫോളോചെയ്ത എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു.

തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കില്‍ മാത്രമേ എനിക്കിവിടെ തുടര്‍ന്ന് പോവാന്‍ കഴിയൂ എന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട് ..

ഒരിക്കല്‍ കൂടി എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു കൊണ്ട് ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കുന്നു.
നന്ദി, നന്ദി.... നന്ദി…!