2010, ജനുവരി 23, ശനിയാഴ്‌ച

അടയാളം { കഥ }

   “  നോക്കീം ,, നോക്കീം  ,,,നമ്മുടെ ആലമൂടന്‍ മരിച്ചു.

സുന്ദരമായ ഒരു സ്വപ്നത്തിന്‍റെ ക്ലൈമാക്സ് കാണാന്‍ സമ്മതിക്കാതെ തട്ടിയുണര്‍ത്തിയ സുലൈഖയെ പ്രാകികൊണ്ട് സൈതലവി കണ്ണുകള്‍ തുറന്നു.

“ആര് ?

“നമ്മുടെ ആലമൂടന്‍ മരിച്ചൂന്ന് .

അഴിഞ്ഞുപോയ ഉടുമുണ്ട് കൈകൊണ്ടും കാലുകൊണ്ടും ഒരേ സമയം തിരഞ്ഞു കൊണ്ട് സൈതലവി പിന്നെയും ചോദിച്ചു

“ അത് നിന്‍റെ ആരാ ?

“എന്‍റെ ആരുമല്ല… സിനിമാനടന്‍ ആലമൂടന്‍.

“ഞാന്‍‍ കരുതി നിന്‍റെ ബാപ്പയാന്ന്, ന്‍റെ കാല്‍ചുവട്ടീന്ന് പോവാ നല്ലത്…..

വായില്‍ വന്ന തെറിവാക്ക് രാവിലെ തന്നെ പറയണ്ട ഇനിയും സമയം ഉണ്ടല്ലോ എന്നു കരുതിമാത്രം പറയാതിരുന്ന സൈദലവി തലയില്‍ നിന്നും മാറ്റിയ പുതപ്പ് തലയിലേക്ക് തന്നെ വലിച്ചിട്ട് മുറിഞ്ഞ്പോയ സ്വപ്നത്തിന്‍റെ ബാലന്‍സുകൂടി കാണാന്‍ വേണ്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു.

ആകാശവാണിയില്‍ ‍ നിന്നും കിട്ടിയ ജനറല്‍നോളേജ് അറിയിക്കാന്‍ ചെന്ന സുലൈഖ കെട്ടിയോന്‍റെ  പ്രതികരണം ഇഷ്ടപ്പെടാതെ   ഒന്നും മിണ്ടാതെ അടുക്കളയിലെക്ക് നടന്നു.

“എന്താ അന്‍റെ മോറ് കടന്നല് കുത്തിയപോലെ ?

ആലമൂടന്‍റെ മരണമോ, സൈദലവിയുടെ പ്രതികരണമോ എന്തോ ഒന്നിന്‍റെ വിഷമം സുലൈഖയുടെ  മുഖത്ത് കണ്ട അമ്മയിമ്മ സൈനാത്ത ചോദിച്ചു.

തള്ളയുടെ ചോദ്യം ഇഷ്ടപ്പെടാത്തത് കൊണ്ടും അതിനോന്നും മറുപടി പറഞ്ഞിട്ട് കാര്യമില്ലത്തത് കൊണ്ടും സുലൈഖ ഒന്നും മിണ്ടാതെ പുട്ടുംകുറ്റിയില്‍ നനച്ച് വെച്ച അരിപ്പൊടി നിറച്ചു.

“ഓന്‍ ഞ്ഞീ നീച്ചില്ലെ ?

സൈനാത്ത ഇതിനെങ്കിലും മറുപടി കിട്ടും എന്ന് കരുതി സുലൈഖയെ നോക്കി,

“ഇല്ല .

പുട്ടുംകുറ്റിയില്‍ നിന്നും കണ്ണെടുക്കതെ സുലൈഖ മറുപടി കൊടുത്തു.

“നേരം ഉച്ചായിട്ടും ഓനിക്കു നീച്ചാനായിട്ടില്ല..ആ തന്ത തെണ്ടിച്ച്കൊണ്ട്വര്ണത് തിന്നാനായിട്ട് ഒര് കുരുത്തംകെട്ടോന്‍.. പെണ്ണ്കെട്ടിച്ചാലെങ്കിലും നേരാവുന്ന് കരുതീ, ഇപ്പം രണ്ടെണ്ണത്തിനീം തീറ്റിപോറ്റണ്ട ഗതികേടായല്ലോ പടച്ചോനെ ആ പാവത്തിന്.

സൈനാത്ത തന്‍റെ കെട്ടിയോന്‍ കുഞ്ഞമ്മദ്കാക്കന്‍റെ അധോഗതി ആലോചിച്ച് സൈതലവിയെ പ്രാകിക്കൊണ്ടിരുന്നു.

കുഞ്ഞമ്മദ്കാക്കാക്ക് ഒരു പെട്ടിപ്പീടികയുണ്ട്.

സിഗരറ്റ്,ബീഡി,തീപ്പട്ടി. കെട്ടിത്തൂക്കിയ നേന്ത്രക്കുല ,കടയുടെ മൂലയില്‍ കുത്തിച്ചാരി വെച്ച മൈസൂര്‍ക്കുല ,

പലകളറുകളില്‍ ‍ ഉള്ള ബിസ്ക്കറ്റും മിഠായികളും  ഒരു സെക്ഷനില്‍.

കൂള്‍ബാര്‍ ഐറ്റംസില്‍ ,സോഡ ഐസിലിട്ടതും ഐസിലിടാത്തതും, സര്‍ബത്ത്,മോര് .

ഉള്ളി തക്കാളി,പച്ചമുളക് മുതല്‍ പിടിച്ച് ചീര വരേയുള്ള പച്ചക്കറി ഐറ്റംസും.

ജപ്പാനില്‍ നിന്നും സ്പെഷലായി ഇറക്കുന്ന ഉണക്കമീനും  ,

ഗോവിന്ദനാശാരിയുടെ കരവിരുതില്‍ നിര്‍മിച്ച ചില്ലിട്ടഅലമാരയില്‍ സോപ്പ്,ചീര്‍പ്പ്,കണ്ണാടി,കണ്മഷി ‍ മുതലായ ഫാന്‍സി ഐറ്റംസും അടങ്ങിയ അന്നാട്ടിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ്.

അലങ്കാരമായ് കെട്ടിത്തൂക്കിയിരുന്ന പാന്‍പരാഗ് നിരോധം മൂലം എടുത്തുകളയണ്ടി വന്നപ്പോള്‍ കടയുടെ മുഖംനഷ്ടപ്പെട്ടുവെങ്കിലും അവിടെ മംഗളവും മനോരമയും കെട്ടിത്തൂക്കി അഡ്ജസ്റ്റ്ചെയ്തിട്ടുണ്ട്.

കച്ചവടതിരക്കുള്ള സമയത്ത് സഹായിക്കാന്‍ സൈദലവി വരുമെങ്കിലും അത് കുഞ്ഞമ്മദ്കാക്കക്ക് ഉപദ്രവമായേ അവസാനിക്കൂ.അതുകൊണ്ട്   കഴിയുന്നതും കടയിലോട്ട് അവനെ അടുപ്പിക്കാറില്ല.

നേരയാവാന്‍ വേണ്ടി ഇല്ലാത്തകാശുണ്ടാക്കി സൈതലവിയെ ഉംറ വിസയില്‍ സൌദിയിലേക്കയച്ചെങ്കിലും അവിടത്തെ പോലീസ്കാര്‍ക്ക് സൈദലവിയുടെ രൂപമോ സ്വഭാവമോ പിടിക്കാത്തത് കൊണ്ട് ചെന്നതിന്‍റെ നാല്‍പ്പത്തിആറാം പക്കം പിടിച്ച് തിരിച്ച് കയറ്റി അയച്ചു.

  പന്നിമലര്‍ത്തും റമ്മി കളിയും   ,  നാലാള് കൂടുന്നിടത്ത് മുച്ചീട്ട്കളിയും. ലോട്ടറിയടിച്ചാല്‍ കുടുമ്പം നോക്കാനുള്ള വകകിട്ടുമല്ലോ എന്ന് കരുതി ഒറ്റനമ്പറും ഇരട്ടനമ്പറുമോക്കയുള്ള എല്ലാ ലോട്ടറിയിലും ഭാഗ്യപരീക്ഷണവും നടത്തി നാട്ടിലെ മഹാനായി സൈദലവി കഴിഞ്ഞ്കൂടുന്നു.

ഒരു ദിവസം രാവിലെ    മാര്‍ക്കറ്റില്‍ നിന്നും കടയിലേക്കുള്ള അന്ന്  റിലീസായ പച്ചക്കറികളും വാങ്ങി കട തുറക്കാന്‍ ചെന്ന കുഞ്ഞമ്മദ്കാക്ക കടയുടെ മുന്‍പില്‍ കൂടിനില്‍ക്കുന്ന ആളുകളെ കണ്ടപ്പോള്‍ ഒന്ന് അമ്പരന്നു. കാര്യമറിയാന്‍ തിടുക്കപ്പെട്ട്   ഓടിചെന്നപ്പോള്‍ പീടികയുടെ നിരപ്പലക ആരോ കുത്തിതുറന്നു അകത്ത് കടന്നിരിക്കുന്നു.

കുഞ്ഞമ്മദ്കാക്ക കയ്യിലുണ്ടായിരുന്ന പച്ചക്കറിച്ചാക്ക് താഴെവെച്ച് കടയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍,,,

“അകത്ത് കയറല്ലെ .വിരലടയാളം നഷ്ടപ്പെടും.

പഞ്ചായത്താഫീസിലെ പ്യൂണ്‍ മാധവന്‍കുട്ടി തന്‍റെ നിയമപരമായ അറിവ് കുഞ്ഞമ്മദ്കാക്കനോട് പറഞ്ഞു.

കുഞ്ഞമ്മദ്കാക്ക അകത്തേക്ക് വെച്ച കാല്‍ പിന്നിലോട്ട് തന്നെ വലിച്ചു !!

“നിങ്ങള്‍ ഇത് പോലീസ് കേസാക്കാന്‍ നില്‍ക്കുവാണോ പിന്നെ അതിന്‍റെ പിറകെ നടന്ന് പോയതിന്‍റെ ഇരട്ടി അവര്‍ക്ക് കൊടുക്കെണ്ടി വരും.,

മാധവന്‍കുട്ടിയുടെ അഭിപ്രായത്തിനു എതിരായി ബാര്‍ബര്‍ ഷാനവാസ് പറഞ്ഞപ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ ആയിരുന്നു അവിടെ കൂടിയ ഭൂരിപക്ഷം പേരും.

ജനാതിപത്യരാഷ്ട്രത്തില്‍  ജീവിക്കുന്ന കുഞ്ഞമ്മദ്കാക്ക ഭൂരിപക്ഷാഭിപ്രായം സ്വീകരിച്ച് കടയുടെ അകത്ത് കയറി നോക്കി.

മേശ വലിപ്പ് തുറന്ന് കിടക്കുന്നുണ്ട്.

അതില്‍ ഉണ്ടായിരുന്ന ചില്ലറപ്പൈസ ഒന്നും കാണുന്നില്ല  പിന്നെ യത്തിഖാന നേര്‍ച്ചപെട്ടിയില്‍ ഉണ്ടായിരുന്ന ചില്ലറകളും.

പെട്ടന്ന് എന്തോ ഓര്‍ത്ത കുഞ്ഞമ്മദ്കാക്ക ഫാന്‍സി സാധനങ്ങള്‍‍ വെകുന്ന ചില്ലലമാറ തുറന്ന് അതിന്‍റെ ഇടയില്‍ വെച്ചിരുന്ന ബാറ്ററി പെട്ടി തുറന്നു നോക്കി..  ഇല്ല !!!

അതും പോയിരിക്കുന്നു!!

മാസക്കുറിക്കു കൊടുക്കാന്‍ വേണ്ടി റബ്ബര്‍ബാന്‍റിട്ട് സൂക്ഷിച്ച് വെച്ചിരുന്ന ആയിരത്തിഅഞ്ഞൂറ് രൂപ.

ആകെകൂടി പത്ത് രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടിരിക്കുന്നു.

കടയെകുറിച്ച് നന്നയി അറിയുന്ന ഒരാള്‍ക്കല്ലാതെ കുറിപ്പൈസ വെകുന്ന സ്ഥലം അറിയില്ല.  സ്ഥിരമായ് കടയില്‍ വരുന്ന ആരേയും സംശയിക്കാം,, 

പക്ഷെ ആരെ?

കുഞ്ഞമ്മദ്കാക്ക കേട് വന്ന നിരപ്പലക നേരയാക്കന്‍  ഗോവിന്ദനാശാരിയെ വിളിപ്പിച്ചു .

“കുഞ്ഞമ്മദാപ്പളെ ആളെ അറിയാന്‍ ഒരു മാര്‍ഗോണ്ട്.

ഗോവിന്ദനാശാരി നിരപ്പലക നേരാക്കികൊണ്ടിരിക്കുന്നതിനിടക്ക് പറഞ്ഞു.

എന്ത് എന്ന ചോദ്യഭാവത്തില്‍  കുഞ്ഞമദാക്ക ഗോവിന്ദനാശാരിയെ നോക്കി.

ഗോവിന്ദനാശാരി ഉളി താഴെവെച്ച് കുഞ്ഞമ്മദാക്കാന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു.

“മ്മടെ നാണുപ്പണിക്കരെ കണ്ടാമതി.

“ഊം.!!

കുഞ്ഞമ്മദാക്ക ഒന്ന് ഇരുത്തി മൂളി.

പിറ്റേന്ന് കുഞ്ഞമ്മദാക്കയും ഗോവിന്ദനാശാരിയും കൂടി  നാണുപ്പണികരെ കാണാന്‍ പോയി.

നാണുപ്പണിക്കര്‍ കവടി നിരത്തി . കുഞ്ഞമ്മദാക്കയും ഗോവിന്ദനാശാരിയും പണിക്കരുടെ മുഖത്തുനിന്നും കണ്ണെടുക്കതെ നോക്കിയിരുന്നു.

കവടിയില്‍ നിന്നും കണ്ണെടുത്ത പണിക്കര്‍ കള്ളനെ കണ്ട ഭാവത്തില്‍ കുഞ്ഞമ്മദ്കക്കാനെ നോക്കി.

“ആളെ മനസ്സിലായീ ട്ടോ .

“ആരാ ?

കുഞ്ഞമ്മദാക്കക്ക് ആളെ അറിയാന്‍ തിടുക്കമായി

‘അങ്ങനെ പരസ്യമായി പറയാന്‍ പറ്റില്ല്യാ വേണോങ്കി ഒരടയാളം കാണിക്കാം എന്താ വേണ്ട് ?

“മതി അത് മതി ആ പഹേന്‍ ‍ ആരാണെങ്കിലും    ചോരതുപ്പണം .

കുഞ്ഞമ്മദാക്ക തന്‍റെ  മനസ്സിലെ  ദേഷ്യം  പണിക്കരോട് പറഞ്ഞു.

“തുപ്പിക്ക്യാം ചോരതന്നെ തുപ്പിക്ക്യം പക്ഷെ വീട്ടിലോട്ട് പോവുമ്പോള്‍ ഒരു കോളാമ്പി കൂടെ കരുതിക്കോള്വാ..

കുഞ്ഞമ്മദാക്കയും ഗോവിന്ദനാശാരിയും മുഖത്തോട് മുഖം നോക്കി.

“എന്നാപ്പിന്നെ അടയാളമൊന്നും വാണ്ട.

കുഞ്ഞമ്മദാക്ക തന്‍റെ അഭിപ്രായം പിന്‍വലിച്ചു

ഗോവിന്ദനാശാരിക്ക് കാര്യമൊന്നും പിടികിട്ടിയില്ല.

പുറത്തിറങ്ങിയ കുഞ്ഞമദ്കാക്കനോട് ഗോവിന്ദനാശാരി ചോദിച്ചു

“കുഞ്ഞമ്മദാപ്പളെ എന്തെ അടയാളം ഒന്നും കാണിക്കെണ്ടന്നു പറഞ്ഞത് ?

“അത് ഗോവിന്ദാ അടയാളം കാണിച്ചാല്‍ പിന്നെ അതിന്ള്ള ചികിത്സക്ക് നമ്മള് തന്നെ ഇബടെ വരണ്ടി വരും അതാ

എന്നിട്ടും കാര്യം മനസ്സിലാകാത്ത ഗോവിന്ദനാശാരിയെ നോക്കി കുഞ്ഞമ്മദ്കാക്ക പറഞ്ഞു.

“അത് വേറാരൂല്ല നമ്മടെ സൈതലവി തന്നെന്നാ പണിക്കര് ഉദ്ദേശിച്ചത്,, ഇനി ജ്ജായിട്ട് ഇതാരോടും പറയണ്ട.

കുഞ്ഞമ്മദ്കാക്ക കാലന്‍ കുടയും വീശി പാടവരമ്പത്തു കൂടി ഒറ്റ നടത്തം.

21 അഭിപ്രായ(ങ്ങള്‍):

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

നല്ല അവതരണം .....

പണിക്കര്‍ക്ക് good certificate കൊടുക്കരുത് കേട്ടോ.അതൊക്കെ തട്ടിപ്പാണ്.അവര്‍ക്ക് അവരുടെ വീട്ടിലെ കാര്യങ്ങള്‍ അറിയാന്‍ വേറെ ആളെ വിളിക്കണം.
അതറിയണമെങ്കില്‍ എന്റെ ബ്ലോഗിലെ "മോല്ലാക്കന്റെ ദുഃഖം" വായിക്കുക.

കൂടുതല്‍ വ്യത്യസ്ത രചനകള്‍ പ്രതീക്ഷിക്കുന്നു

Unknown പറഞ്ഞു...

best story
regards,
thudaynum nalla nalla kadhakal pratheekshikkunnu

Nizam പറഞ്ഞു...

@Thanal.... Athu shariyaa.. Panikkarude Panikku demand koottuna kathayaanu... Kathayil chodyam illa ennu paranchittu karyamilla...Korachu okke moral sidum nokkanam...

hm.. katha parayunna reethi okke istapettu...

Adutha katha enthanavow... Puzha vakkathu thamasichittu..puzhayil mungiya poya kathakal onnumille mashe..

ഹംസ പറഞ്ഞു...

തണല്‍.

അഭിപ്രായത്തിനു നന്ദി.

പണിക്കര്‍ക്ക് good certificate ഞാന്‍ കൊടുത്തതല്ല.

നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങളല്ലെ .

പിന്നെ ഇതു വെറും ഒരു കഥ.

മുസ്ഥഫ അഭിപ്രായത്തിനു നന്ദി

ഹംസ പറഞ്ഞു...

തൂതപ്പുഴയില്‍ മുങ്ങിയതല്ല ഞാന്‍
ഒലിച്ചുപോയ ഒരു സംഭവം മനസ്സിലുണ്ട് .. എഴുതണം എന്നു കരുതിയതാണ് ,, എഴുതാം.

അഭിപ്രായത്തിനു നന്ദി

OAB/ഒഎബി പറഞ്ഞു...

"......പോയതിന്‍റെ ഇരട്ടി അവര്‍ക്ക് കൊടുക്കെണ്ടി വരും"
ഒരു സത്യം!
“......ഒരു കോളാമ്പി കൂടെ കരുതിക്കോള്വാ..“
ഒരു നുണ!

എല്ലാം കൂടിയപ്പോള്‍ ഒരു നല്ല കഥയായി ഹംസാപ്പൂ..

നന്ദന പറഞ്ഞു...

കഥ കഥയായികാണുമ്പോഴും
അനുഭവങ്ങളിലെ സത്യങ്ങൾ ഇത്രയും വേണ്ടിയിരുന്നില്ല
എന്നൊരു മുന്നറിയിപ്പ് തരട്ടെ!!
കാരണം ഇതിൽ ഏതെങ്കിലും ഒരു വായനക്കാരന്റെ
വികലമായ വിശ്വാസം ഊട്ടി ഉറപ്പിക്കൻ സാദിച്ചാൾ അതിനുത്തരവാദി എഴുത്തുകാരനായിരിക്കില്ലേ?
എന്നൊരു സംശയം

സിനു പറഞ്ഞു...

നല്ല കഥയാട്ടോ...
ഇഷ്ട്ടായി.

സിനു പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Akbar പറഞ്ഞു...

സൈതലവിയെ എവിടെയൊക്കെയോ കണ്ടത് പോലെ തോന്നുന്നു. അവതരണം നന്നായി

ഹംസ പറഞ്ഞു...

ഒ എ ബി

നന്ദന

സിനുമുസ്തു.

അക്ബര്‍

അഭിപ്രായങ്ങള്‍ക്ക് നന്ദി

ramanika പറഞ്ഞു...

കടയില്‍ കള്ളന്‍ കയറിയാല്‍ പോലീസിനെ വിളിക്കരുരുത്
പോയതിന്റെ ഇരട്ടി അവര്‍ക്ക് കൊടുക്കേണ്ടിവരും
നല്ല പ്രാക്ടിക്കല്‍ ചിന്താഗതി ....

പോസ്റ്റ്‌ രസകരം

വീകെ പറഞ്ഞു...

പോലീസിനെ വിളിച്ചാൽ കടയിൽ ബാക്കിയുള്ളതും കൂടി പോയേനെ.....!!
കഥ നന്നായീട്ടൊ...

ആശംസകൾ...

ഹംസ പറഞ്ഞു...

രമണിക

വി കെ.

അഭിപ്രായങ്ങള്‍ക്ക് നന്ദി

ആശംസകള്‍

റോസാപ്പൂക്കള്‍ പറഞ്ഞു...

kadha nannaayi..nalla ozhukkulla saili.
congrats

ഹംസ പറഞ്ഞു...

റോസാപൂ…

അഭിപ്രായത്തിന് നന്ദി

ആശംസകള്‍

എറക്കാടൻ / Erakkadan പറഞ്ഞു...

നല്ല സുന്ദരൻ കഥാട്ടോ.....ഒരു കൊച്ചു മലബാറി കഥ

vinus പറഞ്ഞു...

ഹംസക്കോ കഥ രസിപ്പിച്ചു ഏതായാലും ഞാൻ സെയ്തലവിയുടെ കൂടെയാ ഒന്നൂല്ലേലും സ്വന്തം മൊതലല്ലേ കട്ടത്

ഹംസ പറഞ്ഞു...

എറക്കാടന്‍

വിനൂസ്

അഭിപ്രായങ്ങള്‍ക്ക് നന്ദി

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇതും ഇഷ്ട്ടപ്പെട്ടു കേട്ടൊ...
എല്ലാം നല്ലയവതരണങ്ങൾ..

ഹംസ പറഞ്ഞു...

ബിലാത്തിപട്ടണം

വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

വീണ്ടും വരിക

ആശംസകള്‍