
മലയാലം ഞാന്‍
പതിച്ചിട്ടുണ്ട്.
അല്ല ,,
പദിച്ചിട്ടുണ്ട്.
ശ്ശോ,,,,,
പധിച്ചിട്ടുണ്ട്.
കഷ്ടം..!!
പഡിച്ചിട്ടുണ്ട്.
ഛേയ്,,,
പഠിച്ചിട്ടുണ്ട്.
ഹാവൂ.. ശരിയായി.!!
*** *** ***
ഫോട്ടോ പോസ്റ്റില്‍ ചേര്‍ക്കാന്‍ സമ്മതിച്ച കൂതറഹാഷിമിനു നന്ദി :)
കിഴക്കെതൊടിയില്‍ നിന്നും സൂര്യന്‍ അഞ്ചിപ്പുഴയിലെ കുളിസീന്‍ കാണാന്‍ ഇറങ്ങിയിട്ട് മണിക്കൂര്‍ രണ്ട് കഴിഞ്ഞു.! കുമാരന്‍റെ ഷാപ്പില്‍ നിന്നും തലേദിവസം കള്ളിനോടൊപ്പം കഴിച്ച കപ്പയും ബോട്ടിയും വയറ്റില്‍ കിടന്ന് അരിപ്പോം തിരിപ്പോം കളി തുടങ്ങിയപ്പോള്‍ കിടക്കപ്പായയില്‍ നിന്നും ചാടി എഴുന്നേറ്റ് ഒരു മൊന്ത വെള്ളവുമായി നാണപ്പന്‍ തൊടിയിലേക്ക് ഓടി മുക്കലും മൂളലും കഴിഞ്ഞു ഒരു വിധം ആശ്വാസത്തോടെ കയ്യില്‍ ഉണ്ടായിരുന്ന മൊന്ത കിണറ്റിന്‍ കരയിലേക്കൊരു ഏറുകൊടുത്ത് പായയും തലയിണയും തന്നെ ലക്ഷ്യം വെച്ച് അകത്തേക്ക് കയറിയപ്പോഴെക്കും ഭാര്യ രമണി അതെല്ലാം ചുരുട്ടികൂട്ടി മുറിചുവരിനു മുകളില്‍ കയറ്റി വെച്ചിരുന്നു.! രമണിയുടെ അപ്പനപ്പുപ്പന്മാരുടെ ഇരട്ടപേരുകള്‍ ഒന്നൊഴിയാതെ നാമം ജപിച്ച് പുറം കാലുകൊണ്ട് ഒരു തൊഴിയും കൊടുത്ത് നാണപ്പന്‍ ഷര്‍ട്ടെടുത്ത് തോളിലൂടെയിട്ട് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് ഓന്ത് വാസുവിന്‍റെ ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ നാണപ്പനെ തേടി വന്നത് .!
നീര്‍നായ് നാണപ്പന്‍ എന്നറിയപ്പെടുന്ന നാണപ്പന്‍ പേരുപോലെ തന്നെ ഏത് കുത്തൊഴുക്കുള്ള വെള്ളത്തിലും നിഷ് പ്രയാസം നിന്തുവാനും ഏത് ആഴമുള്ള കിണറ്റിലും എത്ര നേരം വേണമെങ്കിലും മുങ്ങി കിടക്കുവാനും മിടുക്കനാണ്. നാണപ്പനെ തേടി അന്യ നാടുകളില്‍ നിന്നും ആളുകള്‍ വരാറുണ്ട്. വെള്ളത്തില്‍ മുങ്ങിപോയ എന്താണെങ്കിലും നാണപ്പനെത്തിയാല്‍ അത് കരക്കടിഞ്ഞു എന്നുറപ്പിക്കാം.! കൂട്ടികൊണ്ട് പോവാന്‍ വന്നവരോട് തന്‍റെ ഡിമാന്‍റ് പറഞ്ഞുറപ്പിച്ച് നാണപ്പന്‍ ഓട്ടോയിലേക്ക് കയറി. റേഷന്‍ കാര്‍ഡുമായി പിറകെ ഒടി വന്ന രമണിയെ പുരക്കകത്ത് വെച്ച് പറഞ്ഞതിന്‍റെ ബാക്കി കൂടി കേള്‍പ്പിച്ച് ഓന്ത് വാസുവിനെ നോക്കി വണ്ടി വിടാന്‍ പറഞ്ഞു.! മഴക്കാലമായാല്‍ നാണപ്പനു ജോലി കൂടും എന്നാലും വീട്ടുകാര്‍ക്ക് പത്ത് പൈസ നാണപ്പന്‍റെ കയ്യില്‍ നിന്നും കിട്ടില്ല എന്നുമാത്രമല്ല കിട്ടുന്നതെല്ലാം കുമാരന്‍റെ കള്ള് ഷാപ്പില്‍ ചിലവഴിച്ച് രാത്രിയില്‍ വീട്ടില്‍ ചെന്ന് രമണിയുടെ മുതുകില്‍ ആലിക്കല്‍ അമ്പലത്തിലെ വേലക്ക് പുതുതായ് കാണാന്‍ തുടങ്ങിയ ഡിജിറ്റല്‍ ശിങ്കാരിമേളം പ്രാകടീസ് ചെയ്യാന്‍ തുടങ്ങും.!
പ്രത്യേകിച്ച് വേറെ പണിക്കൊന്നും പോവാത്ത നാണപ്പന്‍ ചൂണ്ടയും എടുത്ത് പുഴക്കരയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ ഇരുന്ന് മീന്‍ പിടിക്കാനെന്ന വ്യാജേന കുറഞ്ഞ അകലമുള്ള മറുകരയില്‍ കുളിക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങളുടെ കുളിയും നോക്കി മുറിബീഡിയും വലിച്ച് തന്‍റെ ഏക സുഹൃത്തായ സൂര്യനു കൂട്ടായി ഒറ്റയിരിപ്പാണ് പടിഞ്ഞാറുള്ള ഭാര്യവീട്ടിലേക്ക് സൂര്യന്‍ തന്‍റെ നോട്ടവും കഴിഞ്ഞു പോവും വരെ നാണപ്പന്‍ കൂട്ടിരിക്കും. മറുകരയില്‍ കുളിക്കുന്നതാരാണെന്നു കുറ്റിച്ചെടികള്‍ക്കിടയിലൂടെ മുഖം വ്യക്തമായി കണ്ടില്ലങ്കിലും ചില ബോഡീപാട്സുകള്‍ കണ്ടാല്‍ അതാരാണെന്ന് നാണപ്പനു പെട്ടന്ന് മനസ്സിലാവും.!
പതിവു പോലെ ഒരു ദിവസം ചൂണ്ടയുമായ് പുഴക്കരയില്‍ ഇരിക്കുമ്പോഴാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതു ബോഡി നാണപ്പന്‍റെ കണ്ണില്‍ പെട്ടത്. തന്‍റെ ഫേവറേറ്റ് ശരീരങ്ങള്‍ പലതും സൂര്യന്‍റെ ആര്‍ത്തിപിടിച്ച നോട്ടംകൊണ്ട് വാടി പോയത് കാരണം ജീവിതത്തോട് തന്നെ മടുപ്പ് തോന്നിയിരുന്ന നാണപ്പന്‍ ആകാശത്തേക്കൊന്നു നോക്കി. സൂര്യന്‍ തന്‍റെ ആര്‍ത്തിപിടിച്ച കണ്ണുകള്‍ കൊണ്ട് ഇമവെട്ടാതെ അവളെ തന്നെ നോക്കി നില്‍ക്കുന്നു.! അവന്‍റെ നോട്ടത്തില്‍ അവളുടെ നനഞ്ഞൊട്ടിയ ശരീരം കൂടുതല്‍ വെട്ടിത്തിളങ്ങി. നാണപ്പന്‍ കീശയില്‍ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടത്ത് വെച്ചു. കാഴ്ചയ്ക്ക് തടസമായി നിന്നിരുന്ന ഒരു പുല്ലാണിവള്ളി പിഴുതെറിഞ്ഞു.!
നീരാടികൊണ്ടിരിക്കുന്ന ആ സുന്ദര രൂപം നാണപ്പനെ ഏതോ മായലോകത്തേക്ക് കൂട്ടികൊണ്ട് പോവാന്‍ ബെന്‍സ്കാറുമായ് വന്നപ്പോഴാണ് അവളുടെ കരച്ചിലും അവളുടെ കൂടെ കുളിച്ച്കൊണ്ടിരുന്ന തരുണികളുടെ മുങ്ങി തപ്പലും നാണപ്പന്‍റെ ശ്രദ്ധയില്‍ പെട്ടത്. നാണപ്പനു കാര്യം പിടികിട്ടി. തന്നെ കൊതിപ്പിച്ചുകൊണ്ടിരുന്ന ആ സുന്ദരിയില്‍ നിന്നും വിലപ്പെട്ടത് എന്തോ നഷ്ടമായിരിക്കുന്നു. !!
നാണപ്പന്‍റെ പൌരബോധം ഉണര്‍ന്നു ആണായിട്ടൊരുവന്‍ ഇവിടെ ഇരിക്കുമ്പോള്‍ …? നാണപ്പന്‍ കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. മുണ്ടും ബനിയനുമഴിച്ച് കരയില്‍ വെച്ച് വെള്ളത്തിലേക്കിറങ്ങി നിന്നിടത്തു നിന്നും ഒരു മുങ്ങല്‍ കുറച്ച് സമയം കഴിഞ്ഞു മുങ്ങിയ അതേ സ്ഥലത്തു തന്നെ നാണപ്പന്‍ പൊങ്ങി. ആ ഒരു മുങ്ങലില്‍ നാണപ്പന്‍ നീന്തി മറുകരയില്‍ ചെന്നു അവിടെ കളഞ്ഞു പോയ സാധനം തിരഞ്ഞു കയ്യില്‍ തടഞ്ഞത് ഒരു സ്വര്‍ണ്ണ പാദസരം വിലപിടിപ്പുള്ള വസ്തു ആയതുകൊണ്ട് നാണപ്പന്‍ സൌകര്യപൂര്‍വ്വം തന്‍റെ പൌരബോധം മറന്ന് അതേ മുങ്ങലില്‍ തന്നെ തിരിച്ചിങ്ങോട്ടും നീന്തി. നാണപ്പന്‍ മുങ്ങിചെന്നതോ സാധനവുമായ് മടങ്ങിയതോ അവിടെ തിരഞ്ഞുകൊണ്ടിരുന്ന സ്ത്രീകളാരും അറിഞ്ഞില്ല.! അവര്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
കരയില്‍ കയറിയ നാണപ്പന്‍ അന്നത്തെ സൌന്ദര്യാസ്വാദനം അവസാനിപ്പിച്ചു വീട്ടിലേക്ക് മടങ്ങി താന്‍ പോവുന്നതിലും മുന്‍പെ നാണപ്പന്‍ പോവുന്നത് കണ്ടപ്പോള്‍ ആകാശത്തു നിന്നും സൂര്യന്‍ ലജ്ജകൊണ്ട് ഒരു മേഘത്തിനടിയില്‍ ഒളിച്ചു.!
നാലഞ്ച് ദിവസം കഴിഞ്ഞ് നാണപ്പന്‍ പാദസരം വില്‍ക്കാനായി തട്ടാന്‍ രവിയുടെ അടുത്ത് ചെന്നു. രവി കല്യാണവും ഹണിമൂണ്‍ ആഘോഷവുമെല്ലാം കഴിഞ്ഞ് അന്നു കട തുറന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. രമണിയുടെ ആഭരണങ്ങള്‍ എല്ലാം രവിയുടെ അടുത്ത് തന്നെയാണ് നാണപ്പന്‍ വിറ്റ് കാശാക്കിയിട്ടുള്ളത് അത്കൊണ്ട് രവിക്ക് നാണപ്പനില്‍ നിന്നും സ്വര്‍ണ്ണം വാങ്ങാന്‍ ഒരു പേടിയും ഇല്ല. അന്നത്തെ സ്വര്‍ണ്ണ വിലനിലവാരം ചോദിച്ചറിഞ്ഞുകൊണ്ട് കടയുടെ മുന്‍പില്‍ ഉള്ള സ്റ്റൂളില്‍ ഇരുന്ന് പാദസരം രവിയുടെ നേരെ നീട്ടി . അത് വാങ്ങി രവി തിരിച്ചും മറിച്ചും നോക്കി എന്നിട്ട് തുലാസില്‍ ഇട്ടു തൂക്കം നോക്കി ഒന്നരപവന്‍റെ അന്നത്തെ വിലയും പറഞ്ഞു. സംഖ്യ കേട്ടപ്പോള്‍ നാണപ്പന്‍ ഉള്ളാല്‍ ഒന്നു ചിരിച്ചു. പാദസരം പോക്കറ്റിലേക്കിട്ട രവി നാണപ്പനെ നോക്കി. പോക്കറ്റില്‍ നിന്നും നൂറ്റിഅമ്പത് രൂപയെടുത്ത് നാണപ്പനു നേരെ നീട്ടി.! നാണപ്പന്‍ മനസ്സിലാവാത്ത പോലെ തന്‍റെ ഉണ്ടകണ്ണുകള്‍ കൊണ്ട് രവിയെ തുറിച്ച് നോക്കി . നാണപ്പന്‍റെ നോട്ടം കണ്ടപ്പോള്‍ രവി പറഞ്ഞു.
“നാണപ്പാ മുങ്ങിത്തപ്പാന്‍ പോയാല്‍ നിനക്ക് കിട്ടുന്ന കൂലി നൂറ്റമ്പത് രൂപയല്ലെ അതു മുഴുവന്‍ ഉണ്ട്. ഈ പാദസരം എന്‍റെ ഭാര്യയുടെ കാലില്‍നിന്നും പുഴയില്‍ പോയതാ മുങ്ങി തപ്പി എടുത്തതിനുള്ള കൂലിയാ ഇത്.അവള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയത് ഞാനങ്ങ് ക്ഷമിച്ചു.”
നാണപ്പന്‍റെ ചിരിയൊന്നു കോടി ഒന്നും മിണ്ടാതെ ആ പൈസയും വാങ്ങി കുമാരന്‍റെ ഷാപ്പ് ലക്ഷ്യമാക്കി നടന്നു. ഭാര്യയുടെ കുളിസീന്‍ ഒരാള്‍ നോക്കികണ്ടെങ്കില്‍ എന്താ കളഞ്ഞു പോയ ഒന്നരപ്പവന്‍ കയ്യില്‍ തന്നെ കൊണ്ട് വന്ന് തന്നില്ലെ. എന്ന സമാധാനത്തില്‍ രവി തന്‍റെ മുന്നില്‍ എരിഞ്ഞു തുടങ്ങിയ ഉമിയിലേക്ക് ആഞ്ഞ് ഊതികൊണ്ടിരുന്നു. !!
*** *** *** *** ****
ചിത്രം : ഞാന്‍ ഒരു പരീക്ഷണം നടത്തിയത്.!
അവാര്‍ഡുകള്‍ പലപേരില്‍ ഉണ്ട് പക്ഷെ ചിക്കന്‍പോക്സ് അവാര്‍ഡ് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലങ്കില്‍ ഇതാ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കൊച്ചു സംഭവം .വായാടിയുടെ ഫോട്ടോ ബ്ലോഗില്‍ മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും കാരവാന്‍ ഉണ്ട് എന്ന് എഴുതികണ്ടപ്പഴാണ് ഈ സംഭവം എനിക്കോര്‍മ വന്നത്.!
ആദ്യം ഞാന്‍ അസിയെ പരിചയപ്പെടുത്താം . പെരിന്തല്‍മണ്ണ ടൌണില്‍ ജഹനറ തിയറ്ററിനുമുന്‍പില്‍ അവന്‍റെ കുടുംബ സ്വത്തായ ഒരു ഹോട്ടലുണ്ട്. അത് നടത്തുന്നത് അവന്‍റെ ജ്യേഷ്ഠനാണ്. എന്നിട്ടും ഞങ്ങള്‍ എട്ട് പേരടങ്ങുന്ന മലയാളികള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുകയായിരുന്നു അവന്‍.
ഞാന്‍ അന്ന് സൌദിയില്‍ വന്നിട്ട് കുറച്ച് മാസങ്ങളെ ആയിരുന്നുള്ളൂ. അസി ഭക്ഷണം ഉണ്ടാക്കുന്ന ഫ്ലാറ്റിലേക്കുള്ള എന്‍റെ മാറി താമസത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവനാണ്. കാരണം മോഹന്‍ലാല്‍ ഫാന്‍ ആയി മറ്റുള്ളവരോട് തര്‍ക്കിച്ച് നില്‍ക്കാന്‍ അവിടെ അന്ന് അസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം മമ്മൂട്ടി ഫാന്‍സ്. അതിനിടയിലേക്കാണ് ഒരു മോഹലന്‍ലാല്‍ “ഫാന്‍“ആയ എന്‍റെ രംഗപ്രവേശം . സ്വാഭാവികമായും അസിക്ക് ഞാന്‍ ഒരു കൂട്ട് തന്നെയാവും .!
അടുത്തടുത്ത നാട്ടുകരാണെങ്കിലും അസിയെ ഞാന്‍ ഇവിടെ വെച്ചാണ് പരിചയപ്പെടുന്നത്. ആദ്യമായ് ആരെ പരിചയപ്പെടുമ്പോഴും അവന്‍റെ കുടുംബ സ്വത്തായ ഹോട്ടലാണവന്‍ അടയാളം പറയുക പെരിന്തല്‍മണ്ണ ടൌണില്‍ ജഹനറ തിയറ്ററിനുമുന്‍പില്‍ പഴയകാലത്ത് തന്നെ നാല് നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഫൈവ്സ്റ്റാര്‍ K.P.M .HOTEL അറിയാത്തയാത്തവര്‍ കുറവാണ്. അതിന്‍റെ ഉടമസ്ഥന്‍ ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുന്നു. അതും കുറഞ്ഞ ശമ്പളത്തിന്. എന്‍റെ കൌതുകം ഞാന്‍ മറച്ചു വെച്ചില്ല .!
“അസീ ഒരു ഹോട്ടല്‍ സ്വന്തമായിട്ടുണ്ടായിട്ടും നീ.. ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കികൊണ്ട് ?
അവന്‍ ഒന്നു ചിരിച്ചു ..!
“ഹോട്ടല്‍ നടത്തിപ്പില്‍ ജ്യേഷ്ഠനുമായി തര്‍ക്കിക്കേണ്ടി വന്നു. അപ്പോള്‍ ഒന്നും നോക്കിയില്ല ഉംറ വിസയടിച്ചിങ്ങ് കയറി പോന്നു.
അവന്‍റെ വാക്കുകളില്‍ നിന്നും ഹോട്ടല്‍ ഇടപാടില്‍ ജ്യേഷ്ഠനുമായി തര്‍ക്കിക്കേണ്ടി വന്നതിന്‍റെയും ഉംറ വിസയില്‍ നിന്നുകൊണ്ട് ജോലി ചെയ്യുന്നതിന്‍റെയും വിഷമം ഞാന്‍ കണ്ടു.! അവന്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ഭക്ഷണം നന്നാവാത്തതിനു ചിലര്‍ അവനെ ചീത്ത പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൂടി ആലോചിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു.!
“എന്നാലും ഇത്രയും വലിയ ഒരു ഹോട്ടല്‍ ഉണ്ടായിട്ടും ?”
“എത്ര വലിയ ഹോട്ടല്‍ ?” പെട്ടന്നായിരുന്നു അവന്‍റെ മറുചോദ്യം.
“കെ.പി. എം ഹോട്ടല്‍… അല്ലെ ജഹനറക്ക് മുന്‍പില്‍ ഉള്ളത് ?”
“ഹ ഹ ഹ” ……… അവന്‍ ചിരിയോട് ചിരി. കുറേ നേരം ചിരിച്ചതിനു ശേഷം എന്നോട് പറഞ്ഞു.
“അല്ല പഹയാ..ആരോടും പറയണ്ട … ജഹനാറയുടെ ഗൈറ്റിനു മുന്‍പില്‍ ഉന്തുവണ്ടിയില്‍ ഒരാള്‍ തട്ടുകട നടത്തുന്നില്ലെ അതാ.. ഞാന്‍ പറഞ്ഞ ഹോട്ടല്‍.”
മറുപടി കേട്ടപ്പോള്‍ ഞാനും ചിരിച്ചു പോയി. വിശദമായ് ചോദിക്കുന്നവരോട് മാത്രമേ അവന്‍ ഇങ്ങനെ പറയൂ. അല്ലാത്തവര്‍ K.P.M. HOTEL എന്നു തന്നെ കരുതും .!!
ഇപ്പോള്‍ ഏകദേശം അസിയുടെ സംസാര രീതി മനസ്സിലായിട്ടുണ്ടാവുമല്ലോ. ഇനി അവാര്‍ഡ് വിഷയത്തിലേക്ക് വരാം.
പതിവു പോലെ റൂമില്‍ സംസാര വിഷയം രാഷ്ട്രീയത്തില്‍ നിന്നും മാറി സിനിമയില്‍ എത്തി. എല്ലാവരും മമ്മൂട്ടി, മോഹന്‍ലാല്‍ തര്‍ക്കത്തിലാണ് അവര്‍ക്ക് കിട്ടിയ അവാര്‍ഡുകളുടെയും അവര്‍ അഭിനയിച്ച സിനിമകളുടെ വിജയത്തെയും കുറിച്ച് തര്‍ക്കും മുറുകി നില്‍ക്കുന്നു. മോഹന്‍ലാല്‍ ഭാഗത്ത് ഞാനും അസിയും മാത്രം ബാക്കിയുള്ളവര്‍ എല്ലാം എതിരാളികള്‍ അന്ന് മലയാള പത്രമോ, ചാനലുകളോ ഇവിടെ കിട്ടിയിരുന്നില്ല. എവിടന്നോ കിട്ടിയ മലയാള പത്രത്തിന്‍റെ ഒരു തുണ്ടുകടലാസ് വായിച്ചു കൊണ്ട് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.
“സുരേഷ് ഗോപിക്ക് ചിക്കന്‍പോക്സ് ഇതാ ഈ പേപ്പറില്‍ ഉണ്ട്.”.
ഉടനെ മമ്മൂട്ടിയുടെ ആരാധകനായ നാസര്‍ പറഞ്ഞു.
“ഇതെന്താ എല്ലാ നടന്മാര്‍ക്കും ഇപ്പോള്‍ ചിക്കന്‍പോക്സ് വരുന്നുണ്ടല്ലോ.. മമ്മൂട്ടിക്കും ഉണ്ടായിട്ടുണ്ട്.”
അസി എന്‍റെ മുഖത്തേക്കൊന്നു നോക്കി. ഞാന്‍ പ്രതികരണം ഒന്നുമില്ലാതെ ഇരിക്കുവായിരുന്നു. എന്‍റെ മൌനം കണ്ടപ്പോള്‍ അസിക്ക് തോന്നി മോഹന്‍ലാല്‍ പക്ഷം പരാജയപ്പെടാന്‍ പോവുന്നുവെന്ന്. അവന്‍ ഉടന്‍ പറഞ്ഞു.!
“മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും മാത്രമല്ല. ഞങ്ങളുടെ ലാലേട്ടനും കിട്ടിയിരിക്കുന്നു ചിക്കന്‍പോക്സ് അവാര്‍ഡ്.”
റൂമില്‍ എല്ലാവരും കൂട്ടച്ചിരി… ചിരിക്കാതിരിക്കാന്‍ എനിക്കും കഴിഞ്ഞില്ല. എന്‍റെയും കൂടി ചിരി കണ്ടപ്പോള്‍ അസിക്ക് മനസ്സിലായി. മോഹന്‍ലാലിനു “ചിക്കന്‍പോക്സ്” അവാര്‍ഡ് കിട്ടിയിട്ടില്ല എന്ന് അവന്‍ പറഞ്ഞത് അബദ്ധമായി എന്നും. ഉടന്‍ തന്നെ അവന്‍ അത് തിരുത്തിപറഞ്ഞു.
“നിങ്ങള്‍ അങ്ങനെ ചിരിക്കുകയൊന്നും വേണ്ട ഇനി കിട്ടിയിട്ടില്ലാ എങ്കില്‍ തന്നെ അടുത്ത വര്‍ഷത്തെ ചിക്കന്‍പോക്സ് അവാര്‍ഡ് ലാലേട്ടനു തന്നെ കിട്ടും നമുക്ക് നോക്കാലോ.”.!!