2010, ഡിസംബർ 19, ഞായറാഴ്‌ച

കട്ടിങ്ങ് സെറിമണി അഥവാ സുന്നത്ത് കല്യാണം..!

പതിവുപോലെ ഫോണിലൂടെ പ്രായം ഒന്നിനോടടുത്ത മകന്‍റെ കളിയും, ചിരിയും, കുസൃതികളും വിവരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍റെ സുന്നത്ത് കഴിക്കണ്ടേ? എന്ന ഭാര്യയുടെ ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം മൌനംപൂണ്ടുനില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.. “ഹലോ“ എന്ന അവളുടെ തുടരത്തുടരയുള്ള വിളികേട്ടപ്പോള്‍ “ഇപ്പോള്‍ തന്നയോ ?” എന്ന മറുചോദ്യമാണ് എന്നില്‍ നിന്നുണ്ടായത്. “ഇപ്പോഴല്ല നിങ്ങള്‍ വന്നിട്ട് നടത്താം മോന് ഒരു വയസ്സായില്ലെ.?” എന്ന അവളുടെ വാക്കുകള്‍ എന്നെ ഇരുപതിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്‍റെ ബാല്യകാലത്തിലേക്കാണ് കൂട്ടികൊണ്ടു പോയത്.!

അന്ന് ഒരു തിങ്കളാഴ്ച ദിവസം സുബ്ഹിക്ക് മുന്‍പ് തന്നെ ശരീരമാസകലും വെളിച്ചെണ്ണ തേച്ച് വാസന സോപ്പുകൊണ്ട് കുളിപ്പിച്ച് പുത്തനുടുപ്പണിയിച്ച് എന്നെ അണിയിച്ചൊരുക്കുമ്പോള്‍ ഉമ്മയുടെ മുഖത്ത് സന്തോഷത്തിന്‍റെ തിരമാലകള്‍ അലയടിക്കുന്നത് ഞാന്‍ കണ്ടു . മനസ്സിന്‍റെയുള്ളില്‍ എവിടയോ ഒരു ചെറിയ ഭീതി എന്നെ വേട്ടയാടിയിരുന്നുവെങ്കിലും ഏറെ താമസിച്ചു പോയ എന്‍റെ സുന്നത്ത് കല്യാണം അന്ന് നടക്കാന്‍ പോവുകയാണ് എന്ന അറിവ് എന്നെ കുളിരണിയിപ്പിച്ചു.

ദഫ്ഫ്മുട്ടിന്‍റെയും, കോല്‍ക്കളിയുടെയും അകമ്പടിയോടെ നാട്ടുകാര്‍ക്കെല്ലാം ആട് ബിരിയാണി വിളമ്പി ആഘോഷത്തോടെ നടത്തിയ സുന്നത്ത് കല്യാണത്തിനു കിട്ടിയ ധാരാളം സമ്മാനങ്ങളെ കുറിച്ച് മദ്രസ വിട്ടു വരുമ്പോള്‍ കൂട്ടുകാരന്‍ നാസര്‍ പൊലിവോടെ പറയുന്നത് കേട്ട് നടക്കുമ്പോള്‍ ഏഴാം വയസ്സിലും സുന്നത്ത് കഴിച്ചിട്ടില്ലാത്ത ഒരു ദരിദ്ര ചെക്കന്‍റെ നിഴലായിരുന്നു എന്‍റെ കാലടിക്കു കീഴിലൂടെ നടന്നിരുന്നത് .

കിട്ടാന്‍ പോവുന്ന സമ്മാനങ്ങളേയോര്‍ത്ത് എന്‍റെയും സുന്നത്ത് കഴിക്കണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോള്‍ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ അതിനായി മാറ്റിവെക്കാന്‍ കിട്ടാത്ത പൈസയാണ് പ്രശ്നമെന്ന് ഉപ്പ ഉമ്മയോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു.

നിസ്ക്കാരത്തിനായി പള്ളിയില്‍ പോവുന്ന കൂട്ടുകാര്‍ കൂടെ ചെല്ലാന്‍ വിളിച്ചപ്പോള്‍ കൊളുത്ത് പൊട്ടി ചരടില്‍ തൂങ്ങി നില്‍ക്കുന്ന ട്രൌസര്‍ ഇട്ട് നടന്നിരുന്ന എനിക്ക് നല്ല തുണിയില്ലെന്ന് പറഞ്ഞത് കേട്ട് നാസര്‍ അവന്‍റെ ഉമ്മ കാണാതെ ഉടുത്ത തുണിക്ക് മുകളില്‍ മറ്റൊന്നുകൂടി എടുത്ത് വന്ന് വഴിയില്‍ വെച്ച് എനിക്കഴിച്ച്തന്നു . സുന്നത്ത് കഴിക്കാത്ത കുട്ടികള്‍ പള്ളിയില്‍ കയറാന്‍ പറ്റുമോ എന്ന പേടിയോടെ പള്ളിക്കിണറിന് പിന്നില്‍ മാറി നിന്നപ്പോള്‍ സംശയ നിവാരണത്തിനായി കൂട്ടത്തില്‍ മുതിര്‍ന്ന അലി മാനു ഉസ്താദിന്‍റെ അടുത്ത്ചെന്നു.

“എന്താടാ അന്‍റെ സുണ്ണാണിമുറിക്കാത്തേ ?”

ചോദ്യവുമായി അടുത്തുവന്ന മാനു ഉസ്താദ് എന്നെ കൂട്ടി പിടിച്ച് പള്ളിക്കകത്തേക്ക് കയറിയപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതോടെ പള്ളിയില്‍ പോക്ക് പതിവായി മാറുകയും ചെയ്തു.

ഒരേസമയം രണ്ട് തുണികളില്‍ അഴുക്കാവുന്നത് പതിവായപ്പോള്‍ നാസറിന്‍റെ ഉമ്മ അവനോട് കാര്യം അന്വേഷിക്കുകയും അതെനിക്ക് തരുന്ന കാര്യം അവന്‍ പറയുകയും ചെയ്തു. അലക്കിതേച്ച് ആ തുണി വേലിക്കരില്‍ വെച്ച് അവന്‍റെ ഉമ്മ എന്‍റെ കയ്യില്‍ തന്ന് ഇത് നീ സ്വന്തമായി എടുത്തോ എന്ന് പറഞ്ഞപ്പോള്‍ എനിക്കെന്തോ വലിയ നിധികിട്ടിയ സന്തോഷമായിരുന്നു. !

മാനു ഉസ്താദ് വഴിയിലെവിടയോ വെച്ച് ഉപ്പയെ കണ്ടപ്പോള്‍ കുശലാന്വേഷണത്തിനിടയില്‍ എത്രയും പെട്ടന്ന് ചെക്കന്‍റെ സുന്നത്ത് കഴിക്കണം എന്ന് നിര്‍ദേശിക്കുക കൂടി ചെയ്തപ്പോള്‍ ഉമ്മയുടെ കാതിലുണ്ടായിരുന്ന അവസാന തരി സ്വര്‍ണ്ണം നാണുതട്ടാന്‍റെ ചില്ലലമാറക്കുള്ളില്‍ സ്ഥാനം പിടിച്ചു. ശൂന്യമായ കാതിലെ തുളയടഞ്ഞു പോവാതിരിക്കാന്‍ കമ്മലിന് പകരം പച്ച ഈര്‍ക്കിളിയിട്ട ഉമ്മയുടെ കാതുകള്‍ കണ്ടപ്പോള്‍ കൊച്ചുകുട്ടിയായിരുന്ന എന്‍റെ മനസ്സ് വിങ്ങുന്നുണ്ടെന്ന് ഉമ്മക്ക് തോന്നിയതുകൊണ്ടാവാം തട്ടം കൊണ്ട് കാത് മറച്ചു പിടിച്ച് നിറകണ്ണുകളായിരുന്നിട്ടും പുഞ്ചിരി വിടാതെ…. “ഉമ്മാടെ പൊന്നു വലുതായിട്ട് ഉമ്മാക്ക് കമ്മലു വാങ്ങി തരണംട്ടോ” എന്നു പറയുമ്പോള്‍ എന്നില്‍ ഉമ്മയര്‍പ്പിക്കുന്ന പ്രതീക്ഷ ഞാന്‍ ശരിക്കും അറിയുകയായിരുന്നു. !

നാട്ടുകാര്‍ക്കെല്ലാം ബിരിയാണി കൊടുത്ത് ഒസ്സാന്‍ കോമുകാക്കയെ കൊണ്ട് സുന്നത്ത് കഴിപ്പിക്കാമെന്ന് ഉപ്പ ആഗ്രഹിച്ചിരുന്നുവെങ്കിലും, ചിലവ് ചുരുക്കി ആശുപത്രിയില്‍ വെച്ച് മതി എന്നു ഉമ്മ പറഞ്ഞത് ഉമ്മക്കും അങ്ങനെ ആഗ്രഹം ഇല്ലാതിരുന്നിട്ടല്ല. ഉപ്പയുടെ ശൂന്യമായ കൈകളെ ഓര്‍ത്തിട്ടായിരിക്കാം.

ടെന്‍റുപോലെ അട്ടത്തിലേക്ക് വലിച്ചു കെട്ടിയ കള്ളിത്തുണിയുടെ അടിയില്‍ ഞാന്‍ നഗ്നനായി കിടക്കുമ്പോള്‍ എനിക്ക് തരാന്‍ നല്ല ഭക്ഷണത്തിനായി ഉപ്പ പരക്കം പായുകയായിരുന്നു. തിരൂരില്‍ നിന്നും ഒരു പൊതി നെയ്യപ്പവുമായി എന്നെ കാണാന്‍ വന്ന അമ്മായി മടങ്ങിപ്പോവുമ്പോള്‍ എന്‍റെ കൈകളില്‍ പിടിപ്പിച്ച മുഷിഞ്ഞ അഞ്ചുരൂപാ നോട്ട് തലയിണക്കടിയില്‍ നിന്നും എടുത്ത് ഞാന്‍ ഉമ്മക്ക് നേരെ നീട്ടി. ഉമ്മാക്ക് ഇതുകൊണ്ട് കമ്മല് വാങ്ങിക്കോ എന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് അത് വാങ്ങിയ ഉമ്മ തലയിണക്കടിയില്‍ തന്നെ വെച്ച്കൊണ്ട് പറഞ്ഞു. “ഉമ്മാക്ക് ഇപ്പോ കമ്മലൊന്നും വേണ്ട. ഉപ്പാടേല്‍ കൊടുത്ത് എന്‍റെ കുട്ടിക്ക് വേണ്ടത് വാങ്ങിത്തരാന്‍ പറയാട്ടോ”

പിന്നീട് എപ്പോഴോ ആ പൈസ ഉമ്മ ചോദിച്ച് വാങ്ങിയത് എനിക്ക് കഴിക്കാന്‍ വേണ്ടി വാങ്ങിയ ആട്ടിറച്ചിയുടെ കടം വീട്ടാനായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു .

രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം പട്ടിണിക്കോലത്തില്‍ നിന്നും രൂപമാറ്റം വന്ന് വെളുത്ത ശരീരവും തടിച്ച കവിളുകളുമായി പുത്തന്‍ തുണിയെടുത്ത് മദ്രസയില്‍ ചെന്നപ്പോള്‍ കൂട്ടുകാര്‍ക്ക് അറിയേണ്ടത് എനിക്ക് കിട്ടിയ സമ്മാനങ്ങളെ കുറിച്ചായിരുന്നു.. പാര്‍ട്ടി നടത്താതെ സുന്നത്ത് കല്യാണം കഴിച്ചതു കൊണ്ടോ, ഞങ്ങളെ പോലെ മറ്റു കുടുംബാങ്ങളും ദരിദ്രരായത് കൊണ്ടോ എന്നറിയില്ല സമ്മാനങ്ങളൊന്നും എനിക്ക് കിട്ടിയിരുന്നില്ല എന്നു പറയുമ്പോഴും ഞാനും ഇനിമുതല്‍ നിങ്ങളെ പോലെ സുന്നത്ത് കഴിച്ചവന്‍ എന്ന അഭിമാനമായിരുന്നു എന്‍റെ മനസ്സില്‍ .

150 അഭിപ്രായ(ങ്ങള്‍):

K@nn(())raan*خلي ولي പറഞ്ഞു...

@@
സങ്കല്പ്പത്തിലൊരു സുണ്ണാപ്പി മുറിച്ചു കൊണ്ട് ഈ പോസ്റ്റിന്റെ കമന്റു ബോക്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു കൊള്ളുന്നു.

(ബാക്കി വായിച്ചിട്ട് പിന്നെ)

**

Jishad Cronic പറഞ്ഞു...

എനിക്ക് ഓര്‍മ്മയില്ല എന്നെ സുന്നത്ത്, പഷേ ഒരു സുഹൃത്തിന്റെ മുറി ആഘോഷിച്ചത് ഓര്‍മ്മയുണ്ട്... പിന്നെ ഹംസക്ക, ഇക്കാടെ കഥയില്‍ എപ്പോളും കണ്ണുനീരിന്റെ നനവുണ്ട്.....

നൗഷാദ് അകമ്പാടം പറഞ്ഞു...

ഹെന്റമ്മോ കണ്ണൂരാനാണല്ലോ ആദ്യ കമന്റ് പൊട്ടിക്കല്‍!
ഇവിടെ വല്ലതുമൊക്കെ നടക്കും...

വായിച്ചിട്ട് അഭിപ്രായം എഴുതാം ..വല്ലതും കഴിക്കട്ടെ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പഴയതൊന്നും മറക്കരുതെന്ന് പഴമക്കാര്‍ പറയാറുണ്ട്‌. ബാല്യത്തിലെ ബാലികേറാമലകള്‍ കീഴടക്കിയ പലരും പിന്നീട് അവയുടെ വേരുകള്‍ പോലും കണ്ടാല്‍ തിരിച്ചറിയാത്തവര്‍ ആണ്. ഇതില്‍ നിന്നു വിഭിന്നമായി ഓര്‍മ്മകളുടെ ഭാന്ധം ഒരു ജാള്യതയും കൂടാതെ കൂടെ കൊണ്ട് നടക്കുന്ന സന്‍മനസ്സിന് നമോവാകം.
അന്നത്തെ 'സുന്നത്തുകല്യാണവും' ഇന്നത്തെ 'സുന്നത്തു ഓപറേഷനും' തമ്മില്‍ യാതൊരു വിധ താരതമ്യത്തിനും അര്‍ഹമല്ല.അത്രക്കും കാലം മാറിപ്പോയി അല്ലേ..
ആശംസകള്‍!

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഹംസക്ക,
ഞാനീ പോസ്റ്റിനു എന്ത് അഭിപ്രായം എഴുത്തും എന്ന വിഷമത്തിലാണ്.
നിങ്ങള്‍ പറഞ്ഞുപോയ ആ പഴയ കാലത്തിന്‍റെ ഓര്‍മ്മയുണ്ടല്ലോ.. അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തി .
കണ്ണീരിന്‍റെ നോവുള്ള സുന്ദരമായ എഴുത്തും

Jazmikkutty പറഞ്ഞു...

തണലിന്റെ അഭിപ്രായം തന്നെയാണ് എനിക്കും തോന്നിയത്...നന്മ കൈമോശം വരാത്ത മനസ്സാണ് ഹംസിക്കയുടെ എഴുത്തിലൂടെ മനസ്സിലാവുന്നത്,സുന്നത് കല്യാണം നന്നായി അവതരിപ്പിച്ചു...

hafeez പറഞ്ഞു...

ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍ എഴുതി. ആ ഉമ്മയുടെ വേദനയും ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകളും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

വലുതായ ശേഷം ഉമ്മാക്ക് പുതിയ കമ്മല്‍ വാങ്ങി കൊടുത്തോ? അതൊരിക്കലും പഴയതിന് പകരമാവില്ലെങ്കിലും...

രമേശ്‌ അരൂര്‍ പറഞ്ഞു...

ഹംസക്കാ ..സുന്നത്ത് കല്യാണം നിങ്ങളുടെതായിരുന്നതെങ്കിലും മുറിഞ്ഞു നൊന്തു ചോരവാര്‍ന്നത്‌ എന്റെ കരളില്‍ നിന്നാണ് ..അത്ര ഹൃദയ സ്പര്‍ശിയായി ഈ ഓര്മക്കുറിപ്പ്..ഒപ്പം ദരിദ്രമായതെങ്കിലും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയ ആ ബാല്യകാലവും ഓര്‍മയില്‍ വന്നു ..
ചിലത് മറക്കണം എന്ന് ആഗ്രഹിക്കുമെങ്കിലും ചിലത് മറക്കാനേ ആവില്ല ..ആ ഓര്‍മകളാണ് നമ്മുടെയുള്ളിലെ മനുഷ്യനെ മനുഷ്യനായി നിലനിര്‍ത്തുന്നതും ...ആശംസകള്‍ :)

faisu madeena പറഞ്ഞു...

ഹംസക്കാ ..എന്ത് പറയാനാ ഇനി ഞാന്‍ ....ഒന്നും ഇല്ലാ ..എനിക്കൊന്നും പറയാനില്ല ....പിന്നെ എപ്പോഴെന്കിലും വന്നു പറയാം ...

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

ഹംസഭായി, കണ്ണു നനച്ചു കളഞ്ഞു, ആത്മാവില്‍ തൊട്ടെഴുതിയ ഈ കുറിപ്പ്.

സാബിബാവ പറഞ്ഞു...

വേദനയുടെ നനവ്‌ പടര്‍ന്ന പോസ്റ്റ്
വലിച്ചു നീട്ടാതെ എഴുതി .

അന്ന് ഉമ്മാക്ക് നഷ്ട്ടമായ കാതിലെ സ്വര്‍ണ്ണത്തിനേക്കാളും
എത്രയോ വലുതാണ്‌ ഇന്നും ഉമ്മതന്ന സ്നേഹത്തിനെയും അന്ന് ഉപ്പ അനുഭവിച്ച
ആധിയും മറക്കാത്ത ഈ പോന്ന് മോന്റെ ഓര്‍മ്മകള്‍
അവരെ സ്നേഹിക്കുന്ന മക്കള്‍ തന്നെയാണ് അവരുടെ സന്തോഷവും .
വേദനയും, വികാരവും, പാഠവും,ഉള്‍ക്കൊണ്ട പോസ്റ്റ്

ശ്രീനാഥന്‍ പറഞ്ഞു...

ഒരു കഥയും ജീവിതം പോലെ പൊള്ളില്ല, നാസറിന്‍റെ ഉമ്മ തന്ന തുണി, സ്വന്തം ഉമ്മയുടെ അവസാനത്തെ തരി പൊന്ന്- ഹംസ, വല്ലാതെ മനസ്സ് ഉലഞ്ഞു പോയി, ഇത്രയേറെ എന്നെ സ്പർശിച്ചൊരനുഭവം ബ്ലോഗിൽ അധികമില്ല, അനാവശ്യമായ വൈകാരികതയില്ലാതെ കരളിൽ നോവു പടർത്തി. മറക്കരുത്, ഒന്നും മറക്കരുത്, ഹംസ!

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഹംസയെ എത്ര അനുമോദിച്ചാലും അധികമാവില്ല.കാരണം ഒരു ഗള്‍ഫുകാരന്റെ യാതൊരു ജാഡയും കാണിക്കാതെ മനസ്സിലുള്ളത് അപ്പടി പകര്‍ത്തിയതിനു.തല വാചകം വായിച്ചപ്പോള്‍ ഇതില്‍ ഇത്രയധികം വേദനകള്‍ ഒളിഞ്ഞിരിക്കുമെന്നു കരുതിയില്ല. പതിവു തമാശയാവുമെന്നാ കരുതിയത്. ഇന്നത്തെ തലമുറക്കു ധാരാ‍ളം പഠിക്കാനുള്ള ഒത്തിരി കാര്യങ്ങള്‍ ഈ പോസ്റ്റിലുണ്ട്. ഞാനും ഒട്ടേറെ പിന്നിലേക്ക് യാത്ര ചെയ്തു,ഈ പോസ്റ്റ് വായിച്ചപ്പോള്‍. ഒറ്റ മകനായ എന്റെ കരച്ചില്‍ കേള്‍ക്കാന്‍ കെല്‍പ്പില്ലാതെ അന്നെന്റെ ഉപ്പ ദൂരെ പാടത്തു വക്കത്തു പോയി നിന്നത്രെ!. ഒടുവില്‍ ഞാന്‍ ഒട്ടും കരഞ്ഞില്ലയെന്നു മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണു ഉപ്പാക്ക് സമാധാനമായത്. അന്നു “ചീരണി”യെന്ന പേരില്‍ കാണാന്‍ വരുന്ന ബന്ധുകള്‍ ഹലുവയും ജിലേബിയുമൊക്കെ കൊണ്ടു വരുമായിരുന്നു.അത്തരം പലഹാരങ്ങള്‍ അങ്ങിനെയുള്ള അവസരങ്ങളിലേ കിട്ടാറുണ്ടായിരുന്നുള്ളൂ‍!.അന്നത്തെ ഒസാന്മാര്‍ കൂടുതല്‍ ദിവസം വീട്ടില്‍ നിന്നും ഭക്ഷണം തരപ്പെടുത്താന്‍ മുറിവു പെട്ടെന്നൊന്നും ഉണക്കാന്‍ ശ്രമിക്കാറില്ലെന്നു കേട്ടിട്ടുണ്ട്!.ഞാനും കുറെ നാള്‍ വിഷമിക്കേണ്ടി വന്നിട്ടുണ്ട്.വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളില്‍ മാത്രമേ സുന്നത്ത് കല്യാണം ഇങ്ങനെയൊക്കെ വിവരിച്ചു കണ്ടിട്ടുള്ളൂ. പിന്നെ പുനത്തില്‍ കുഞ്ഞബ്ദുള്ളയും എഴുതിയിട്ടുണ്ടെന്നു തോന്നുന്നു.ഏതായാലും ഉഗ്രന്‍ പോസ്റ്റായി,പറയാതെ തരമില്ല!.പിന്നെ കണ്ണൂരാന്റെ മാതിരി വായിക്കാതെ “സുണ്ണാപ്പി” മുറിച്ചും തേങ്ങയുടച്ചും കമന്റ് ഉല്‍ഘാടനം ചെയ്യുന്നതിനോട് എനിക്കു യോചിക്കാന്‍ കഴിയില്ല എന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ.

റാണിപ്രിയ പറഞ്ഞു...

ഓര്‍മ്മകള്‍ മരിക്കുന്നില്ല ........

TPShukooR പറഞ്ഞു...

ചെറുപ്പകാലം കയ്പ്പ് നിറഞ്ഞതായാല്‍ അഹങ്കാരമില്ലാത്ത ഒരു മനസ്സുണ്ടാകും. ജീവിതം എന്താണെന്നറിയും. നിങ്ങളുടെ എഴുത്ത് വളരെ സ്പര്‍ശിയായി തോന്നി. ‍ ഒരു കാലത്തും മറക്കാത്തതും വേദനയോടെ ഓര്‍മിക്കാനും ഉള്ള ഇത്തരം കൂടുതല്‍ ഓര്‍മ്മകള്‍ പങ്കു വെക്കുമെന്ന് കരുതുന്നു.

Ismail Chemmad പറഞ്ഞു...

ഹംസക്കാ
ഇതൊരു വല്ലാത്ത പോസ്ടായി

ശ്രീക്കുട്ടന്‍ പറഞ്ഞു...

പിന്നിട്ടുവന്ന വഴികളെ പുശ്ചത്തോടെ നോക്കാത്തവനു മാത്രമേ നല്ലോരു മനസ്സുണ്ടാവൂ.ആത്മാര്‍ഥത നിറഞ്ഞ സത്യസന്ധമായ ഈ അനുഭവക്കുറിപ്പിനു ഒരു കയ്യടി.അഭിനന്ദനങ്ങള്‍..

Echmukutty പറഞ്ഞു...

ഹംസ, പോസ്റ്റ് വളരെ സുന്ദരം! കണ്ണീരു നനഞ്ഞ വരികൾ.
എല്ലാ അഭിനന്ദനങ്ങളും.
ഇനിയും ധാരാളം എഴുതൂ.

mayflowers പറഞ്ഞു...

ഹംസയുടെ വരികളില്‍ കല്ലിച്ചു നിന്ന വേദന ശരിക്കും വായനക്കാരും ഉള്‍ക്കൊണ്ടു.
വളര്‍ന്ന വഴി മറക്കാത്ത ആ വലിയ മനസ്സാണ് ഈ ബ്ലോഗിന്റെ ചൈതന്യം..

പിന്നെ,ഈ ആണ്‍ കാര്യത്തില്‍ ഞാനെന്തു പറയാനാ?

റോസാപ്പൂക്കള്‍ പറഞ്ഞു...

ഹംസാ..തമാശയെന്നു വിചാരിച്ചാണ് ഞാനും വായിച്ചു തുടങ്ങിയത്‌.
കടന്നു വന്ന വഴികള്‍ ഒട്ടും തനിമ ചോരാതെ ഭംഗിയായി എഴുതി.ചെറുപ്പത്തില്‍ വളരെയധികം കഷ്ടപ്പടനുഭവിച്ച ഒരു മനുഷ്യനായിരുന്നു എന്ന്‍ എത്ര സുതാര്യമായി എഴുതിയിരിക്കുന്നു..എന്നെ ശരിക്കും സങ്കടപ്പെടുത്തി ഈ എഴുത്ത്. ഉമ്മയെ ഞാന്‍ അന്വേഷിച്ചതായി പറയണേ(വെറും വാക്കായി കാണരുത്)..ഉമ്മാക്ക് കമ്മല്‍ പിന്നീട് വാങ്ങിക്കൊടുത്തു കാണുമല്ലോ..

കിരണ്‍ പറഞ്ഞു...

ഹംസക്ക, ഈറനണിഞ്ഞ നല്ല കഥ.
പോട്ടെന്നെ, നമുക്ക് മോന്‍റെ ജോറായിട്ടു നടത്താമെന്നെ...

Unknown പറഞ്ഞു...

വായിച്ചു തീർന്നപ്പോഴെക്കും കണ്ണ് നിറഞ്ഞു...

Arun Kumar Pillai പറഞ്ഞു...

ഒരു പൊടി കണ്ണുനീര്‍ എന്റെ വക..... ശരിക്കും ഫീല്‍ ആയി....

OAB/ഒഎബി പറഞ്ഞു...

circumcision (സുന്നത്ത് കല്യാണം)

a sweet memory of childhood

good luck

sreee പറഞ്ഞു...

ഉമ്മാടെ പൊന്ന് പിന്നെ ഉമ്മയ്ക്ക് 'പൊന്ന്' വാങ്ങി കൊടുത്തു കാണുമല്ലോ . ഉള്ളില്‍ തട്ടി എഴുതിയ ഈ എഴുത്തും ആ ഉമ്മായെയും വളരെ ഇഷ്ടമായി .

Manoraj പറഞ്ഞു...

ഹോ.. സുന്നത്ത് കല്യാണത്തിനു പിന്നിലെ വേദന വല്ലാതെ വെളിവാക്കുന്നുണ്ട് ഇത്. ഹംസ ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ലെന്നത് എത്ര സത്യം അല്ലേ.

അസീസ്‌ പറഞ്ഞു...

ഹൃദയത്തില്‍ തട്ടിയുള്ള എഴുത്ത്. നന്നായിരിക്കുന്നു .അഭിനന്ദനങ്ങള്‍.

Naushu പറഞ്ഞു...

മനസ്സില്‍ തട്ടുന്ന എഴുത്ത്.....
തുടരുക... എല്ലാവിധ ഭാവുകങ്ങളും...

HIFSUL പറഞ്ഞു...

ഹംസക്കാ,കാലങ്ങള്‍ക്കു ശേഷം സുന്നത്ത്‌ കല്യാണത്തിന്റെ വേദന ഓര്‍മ്മിപ്പിക്കലായി..ഉഗ്രന്‍ പോസ്റ്റ്‌, ആശംസകള്‍.

Elayoden പറഞ്ഞു...

ഹംസാക്ക: പഴയതെല്ലാം നോബരത്തില്‍ ചാലിച്ചൊരു ഓര്‍മ്മ പുതുക്കല്‍.. കാര്യം നല്ലതാണെങ്കിലും സുന്നത്ത് കല്യാണം അത് ഓര്‍ക്കുബോള്‍ ഒരു പേടിയാ..
നന്നായി അവതരിപ്പിച്ചു... വേദന ബാക്കിയാക്കി...

അജ്ഞാതന്‍ പറഞ്ഞു...

പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്തോ സങ്കടം തോന്നി ... പണ്ട് കാലത്തേ ബുദ്ധിമുട്ടുകള്‍ ഉമ്മയുടെ സ്നേഹം മകന് വേണ്ടി ഉമ്മ എല്ലാം ഉള്ളിലൊതുക്കി പുറത്ത് പുഞ്ചിരിക്കുന്നത് .. എല്ലാം കണ്ണീരോടെ ഞാനും ഓര്‍ത്തു എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കാലം .... ഇങ്ങനെ ഒരു അവസ്ഥയില്‍ എന്‍റെ രണ്ട്‌ സഹോദരന്മാരെ ഞാന്‍ കണ്ടതാ ... അന്നത്തെ ഈ സുന്നത്ത് കല്യാണത്തെ പറ്റി ഉമ്മ പറഞ്ഞു തരാറുണ്ടായിരുന്നു . ആ വാക്കുകളില്‍ കഷ്ട്ടപ്പാടിന്റെ കുറെ ഓര്‍മ്മകള്‍ ഉണ്ടാകും പട്ടിണിയുടെയും പ്രാരബ്ദങ്ങളുടെയും കഥയാകും .. അത് കേട്ട് കഴിഞ്ഞാല്‍ കണ്ണു നിറയും .. കുറെയൊക്കെ അനുഭവത്തിലൂടെ മനസ്സിലാക്കിയതും .. എല്ലാരും പറഞ്ഞത് പോലെ ഈ പോസ്റ്റില്‍ ഉമ്മയുടെ സ്നേഹം ഉമ്മയോടുള്ള മകന്റെ ബഹുമാനം ഉപ്പ .. എല്ലാം കടന്നു പോയി .. ഇതൊക്കെ എന്നില്‍ ധരാളമായി ഉണ്ടായിട്ടുണ്ട് .. ഇഷ്ട്ടമായി .. ഈ അവതരണം സങ്കടപ്പെടുത്തുന്ന അനുഭവം മനുഷ്യനെ നല്ലൊരു എഴുത്തുകാരനാക്കും അല്ലെ ..ആശംസകള്‍ .

സിനു പറഞ്ഞു...

ഹൃദയസ്പര്‍ശിയായ അവതരണം..
വായിച്ചു തീര്‍ന്നപ്പോള്‍ ശരിക്കും കണ്ണിനെയും മനസ്സിനെയും ഈറനണി യിച്ചു.

നൗഷാദ് അകമ്പാടം പറഞ്ഞു...

സാധാരണ മുന്‍പ് എഴുതിയവരുടെ കമന്റ് വായിച്ച ശേഷമാണു ഞാന്‍ എന്റേത് എഴുതാറു..സാമ്യം വരാതിരിക്കാനാണു അങ്ങനെ ചെയ്യുന്നത്.
എന്നാല്‍ ഇവിടെ വായന കഴിഞ്ഞ ഉടനെ ഞാന്‍ എന്റെ മനസ്സ് പകര്‍ത്തുന്നു...
മനസ്സില്‍ ഉറവടുത്ത കനിവിന്റെ ആര്‍ദ്രത എനിക്ക് നഷ്ടമാവും മുന്‍പ് ഇവിടെ കുറിക്കാം..

"കണ്ണീരിന്റെ നനവും ഹൃദയത്തിന്റെ ഭാഷയും ചേര്‍ന്ന് ഹംസയുടെ
മിഴിവാര്‍ന്ന രീതിയിലുള്ള രചനാ വൈഭവം കാണുമ്പോള്‍ എന്റെ മനസ്സില്‍ നുരയുന്നത്
സത്യസന്ധമായ എഴുത്തിലൂടെ തിളങ്ങുന്ന ഹംസയോടുള്ള അടക്കാനാവാത്ത കടപ്പാടാണു..വല്ലപ്പോഴും ഇങ്ങനെ എഴുതി വാക്കുകള്‍കൊണ്ട് മനസ്സിനെ നോവിപ്പിക്കുന്നതിനുള്ള കടപ്പാട്...!

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

good writing

ente lokam പറഞ്ഞു...

അനുഭവങ്ങളുടെ നെരിപ്പോടില്‍ കാച്ചി എടുത്ത
സാഹിത്യത്തിനു തിളക്കം കൂടും.അത് സത്യ സന്ധവും ആവും.അറിവുള്ളതിനെപ്പറ്റി എഴുതുമ്പോള്‍ എഴുത്ത് അര്‍ത്ഥവത്തു ആകുന്നു.ജീവിത അനുഭവങ്ങളുടെ തീഷ്ണമായ അതി ശക്തമായ വികാരം ഉള്‍കൊള്ളുന്ന ഈ കഥയുടെ പേര് അതിന്റെ കാതലിനെ, ഗൌരവത്തെ കുറെ ബലഹീനവല്കരിച്ചു എന്ന് പറയട്ടെ...ഇത് എഴുതി തീര്നപ്പോള്‍ കണ്ണ് നിറഞ്ഞു കാണും അല്ലെ? വായിച്ചപ്പോള്‍ എനിക്കും...

kARNOr(കാര്‍ന്നോര്) പറഞ്ഞു...

ഹംസാ .. ഫീലായോട്ടോ ... ഇതിന്റെ ചടങ്ങുകളൊന്നും അറിയില്ലെങ്കിലും.. ഇന്നലെകള്‍ മറക്കാതെയുള്ള ഈ തുറന്നെഴുത്ത് വെരി റ്റച്ചിങ്.

ഒരു യാത്രികന്‍ പറഞ്ഞു...

എനിക്കൊട്ടും പരിചയമില്ലാത്ത അനുഭവവും ചുറ്റുപാടും, പക്ഷെ വരികളുടെ മാസ്മരികതയില്‍ ഞാനും ആ നോവറിഞ്ഞു......സസ്നേഹം

നിലാവ്‌ പറഞ്ഞു...

NICE WRITING DEAR.....TOUCHING!

Naseef U Areacode പറഞ്ഞു...

വളരെ നന്നായി എഴുതി
ദാരിദ്രവും ഒരു നല്ല കൂടുകാരനെയും ഒരു നല്ല ഉമ്മയെയും ഒക്കെ നന്നായി വിവരിച്ചു ...

എല്ലാ ആശംസകളും

Sidheek Thozhiyoor പറഞ്ഞു...

കെട്ടിപ്പിടിച്ച് ഒരുമ്മ തരാന്‍ തോന്നുന്നു ഹംസക്കാ .അത്രയ്ക്ക് മനസ്സില്‍ തോട്ടുപോയി നിങ്ങള്‍..ഇനിയും ഇനിയും ഒത്തിരി ഒത്തിരി...
കാണാനാവുമെന്ന വിശ്വാസത്തോടെ...

എന്‍.പി മുനീര്‍ പറഞ്ഞു...

ദാരിദ്യകാലത്തെ സുന്നത്ത് കല്യാണത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കു വെച്ചത് ഹൃദയസ്പര്‍ശിയായി. മാതാപിതാക്കള്‍ക്ക് മക്കളുടെ പ്രധാനമായ
കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരുമ്പോള്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക വിഷമങ്ങള്‍ മനസ്സിനെ വല്ലാതെ ഉലക്കും.മക്കളുടെ മനസ്സിലും അതു മറക്കാതെയിരിക്കും എന്നാണ് ഈ പോസ്റ്റ് വായിച്ചാല്‍
മനസ്സിലാക്കാന്‍ കഴിയുക. ഒരു ബദാം മരം മുറിച്ചു വിറ്റാ‍ണ് എന്റെ സുന്നത്ത്
കല്യാണം നിര്‍വഹിക്കപ്പെട്ടത് എന്ന് എനിക്കു ഓര്‍മ്മ വരുന്നു..നന്ദി സുഹൃത്തേ

lekshmi. lachu പറഞ്ഞു...

ഹൃദയസ്പര്‍ശിയായ അവതരണം..

Unknown പറഞ്ഞു...

എന്ത് കൊണ്ടോ പുനത്തിലിന്റെ കഥകളെ ഓര്‍മ്മിപ്പിക്കുന്നു .....അനുഭവത്തിന്റെ തീ ചൂള കൊണ്ട് ആവാം ഗുരുവിന്റെ ഈ ഓര്‍മ്മകള്‍ ഇത്ര മാത്രം തീക്ഷന്നമായത്

MT Manaf പറഞ്ഞു...

സുന്നത്ത് കല്യാണത്തിന്‍റെ പുറമ്പോക്കില്‍
ഓര്‍മ്മകള്‍ പൊള്ളുന്നു...
നന്നായി.

ചാണ്ടിച്ചൻ പറഞ്ഞു...

ഹംസക്ക....എന്താ പറയേണ്ടത് എന്നെനിക്കറിയില്ല....
ഒരു കാര്യം എനിക്കുറപ്പാ...പ്രവാസിയായി വന്നു കുറച്ചു പണം സ്വരൂപിച്ചപ്പോള്‍, ആദ്യം ചെയ്തത് ഉമ്മയുടെ ആ കാതില്‍ പുതിയ പൊന്നണിയിക്കുക എന്നതായിരിന്നു അല്ലേ....

Akbar പറഞ്ഞു...

അനുഭവങ്ങളുടെ മുറിപ്പാടില്‍ കണ്ണീരിന്റെ ഉപ്പു പടര്‍ന്ന, മനസ്സ് നോവിച്ച ബാല്യ സ്മൃതികള്‍ ഹൃദയ സ്പര്‍ശിയായി എഴുതി. വായിച്ചപ്പോള്‍ ഞാന്‍ ഏറെനേരം നിശബ്ദനായി ഇരുന്നു പോയി. ദാരിദ്ര്യത്തിന്റെ നിസ്സഹായതയില്‍ നിറം മങ്ങിപ്പോയ സ്വന്തം ബാല്യത്തെ ഏറെ സുതാര്യമായി പകര്‍ത്തിയപ്പോള്‍, പിന്നിട്ട ദുര്‍ഘടപഥം മറക്കാത്ത ഈ മനസ്സിന്റെ നന്മയെ ആദരിക്കാതെ വയ്യ. "മാതാവ്" നിര്‍മ്മല സ്നേഹത്തിനു പകരം വെക്കാനില്ലാത്ത പദം. വായനക്കാരുടെ മനസ്സ് ഏറെ ആര്‍ദ്രമാക്കുന്ന പോസ്റ്റ്. എന്നും നന്മകള്‍ നേരുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

രാവിലെ തന്നെ ഈ പോസ്റ്റ് വായിച്ചിരുന്നു...
വായിച്ചു കഴിഞ്ഞപ്പോ കണ്ണു നിറഞ്ഞു
അതു കൊണ്ട് ഒന്നും മിണ്ടാതെ തിരിച്ചു പോന്നു....

ഹംസക്കാ.. എന്താ പറയാ....?
ഇന്നലെകളാണു ജീവിതത്തിന്റെ താളം,മനസിന്റേയും.
ഓര്‍മ്മകള്‍ ഇല്ലായെങ്കില്‍ ഇന്നലെകളില്ല.
ഓര്‍മ്മകള്‍ കൂട്ടിനില്ലായെങ്കില്‍ ജീവിതത്തിനു അര്‍ഥമില്ലാതെ പോകുന്നു....

വളരെ മനോഹരമായ ഒരു കുറിപ്പ്...ഓര്‍മ്മകള്‍ ഒരുപാട് കാലം പുറകോട്ട് പോയി...
ഒരായിരം നന്ദി...ആ ഉമ്മാനോടൊരു സെലാം പറയണം ട്ടാ

Sameer Thikkodi പറഞ്ഞു...

കണ്ണ് നനയിച്ചു ഹംസാക്കാ ...

ഒരു അവ്യക്തമായ ഓര്‍മ്മയെ ഈ "കല്യാണത്തെ " കുറിച്ച് എനിക്കുള്ളൂ.. സമ്മാനം എന്തെങ്കിലും ഒക്കെ കിട്ടിയിട്ടുണ്ടാവണം .. ഒന്നും ഓര്‍മ്മ വരുന്നില്ല. 3 -4 വയസ്സിലായിരിക്കണം .. മുണ്ടുടുത്ത് പള്ളിയില്‍ പോയ ആ ദിനം പക്ഷെ മറന്നിട്ടില്ല . ..

തിയ്യതി അറിയിച്ചാല്‍ സമ്മാനവുമായി വരാം ...

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഹംസക്കാ

ഒരു കാര്യം പറയാന്‍ മറന്നു..
ഈ മനോഹരമായ അനുഭവക്കുറിപ്പില്‍ ഹംസക്കയല്ല താരം
ഹംസക്കാടെ ഉമ്മയാ......

പട്ടേപ്പാടം റാംജി പറഞ്ഞു...

പഴയ തലമുറയില്‍ പെട്ട ഒട്ടുമിക്കവര്‍ക്കും ഇത്തരം കഥകള്‍ പുത്തിരി ആയിരിക്കില്ലെന്നു എനിക്ക് തോന്നുന്നു. പക്ഷെ പലരും അത് മറന്നു കളയാറുന്ടെന്നത് വാസ്തവം. ഇത്തരം ഓര്‍മ്മകള്‍ നഷ്ടപ്പെടാതിരിക്കുന്ന മനസ്സുകളില്‍ മനുഷ്യത്വം മരവിക്കില്ല.

Unknown പറഞ്ഞു...

ഓർമ്മകൾ മരിക്കുന്നിടത്ത് സ്വയം മറക്കാൻ തുടങ്ങുമെന്നാണ്.

ഓർമ്മകൾ മരിക്കാതിരിക്കട്ടെ!
എഴുത്ത് അതിനു ഭംഗി ചാർത്തട്ടെ എന്നും,

ആശംസകൾ!

സ്വന്തം ലേഖകന്‍ പറഞ്ഞു...

entha parayendath, sharikkum hridayathil thattunnu, ariyathe kannukal nirayunnu, ethra avarthi vayichu ennupolum ariyilla, nalla avatharanam, kannuneere ee hridayathin shaanthi nalkuoo....

Unknown പറഞ്ഞു...

ഒന്നും മറച്ച് വെക്കാത്ത പൂ പോലത്തെ ഈ മനസ്സിന്‌ നന്ദി...
പോസ്റ്റ് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.

A പറഞ്ഞു...

എനിക്ക് ഇത് വായികുമ്പോള്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ബാല്യകാല സഖിയില്‍ നിന്നുള്ള ഒരേട് വായിക്കുന്ന അനുഭൂതിയുണ്ടായി.

ബാല്യകാല സഖി ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരു ഏടാണ്, അതിന്‍റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എം പി പോള്‍ പറഞ്ഞു.

ഹംസക്കാന്‍റെ ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഈ പോസ്റ്റിന്റെ വാക്കിലും രക്തം പൊടിഞ്ഞു നില്‍ക്കുന്നു എന്ന് ഞാന്‍ പറയുന്നു.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ ഹംസാ

നന്നായീ ഈ സുന്നത്തു കല്യാണം കഥ. മറ്റു വകകള്‍ എത്ര സമ്പാദിച്ചാലും ഓര്‍മകളുടെ സമ്പാദ്യത്തിന്റെ മുകളില്‍ വേറെ ഒരു സമ്പത്തും വരില്ല.ഓര്‍മകളുടെ സമ്പത്തില്‍ നിന്നും വല്ലപ്പോഴും കുറച്ചു മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുത്താല്‍ അതു സന്തോഷം നല്‍കും.

ആശംസകള്‍.. രചനകള്‍ തുടരുക.

Nena Sidheek പറഞ്ഞു...

പ്രിയപ്പെട്ട ഇക്കാക്ക ..എന്റെ പോസ്റ്റില്‍ വന്നു എഴുതുന്നതെല്ലാം ഞാന്‍ അപ്പപ്പോള്‍ വായിക്കുകയും
അത് അതുപോലെ അനുസരിക്കുകയും ചെയ്യുന്നുണ്ട് , ഉമ്മുമ്മയെ കുറിച്ച് എഴുതിയപ്പോള്‍ എന്റെ
കണ്ണുകള്‍ പലതവണ നിറഞോഴുകിയിരുന്നു ...അതെ അനുഭവമാണ് ഇവിടെ വന്നപ്പോഴും ഉണ്ടായത് ...
നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്താണെന്ന് അറിയില്ല , എന്റെ വളരെ അടുത്ത ഒരാള്‍ ആണ് ഇക്കാക്ക എന്നാ തോന്നലാണ് എനിക്ക് ഇപ്പോഴും
ഉപ്പാനെയുമായി ഫോണില്‍ സംസാരിക്കരുന്ടെന്നൊക്കെ ഉപ്പ പറഞ്ഞു , സ്കൂള്‍ പൂട്ടട്ടെ എന്നിട്ട് വേണം എനിക്കും ഇക്കാക്കാനെ
വിളിക്കാന്‍ .ഇനിയും പോസ്ടിടുമ്പോള്‍ അറിയിക്കണേ ഇക്കാ സ്വന്തം നെന .

വിനുവേട്ടന്‍ പറഞ്ഞു...

ഹംസഭായ്‌... ഒന്നും മറക്കാതിരുന്നത്‌ നന്നായി... വേറെന്താ ഇപ്പോ പറയ്യാ...

(saBEen* കാവതിയോടന്‍) പറഞ്ഞു...

. ഹംസക്ക എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ല കാരണം- വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മാതാപിതാക്കളുടെ ഓര്‍മ്മ കണ്ണ് നനയിച്ചു .ഒപ്പം എന്റെ കുട്ടിക്കാലവും ഒരായിരം നന്ദി.. ഈ അനുഭവങ്ങളൊന്നും പുതു തലമുറയ്ക്ക് പറയാന്‍ ഉണ്ടാവില്ല ...തേങ്ങ ഉടയ്ക്കാന്‍ ഈ "കണ്ണൂരാന്‍ "നോക്കി ഇരിക്കയായിരുന്നു അല്ലെ ? കണ്നൂരാനോടാനാടായ് നിങ്ങള കളി ?ഹ ഹ

K@nn(())raan*خلي ولي പറഞ്ഞു...

ഹംസൂ, അനേകം അനുഭവങ്ങളാണ് ഒരാളെ യഥാര്‍ത്ഥ മനുഷ്യനാക്കുന്നത്. ദര്ദ്രമായ ഒരവസ്ഥയിലാണ് ഇത്ര ദൂരം താണ്ടിയതെന്ന് പലപ്പോഴും ഹംസക്ക പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയേറെ ദുരവസ്ഥ അനുഭവിച്ച ഒരാളാണെന്ന് ചിന്തിച്ചിരുന്നില്ല. ഈ പോസ്റ്റ്‌ ഹൃദയങ്ങളെ കീഴടക്കുന്നു!

ഇക്കാന്റെ കമന്റുകള്‍ വായിച്ചാണ് കണ്ണൂരാന്‍ ബ്ലോഗിലേക്ക് വരുന്നത്. ഇന്നും ഏതു പോസ്റ്റില്‍ കയറിയാലും എന്റെ നോട്ടം ആ പോസ്റ്റിനെ കുറിച്ച് ഹംസക്ക എന്ത് പറഞ്ഞു എന്നാണു. എഴുത്തിലെ ഈ സത്യസന്ധതയാണ് എന്നെപ്പോലുള്ള അനേകം ബ്ലോഗേഴ്സിനെ ഇക്കയുമായി അടുപ്പിക്കുന്നത്.

അവസാന ഭാഗം മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ ഹംസൂ!

K@nn(())raan*خلي ولي പറഞ്ഞു...

"പിന്നെ കണ്ണൂരാന്റെ മാതിരി വായിക്കാതെ “സുണ്ണാപ്പി” മുറിച്ചും തേങ്ങയുടച്ചും കമന്റ് ഉല്‍ഘാടനം ചെയ്യുന്നതിനോട് എനിക്കു യോചിക്കാന്‍ കഴിയില്ല എന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ."

@
എനിക്കും യോജിക്കാന്‍ കഴിയുന്നില്ല കുട്ടീക്കാ!


@ കാവതിയോടന്‍:
കണ്ണൂരാന്‍ തേങ്ങ ഉടച്ചില്ല. സങ്കല്പ്പത്തിലൊരു സുണ്ണാപ്പി മുറിച്ചു!

**

പാവപ്പെട്ടവൻ പറഞ്ഞു...

“മുഷിഞ്ഞ അഞ്ചുരൂപാ നോട്ട് തലയിണക്കടിയില്‍ നിന്നും എടുത്ത് ഞാന്‍ ഉമ്മക്ക് നേരെ നീട്ടി“

നിറം മങ്ങിയ ഒരു ബാല്യത്തിന്റെ നോവുള്ള മധുരമായ അനുഭവം വായനക്കാരെന്റെ മനസിനെ ഇളക്കാൻ പാകത്തിൽ ഹംസ എഴുതി . മനസിൽ മാനുഷികമായ വൈകാരികതയുടെ ഇളക്കമായ കരുണയോ,കനിവോ, കാരുണ്യമോ വറ്റാത്ത സുമനസുകളെ എത്തരത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പറഞ്ഞു കണ്ണൂനനയിപ്പിക്കാം എന്നു ഹംസ ഗവേഷണം ചെയ്യുകയാണന്നു തോന്നുന്നു.
കാരണം ഇതുവായിക്കുമ്പോൾ ( മേൽകുറിച്ച വരികളുടെ ഭാഗം)ഞാനറിയാതെ എന്റെ കണ്ണുകളും മനസും ഹംസയുടെ ബാല്യത്തിന്റെ മനസിനൊപ്പം നിറമിഴിയാൽ ഇറങ്ങിചെന്നു.
കഴിഞ്ഞ പൊസ്റ്റിലും ഹംസ ഇതേനിലപാടാണു സ്വീകരിച്ചത്.

സി. പി. നൗഷാദ്‌ പറഞ്ഞു...

ഹഹഹ ....നല്ല പോസ്റ്റ്‌ ...ഹോ ..ആ ഒരു കാലം ...തലയിണക്കടിയില്‍ നോട്ടുകള്‍
ഹംസക്ക ഇതാണ് ആണുങ്ങളുടെ പ്രസവിച്ചു കിടക്കല്‍ കേട്ടോ ..
സുന്നാപ്പി ..മുരിക്കാത്തവരുടെ ശ്രദ്ദക്ക് പെട്ടെന്ന് സംഭവം നടത്തുക ..അല്ലെങ്കില്‍ ഹാ ...
ഹംസക നല്ല പോസ്ടാനു കേട്ടോ നൊമ്പരപ്പെടുത്തലിന്റെ ചുളിവു വീണ വാക്കുകള്‍ ,അഹങ്കാരമോ ആഹന്റയോ ഈഗോയോ ഇല്ലാത്ത അക്ഷരങ്ങള്‍ ..സത്യത്തിന്റെ കണ്ണാടി ഉമ്മയെ പറഞ്ഞപ്പോള്‍ സങ്കടമായി ..ഈ നാസറും അവന്റെ ഉമ്മയും എവിടെ ആവോ?

വഴിപോക്കന്‍ | YK പറഞ്ഞു...

പോസ്റ്റ്‌ തുടക്കത്തിലേ വായിച്ചു, വല്ലാത്തൊരു ഫീലിംഗ് അതുകൊണ്ട് തന്നെ ഒന്നും എഴുതാതെ ഇങ്ങു പോന്നു...
ഹംസാക്കയുടെ ചെറുപ്പകാലം, ഉമ്മയുടെ സ്നേഹം ഇതൊക്കെയായിരുന്നു മനസ്സില്‍..

എന്തോ ഇന്ന് വീണ്ടും വായിക്കാന്‍ തോന്നി,
എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത് ഹംസാക്കയുടെ ദാരിദ്ര്യമോ ഉമ്മയുടെ സ്നേഹമോ അല്ല
ആ നിഷ്കളങ്ക അയല്‍ക്കാരന്റെ, നാസരിന്റെയും, അവന്റെ ഉമ്മയുടെയും മനസ്സാണ്
അതാണല്ലോ ഇന്ന് നമുക്കില്ലാത്തത്...
ഇന്ന് മഷിയിട്ടു നോക്കിയാല്‍ അങ്ങനെയൊരു നാസറിനെ കാണാന്‍ പറ്റുമോ?
വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നഷ്ടബോധം...
സാമ്പത്തിക അഭിവൃധിക്കൊപ്പം നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങള്‍...

മാണിക്യം പറഞ്ഞു...

ഗള്‍ഫ്‌കാരന്റെ പൊങ്ങച്ചമില്ലാതെ,പഴയകാലം മറക്കാതെ അവതരിപ്പിക്കുന്നതില്‍ താങ്കള്‍ കാണിക്കുന്ന നിലപാട്
വല്ലതെ മനസ്സില്‍ തട്ടി.
"അമ്മായി മടങ്ങിപ്പോവുമ്പോള്‍ എന്‍റെ കൈകളില്‍ പിടിപ്പിച്ച മുഷിഞ്ഞ അഞ്ചുരൂപാ നോട്ട് തലയിണക്കടിയില്‍ നിന്നും എടുത്ത് ഞാന്‍ ഉമ്മക്ക് നേരെ നീട്ടി. ഉമ്മാക്ക് ഇതുകൊണ്ട് കമ്മല് വാങ്ങിക്കോ"

ഈ മനസ്സ് ഇന്നും കൈമൊശം വന്നിട്ടില്ല എന്നത് ഒരനുഗ്രഹം തന്നെ..

ശ്രീ പറഞ്ഞു...

നന്നായി എഴുതി ഇക്കാ. ആ കാലം മനസ്സില്‍ കാണാന്‍ പറ്റി, ഒപ്പം സ്നേഹനിധികളായ ആ ഉമ്മയേയും വാപ്പയേയും.

ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്!‌

Pranavam Ravikumar പറഞ്ഞു...

നന്നായി അവതരിപ്പിച്ചു. ആശംസകള്‍!

IndianSatan പറഞ്ഞു...

ശരിക്കും ഉള്ളില്‍ തട്ടിയുള്ള എഴുത്ത്, വായിച്ചപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍....

അഭി പറഞ്ഞു...

നല്ല ഓര്‍മ്മകള്‍ ഇക്ക , കണ്ണീരുനിറഞ്ഞതാണെങ്കിലും ജീവിതത്തെ അടിപതറാതെ മുന്നോട്ടു നയിക്കാന്‍ മാത്രം കഴിവുള്ളവ

ക്രിസ്തുമസ് പുതുവത്സരാശംസകള്‍

Unknown പറഞ്ഞു...

എനിക്കൊന്നും പറയാന്‍ ഇല്ല മാഷെ ....
എങ്ങനെ പറയണം എന്നറിയില്ല ...അത് കൊണ്ടാ

mukthaRionism പറഞ്ഞു...

ഹാ..
നല്ല പോസ്റ്റ്.
ഞാനും ഒന്നോര്‍ത്തു പോയി.
എന്റേതും ആശുപത്രിയില്‍ വെച്ചായിരുന്നു.ബാല്യകാല സഖിയില്‍
മജീദിന്റെ സുന്നത്ത് കല്യാണം
വൈക്കം മുഹമ്മദ് ബഷീര്‍ സുന്ദരമായി
അവതരിപ്പിച്ചിട്ടുണ്ട്.
(മലയാള സാഹിത്യത്തില്‍ ബഷീറായിരിക്കാം ആദ്യമായി 'സുന്നത്ത്' നടത്തിയതെന്നാണ് എന്റെ അറിവ്)
ആ വായനയും മനസ്സില്‍ ഓടിയെത്തി.

അലി പറഞ്ഞു...

ഒരുകാലത്ത് മുസ്ലിം കുടുംബങ്ങളില്‍ കല്യാണം എന്നു കേട്ടാല്‍ കെട്ടുകല്യാണമോ അതോ മാര്‍ക്കകല്യാണമോ എന്നു ചോദിച്ചിരുന്നു. ഓര്‍മ്മ വെയ്ക്കുന്നതിനു മുമ്പേ സുന്നത്ത് ഓപ്പറേഷന് ചെയ്യപ്പെടുന്ന പുതിയ തലമുറയ്ക്ക് ഉത്സവപ്രതീതിയോടെ നടത്തിയ സുന്നത്ത് കല്യാണം എന്നു കേള്‍ക്കുന്നത് കെട്ടുകഥ പോലെയാവും.

ഹംസക്കായുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ചെറുപ്പകാലത്തെ ഇല്ലായ്മക്കിടയിലെ ജീവിതം ഒരിക്കല്‍ കൂടി അനുഭവിക്കുകയായിരുന്നു.

ആശംസകള്‍!

രഘു പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രഘു പറഞ്ഞു...

നന്നായി എഴുതി... എവിറ്ടെയൊക്കെയോ ഒരു വിങ്ങല്‍!

സ്വപ്നസഖി പറഞ്ഞു...

തട്ടം കൊണ്ട് കാത് മറച്ചു പിടിച്ച് നിറകണ്ണുകളായിരുന്നിട്ടും പുഞ്ചിരി വിടാതെ…. “ഉമ്മാടെ പൊന്നു വലുതായിട്ട് ഉമ്മാക്ക് കമ്മലു വാങ്ങി തരണംട്ടോ”

ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന വേദനകളെ യാതൊരുവിധ ഏച്ചുകെട്ടലുമില്ലാതെ അപ്പാടെ പകര്‍ത്തിയതുകൊണ്ടാവും, ഈ വരികള്‍ എന്റെയും കണ്ണുനനയിച്ചു.(സത്യം).
ഉമ്മയ്ക്കു ആയുരാരോഗ്യസൌഖ്യം നേരുന്നു.

വായനക്കാരന്റെ ഉളളം സ്പര്‍ശിക്കുംവിധം തീവ്രമായ വേദനയില്‍ ചാലിച്ച എഴുത്ത്.

Mohamed Salahudheen പറഞ്ഞു...

ഓര്മ്മകളിലൊന്നിവിടെയുമുണ്ട്.
സമ്മാനംകൊണ്ടുത്തന്ന പലരും ഓര്മ്മയായി. നല്ലൊരോര്മ്മച്ചിത്രത്തെ തിരികെത്തന്നതിന് നന്ദി, ഹംസക്കാ

റശീദ് പുന്നശ്ശേരി പറഞ്ഞു...

നാസര്‍ അവന്‍റെ ഉമ്മ കാണാതെ ഉടുത്ത തുണിക്ക് മുകളില്‍ മറ്റൊന്നുകൂടി എടുത്ത് വന്ന് വഴിയില്‍ വെച്ച് എനിക്കഴിച്ച്തന്നു

പകരം വെക്കാനില്ലാത്ത ആ സ്നേഹത്തിനു
മനോഹരമായി കണ്ണ് നനയിപ്പിച്ചതിനു
നിന്റെ "സുന്നാമി" ഇനി മുറിക്കുമ്പോള്‍ ഞാനൊരു സമ്മാനം തരുന്നുണ്ട് ഹംസക്ക

Thanal പറഞ്ഞു...

എന്താ എഴുതുക ഹംസ?
പണ്ടത്തെ മാര്‍ക്കക്കല്യാനം ...ഓര്‍ക്കുമ്പോള്‍ പേടിയോ മറ്റോ തോന്നുകയാണ്
ഒസ്സാന്‍ വന്നു പച്ചക്ക് ചെയ്യുകയല്ലയിരുന്ന?
ഹംസടെ പോസ്റ്റ്‌ വായിച്ചിട്ട എന്താ പറയുക?
ഉമ്മാനെ സ്നേഹിച്ച മോനാണെന്ന് മനസ്സിലായി.....ഉപ്പാനേം.
. “ഉമ്മാടെ പൊന്നു വലുതായിട്ട് ഉമ്മാക്ക് കമ്മലു വാങ്ങി തരണംട്ടോ”
എല്ലാ മക്കളും ഉമ്മാനെ വല്ലാതെ സ്നേഹിക്കും അല്ലെ?
പിന്നെ ഇപ്പോള്‍ സുന്നത് 3aam ദിവസം കഴിക്കുകയാണ്
അവറ്റങ്ങളുടെ സുഖം
വേദന അറിയേണ്ടല്ലോ?
അല്ലെ?

dreams പറഞ്ഞു...

egane oru vishayam kadha aayi aarum avatharipichitundavilla enthayalum nannayitundu peru kollam athinu yogicha onnu thanneyanu ethuvayichal aarum aa sandarbham onnu orthupogum.......

വിരോധാഭാസന്‍ പറഞ്ഞു...

ഹൃദയദ്രവീകരണശക്തിയുള്ള തുറന്ന എഴുത്ത്..
ആശംസകള്‍..!

മെറിക്രിസ്മസ്& ഹാപ്പി ന്യൂ ഇയര്‍..!

Unknown പറഞ്ഞു...

എല്ലാരും പറഞ്ഞത്‌ ഞാനും പറയുന്നു.

കണ്ണീരിന്‍റെ നേര്‍ത്ത പുകമറക്കുള്ളിലൂടെ
ഞാനും വായിച്ചു തീര്‍ത്തു.
ഉപ്പാന്റെ കുട്ടിക്കാലം ദാരിദ്ര്യത്തിന്‍റെതായിരുന്നു.അക്കഥകള്‍ ഇടയ്ക്കിടെ ഉപ്പ ഞങ്ങള്‍ക്ക് പറഞ്ഞു തരാറുണ്ട്.
ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ആ വിധിയുണ്ടായില്ല.
ഹംസ ഭായിയുടെ ഉമ്മയോട്‌ എന്‍റെ സലാം പറയാന്‍ മറക്കരുത്.
ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ വായനക്കാരുടെ മനസ്സിലും പച്ചപിടിച്ചങ്ങനെ നില്‍ക്കും!എന്നും,,എക്കാലവും,,!!

ആശംസകള്‍..

നാമൂസ് പറഞ്ഞു...

ഓര്‍മ്മകളെ കൊല്ലാതിരിക്കുക, അത് മാത്രമാണ് നമ്മെ മരിക്കാതെ ജീവിപ്പിക്കുന്നത്‌. മറ്റൊരര്‍ത്ഥത്തില്‍ മരവികള്‍ക്ക് മേല്‍ ഓര്‍മ്മകള്‍ നടത്തുന്ന സമരമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനം.
യാതൊരു ആലങ്കാരികതകളും ഇല്ലാതെ പറയട്ടെ, ഈ അക്ഷരങ്ങള്‍ക്ക് ഹൃദയ രക്തത്തിന്‍റെ നനവുണ്ട്. എഴുത്താണിയില്‍ ഇനിയും ഉണങ്ങാത്ത നിണം മണക്കുന്നതിനെ എനിക്കനുഭവപ്പെടുന്നു.

ഇതില്‍ നിന്നും ഏറെ അകലെയല്ല ഞാന്‍.
കഴിഞ്ഞ ഒക്ടോബറില്‍ ഞാന്‍ ഭൂമിയെ തോറ്റ നാളിന്‍റെ ഓര്‍മ്മയില്‍ ചിലതിനെ എഴുതിയിരുന്നു.
ഫൈസ് ബുക്കില്‍ ഒരു കുറിപ്പായി ഇട്ട അതിനെ ഇവിടെയും പോസ്റ്റണം എന്ന് കരുതുന്നു.
വീണ്ടും വരാം കാണാം.. നാഥന്‍ അനുഗ്രഹിക്കട്ടെ..

ആചാര്യന്‍ പറഞ്ഞു...

മനസ്സില്‍ നൊമ്പരപ്പെടുത്തുന്ന..ഒരു ഓര്‍മപ്പെടുത്തല്‍..നന്നായി ഹംസക്കാ..അന്നത്തെ ആ ദിവസങ്ങളിലെ നൊമ്പരങ്ങള്‍ നന്നായി അവതരിപ്പിച്ചു...എല്ലാ ഭാവുകങ്ങളും..കണ്ണീരിന്റെ നനവും..വഴി മറക്കാതൊരു ഓര്‍മകളും..

chillu പറഞ്ഞു...

ഈ ആചാരത്തെപറ്റികൂടുതല്‍ അറിയില്ല...,കണ്ണുനിറഞൂ...,പച്ചയായ യാഥാര്‍ഥ്യങ്ങള്‍,ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല..,

വര്‍ഷിണി* വിനോദിനി പറഞ്ഞു...

മനസ്സ് വിങ്ങുണൂ...

ഒഴാക്കന്‍. പറഞ്ഞു...

ഇക്കയുടെ കഥയില്‍ എപ്പോഴും ഒരു കണ്ണീരിന്റെ നോവും പച്ചയായ ജീവിതത്തിന്റെ പല ഏടുകളും കാണാന്‍ കഴിയും അതുതന്നെ യാണ് കൂട്ടുകാരന്‍ എന്ന ഈ ബ്ലോഗിനെ ഒരുപാടിഷ്ട്ടപെടുവാനുള്ള കാരണവും

(റെഫി: ReffY) പറഞ്ഞു...

പകരം വെക്കാനില്ലാത്ത അവതരണം. വരികള്‍ക്കിടയിലെ കണ്ണുനീര്‍ തുടച്ചുകളയാന്‍ ഒരു കൈലേസ് കൂടി വേണം എന്നിടത്ത് താങ്കളുടെ എഴുത്ത് ഉയര്‍ന്നു നില്‍ക്കുന്നു. ഭാവുകങ്ങള്‍.

krish | കൃഷ് പറഞ്ഞു...

“ഉമ്മാടെ പൊന്നു വലുതായിട്ട് ഉമ്മാക്ക് കമ്മലു വാങ്ങി തരണംട്ടോ”

.. touching words.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അനുഭവങ്ങളായാലും,മറ്റുവിവരണങ്ങാളായാലും എഴുത്തിലുള്ള ഈ ആത്മാർത്ഥതയാണ് ഹംസയെ മറ്റുള്ള ബൂലോഗരിൽ നിന്നും വേറിട്ടു നിറുത്തുന്ന ഘടകം കേട്ടൊ...

വായനക്കാരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ആര്‍ദ്രമാക്കുന്ന വർണ്ണനകൾ...

ഹൃദയ സ്പര്‍ശിയായി എഴുതിയ ഈ കട്ടിങ്ങ് സെർമണിയും ഞങ്ങളുടെ ഹൃദയത്തേയും കട്ട് ചെയ്തു...!

ജീവി കരിവെള്ളൂർ പറഞ്ഞു...

മനം നൊന്ത് കരഞ്ഞവനേ മനസ്സ് നിറഞ്ഞ് ചിരിക്കാനും കഴിയൂ എന്നെവിടെയോ കേട്ടപോലെ . പോസ്റ്റ് നല്ലൊരോര്‍മ്മചിത്രം നല്‍കി .
ആഘോഷങ്ങള്‍ക്ക് സമൂഹം നല്‍കുന്ന അനാവശ്യമായ പ്രാധാന്യം ഒരുപാട് കണ്ണുകള്‍ നിറയാന്‍ കാരണമായിട്ടുണ്ടാകും . ഇന്നും അതിനൊട്ടു കുറവു വന്നിട്ടുള്ളതായി തോന്നുന്നില്ല ; അവസ്ഥകളില്‍ വ്യത്യാസം വന്നിട്ടുണ്ടാകും .

ഹംസ പറഞ്ഞു...

ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി .

ഉമ്മയോട് അന്വേഷണം പറയാന്‍ ഏല്‍പ്പിച്ചവരുടെ എല്ലാം “അന്വേഷണം” ഞാന്‍ അവരെ അറിയിച്ചിട്ടുണ്ട്. ആരാ അവരൊക്കെ എന്ന് ചോദിച്ചപ്പോള്‍ എന്റെ കൂട്ടുകാരാനെന്നു പറഞ്ഞു. അല്ലാതെ ഉമ്മാക്ക് ഈ ബ്ലോഗും കമന്റും ഒന്നും അറിയില്ലല്ലോ.
നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉമ്മയെ കൂടി ഉള്‍പ്പെടുത്തണം ....
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.

Vayady പറഞ്ഞു...

സ്വന്തം ബാല്യത്തിലെ മറക്കാനാവാത്ത ഒരുനുഭവം ഹംസ ഇവിടെ ഹൃദയസപ്‌ര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. ലാളിത്യവും ആത്മാര്‍‌ത്ഥയും കൊണ്ട് അനുഗ്രഹീതമായ രചന എന്റെ മനസ്സിനെ ആര്‍ദ്രമാക്കി. സെന്റിമെന്റ്ലിസത്തിന്റെ കടുത്ത ചായം ഉപയോഗിക്കാതെ തന്മയത്വത്തോടെയുള്ള ഈ രചനശൈലി ഹംസയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.
അഭിനന്ദനം. ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ..

"പൊന്നുകുടത്തിനെന്തിനാണ്‌ കമ്മല്‍?" എന്നു ഞാന്‍ ചോദിച്ചെന്ന് ഉമ്മയോട് പറയണം.

V P Gangadharan, Sydney പറഞ്ഞു...

തിക്തയാഥാര്‍ത്ഥ്യങ്ങളുടെ നഗ്നഗാത്രം മറയ്ക്കാന്‍ സര്‍ഗ്ഗാത്മകതയുടെ പട്ടുടുപ്പുള്ളപ്പോള്‍, ഹംസക്ക്‌ ഇനിയും ഒരു സുഹൃത്തിന്റെ വസ്ത്രദാനം ആവശ്യമില്ലാതെ വരുന്നു. എന്നാല്‍, ഈ പട്ടുടുപ്പ്‌ ഇദ്ദേഹത്തിന്‌ ജന്മസിദ്ധമായി ലഭിച്ചിരുന്നത്‌ ഇന്ന്‌ കണ്ടെത്തുമ്പോള്‍ ദൈവം തമ്പുരാന്‍ താഴ്ത്തിപ്പിടിച്ച ആ വലീയ ത്രാസില്‍ ഹംസ തൂങ്ങിനില്‍ക്കുന്നത്‌ മുകളിലോ താഴെയോ എന്ന്‌ ആര്‍ഭാടത്തിലാറാടുന്നവര്‍ ഇപ്പോള്‍ കണ്ടെത്തട്ടെ. എന്തുതന്നെ ആയാലും വിലമതിക്കാനാവാത്ത ഈ ദേഹത്തിന്റെ ഒരു തെല്ല്‌ പോലും മുറിച്ചു കളയുവാന്‍ ഇനിയെങ്കിലും ആരെയും അനുവദിക്കാതിരിക്കട്ടെ, ലേഖകന്‍.
അസ്തിത്വ മൗലികവാദത്തിന്റെ സിദ്ധാന്തങ്ങളിലേക്ക്‌, ആത്മരോദനത്തോടെ ആണെങ്കിലും, മറ്റൊരു കൊച്ചു ചൂണ്ടുപലകയാണിവിടെ നാട്ടിയിരിക്കുന്നത്‌.
In this context I reckon, it's worth to mention about Maslow's hierarchy of needs (pyramid). Traditional acquisition of our so-called mindset in assessing human values, very often than not, blatantly takes us to rather pitiful and graceless betrayal of human dignity, verily contradicting with that with occidental ones. Nonetheless, it is a shame! This story appears to be a shining indicator against that absolutely shameful truth...
ഹംസക്ക്‌ എന്റെ ആദ്യത്തെ സലാം!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ആത്മാവ്വിൽ തൊട്ടെഴുതിയ നൊമ്പരപ്പെടുത്തുന്ന ഓർമകൾ, അതിഭാവുകത്വമില്ലാതെ.... എന്താ പറയുക ഭായ്,കണ്ണു നനച്ചു!!

(കൊലുസ്) പറഞ്ഞു...

കരയിച്ചു വല്ലോ ഇക്കാ. നാട്ടിലെ സുന്നത് കല്യാണം അറിയില്ല.കണ്ടിട്ടില്ല. ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ അതൊക്കെ നേരില്‍ കാണുന്നത് പോലെയാ.
ആശംസകള്‍ കേട്ടോ. ഉമ്മയോട് എന്റെ അനേഷണവും പരയൂലെ.

Typist | എഴുത്തുകാരി പറഞ്ഞു...

വേദനിപ്പിക്കുന്ന ഓർമ്മകൾ.

HAINA പറഞ്ഞു...

:)

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഹംസക്കാ, ഒന്നും പറയാനില്ല.
ഓര്‍മ്മകള്‍ ഓടിയെത്തി, ഒടക്കുഴലൂതി, പഴയ പഴയ നൊമ്പരപ്പെടുത്തുന്ന സുഖമുള്ള വേദനകള്‍ തരുന്നത് മനസ്സില്‍ അളവറ്റ സ്നേഹം എല്ലാവരോടും നിറയ്ക്കാന്‍ ഉപകരിക്കും.
സ്നേഹനിധിയായ കൂട്ടുകാരാ, ഹൃദ്യമായ അനുഭവമായി ഈ പോസ്റ്റ്‌. ആശംസകള്‍

ManzoorAluvila പറഞ്ഞു...

ഈറനണിഞ്ഞ കണ്ണുകളോടെ ഈ സുന്നത്ത് കല്ല്യാണ വിശേഷം വായിച്ചു തീർത്തു..ഹംസാജിയുടെ എല്ലാ ഉയർച്ചയ്ക്കും വേണ്ടി പ്രർത്ഥിക്കുന്നു..ഏല്ലാ ആശംസകളും

അക്ഷരപകര്‍ച്ചകള്‍. പറഞ്ഞു...

കണ്ണു നനച്ചു ഈ കുറിപ്പ്.അഭിനന്ദനങ്ങള്‍.

ആളവന്‍താന്‍ പറഞ്ഞു...

സെഞ്ച്വറി എന്റെ വക.. ഇനി വായന.

thalayambalath പറഞ്ഞു...

ചെറുപ്പത്തിലെ പല സന്തോഷങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പിന്നില്‍ ഉമ്മമാരുടെ മിഴിനിറയിക്കുന്ന സമ്പാദ്യങ്ങളുണ്ടാവും... ഹൃദ്യമായ പോസ്റ്റ് എന്റെ അഭിനന്ദനങ്ങള്‍

jyo.mds പറഞ്ഞു...

മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍.വളരെ നന്നായി എഴുതി.

Renjith Kumar CR പറഞ്ഞു...

പതിവ് പോലെ നല്ല രീതിയില്‍ അവതരിപ്പിച്ചു
.ഇപ്പോള്‍ പോസ്റ്റുകള്‍ക്ക് ഒരു നൊമ്പരം പതിവാണല്ലോ ഹംസക്ക

Unknown പറഞ്ഞു...

സുന്നത്ത് കല്യാണം നന്നായി പറഞ്ഞിരിക്കുന്നു.നിങ്ങളൂടെ കുട്ടികാലത്തും ഓപറേഷൻ ഒക്കെ ഉണ്ടായിരുന്നോ?

Unknown പറഞ്ഞു...

ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നെഴുതിയ എഴുത്ത്‌ ഹൃദയത്തിലേക്ക് തുളഞ്ഞു കയറുന്നു.

ചില കാരണങ്ങളാല്‍ വായിക്കാന്‍ വൈകി :(

ajith പറഞ്ഞു...

തുല്യമായ ഒരു ദരിദ്രബാല്യത്തിന്റെ അനുഭവമുള്ളതുകൊണ്ട് വായന കണ്ണ് നനയിച്ചു. ആണുങ്ങള്‍ കരയാന്‍ പാടുണ്ടോ എന്നല്ലെ? ഇപ്പോള്‍ ഒരു കണ്ണുനീര്‍ ഗ്രന്ഥി കൂടുതലായി ഉള്ളത് പോലെയാണ്. ചിലത് കാണുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. ചിലത് വേദന കൊണ്ട് കണ്ണ് നിറയ്ക്കും.

പിന്തിരിഞ്ഞ് നോക്കുമ്പോള്‍ കൊടുത്ത് തീര്‍ക്കാനാവാത്ത ഒരുപാട് കടങ്ങള്‍ കാണുന്നു. ഹംസക്ക് നാസര്‍ പോലെ. ഉമ്മയുടെ കമ്മല്‍ പോലെ. അമ്മായിയുടെ അഞ്ച് രൂപ പോലെ, ഉപ്പയുടെ പരക്കം പാച്ചില്‍ പോലെ.

അനീസ പറഞ്ഞു...

മനസ്സില്‍ തട്ടിയ പോസ്റ്റ്‌

വക്കീല്‍ പറഞ്ഞു...

നന്നായി പറഞ്ഞു. മനസ്സില്‍ തട്ടുന്ന എഴുത്ത്.

Sukanya പറഞ്ഞു...

ഒരു കല്യാണം പ്രമാണിച്ച് ലീവ് ആയിരുന്നു. അതാ ഇവിടെ വൈകിയത്.

നിഷ്കളങ്കനായ ഹംസയെ ഇതില്‍ കണ്ടു. പിന്നീട് ഉമ്മക്ക്‌ കമ്മല്‍ വാങ്ങി കൊടുത്തിരിക്കും എന്ന് കരുതുന്നു.

sulekha പറഞ്ഞു...

ഇക്കയുടെ പോസ്റ്റുകള്‍ ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ ആണെന്ന് ഞാന്‍ പലവട്ടം സുചിപ്പിചിട്ടില്ലേ ?എനിക്ക് അങ്ങനെയാണ് തോന്നിയത്.യഥാര്‍ത്യത്തിന്റെ ചൂടുള്ള കരളലിയിക്കുന്ന രചന.നാസര്‍ ഇപ്പോള്‍ എവിടെ ?ഉമ്മയ്ക്ക് അഭിമാനത്തോടെ പറയാം എന്റെ പൊന്ന് എന്ന്.എല്ലാ മാതാപിതാക്കളും ഇങ്ങനെയൊക്കെ ആണ് അല്ലെ?ഞാനും എന്റെ കുട്ടികാലം ഓര്‍ക്കുന്നു.ഓര്‍മകളില്‍ നാം ജീവിക്കുന്നു അല്ലെ ?എന്റെ നവവത്സരാശംസകള്‍

വീകെ പറഞ്ഞു...

ഏതു കുഴിക്കു സമീപവും ഒരു കുന്നുണ്ടാവും...!

ആശംസകൾ....

ഫെബ്ന ആഷിഖ് പറഞ്ഞു...

ഇക്കാ,
ബ്ലോഗ്ഗിലെ ഒരു പുതിയ ആളാണ്‌. സമയം ‍ കിട്ടുമ്പോള്‍ ആ വഴി വരുമെന്ന് കരുതുന്നു

തൂവലാൻ പറഞ്ഞു...

വാ‍യിച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു….അറിയില്ല എന്താണ് പറയേണ്ടതെന്ന്…

Unknown പറഞ്ഞു...

പുതുവത്സരാശംസകള്‍
ഹൃദയപൂര്‍വ്വം
നിശാസുരഭി :)

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഉമ്മയെ എങ്ങനെ വ്യാഖ്യാനിക്കും? എങ്ങനെ എഴുത്തും, വരയും, പറയും.... അതൊരു വികാരം തന്നെയാണ്.

നല്ലൊരു പോസ്റ്റ്‌.

Riyas Aboobacker പറഞ്ഞു...

വല്ലാതെ നൊമ്പരപ്പെടുത്തി ഈ പോസ്റ്റ്‌... അലക്കിത്തേച്ച ഒരു മുണ്ടും, കീറല്‍ ഇല്ലാത്ത ഷര്‍ട്ടും ഒക്കെ ഏറ്റവും വലിയ സൌഭാഗ്യമായി കരുതിയിരുന്ന ഒരു എട്ടു വയ്യസ്സുകാരന്റെ മാനസികാവസ്ഥ നന്നായി വരച്ചു കാട്ടി.
ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവനായിട്ടും‍, പലപ്പോഴും ഞാന്‍ ആഗ്രഹിച്ചത്‌ പലതും എനിക്ക് നിഷേടിക്കപ്പെട്ടിരുന്നു..... പക്ഷെ എന്നേക്കാള്‍ പാവപ്പെട്ടവര്‍ ഉണ്ടായിരുന്നു എന്ന അറിവായിരുന്നു എന്നെ പലപ്പോഴും സങ്കടപ്പെടുതിയിരുന്നത്...... ഇത്തരം തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ജീവിതവിജയത്തിനു വഴികാട്ടും എന്നതില്‍ തര്‍ക്കമില്ല... പ്രദീപ്‌ പെരരശന്നൂര്‍ എന്ന ബ്ലോഗരുടെ ഒരു പോസ്റ്റ്‌ വായിച്ചതോര്‍ക്കുന്നു... "സാമ്പത്തികമായി ഞാനൊരു ദാരിദ്രനാനെങ്കിലും അനുഭവങ്ങളുടെ കാര്യത്തില്‍ ഞാനൊരു ധനികനാനെന്നു..."

keep it up...

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

കഥ അസ്സലായിട്ടുണ്ട്...നിങ്ങളുടെ കഥ മിക്കതും അനുഭവത്തിന്റെ മേമ്പൊടി യില്‍ ചാലിച്ചത് കൊണ്ടാകാം നല്ല രുചി..
ഒരു കണക്കിനു നമ്മളൊക്കെ ഭാഗ്യവാന്മാര്‍. ആ ഇല്ലായ്മയിലും എന്തോകെ ഒരു സുഖമുണ്ടായിരുന്നു.. ഇന്നോ ...?

ഹംസ പറഞ്ഞു...

ഇവിടെ എത്തി വായിക്കുകയും , അഭിപ്രായം അറിയിക്കുകയും ചെയ്ത എന്‍റെ എല്ലാ പ്രിയ കൂട്ടുകാര്‍ക്കും നന്ദി...

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഹംസാ, ഏച്ചുകേട്ടലില്ലാത്ത ആത്മാര്‍ത്ഥമായ ഹൃദയഭാഷയാണ്‌ താങ്കളുടെ അനുഭവങ്ങളില്‍
ആ നൊമ്പരങ്ങള്‍ എഴുതാന്‍ ഇനിയും പ്രചോദനം തരട്ടെ. എല്ലാ ആശംസകളും...

പുതുവത്സരാശംസകള്‍

SUJITH KAYYUR പറഞ്ഞു...

aashamsakal

Unknown പറഞ്ഞു...

ഹംസാക്കാ
എനിക്ക് എന്റെ ഉമ്മയെ ഒരുപാടൊരുപാട് ഇഷ്ട്ടമാണ്.
അതുകൊണ്ടാണോ എന്തോ ഒരു ബ്ലോഗ്‌ വായിച്ചിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടു ഉണ്ടെങ്കില്‍ അത് ഇപ്പോളാണ്..
നമുക്ക് എന്നും പ്രാതിക്കാം .....
"റബ്ബി ഗ്ഫിര്ളീ വര്‍ഹംനീ വലി വാലിദയ്യ റബ്ബിര്‍ ഹംഹുമാ കമാ റബ്ബ യാനീ സ്വഗീരാ ......"

ദിവാരേട്ടN പറഞ്ഞു...

ഇത് കാണാന്‍ കുറച്ചു വൈകി.
വളരെ നന്നായി എഴുതി. ALL THE BEST

Anil cheleri kumaran പറഞ്ഞു...

ഹൃദയ സ്പര്‍ശിയായെഴുതിയിരിക്കുന്നു.

Marykkutty പറഞ്ഞു...

Ummakku Ningal Sammaanichathu Oru Ponnada thanneyaanu Hamsakka....

Elayoden പറഞ്ഞു...

ഹംസാക്ക, വെറുതെ ഒന്ന് വന്നു പോയതാ..
പുതുവത്സരാശംസകളോടെ..

കുഞ്ഞായി | kunjai പറഞ്ഞു...

സുന്നത്ത് കല്യാണമങ്ങട് കൊഴുപ്പിച്ചല്ലോ ഹംസക്കാ

Suvis പറഞ്ഞു...

ആദ്യമായാണ് ഈ വഴി വന്നത്. പോസ്റ്റുകള്‍ ഓരോന്നോയി വായിച്ചു വരുന്നു, വായിച്ചിടത്തോളം ഇഷ്ടപ്പെട്ടു. ചൈനീസ് ഫോണ്ട് മാറ്റി മലയാളം തന്നെയാക്കിയിട്ടുണ്ട്. ഫ്രീ ആകുമ്പോള്‍ വല്ലപ്പോഴും ആ വഴിക്കും ഇറങ്ങുക.

കൊമ്പന്‍ പറഞ്ഞു...

എവിടെയോ ബാല്യത്തില്‍ അനുഭവിച്ച ദാരിദ്ര തിന്‍ ഓര്‍മ്മകള്‍ ഈ വരിക്കു മുകളില്‍ എന്റെ വീണു പോയി .............................................

khader patteppadam പറഞ്ഞു...

എണ്റ്റെ അനുഭവം താങ്കള്‍ക്കെങ്ങനെ ഇത്ര നന്നായി വിവരിക്കാന്‍ കഴിഞ്ഞു.. ?!

ആളവന്‍താന്‍ പറഞ്ഞു...

ഒരുപാടിഷ്ട്ടപ്പെട്ടു ഹംസക്കാ..... വായിക്കാന്‍ അല്‍പ്പം വൈകി എന്നാലും കണ്ണ് നിറഞ്ഞു എന്ന് പറയാതെ വയ്യ. ഓര്‍മ്മയില്‍ നില്‍ക്കുന്ന ചില വരികള്‍ ഉണ്ടായിരുന്നു.

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഒരു ഫ്ലാഷ് ബാക്കിലൂടെ പഴയ കാലത്തിന്‍റെ ഇല്ലായ്മകളുടെയും സ്നേഹത്തിന്റെയും കൊച്ചു കൊച്ചു ദുഖങ്ങളുടെയും കഥ ഹംസക്ക നന്നായി പറഞ്ഞു. 'സുന്നത് കല്യാണം' എന്ന അനാചാരം ഇന്ന് സമൂഹത്തില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്...അത് പോലെ കുഞ്ഞു പ്രായത്തില്‍ തന്നെ സുന്നത് കഴിക്കുന്ന നല്ല പ്രവണതയും ഉണ്ട്... പണ്ടതൊരു മുഴുവന്‍ കല്യാണം തന്നെയായിരുന്നു...അമുസ്ലിംകലായ എന്റെ ചില സുഹൃത്തുക്കളും വളരെ വൈകി ഈ പരിപാടി ഒപ്പിച്ചിട്ടുണ്ട്...!
മോന്‍റെ സുന്നത്തിന്റെ കൂടെ ബപ്പന്റെത് ഒന്നൂടെ കഴിച്ചാലോ...(ഞാന്‍ ഓടി..)

മഹേഷ്‌ വിജയന്‍ പറഞ്ഞു...

പ്രിയപ്പെട്ട ഹംസക്ക..
പതിവ് പോലെ, വരാന്‍ അല്പം വൈകി..
എന്നെ കണ്ണുനീരില്‍ അലിയിപ്പിച്ച ആദ്യത്തെ ബ്ലോഗ്‌ പോസ്റ്റാണിത്...
ഹൃദയത്തില്‍ നിന്നും ദൈവം നേരിട്ടെഴുതിയ എഴുത്തുപോലെ തോന്നി...
എനിക്കുറപ്പാണ്, സ്വയം ഈ പോസ്റ്റ് വായിച്ചു ഇക്കയുടെയും കണ്ണുകള്‍ പല തവണ ഈറനണിഞ്ഞിട്ടുണ്ടാകും എന്ന്..
ഇക്കാ, ഒരുപാട് നന്ദി, എന്റെ മനസ്സിന്റെ ഉള്ളറകളെ തട്ടി നോവിച്ചതിനു, ഹംസ എന്ന ബ്ലോഗ്ഗറില്‍ നിന്നും ഒരു ബാല്യതിലെക്കെത്തി ഇക്കയെ കൂടുതല്‍ അറിയാന്‍ സഹായിച്ചതിന്...എല്ലാം നന്ദി..
ഹൃദയം നിറഞ്ഞ നവവത്സര ആശംസകള്‍..

ramanika പറഞ്ഞു...

കാലം പായുന്നു മുന്പോട്ട്
ഓര്‍മ്മകള്‍ അതെ സ്പീഡില്‍ പുറകോട്ടും

വരാന്‍ വൈകി
പക്ഷെ ഇപ്പൊ മനസ്സ് വിങ്ങുന്നു
നല്ലൊരു മനസ്സില്‍ തട്ടിയ പോസ്റ്റ്‌
ഹാപ്പി 2011 !

അജ്ഞാതന്‍ പറഞ്ഞു...

എന്റെത് മൂന്നാം വയസ്സില്‍ ആയിരുന്നു.
ഏതായാലും കലക്കി. നല്ല ടെമ്പ്ലേറ്റ് .

ചെമ്മരന്‍ പറഞ്ഞു...

സെറിമണി കലക്കി. സുന്നത്തും. കമന്റിനു ശേഷമാകാം വായന. ടെമ്പ്ലേറ്റ് വീണ്ടും കലക്കി. കൂതുമോന്‍ ആണോ ഇതിന്റെ ശില്പി.

പുതുവത്സരാശംസകള്‍..

ഹംസ പറഞ്ഞു...

പ്രിയ കൂട്ടുകാരേ,, വായിക്കുകയും,അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ നന്ദി..
പുതുവത്സരാശംസകള്‍ :)

മുകിൽ പറഞ്ഞു...

മനസ്സിന്റെ ഉലയിൽ ഉമ്മാക്കു വേണ്ടി ഒരു ജോഡി കമ്മൽ പണിതു നൽകി, ല്ലേ..
എഴുത്തു നല്ലത്, ഹംസ. ഉള്ളിൽ നനവൂറ്റുന്നത്..

സ്നേഹത്തോടെ,
പുതുവത്സരാശംസകൾ.

കുന്നെക്കാടന്‍ പറഞ്ഞു...

പ്രിയപ്പെട്ട ഹംസാക്ക വായിച്ചറിയുവാന്‍ കുന്നെക്കാടന്‍ എഴുതുന്നു.ജിദ്ധയിലെ മഴ എന്നെ നാട്ടിലേക്കു കൂട്ടികൊണ്ട് പോയി,പക്ഷെ ഹംസാക്ക നിങള്‍ എന്നെ കുട്ടിക്കാലതിലെക്കന്നു കൊണ്ടു പോയത്.നിങ്ങള്‍ക്ക് അവിടെ സുഖമാണോ എന്ന് ചോദിക്ക്ന്നില്ല,നമ്മള്‍ ഗള്‍ഫുകാര്‍ക്ക് എന്നും ഇവിടെ പരമ ഖമാണല്ലോ ! കൂട്ടുകാരനെ കാണാന്‍ ഇത്തിരി വൈകിയോ എന്നു തോന്നുന്നു,സാരമില്ല ഇനി ഞാന്‍ കൂടെ കൂടാന്‍ പോവുകയാ.

Marykkutty പറഞ്ഞു...

Hamsakkaa.....

Nannayittundu Ennalla....

Sarikkummmm

Nannayirikkunnu...!

കളിക്കൂട്ടുകാരി പറഞ്ഞു...

നല്ല എഴുത്ത്...കരഞ്ഞുപോയി. പുതുവത്സരാശംസകള്‍

siya പറഞ്ഞു...

ഹംസ ,ഈ പോസ്റ്റ്‌ നെ കുറിച്ച് എല്ലാരും പറഞ്ഞു കഴിഞ്ഞല്ലോ ?എനിക്ക് പറയാന്‍ ഒന്ന്‌ മാത്രം ,ഈ പോസ്റ്റ്‌ ഉമ്മച്ചിയോട് ഒന്ന്‌ വായിക്കാന്‍ പറയൂ .ഞാന്‍ വല്ലതും എഴുതി എന്ന് പറയുമ്പോള്‍ എന്‍റെ അമ്മ എന്നോട് ചോദിക്കും ?നാല് വരി കവിത,കഥ എഴുതുവാന്‍ എനിക്ക് എത്ര സമയം എടുക്കും എന്ന് ?

അത് വായിക്കാന്‍ അയച്ചു തരണം എന്ന് പറയാന്‍ മടി ആണ് ..നമുടെ മനസ് തുറന്നുള്ള എഴുത്ത് അവരും വായിക്കാന്‍ ഇഷ്ട്ടപെടും എന്ന് എനിക്ക് തോന്നുന്നു ...

ഹംസക്ക് പുതുവര്‍ഷാശംസകളും ..

റഷീദ് കോട്ടപ്പാടം പറഞ്ഞു...

കിട്ടാന്‍ പോവുന്ന സമ്മാനങ്ങളേയോര്‍ത്ത് എന്‍റെയും സുന്നത്ത് കഴിക്കണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോള്‍ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ അതിനായി മാറ്റിവെക്കാന്‍ കിട്ടാത്ത പൈസയാണ് പ്രശ്നമെന്ന് ഉപ്പ ഉമ്മയോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു.

ഹംസ ഭായ്‌...
ഈ വരികള്‍ എന്റെയും കൂടെ അനുഭവമാണ്!

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഹംസക്കാ... കണ്ണ് നിറഞ്ഞു, മനസ്സും...
ജീവിതത്തിലെ ആദ്യത്തെ കല്ല്യാണം എന്റെ നാലാം വയസ്സില്‍ ഇന്‍ജക്ഷന്റെ വേദന മാത്രമല്ലതെ വ്യക്തമായ ഓര്‍മകള്‍ തന്നിട്ടില്ല. ആ അനുഭവം ഓര്‍മയില്‍ ഇല്ലാത്തതില്‍ ഞാന്‍ ഖേദിക്കുന്നു.

Sulfikar Manalvayal പറഞ്ഞു...

ന്റെ പടച്ചോനെ...
ഒരേ തോണിയില്‍ സഞ്ചരിക്കുന്ന രണ്ടാളകളാ നമ്മള്‍ ഇരുവരും എന്ന് നാം നേരത്തെ തന്നെ മനസിലാക്കിയിട്ടുണ്ട്.
ബാല്യത്തിലെ ദാരിദ്ര്യം, അത് നല്ലോണം അനുഭവിച്ചവര്‍ക്കെ ഇതിന്റെ യഥാര്‍ത്ഥ നോവ്‌ മനസിലാവൂ.
കണ്ണീരിന്റെ നനവിലൂടെ വായിച്ചു തീര്‍ത്തു ഈ വരികള്‍.
നേരത്തെ വന്നു വായിക്കാതത്തില്‍ സങ്കടം തോന്നുകയും ചെയ്തു.
വായിച്ചപ്പോള്‍ എന്റെ അനുഭവങ്ങള്‍ അതെ പോലെ നീ പകര്‍തിയതായാണ് എനിക്കും തോന്നിയത്.
എന്റെ ആദരാഞ്ജലികള്‍ എന്നാ പോസ്റ്റ്‌ വായിച്ചു നീ പറഞ്ഞ അഭിപ്രായം ഞാന്‍ മറക്കുന്നില്ല. അന്ന് മനസിലാക്കിയതാണ് ഞാനാ മനസ്.
അതാണ്‌ പറഞ്ഞതും ഒരേ തോണിയില്‍ സഞ്ചരിച്ചവരാണ് നമ്മളിരുവരും എന്ന്.
എഴുത്ത് സത്യാ സന്ധമായി, മനസില്‍ നിന്ന് എഴുതുമ്പോള്‍ അതിനു വേറെ ഒന്നും വേണ്ട, വായനക്കാരിലേക്ക് എത്തിക്കാന്‍ ആ വരികള്‍ മാത്രം മതി.
അത് മറ്റുള്ളവരിലെതിച്ചു എന്ന് ഈ കമന്റുകള്‍ വായിച്ചപ്പോള്‍ മനസിലാവുകയും ചെയ്തു.
ദാരിദ്ര്യത്തിലും നമ്മെ മാറോടടുക്കി പിടിച്ചു, അവരുടെ അര വയര്‍ ഓര്‍ക്കാതെ നമ്മെ ഊട്ടിയ,
നമ്മുടെ ഉമ്മ ഉപ്പമാരെ ഓര്‍ക്കാതെ നമുക്കെങ്ങിനെ ഓരോ ശ്വാസവും വിടാന്‍ കഴിയും അല്ലെ ഹംസേ.
അതാണ്‌ ജീവിതം, അവര്‍ക്കായി ഉഴിഞ്ഞു വേച്ചതാവണം എന്നാ അഭിപ്രായക്കാരനാ ഞാനും.
എന്റെ പ്രിയ സുഹുര്‍ത്തിന്റെ ഓര്‍മകളിലെ ഈ നനവ് മനസിലേക്ക് ഏറ്റു പിടിക്കുന്നു ഞാനും.
എന്നും ഈ നന്മ കാത്തു സൂക്ഷിക്കാന്‍ ദൈവം തുണക്കട്ടെ എന്ന പ്രാര്‍ഥനയോടെ....

ബഷീർ പറഞ്ഞു...

ഇനി ഞാനെന്ത് പറയാൻ..

ആ ബാല്യത്തിന്റെ ഓർമ്മകളിൽ നിന്ന് ഊർജ്ജം സംഭരിച്ച് മുന്നോട്ട് നീങ്ങാൻ നാഥൻ തുണായാവട്ടെ.ആശംസകൾ

പൈമ പറഞ്ഞു...

HAI I AM PRADEEP NJAN PUTHIYA BLOGGERANU
NAME NISHKRIYAN
PLS VISIT PLS COMMENT

അജ്ഞാതന്‍ പറഞ്ഞു...

എന്റെ കണ്ണുകള്‍ വെറുതെ നനയുകയല്ല ..ഞാന്‍ ശരിക്കും കരയുകയാണ് ചെയ്തത്

Unknown പറഞ്ഞു...

എന്റെ സൂന്നത്‌കല്‍യാണം ഇന്നും എനിയ്ക്‌ മറകാന്‌ പറ്റില്ലാ

Unknown പറഞ്ഞു...

എന്റെ സൂന്നത്‌കല്‍യാണം ഇന്നും എനിയ്ക്‌ മറകാന്‌ പറ്റില്ലാ

അനശ്വര പറഞ്ഞു...

വെറുതെ പഴയ പോസ്റ്റുകളിലേക്ക് ഒന്നെത്തി നോക്കിയതാണ്. വല്ലാതെ മനസ്സ് നൊന്തു. കഥയായിരുന്നെങ്കില്‍ വായിച്ചു കളഞ്ഞേനെ. ഇത്തരം ഒരു ബാല്യം...! എങ്ങിനെ സഹിച്ചു?..മറുമുണ്ട് പോലും ഇല്ലാത്ത ആ സ്റ്റേജ് യാതൊരു മറയുമില്ലാതെ വേദനയോടെ പങ്കിട്ടത് .....എന്തോ ഒരു പക്ഷെ പോസ്റ്റ് വായിച്ച് ഇതിനു മുന്‍പ് കണ്ണ് നനഞ്ഞു കാണില്ല..ആദ്യമായിട്ടാണെന്ന് തോന്നുന്നു...
ഇതെഴുതുമ്പൊ സ്വയംകണ്ണ് നിറഞ്ഞു കാണും ല്ലെ?