2010, ജനുവരി 14, വ്യാഴാഴ്‌ച

ബിരിയാണി .{ കഥ }

റംലത്തിനെ പ്രസവത്തിന് കൂട്ടിക്കൊണ്ട് വരാന്‍ നാല് ജീപ്പ് കുത്തി നിറച്ചും ഒരു അംബാസ്ട്ടര്‍ കാറില്‍ റംലത്തിനും റംലത്തിന്‍റെ ഏഴുമാസമായ വയറിനും മാത്രം സ്ഥലം കാലിയാക്കി ആളു പോയി കോഴിബിരിയാണീം തിന്നു പോന്നതല്ലെ പിന്നെ അതിനു പകരം വീട്ടാന്‍ അവരും വരാതിരിക്കോ..

മാത്രോമല്ല അറബി ലീവ് കൊടുക്കാത്തത് കൊണ്ട് സുലൈമാന്‍കാക്ക് റംലത്തിന്‍റ് കല്ല്യാണത്തിന് കൂടാന്‍ പറ്റിയിട്ടില്ല അപ്പോപ്പിന്നെ ആകെയുള്ള മകളൂടെ കുട്ടിടെ പേരിടല്‍ ചട്ങ്ങ് എങ്കിലും നന്നയി നടത്തണ്ടെ ..

“ഓല് പത്തറുപത് ആള്‍ക്കരു വരും .പിന്നെ കൂട്ടുകുടുംബവും അയല്‍വാസികളും നാട്ടിലെ പ്രമാണിമാരും ഒക്കെ കൂടി പത്ത്മുന്നുറ് ആളുണ്ടാവും .നമ്മള് പരിപാടി ഏതായാലും മോശാക്കാന്‍ പറ്റില്ല കോഴിന്‍റെ ബിരിയാണി തന്നെ ആയിക്കോട്ടെ“.

സുലൈമാന്‍ക്ക ഒരഭിപ്രായത്തിനായ് മറിയാത്താനെ നോക്കി.

“ങ്ങളെ ഷ്ട്ട്ടം പോലായിക്കോട്ടെ”

മറിയാത്താക്ക് കെട്ടിയോന്‍റെ അഭിപ്രായത്തിന് ഒരു മറുവാക്കില്ല.

ബിരിയാണി വെക്കാന്‍ അലവി തന്നെ.

വേറെ ഒരു ചിന്തക്ക് അവിടെ സ്ഥാനമില്ല .

ഒരേ ദിവസം തന്നെ മൂന്നും നാലും പരിപാടി ഏറ്റെടുക്കുന്ന അലവി പക്ഷെ അന്നു വേറെ പരിപാടി ഒന്നും ഏറ്റെടുത്തില്ല .

സുലൈമാക്ക ഗള്‍ഫീന്നു വന്നപ്പോള്‍ മൂപ്പരെ പെട്ടീല് ഒരു കുക്കിന്‍റെ വിസയുള്ള കാര്യം അലവി കേട്ടറിഞ്ഞിട്ടുണ്ട് എങ്ങനയെങ്കിലും മൂപ്പരെ സോപ്പിട്ട് ആ വിസ കൈക്കലാക്കണം.

തലെന്ന് തന്നെ അലവിയും സഹായി സുബൈറും സുലൈമാക്കടെ പുരയുടെ പിന്നില്‍ അടുപ്പിനു പറ്റിയ സ്ഥലം നോക്കാനായ് വന്നു .

“ആ കിണറിന്‍റെടുത്ത് അടുപ്പ് കൂട്ടിക്കൊള്ളിം

പറഞ്ഞത് സുലൈമാക്കാന്‍റെ കെട്ടിയോള് മറീയാത്തയാണ്

“പറ്റിയ സ്ഥലാണ് അവിടെ തന്നെ ആയിക്കോട്ടെ ,

സുലൈമാക്കയും ശരി വെച്ചു.

കിണറിന്‍റെ പൊട്ടിപ്പോളിഞ്ഞ കൈവരിയില്‍ നിന്നും മൂന്ന് വെട്ട്കല്ല് പുഴക്കിയെടുത്ത് അലവിയും സുബൈറും ബിരിയാണിക്കുള്ള അടുപ്പുണ്ടാക്കി രാത്രി വരാമെന്നും പറഞ്ഞ് പോയി.

അയല്‍പക്കത്തെ പെണ്ണുങ്ങള്‍ അരിചേറാനും വെളുത്തുള്ളി തൊലിക്കാനും കൂട്ടത്തില്‍ കുറച്ച് നുണ പറഞ്ഞിരിക്കാനും തലേന്നു തന്നെ എത്തിയിരുന്നു അവര്‍ക്ക് നേത്രത്ത്വം കൊടുത്ത് കൊണ്ട് സുലൈമാക്കടെ ഉമ്മ കുഞ്ഞൈസാത്ത നേരത്തെ തന്നെ കോളാമ്പിയും അടുത്ത് വെച്ച് പലകമ്മല്‍ കാലും നീട്ടി ഇരിപ്പുറപ്പിച്ചും കഴിഞ്ഞു.

ഇശാനിസ്ക്കാരം കഴിഞ്ഞ് അലവിയും സുബൈറും അവരുടെ പണിയായുധമായ ഉള്ളിക്കത്തിയും മൂര്‍ച്ചകൂട്ടി ഉള്ളിവെട്ടാനിരുന്നു .

കുട്ടിടെ പേരിടുന്നതിനും മുടി കളയുന്നതിനും മുന്‍പ് അറുത്തോരി വെക്കാന്‍ കൊണ്ട് വന്ന പോത്ത് ക്ലൈമറ്റ് പിടിക്കാത്തത് കൊണ്ട് മുരണ്ട് കൊണ്ടിരിക്കുന്നത് കേട്ട് സുബൈറിന്‍റ് വക ഒരു കമാന്‍റ്

നമ്മടെ സുലൈമാക്ക മുരളുന്നത് പോലെ തന്നെണ്ടല്ലെ ..

“മുണ്ടാതിരിക്കെടാ ഹംക്കെ മൂപ്പര് കേട്ടോണ്ട് വരും…

ഇക്ക് കിട്ടന്‍ പോണ വിസ ജ്ജായിട്ട് മൊടക്കണ്ട…

അലവി തന്‍റെ മനസ്സിലിരിപ്പു സുബൈറിന്‍റെ മുന്‍പില്‍ തുറന്നു,,,

“ങ്ങക്ക് വല്ല കാറ്റൂണ്ടോക്കാ… മൂപ്പരടുത്ത് ഒലക്കെണ് വിസ,, വരുമ്പോ വരുമ്പോ വിസണ്ട്ന്നു പറയും ന്ന്ട്ട് ആരും മൂപ്പരെ വിസമ്മെ ഇതുവരെ ഇവിടന്നു പോയിട്ടൂല്ല.

അലവീടെ സ്വപ്നത്തിന്‍റെ കടയ്ക്കലാണ് സുബൈര്‍ തന്‍റെ ഉള്ളിക്കത്തി കയറ്റിയത്.

“വിസ കിട്ടിയാലും ഇല്ലെലും ബിരിയാണി നന്നാവണം അത് നമ്മളെ കഞ്ഞിയാണ്”

“കഞ്ഞിയോ ? നമ്മളപ്പോ ബിരിയാണിയല്ലെ വെക്ക്ണത് ?

“എടാ ബിരിയാണി വെച്ച് കിട്ടുന്ന കായ് കൊണ്ട് വേണ്ടെ അന്‍റിം ഇന്‍റീം കുടീല് കഞ്ഞി വെക്കാന്‍ അതാ ഞാന്‍ പറഞ്ഞത്”

നേരം പരപരാ വെളുക്കാന്‍ തുടങ്ങി…

ബിരിയാണിചെമ്പ് ആവി പോവാതിരിക്കാന്‍ മൈദമാവ് നനച്ച് ചെമ്പിന്‍റെ അടപ്പ് കൂട്ടിയൊട്ടിച്ച് അടപ്പിനു മുകളില്‍ അടുപ്പില്‍ നിന്നും കോരിയെടുത്ത തീകനല്‍ ഇട്ട് അലവി സുബൈറിനോട് നോക്കാന്‍ പറഞ്ഞ് പ്രഭാതക്രത്യങ്ങള്‍ ചെയ്ത് വരാന്‍ പോയി.

കാര്യങ്ങളെല്ലാം കഴിഞ്ഞ് ഒരു ബീഡിയും കത്തിച്ച് അലവി തിരിച്ച് വന്നപ്പോള്‍ കണ്ട കാഴ്ച്ച..!!!

ബിരിയാണി അടിയില്‍ കരിഞ്ഞ്പിടിച്ചതിന്‍റെ ഒരു മണവും

ചെമ്പിന്‍റെ അടുത്ത് നിന്നും മാറി കിടന്നുറങ്ങുന്ന സുബൈറും

പടച്ചറബ്ബേ പറ്റിച്ചല്ലോ!!!

ഒറങ്ങിക്കിടക്കുന്ന സുബൈറിനെ ഒരു ചവിട്ട് കൊടുത്തുണര്‍ത്തി..

സുബൈര്‍ ചാടി എണീറ്റ് നോക്കുമ്പോള്‍ തലയില്‍ കയ്യും വെച്ച് നില്‍ക്കുന്ന അലവി

“ഇനി എന്താ റബ്ബേ നമ്മള് ചെയ്യാ,,,,

അലവി ചുറ്റ്പാടും ഒന്നു നോക്കി അടുത്താരും ഇല്ല

വീട്ടിനകത്ത് എല്ലാരും ഉറക്കത്തിലാ…

വളപ്പിന്‍റെ അങ്ങേ തലക്കല്‍ പോത്തിനെ അറുക്കുന്നിടത്ത് ആരോക്കയോ കൂടി നില്‍ക്കുന്നുണ്ട്

ഇനി കൂടുതല്‍ ആലോജിച്ച് നിന്നിട്ട് കാര്യമില്ല ആളുകളെ മുന്‍പില്‍ കരിഞ്ഞ ബിരിയാണി വിളമ്പണ്ടി വന്നാല്‍ അതോടെ തീരും എല്ലാം …

ഇനി അറ്റകൈ തന്നെ ചെയ്യാം

“ജ്ജ് ആ കക്കൂസില്‍ കയറി വാതില്‍ അടച്ച് നില്‍ക്ക് .

സുബൈറിനോട് അലവി ,

അതെന്തിനാ ?

സുബൈറിനു കാര്യം മനസ്സിലായില്ല ,,

“ജ്ജ് ഞാന്‍ പറീണത്കേക്ക് “

അലവിടെ സ്വരം അപ്പോഴെക്കും കനത്തിരുന്നു..

പിന്നെ സുബൈര്‍ കൂടുതല്‍ ചോദിക്കാന്‍ നില്‍ക്കാതെ കക്കൂസില്‍ കയറി വാതില്‍ അടച്ചു.

കരിഞ്ഞ ബിരിയാണി ശരിയാക്കാന്‍ വല്ല പൊടിക്കയ്യും ഉണ്ടാവും ഞാന്‍ ‍ കാണാതിരിക്കാന്‍ വേണ്ടിയാവും എന്നോട് വാതില്‍ അടച്ച് നില്‍ക്കാന്‍ പറയുന്നത് എന്നാല്‍ അതോന്നു കാണുക തന്നെ വേണമല്ലോ…

വാതിലിന്‍റെ ഇടയിലൂടെ സുബൈര്‍ അലവി എന്താണ്ചെയ്യുന്നത് എന്ന് നോക്കി.

അലവി കിണറ്റിന്‍ കരയില്‍ ചെന്ന് കിണറ്റിലെക്കൊന്നു നോക്കി പിന്നെ ചുറ്റ്പാടും ഒന്നുകൂടി കണ്ണോടിച്ച് ആരും ഇല്ലെന്നുറപ്പ് വരുത്തി വെള്ളം കോരുന്ന കയറില്‍ തൂങ്ങി കിണറ്റില്‍ ഇറങ്ങിയിരുന്നു.. നാട്ടുകാരെ കൂവി വിളിക്കാന്‍ തുടങ്ങി ,,,

“മണ്ടിവര്യയ്,, നമ്മള് കെണറ്റില് വീണെയ്,,,

സുബൈറിനപ്പോഴാണ് കാര്യത്തിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയത്…. വെള്ളത്തിന്‍റെ പൈപ്പും തുറന്നിട്ട് സുബൈര്‍ കക്കൂസില്‍ തന്നെ നിന്നു.

അറവു നടക്കുന്നിടത്ത് നിന്നും ആളുകള്‍ ഓടി വന്നു നോക്കുമ്പോള്‍ അലവി കിണറ്റില്‍ വീണ് കിടക്കുന്നു ,,,

ആരോക്കയോ കപ്പിയും കയറുമൊക്കെയായി അലവിയെ മുകളിലെക്കു വലിച്ച് കയറ്റാന്‍ നോക്കുമ്പോള്‍ അലവി താഴെ നിന്നും വിളിച്ച് പറയുന്നുണ്ടായ്യീരുന്നു ..

“ങ്ങള് ആരെങ്കിലും ആ ബിരിയാണിചെമ്പ് ഒന്ന് നോക്കീം ആദ്യം…നമ്മള കാര്യല്ല പ്രശ്നം,

‌“ബിരിയാണിയല്ലെ അതു സാരമില്ല അലവീ ജ്ജ് ങ്ങട്ട് കയറിപ്പോര്

മുകളീല്‍ നിന്നും ആളുകളും അലവിയോട് പറയുന്നുണ്ടായ്യിരുന്നു.

എല്ലവരും കൂടി വലിച്ച് കയറ്റി അലവി മുകളീല്‍ എത്തി.

“അനക്കൊന്നും പറ്റീലല്ലോ അലവിയെ ?

‌“ഇന്‍റെ പറ്റലൊന്നും സാരല്ല നമ്മളെ ബിരിയാണി എന്തായ്യിന്നൊന്നു നോക്കിം..

അലവി തന്‍റെ ജോലിയിലെ ആത്മാര്‍ത്തത കാണിക്കുന്നുണ്ടായിരുന്നു…

“അതു കുറച്ച് കരിഞ്ഞിട്ടുണ്ട്ന്നെയുള്ളൂ സാരല്ല,, ന്നാലും അനക്കൊന്നും പറ്റില്ലല്ലോ… പടച്ചോന്‍ കാത്തു.

സുലൈമാക്ക കിണറ്റില്‍ വീണിട്ടും ഒന്നും പറ്റാത്ത അലവിയെ നോക്കിക്കൊണ്ട് പറഞ്ഞു

കരിഞ്ഞ ബിരിയാണി തിന്നുകൊണ്ടിരിക്കുമ്പോഴും ആളുകള്‍ക്കെല്ലാം കിണറ്റില്‍ വീണിട്ടും ബിരിയാണിയെ കുറിച്ച് ആവലാതിപ്പെട്ട അലവിയുടെ ആത്മാര്‍ത്തതയായിരുന്നു ചര്‍ച്ചാ വിഷയം.

ബിരിയാണി കരിഞ്ഞത് ആര്‍ക്കും ഒരു വിഷയമായില്ല.


“അലവിക്കാ കരിഞ്ഞ ബിരിയാണി ശരിയാക്ക്ണ വിദ്യ നമ്മള് കക്കൂസില്‍ ഒളിഞ്ഞിരുന്നു നോക്കി പടിച്ചു പക്ഷെങ്കില് നമക്ക് ഒരു സംശയം കൂടിണ്ട് കിണറില്ലത്ത പുരയില് വെച്ചാ ബിരിയാണി കരിയിന്നതെങ്കില്‍ എങ്ങനാ ശരിയാക്കാ ?

സുബൈറിന്‍റെ മുഖത്തെക്ക് തുറിച്ചുള്ള ഒരു നോട്ടമായിരുന്നു അലവിയുടെ മറുപടി.

17 അഭിപ്രായ(ങ്ങള്‍):

Nizam പറഞ്ഞു...

very funny....!! shaily valare nannayittu undu... Valarey ishtapettu..... malabar style sambashanagal athinte shailiyil thanne eyuthiyittu undu.. oru pakshe athavam ee kathaye kooduthal bangi rasakaramakkunnathu...Ente samshayam maalabarukarkku allathavarkku ithu manassilavumow avow.... jeevikkan chilappam chila adavukal okke prayogikkendi varum alle...

OAB/ഒഎബി പറഞ്ഞു...

കഞ്ഞിയോ ? നമ്മളപ്പോ ബിരിയാണിയല്ലെ വെക്ക്ണത് ?
ചിരിപ്പിക്കുക തന്നെ ചെയ്തു.


ഞാന്‍ പറയാന്‍ കരുതി വച്ച ഒരു കഥ
ഞാന്‍ പറയാന്‍ വിചാരിച്ച രീതിയിലല്ലാതെ
വളരെ ഹാസ്യാത്മകമായി അവതരിപ്പിച്ചു.

}വാക്ക് തിട്ടപ്പെടുത്തല്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും{

അഭിനന്ദനങ്ങള്‍...

mukthaRionism പറഞ്ഞു...

നല്ല ബിരിയാണി...
ഹ ഹ ഹ

Typist | എഴുത്തുകാരി പറഞ്ഞു...

പാചകം അറിഞ്ഞാല്‍ പോരാ, അല്പസ്വല്പം സൂത്രപ്പണിയും അറിഞ്ഞിരിക്കണം, അല്ലേ?

Akbar പറഞ്ഞു...

അതു സാരമില്ല കുറച്ച് കരിഞ്ഞിട്ടുണ്ട്ന്നെയുള്ളൂ സാരല്ല,, ന്നാലും അനക്കൊന്നും പറ്റില്ലല്ലോ… പടച്ചോന്‍ കാത്തു.

ഹ ഹ ഹ സംഗതി കലക്കി. അലവി ഇപ്പോഴ് ബിരിയാണി വെക്കുന്നുണ്ടോ. അതോ ആരെങ്കിലും ശരിക്കും പിടിച്ചു കിണറ്റില്‍ ഇട്ടോ. കിനരില്ലാത്ത വീട്ടില്‍ അബദ്ധം പറ്റിയാല്‍ എന്താ ചെയ്യാ എന്ന സുലൈമാന്റെ സംശയം ശരിക്കും ചിരിപ്പിച്ചു.

ഹാസ്യം നന്നായി എഴുതി ആശംസകള്‍

നന്ദന പറഞ്ഞു...

റാണി മസാലപ്പൊടികൽ
പാചകം എളുപ്പമാക്കുന്നു.
ഈ ഭാഷ സംസാരിക്കുന്നത് പോലെ എഴുതിയാലേ കഥ ശരിയവൂ.
നന്മകൽ നേരുന്നു.

ഹംസ പറഞ്ഞു...

നിസാം,

ഒഎബി,

മുഖ്താര്‍,

എഴുത്തുകാരി,

അക്ബര്‍,

നന്ദന.

അഭിപ്രായങ്ങള്‍ക്ക് നന്ദി,

ബിരിയാണി അലവിയുടെ കഞ്ഞിയല്ലെ അതു നിര്‍ത്താന്‍ പറ്റുമോ അതു നിര്‍ത്താന്‍ പറ്റുമോ അക്ബര്‍.

അജ്ഞാതന്‍ പറഞ്ഞു...

this story is real, but the actors are different. anyway good story. but you should write your own story. not copy of any incident happened. you wrote this story nice. Best regards

വല്യമ്മായി പറഞ്ഞു...

നല്ല പോസ്റ്റ്,അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

കഥ തുടരുന്നു..

ഈ സംഭവത്തിന്‌ ശേഷം അലവിയുടെ 'റേറ്റിംഗ്' നാട്ടില്‍ കുത്തനെ ഉയര്‍ന്നു.വില്‍ക്കാനായി കൊണ്ടുവന്നിരുന്ന രണ്ടു വിസകള്‍ സുലൈമാന്റെ പക്കല്‍ ഉണ്ടായിരുന്നു. അത് സ്നേഹക്കൂടുതല്‍ കാരണം പകുതി വിലക്ക് അലിക്കും സുബൈറിനും നല്‍കി.ഒരു മലയാളിയുടെ പ്രമുഖ ഹോട്ടലിലെ 'പണ്ടാരി'(cook)വിസയായിരുന്നു രണ്ടും. കേട്ട്യോളുടെ കഴുത്തും കാലും അരയും ഒക്കെ തപ്പി വിറ്റു കിട്ടിയ കാശ് ട്രാവല്സിലും കൊടുത്തു 'പച്ച വെള്ളം' കിട്ടാത്ത കൈവണ്ടി വിമാനത്തില്‍ രണ്ടു പേരും നല്ല ഗമയില്‍ തന്നെ യാത്രയായി.
പിറ്റേന്ന് തന്നെ രണ്ടു പേരും ജോലിക്ക് കയറി. മലബാര്‍ സ്റ്റൈലില്‍ ചോറും മീന്‍ കറിയും വച്ച് ആദ്യ ദിവസം തന്നെ രണ്ടാളും സല്പേര് നേടി.രണ്ടാമത്തെ ദിവസം കോഴി ബിരിയാണിയുടെ ഊഴമാണ് . ഒന്നും രണ്ടുമല്ല. 250 ഓളം പേര്‍ക്കുള്ള ഓര്‍ഡര്‍ ആണ്. നല്ല ഉഷാറില്‍ തന്നെ പണി തുടങ്ങി.പക്ഷെ...... എന്ത് ചെയ്യാനാ? നാട്ടിലെ പ്പോലെ ചിരട്ടയും ചകിരിയുമോന്നുമാല്ലല്ലോ. ഗ്യസല്ലേ .. അവന്‍ പണി പറ്റിച്ചു. കരിഞ്ഞ മണം...ബിരിയാണി ചെമ്പും അലവിയും ഒപ്പം സുബൈറും നിന്ന് വിയര്‍ത്തു..വീണ്ടും പഴയ ഐഡിയ നടക്കുമോ?
"എടാ സുബൈര്‍ .ഇവിടെ 'കിണര്‍' ഉണ്ടോ?"
'ബടെങ്ങനെ കിണര്‍ ണ്ടാവാന്‍ കാക്കാ ?"
"ഇപ്പം എന്ത് ചെയ്യും റബ്ബേ?"
അലവി വീണ്ടും അലവി തന്നെ.
"ഡാ നീ പോയി കക്കൂസില്‍ കയറ്.അന്നത്തെ പ്പോലെ തന്നെ.."
സുബൈര്‍ കക്കൂസിലെക്കോടി.
അലവി ഒരു ബീഡി എടുത്തു കത്തിച്ചു ഒരു പുക അകതെക്കെടുത്തു.മൊബൈല്‍ കയ്യില്‍ പിടിച്ചു.ചുറ്റുപാടും നോക്കി .ആരുമില്ല.പാത്രങ്ങളെല്ലാം തട്ടിമറിച്ച്ചിട്ടു ശബ്ദമുണ്ടാക്കി താഴെ ഒറ്റ കിടത്തം!ബോധമറ്റ പോലെ..
കാഷ്യരും സപ്ലയരും മുതലാളിയും ഒക്കെ ശബ്ദം കേട്ട് ഓടിവന്നു.ബോധമറ്റു കിടക്കുന്ന അലവിയെ താങ്ങിയിരുത്തി.മുഖത്ത് വെള്ളം തളിച്ചു.മൂക്കില്‍ നിന്നും വായില്‍ നിന്നും പുക ഉയരുന്നു.ഇത് ശോക്കടിച്ചത് തന്നെ.പ്രഥമ ചികില്സയെന്ന നിലക്ക് അലവിക്കു എല്ലാവരുടെയും വക 'മസ്സാജ് ' ചികില്‍സ!അങ്ങനെ സുഖിച്ചു അല്‍പനേരം..പിന്നെ മെല്ലെ കണ്ണ് തുറന്നു.ഉടനെ പറഞ്ഞു "ബിരിയാണി"
"കറന്റ് പിടിച്ചു ബോധം തിരിച്ചു കിട്ടിയാലും മലബാര് കാര്‍ക്ക് ബിരിയാണി തന്നെ മനസ്സില്‍' ഒരു തിരോന്തരം കാരന്‍ സപ്ലയരുടെ കമന്റ്..
"അതല്ല ബിരിയാണി ചെമ്പിന്റെ തീ ഓഫ്‌ ചെയ്തോ?അതടിയില്‍ പിടിക്കും." അലവി വീണ്ടും വിനയാന്യിതനായി.
"അത് സാരമില്ല. നിങ്ങള്‍ക്കൊന്നും പറ്റിയില്ലല്ലോ?ബിരിയാണി ഇല്ലെങ്കില്‍ നമുക്ക് വേറെ എന്തെങ്കിലും ചെയ്യാം."
ഇതിനകം സുബൈര്‍ ബഹളം കേട്ട് തിരിച്ചെത്തിയിരുന്നു .പന്തം കണ്ട പെരുച്ചാഴിയെ പ്പോലെ അവന്‍ നിന്നു.
"നാട്ടിലേക്ക് വിളിച്ചപ്പം മകന്‍ ഹോസ്പിറ്റലില്‍ അട്മിറ്റ്‌ ആയെന്നു പറഞ്ഞു.പെട്ടെന്ന് ടെന്‍ഷന്‍ കേറി.ബോധം പോയി "
"അലവിക്കാക്ക് ചെറിയ എന്തെങ്കിലും ടെന്‍ഷന്‍ മതി . അപ്പം ബോധം പോവും.പണ്ടേ അങ്ങനാ " സുബൈറിന്റെ ഉവാച.
തന്റെ കൈപണ്ടാരി (സഹായി)യുടെ ആത്മാര്‍ഥത കണ്ടു അലവിയുടെ കണ്ണ് നിറഞ്ഞു.

ഹംസ പറഞ്ഞു...

തണല്‍

നന്ദിയുണ്ട്.

കഥയുടെ ബാക്കി എഴുതിയതിന്..

നന്നയിട്ടുണ്ട്,,

ഇനിയും കാണണം

ഹംസ പറഞ്ഞു...

വല്ല്യമ്മയി അഭിപ്രായത്തിനു നന്ദി

മാണിക്യം പറഞ്ഞു...

ഈ ബിര്യാണി ഒരിക്കല്‍ തിന്നിട്ട് തീറ്റപണ്ഡാരം എന്നു പറയാന്‍ വീണ്ടും ഇന്നു ഒന്നൂടെ നോക്കിയപ്പോ ബിര്യാണിയില്‍ തണല്‍ വീണു കിടക്കുന്നു.. കേമം ആയി ! ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് !!

Senu Eapen Thomas, Poovathoor പറഞ്ഞു...

ഹംസ എന്റെ ബ്ലോഗിൽ കയറിയപ്പോഴെ കരുതി, ഒതുക്കത്തിൽ ബിരിയാണി ഉണ്ടാക്കാൻ പഠിക്കാൻ വന്നതായിരിക്കും എന്നു. ഉദ്ദേശ്യം ഒട്ടും തെറ്റിയില്ല. ഹംസെ, ഈ പോസ്റ്റിന്റെ ലിങ്ക് നമ്മുടെ പോസ്റ്റിലും കമന്റായി കൊടുക്കുക. എന്റെ ഒരു ബിരിയാണി കഥ ഇവിടെ ഉണ്ട്. Today’s Special – BEEF BIRIYANI

സസ്നേഹം,
സെനു, പഴമ്പുരാണംസ്

അജ്ഞാതന്‍ പറഞ്ഞു...

ബിരിയാണി കരിഞ്ഞാൽ കിണറ്റിൽ ഇറങ്ങിയിരക്കാം .. കക്കൂസിൽ കയറി വാതിലടക്കാം സംഗതി കൊള്ളാം ആരും ബിരിയാണിയെ കുറ്റം പറയില്ലല്ലോ .. സുബൈറിന്റെ ചോദ്യം കലക്കി കഞ്ഞിയാണൊ ഉണ്ടാക്കുന്നതെന്നു ... അല്ല കുട്ടിക്കെന്തു പേരിട്ടു അതു പറഞ്ഞില്ലല്ലോ.. അടിപൊളി.. ആശംസകൽ നമ്മുടെ നാട്ടിലെ ഓരോ ആചാരങ്ങൾ പടച്ചോൻ കാക്കട്ടെ ....

Rafiq പറഞ്ഞു...

പക്ഷെങ്കില് നമക്ക് ഒരു സംശയം കൂടിണ്ട് കിണറില്ലത്ത പുരയില് വെച്ചാ ബിരിയാണി കരിയിന്നതെങ്കില്‍ എങ്ങനാ ശരിയാക്കാ ?


ഹ ഹ ഹ തികച്ചും ന്യായമായ ചോദ്യം....... മറുപടി ഇല്ലാത്ത അലവിന്റെ നോട്ടവും കലക്കി...

Sulfikar Manalvayal പറഞ്ഞു...

ബിരിയാണി കഥ കൊള്ളാം.
അതിനേക്കാള്‍ നന്നായി തണലിന്റെ തുടര്‍ കഥയും .
പഴയ പോസ്റ്റുകളിലൂടെ ഉള്ള
വായന തുടരുന്നു.