2010, ജനുവരി 21, വ്യാഴാഴ്‌ച

കുഞ്ഞിപ്പാത്തു { കഥ }

കുഞ്ഞിപ്പാത്തുവിനെ അറിയില്ലെ ? നമ്മുടെ അലവിയുടെ വീടര്, ഇഗ്ലീഷില്‍ പറഞ്ഞാല്‍ ഹൌസ് വൈഫ്.

അലവിയെ മനസ്സിലായിക്കാണും അല്ലെ ?

ഇല്ലങ്കില്‍ ഈ ബ്ലോഗിലെ ബിരിയാണി വായിച്ചാല്‍ മതി

അലവി ഇപ്പോള്‍ ഗള്‍ഫിലാണ്.

“ഇവിടെ ആരുമില്ലെ .

കുഞ്ഞിപ്പാത്തു നന്നാക്കികൊണ്ടിരുന്ന മത്തി പാത്രത്തില്‍ തന്നെയിട്ട് മീന്‍ കഴുകാനെടുത്ത വെള്ളത്തില്‍ കൈരണ്ടും മുക്കി ഉടുത്തിരുന്ന മാക്സിയുടെ തലപ്പുകൊണ്ട് കൈ തുടച്ച് പുറത്ത് വന്നു നോക്കി

“ആരാ ?

“ഞാന്‍ നാസര്‍ അലവിക്കാടെ അടുത്ത് നിന്നും വന്നതാ

“ഇങ്ങട്ട് കേറി ഇരിക്കീം

കുഞ്ഞിപ്പാത്തു നാസറിനെ അകത്തേക്ക് വിളിച്ചു.

“ഒരു കത്ത് തന്നിട്ടുണ്ട് .

“ഓല് വര്ണ കാര്യമൊന്നും പറഞ്ഞില്ലെ ?

കുഞ്ഞിപ്പാത്തു തന്‍റെ മനസ്സിലെ സങ്കടം പുറത്ത് കാണിക്കാതെ നാസറിനെ നോക്കി.

“ഇല്ല ഒന്നും പറഞ്ഞില്ല .സുഖമാണെന്ന് പറയാന്‍ പറഞ്ഞു.

കുഞ്ഞിപ്പാത്തു കുറച്ച് നേരത്തേക്കൊന്നും മിണ്ടിയില്ല..

“ഞാന്‍ കുടിക്കാന്‍ വല്ലതും എടുക്കട്ടെ..

“വേണ്ട ഒന്നും വേണ്ട. കൂട്ടുകാരന്‍ കാറിലിരിക്കുന്നുണ്ട്.

നാസര്‍ പോവാനായി എഴുനേറ്റു.

“എന്നാ ഇനി ഒരീസം കുട്ട്യേളിം കൂട്ടി വരീം.

കുഞ്ഞിപ്പാത്തു തന്‍റെ ആദിത്യ മര്യാദയ്ക്കു ഒട്ടും കുറവു വരുത്താതെ നാസറിനെ നോക്കി പറഞ്ഞു

“എന്നാ ശരി അലവിക്ക വിളിക്കുമ്പോള്‍ ഞാന്‍ വന്ന കാര്യം പറയണം.

നാസര്‍ പുറത്തിറങ്ങി.

കുഞ്ഞിപ്പാത്തു തന്‍റെ കയ്യിലിരിക്കുന്ന കത്തിലേക്ക് ഒന്ന് നോക്കി.. വായിക്കണമെങ്കില്‍ ഇനി സുബൈദ സ്കൂള്‍ വിട്ട് വരണം.

അലവിക്കും കുഞ്ഞിപ്പാത്തുവിനും കൂടി ആകെ ഒരു മോള്‍ മാത്രമേയുള്ളൂ,, ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സുബൈദ

കത്ത് ചുമരലമാരയില്‍ വെച്ച് കുഞ്ഞിപ്പാത്തു തകരപ്പെട്ടിയില്‍ കിടന്നിരുന്ന അലവിയുടെ ഒരു പഴയ ബ്ലാക്കന്‍വൈറ്റ് ഫോട്ടോ എടുത്ത് അതിലേക്കു തന്നെ നോക്കി നിന്നു .

എന്തൊരു മൊഞ്ചാ ആ ഫോട്ടോയില്‍ അലവിക്കാനെ കാണാന്‍ ഹിപ്പി മുടിയും വരയന്‍ മീശയും…

ആദ്യമായ് അലവിക്കാനെ കണ്ടപ്പോള്‍ ഇതു പോലായിരുന്നു .

കുഞ്ഞിപ്പാത്തു തന്‍റെ ഓര്‍മകളെ കാട് കയറാന്‍ വിട്ട് അവിടെ തന്നെ കുത്തിയിരുന്നു.

മൂത്താപ്പാന്‍റെ മോള്‍ റുഖിയാന്‍റെ കല്ല്യാണത്തിനു ബിരിയാണിവെക്കാന്‍ വന്ന മരക്കാരാക്കന്‍റെ കൈപ്പണ്ടാരിയായിട്ടാണ് അലവിക്കാനെ ആദ്യം കാണുന്നത്. കല്ല്യാണപ്പുരയിലേക്ക് പെണ്ണുങ്ങള്‍ക്കു പോവാനും വരാനും പിന്നാമ്പുറത്ത് കൂടിയുള്ള വഴിയുടെ അടുത്താണ് അന്ന് ബിരിയാണി വെച്ചിരുന്നത്. മൂത്താപ്പാടെ പുരയുടെ പുറകിലാണ് കുഞ്ഞിപ്പാത്തുന്‍റെ വീട്.. ഓരോരോ ആവശ്യങ്ങള്‍ക്കു അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ കുഞ്ഞിപ്പത്തൂനെ അലവി ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

“പെണ്ണേ അന്‍റെ പേരെന്താ?

തഞ്ചത്തില്‍ കിട്ടിയപ്പോള്‍ അലവി കുഞ്ഞിപ്പാത്തൂനോട് ലോഹ്യം കൂടാന്‍ ചെന്നു.

“ന്‍റെ പേരറിഞ്ഞിട്ട് ങ്ങക്കെന്തിനാ ബിരിയാണീലിട്ടളക്കാനോ..

“അല്ല അന്‍റെ പാവാടീം ജമ്പറും കാണാന്‍ നല്ല രസണ്ട് ട്ടോ. പിന്നെ ബിരിയാണിചെമ്പിന്‍റെ അടപ്പ് പോലത്തെ അന്‍റെ വട്ടമോറും.

അലവി തന്‍റെ സൌന്ദര്യബോധം മറച്ച് വെച്ചില്ല.

കുഞ്ഞീപ്പാത്തു അലവീടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി അവിടന്ന് ഒരോറ്റ ഓട്ടം. ഓട്ടത്തിനു അധിക ദൂരം ഉണ്ടായില്ല കുഞ്ഞിപ്പാത്തു ഓട്ടം നിര്‍ത്തി പിറകിലേക്കൊന്ന് തിരിഞ്ഞ് നോക്കി,

അലവി അവിടെ തന്നെ നില്‍ക്കുന്നുണ്ട്,പ്രേംനസീറിന്‍റെ ചിരിയുമായ് ..

കുഞ്ഞിപ്പാത്തുന്‍റെ ഉള്ളിലും ഒരു പൂത്തിരികത്തി..

“ജ്ജ് ആ വേലിക്കരികില്‍ എന്ത്ട്ക്കാ കച്ചമ്പറിനുള്ള ഉള്ളി വെട്ടിയോ..

മരക്കാരാക്കന്‍റെ ചോദ്യം കേട്ടപ്പഴാണ് അലവിക്ക് സ്ഥലകാല ബോധം ഉണ്ടായത്.

“ആ കുട്ടിനെ കാണാന്‍ നല്ല ചേലുണ്ട് ല്ലെ .

അലവി തന്‍റെ ആഗ്രഹം മരക്കാരാക്കാനോട് പറഞ്ഞു.

“അനക്ക് ഓളെ പുടിച്ചോ.. എന്നാ നമക്കു ചോദിക്കാടാ .

കുഞ്ഞിപ്പാത്തൂന്‍റെ വാപ്പ കുഞ്ഞാലന്‍കുട്ടികാക്കാക്ക് മരം വെട്ടുന്ന പണിയാണ് ഉമ്മ ജമീലാത്ത ഹൌസ് വൈഫും.

കല്ല്യാണാലോചനുമായ് വന്ന മരക്കാരാക്ക അലവിയുടെ പോരിശകള്‍ കുഞ്ഞാലന്‍കുട്ടികാക്കന്‍റെ മുന്‍പില്‍ വിളമ്പി.

“ഞമളിഞ്ഞി അധിക കാലം ഒന്നും ഈ പണിക്കുണ്ടാവില്ല. ഞമ്മള് കയിഞ്ഞാ പിന്നെ ഈ നാട്ടില് ബിരിയാണിവെക്കാന്‍ അലവിയെ ഉണ്ടാവൂ. മത്രോല്ല ഒരഞ്ചിന്‍റെ പൈസ ഓനിക്ക് സ്ത്രീധനോം വാണ്ട പിന്നെ എന്താ .

തരക്കേടില്ലാത്ത അലോചനായാണ്.. കുഞ്ഞാലന്‍കുട്ടികാക്ക ജമീലാത്താന്‍റെ മുഖത്തെക്ക് ഒന്നു നോക്കി അവരുടെ മുഖത്തും സന്തോഷം തന്നെ..

അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമറിയുന്ന ശബ്ദം കേട്ട് കാട് കയറാന്‍ വിട്ട ഓര്‍മകളെ തിരിച്ച് പിടിച്ച് കുഞ്ഞിപ്പാത്തു അടുക്കളയില്‍ ഓടിചെന്നു നോക്കുമ്പോള്‍ അവിടത്തെ സ്ഥിരം ശല്ല്യക്കരനായ് കരിമ്പന്‍പൂച്ച മീന്‍പാത്രത്തില്‍ നിന്നും മുഴുത്ത ഒരു മത്തിയുമായി തുറന്നിട്ട വാതിലിലൂടെ പുറത്തേക്കൊരു ചാട്ടം. കയ്യി കിട്ടിയ വിറകുകൊള്ളികൊണ്ട് കുഞ്ഞിപ്പാത്തു ഒരേറ് കൊടുത്തെങ്കിലും അത് കരിമ്പന്‍റെ ഏഴയലത്ത് പോലും എത്തിയില്ല .

അല്ലങ്കിലും ഏറിനു കുഞ്ഞിപ്പാത്തു പണ്ടേ മോശമാണ് അല്ലങ്കില്‍ കരിമ്പന്‍ ഇടയ്ക്കിടയ്ക്ക് അടുക്കളയില്‍ വരില്ലല്ലോ.

സ്കൂള്‍ വിട്ട് വന്ന സുബൈദ കത്ത് വായിക്കാന്‍ തുടങ്ങി കത്തിലൂടെ ഒന്ന് കണ്ണോടിച്ച സുബൈദാന്‍റെ മുഖം തിളങ്ങുന്നത് കുഞ്ഞിപ്പാത്തു കണ്ടു,,

“എന്താടീ കത്തില് ഓല് എഴുതീക്ക്ണ്.

കുഞ്ഞിപ്പാത്തൂന് കര്യങ്ങളറിയാന്‍ തിരക്കായ്

“ ഇമ്മാ ഇപ്പ വരുന്ന്ണ്ട് പതിനാലാന്തീന്ന് ‌‌‌;

“റമ്പുല്‍ ആലമീനായാ തമ്പുരാനെ ഇന്‍റെ ദുആ ജ്ജ് കേട്ടു,

കുഞ്ഞിപ്പാത്തു പടച്ചോനെ സ്തുതിച്ചു.

ദിവസങ്ങള്‍ യുഗങ്ങളായി കുഞ്ഞിപ്പത്തുമ്മാക്ക് തോനി..

പതിനാലാം തിയ്യതി രാവിലെ എഴുന്നെറ്റ് കുഞ്ഞിപ്പാത്തുമ്മ അലവിക്കിഷ്ട്ട്ടമുള്ള പുവ്വടപൊരിച്ചതും ചട്ടിപ്പത്തിരിയും ഉണ്ടാക്കി അലവിയെയും കാത്തിരുന്നു.

പള്ളീല് ഇശാബങ്ക് കൊടുത്തു .

അലവി എത്തിയില്ല .

പാതിരാത്രിയായിട്ടും അലവി വന്നില്ല ,

ഉണ്ടാക്കി വെച്ച ചട്ടിപ്പത്തിരി കുഞ്ഞിപ്പാത്തുമ്മാനെ നോക്കി പല്ലിളിച്ചു.

എല്‍ ഐ സി ഏജന്‍റ് അബൂബക്കര്‍ സുബ്ഹിബാങ്ക് കൊടുക്കുന്നതിന്‍റെ മുന്‍പ് തന്നെ വീടിന്‍റെ ഉമ്മറത്ത് എത്തി.അലവിക്കുള്ള ഒരു പുതിയ പോളീസിയുമായ്

അലവി എത്തിയിട്ടില്ല എന്നറിഞ്ഞപ്പോള്‍ അബൂബക്കര്‍ പിന്നെ വരാമെന്നും പറഞ്ഞ് പോയി..

ദിവസങ്ങള്‍ ആഴ്ച്ചകളായും ആഴ്ച്ചകള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും കഴിഞ്ഞു പോയി .

അലവി വന്നില്ല..

:: പ്രവാസലോകം പരിപാടിയിലേക്കു സ്വഗതം. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് ജിദ്ദയില്‍ നിന്നും കാണാതായ അലവി കഴിഞ്ഞ രണ്ട് വര്‍ഷമയി ഇയാളെ കുറിച്ച് ബന്തുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഞങ്ങളുടെ പ്രവാസലോകം പ്രവര്‍ത്തകരുമായ് ബന്തപ്പെടുക.

അലവി നിങ്ങള്‍ ഈ പരിപാടി കാണുന്നുണ്ട് എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്ന ഭാര്യയേയും മകളെയും ഇനിയും കണ്ണീര്‍ കുടിപ്പിക്കാതെ എത്രയും പെട്ടന്നു അവരുമായ് ബന്തപ്പെടുക.

കൈരളി ടി.വി പ്രവാസലോകം പരിപാടിയില്‍ കുഞ്ഞിപ്പത്തുമ്മയും സുബൈദയും കണ്ണീരുമായ് ഇരിക്കുന്നു .താഴെ അലവിയുടെ ആ പഴയ ബ്ലാക്കന്‍വൈറ്റ് ഫോട്ടോയും.

…..എന്തൊരു മൊഞ്ചാ ആ ഫോട്ടോയില്‍ അലവിക്കാനെ കാണാന്‍ ഹിപ്പി മുടിയും വരയന്‍ മീശയും..

20 അഭിപ്രായ(ങ്ങള്‍):

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

സ്ഥിരം തമാശക്കഥ ആണെന്നാ കരുതിയത്‌. എന്നാല്‍ ഒടുക്കം വിഷമിപ്പിക്കുന്നത് ആയിരുന്നു.
കുഞ്ഞിപ്പാതുവിന്റെ വിഷമം നമുക്ക് ഊഹിക്കാനാകും. പാവം...

എഴുതുക തുടര്‍ന്നും ..

സിനു പറഞ്ഞു...

വായിക്കാന്‍ നല്ല രസമുണ്ട്.
പക്ഷെ..അവസാനം എത്തിയപ്പോള്‍ സങ്കടം തോന്നി.
കഥയുടെ സംസാര രീതി ഒത്തിരി ഇഷ്ട്ടപ്പെട്ടുട്ടോ..

സിനു പറഞ്ഞു...

വായിക്കാന്‍ നല്ല രസമുണ്ട്.
പക്ഷെ..അവസാനം എത്തിയപ്പോള്‍ സങ്കടം തോന്നി.
കഥയുടെ സംസാര രീതി ഒത്തിരി ഇഷ്ട്ടപ്പെട്ടുട്ടോ..

OAB/ഒഎബി പറഞ്ഞു...

അലവി മുങ്ങിയതൊ ആരെങ്കിലും മുക്കിയതൊ?
പൊങ്ങിയാല്‍ അറിയാം അല്ലെ.

Nizam പറഞ്ഞു...

Wow...!! you wrote it very nicely... Ullil evideyo oru kathakaran ulinchiruppu undu... Ini oru " thootha puzhayude theerangalil" (courtesy to Mukundan) enna Novel thanne pratheeshikkam alle...

Unknown പറഞ്ഞു...

കഥ ഇഷ്ടപ്പെട്ടു മാഷേ..ആശംസകള്‍

ശ്രീ പറഞ്ഞു...

ശരിയ്ക്കും ഉള്ള സംഭവമാണോ മാഷേ?

ഹംസ പറഞ്ഞു...

തണല്‍,

സിനുമുസ്തു,

റ്റോംസ്.

അഭിപ്രായങ്ങള്‍ക്ക് നന്ദി.

ആശംസകല്‍

ഹംസ പറഞ്ഞു...

ഒ എ ബി. അലവി മുങിയതോ, മുക്കിയതോ എന്നു കാത്തിരുന്നു കാണാം അല്ലെ,

അഭിപ്രായത്തിനു നന്ദി

ഹംസ പറഞ്ഞു...

നിസാം ,, ഞാന്‍ ഇങ്ങനെ കഥ എഴുതിയാല്‍ ചിലപ്പോല്‍ തൂതപ്പുഴയുടെ തീരങ്ങളില്‍ ആവില്ല , എല്ലാവരും കൂടി എന്നെ തൂതപ്പുഴയില്‍ എടുത്തിടുമോ എന്നാണു പേറ്റി

അഭിപ്രായത്തിനു നന്ദി

ഹംസ പറഞ്ഞു...

ശ്രീ,, കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം .

അഭിപ്രായത്തിനു നന്ദി.

jayanEvoor പറഞ്ഞു...

കൊള്ളാം..!
നന്നായി അവതരിപ്പിച്ചു.
ആശംസകൾ!

Sabu Kottotty പറഞ്ഞു...

പ്രവാസി കഥയും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയല്ലേ....

Akbar പറഞ്ഞു...

അറബിയുടെ ബിരിയാണി കരിഞ്ഞു പോയത് കൊണ്ട് അലവി ഒളിവിലാണ്. കാര്യങ്ങളൊക്കെ ഒന്ന് ചൂടാറിയാല്‍ അലവി വരും. കാത്തിരിക്കൂ. ആശംസകളോടെ

Akbar പറഞ്ഞു...

പ്രിയമുള്ളവരേ
,,,നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്കുള്ള പോത്സാഹനമാണ് .സത്യസന്തമായ അഭിപ്രായങ്ങള്‍ നിങ്ങളില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
Dear Hamsa. After said the above words, is it required the moderation really.? It’s up to you.

ഹംസ പറഞ്ഞു...

അക്ബര്‍

നിങ്ങള്‍ എന്നോട് ചോദിച്ച ചോദ്യം വളരേ ശരിയാണ് സത്യസന്ധമായ അഭിപ്രായങ്ങള്‍ ചോദിക്കുന്ന ഞാന്‍ പിന്നെ എന്തിനു അത് moderation ചെയുന്നു എന്ന്.

ഞാന്‍ പ്രസിദ്ദികരിക്കുന്ന പോസ്റ്റ്മായി ഒരു ബന്തവുമില്ലാത്ത അശ്ലീലമായ കമാന്‍റുകള്‍ ഒഴിവാക്കന്‍ വെണ്ടിമാത്രം ഞാന്‍ moderation ഉപയോഗിക്കുന്നു. പോസ്റ്റിനെ കുറിച്ച് നല്ലതോ മോശമോ ആയ കമന്‍റുകള്‍ ഞാന്‍ ഒഴിവാക്കാറില്ല. അശ്ലീല വാക്കുകള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രം.

റോസാപ്പൂക്കള്‍ പറഞ്ഞു...

നല്ല രസമായി വായിച്ചു വന്നപ്പോള്‍ അവസാനം ഒരു വിങ്ങല്‍..

നന്നായി എഴുതി

കൂതറHashimܓ പറഞ്ഞു...

അലവി തിരിച്ചുവരും തീര്‍ച്ച.. ഈ പോസ്റ്റ് കണ്ടിട്ടെങ്കിലും.. :)

അജ്ഞാതന്‍ പറഞ്ഞു...

എന്നാലും അവസാനം അങ്ങിനെ വേണ്ടായിരുന്നു... സങ്കടം തോന്നി കുഞ്ഞിപാത്തു സന്തോഷിക്കണമായിരുന്നു അതായിരുന്നു നല്ലത് .. അവരുടെ ആ സമാഗമം ഞാൻ ശരിക്കും മനസിൽ കണ്ടു പക്ഷെ വസാനം പ്രവാസ ലോകം കണ്ടപ്പോൽ എനിക്കു എന്തോ പോലെ തോന്നി..

Sulfikar Manalvayal പറഞ്ഞു...

മനസ്സില്‍ തട്ടിയ ഒരു 'പഴയ കഥ' .
ഇഷ്ടായി, നാടിന്‍ പുറത്തെ ശൈലി അങ്ങിനെ തന്നെ പറഞ്ഞു.
പെണ്ണിന്റെ തന്തയോട് പുതിയാപ്പിലയുടെ പോരിശ പറഞ്ഞത്, അതാണ്‌ ഏറ്റവും ഇഷ്ടായത്.
നാടിന്‍ പുറത്തിന്റെ പശ്ചാത്തലത്തില്‍, പഴമ കൂട്ടി കുഴച്ചു നല്ല ഒരു ബിരിയാണി.
ആശംസകള്‍.
പക്ഷെ ഒടുക്കം ഇങ്ങിനെ ആയിപോയത്തില്‍ ഖേദിക്കുന്നു.
ഉടന്‍ തന്നെ പ്രവാസ ലോകത്തില്‍, അലവിക്ക നാടിലെത്തിയ കഥക്കായി കാത്തിരിക്കുന്നു.