2010, ജനുവരി 27, ബുധനാഴ്‌ച
അടുത്ത മുത്ത്. { ചെറുകഥ }
പോത്തിറച്ചിയും . മോര് ഒഴിച്ച കുമ്പളങ്ങ കറിയും പപ്പടവും കൂട്ടി നാട്ടുകാര്‍ക്കെല്ലാം ഗംഭീര സദ്യ.
എല്ലാ പരിപാടിക്കും എന്ന പോലെ കുഞ്ഞാലി അതിരാവിലെ തന്നെ എത്തി പോത്തിറച്ചിയുംകൂട്ടി ചോറ് തിന്നു പുറത്തിറങ്ങി ..നാലുപാടും ഒന്ന് കണ്ണോടിച്ചു അടുത്തത് ഇനി ആരുടെ പോത്തിറച്ചി ?
അപ്പോഴാണ് ആലിക്കുട്ടിക്കാനെ കണ്ടത്.
ആലിക്കുട്ടിക്കാക്ക് ഏകദേശം പോക്കര്‍ഹാജിയുടെ വയസ്സുണ്ട്.
വടിയും കുത്തി ആലിക്കുട്ടിക്ക കൈകഴുകാന്‍ വെച്ച വെള്ളത്തിന്‍റെ അടുത്ത് നില്‍ക്കുന്നു.
കുഞ്ഞാലി ആലിക്കുട്ടിക്കാന്‍റെ അടുത്ത് ചെന്നു
സ്നേഹത്തോടെ ആലിക്കുട്ടിക്കന്‍റെ ഊഷാന്‍താടിയില്‍ പിടിച്ചു
“ അടുത്ത മുത്തെ സുഖമല്ലെ ?
എന്നോരു ചോദ്യവും ചോദിച്ചു.
ആലിക്കുട്ടിക്കാക്ക് ചെവി കേള്‍ക്കില്ല അതുകൊണ്ട് കുഞ്ഞാലിയുടെ ചോദ്യം മനസ്സിലായില്ല.
ആലിക്കുട്ടിക്ക പല്ലില്ലാത്ത തൊണ്ണ് കാട്ടി ഒന്നു ചിരിച്ചു.
കുഞ്ഞാലി മനസ്സില്‍ ഊറിചിരിച്ചു. അടുത്തത് ആലിക്കുട്ടിക്കാന്‍റെ പോത്തിറച്ചി തന്നെ.
കുഞ്ഞാലിയുടെ കള്ളിത്തുണിയുടെ അടിയിലെ വരയന്‍ ട്രൌസറിന്‍റെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലജ്ജാവതി പാടി.
ഫോണ്‍ എടുത്ത് കുഞ്ഞാലി ചെവിയില്‍ വെച്ച് റോഡിലേക്കിറങ്ങി .
അതാകിടക്കുന്നു കുഞ്ഞാലി പാലക്കാട് കോഴിക്കോട് ലിമിറ്റട്സ്റ്റോപ്പ് ബസ്സിനടിയില്‍.
ബസ്സ് നിറുത്തി ഡ്രൈവര്‍ ജീവനും കൊണ്ട് ഓടി.
കുഞ്ഞാലിയുടെ ജീവന്‍ കുഞ്ഞാലിയെ വിട്ടും ഓടി.
പതിനാലാംപക്കം കുഞ്ഞാലിയുടെ വീട്ടില്‍ മൌലീദ് പോത്തിറച്ചിയും കൂട്ടി നാട്ടുകാര്‍ക്കെല്ലാം ഗംഭീര സദ്യ.
വടിയും കുത്തി ആലിക്കുട്ടിക്ക നേരത്തെ എത്തി അടുത്ത മുത്തിന്‍റെ പോത്തിറച്ചി തിന്നാന്‍.
2010, ജനുവരി 23, ശനിയാഴ്‌ച
അടയാളം { കഥ }
“ നോക്കീം ,, നോക്കീം ,,,നമ്മുടെ ആലമൂടന്‍ മരിച്ചു.
സുന്ദരമായ ഒരു സ്വപ്നത്തിന്‍റെ ക്ലൈമാക്സ് കാണാന്‍ സമ്മതിക്കാതെ തട്ടിയുണര്‍ത്തിയ സുലൈഖയെ പ്രാകികൊണ്ട് സൈതലവി കണ്ണുകള്‍ തുറന്നു.
“ആര് ?
“നമ്മുടെ ആലമൂടന്‍ മരിച്ചൂന്ന് .
അഴിഞ്ഞുപോയ ഉടുമുണ്ട് കൈകൊണ്ടും കാലുകൊണ്ടും ഒരേ സമയം തിരഞ്ഞു കൊണ്ട് സൈതലവി പിന്നെയും ചോദിച്ചു
“ അത് നിന്‍റെ ആരാ ?
“എന്‍റെ ആരുമല്ല… സിനിമാനടന്‍ ആലമൂടന്‍.
“ഞാന്‍ കരുതി നിന്‍റെ ബാപ്പയാന്ന്, ന്‍റെ കാല്‍ചുവട്ടീന്ന് പോവാ നല്ലത്…..
വായില്‍ വന്ന തെറിവാക്ക് രാവിലെ തന്നെ പറയണ്ട ഇനിയും സമയം ഉണ്ടല്ലോ എന്നു കരുതിമാത്രം പറയാതിരുന്ന സൈദലവി തലയില്‍ നിന്നും മാറ്റിയ പുതപ്പ് തലയിലേക്ക് തന്നെ വലിച്ചിട്ട് മുറിഞ്ഞ്പോയ സ്വപ്നത്തിന്‍റെ ബാലന്‍സുകൂടി കാണാന്‍ വേണ്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു.
ആകാശവാണിയില്‍ നിന്നും കിട്ടിയ ജനറല്‍നോളേജ് അറിയിക്കാന്‍ ചെന്ന സുലൈഖ കെട്ടിയോന്‍റെ പ്രതികരണം ഇഷ്ടപ്പെടാതെ ഒന്നും മിണ്ടാതെ അടുക്കളയിലെക്ക് നടന്നു.
“എന്താ അന്‍റെ മോറ് കടന്നല് കുത്തിയപോലെ ?
ആലമൂടന്‍റെ മരണമോ, സൈദലവിയുടെ പ്രതികരണമോ എന്തോ ഒന്നിന്‍റെ വിഷമം സുലൈഖയുടെ മുഖത്ത് കണ്ട അമ്മയിമ്മ സൈനാത്ത ചോദിച്ചു.
തള്ളയുടെ ചോദ്യം ഇഷ്ടപ്പെടാത്തത് കൊണ്ടും അതിനോന്നും മറുപടി പറഞ്ഞിട്ട് കാര്യമില്ലത്തത് കൊണ്ടും സുലൈഖ ഒന്നും മിണ്ടാതെ പുട്ടുംകുറ്റിയില്‍ നനച്ച് വെച്ച അരിപ്പൊടി നിറച്ചു.
“ഓന്‍ ഞ്ഞീ നീച്ചില്ലെ ?
സൈനാത്ത ഇതിനെങ്കിലും മറുപടി കിട്ടും എന്ന് കരുതി സുലൈഖയെ നോക്കി,
“ഇല്ല .
പുട്ടുംകുറ്റിയില്‍ നിന്നും കണ്ണെടുക്കതെ സുലൈഖ മറുപടി കൊടുത്തു.
“നേരം ഉച്ചായിട്ടും ഓനിക്കു നീച്ചാനായിട്ടില്ല..ആ തന്ത തെണ്ടിച്ച്കൊണ്ട്വര്ണത് തിന്നാനായിട്ട് ഒര് കുരുത്തംകെട്ടോന്‍.. പെണ്ണ്കെട്ടിച്ചാലെങ്കിലും നേരാവുന്ന് കരുതീ, ഇപ്പം രണ്ടെണ്ണത്തിനീം തീറ്റിപോറ്റണ്ട ഗതികേടായല്ലോ പടച്ചോനെ ആ പാവത്തിന്.
സൈനാത്ത തന്‍റെ കെട്ടിയോന്‍ കുഞ്ഞമ്മദ്കാക്കന്‍റെ അധോഗതി ആലോചിച്ച് സൈതലവിയെ പ്രാകിക്കൊണ്ടിരുന്നു.
കുഞ്ഞമ്മദ്കാക്കാക്ക് ഒരു പെട്ടിപ്പീടികയുണ്ട്.
സിഗരറ്റ്,ബീഡി,തീപ്പട്ടി. കെട്ടിത്തൂക്കിയ നേന്ത്രക്കുല ,കടയുടെ മൂലയില്‍ കുത്തിച്ചാരി വെച്ച മൈസൂര്‍ക്കുല ,
പലകളറുകളില്‍ ഉള്ള ബിസ്ക്കറ്റും മിഠായികളും ഒരു സെക്ഷനില്‍.
കൂള്‍ബാര്‍ ഐറ്റംസില്‍ ,സോഡ ഐസിലിട്ടതും ഐസിലിടാത്തതും, സര്‍ബത്ത്,മോര് .
ഉള്ളി തക്കാളി,പച്ചമുളക് മുതല്‍ പിടിച്ച് ചീര വരേയുള്ള പച്ചക്കറി ഐറ്റംസും.
ജപ്പാനില്‍ നിന്നും സ്പെഷലായി ഇറക്കുന്ന ഉണക്കമീനും ,
ഗോവിന്ദനാശാരിയുടെ കരവിരുതില്‍ നിര്‍മിച്ച ചില്ലിട്ടഅലമാരയില്‍ സോപ്പ്,ചീര്‍പ്പ്,കണ്ണാടി,കണ്മഷി മുതലായ ഫാന്‍സി ഐറ്റംസും അടങ്ങിയ അന്നാട്ടിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ്.
അലങ്കാരമായ് കെട്ടിത്തൂക്കിയിരുന്ന പാന്‍പരാഗ് നിരോധം മൂലം എടുത്തുകളയണ്ടി വന്നപ്പോള്‍ കടയുടെ മുഖംനഷ്ടപ്പെട്ടുവെങ്കിലും അവിടെ മംഗളവും മനോരമയും കെട്ടിത്തൂക്കി അഡ്ജസ്റ്റ്ചെയ്തിട്ടുണ്ട്.
കച്ചവടതിരക്കുള്ള സമയത്ത് സഹായിക്കാന്‍ സൈദലവി വരുമെങ്കിലും അത് കുഞ്ഞമ്മദ്കാക്കക്ക് ഉപദ്രവമായേ അവസാനിക്കൂ.അതുകൊണ്ട് കഴിയുന്നതും കടയിലോട്ട് അവനെ അടുപ്പിക്കാറില്ല.
നേരയാവാന്‍ വേണ്ടി ഇല്ലാത്തകാശുണ്ടാക്കി സൈതലവിയെ ഉംറ വിസയില്‍ സൌദിയിലേക്കയച്ചെങ്കിലും അവിടത്തെ പോലീസ്കാര്‍ക്ക് സൈദലവിയുടെ രൂപമോ സ്വഭാവമോ പിടിക്കാത്തത് കൊണ്ട് ചെന്നതിന്‍റെ നാല്‍പ്പത്തിആറാം പക്കം പിടിച്ച് തിരിച്ച് കയറ്റി അയച്ചു.
പന്നിമലര്‍ത്തും റമ്മി കളിയും , നാലാള് കൂടുന്നിടത്ത് മുച്ചീട്ട്കളിയും. ലോട്ടറിയടിച്ചാല്‍ കുടുമ്പം നോക്കാനുള്ള വകകിട്ടുമല്ലോ എന്ന് കരുതി ഒറ്റനമ്പറും ഇരട്ടനമ്പറുമോക്കയുള്ള എല്ലാ ലോട്ടറിയിലും ഭാഗ്യപരീക്ഷണവും നടത്തി നാട്ടിലെ മഹാനായി സൈദലവി കഴിഞ്ഞ്കൂടുന്നു.
ഒരു ദിവസം രാവിലെ മാര്‍ക്കറ്റില്‍ നിന്നും കടയിലേക്കുള്ള അന്ന് റിലീസായ പച്ചക്കറികളും വാങ്ങി കട തുറക്കാന്‍ ചെന്ന കുഞ്ഞമ്മദ്കാക്ക കടയുടെ മുന്‍പില്‍ കൂടിനില്‍ക്കുന്ന ആളുകളെ കണ്ടപ്പോള്‍ ഒന്ന് അമ്പരന്നു. കാര്യമറിയാന്‍ തിടുക്കപ്പെട്ട് ഓടിചെന്നപ്പോള്‍ പീടികയുടെ നിരപ്പലക ആരോ കുത്തിതുറന്നു അകത്ത് കടന്നിരിക്കുന്നു.
കുഞ്ഞമ്മദ്കാക്ക കയ്യിലുണ്ടായിരുന്ന പച്ചക്കറിച്ചാക്ക് താഴെവെച്ച് കടയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍,,,
“അകത്ത് കയറല്ലെ .വിരലടയാളം നഷ്ടപ്പെടും.
പഞ്ചായത്താഫീസിലെ പ്യൂണ്‍ മാധവന്‍കുട്ടി തന്‍റെ നിയമപരമായ അറിവ് കുഞ്ഞമ്മദ്കാക്കനോട് പറഞ്ഞു.
കുഞ്ഞമ്മദ്കാക്ക അകത്തേക്ക് വെച്ച കാല്‍ പിന്നിലോട്ട് തന്നെ വലിച്ചു !!
“നിങ്ങള്‍ ഇത് പോലീസ് കേസാക്കാന്‍ നില്‍ക്കുവാണോ പിന്നെ അതിന്‍റെ പിറകെ നടന്ന് പോയതിന്‍റെ ഇരട്ടി അവര്‍ക്ക് കൊടുക്കെണ്ടി വരും.,
മാധവന്‍കുട്ടിയുടെ അഭിപ്രായത്തിനു എതിരായി ബാര്‍ബര്‍ ഷാനവാസ് പറഞ്ഞപ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ ആയിരുന്നു അവിടെ കൂടിയ ഭൂരിപക്ഷം പേരും.
ജനാതിപത്യരാഷ്ട്രത്തില്‍ ജീവിക്കുന്ന കുഞ്ഞമ്മദ്കാക്ക ഭൂരിപക്ഷാഭിപ്രായം സ്വീകരിച്ച് കടയുടെ അകത്ത് കയറി നോക്കി.
മേശ വലിപ്പ് തുറന്ന് കിടക്കുന്നുണ്ട്.
അതില്‍ ഉണ്ടായിരുന്ന ചില്ലറപ്പൈസ ഒന്നും കാണുന്നില്ല പിന്നെ യത്തിഖാന നേര്‍ച്ചപെട്ടിയില്‍ ഉണ്ടായിരുന്ന ചില്ലറകളും.
പെട്ടന്ന് എന്തോ ഓര്‍ത്ത കുഞ്ഞമ്മദ്കാക്ക ഫാന്‍സി സാധനങ്ങള്‍ വെകുന്ന ചില്ലലമാറ തുറന്ന് അതിന്‍റെ ഇടയില്‍ വെച്ചിരുന്ന ബാറ്ററി പെട്ടി തുറന്നു നോക്കി.. ഇല്ല !!!
അതും പോയിരിക്കുന്നു!!
മാസക്കുറിക്കു കൊടുക്കാന്‍ വേണ്ടി റബ്ബര്‍ബാന്‍റിട്ട് സൂക്ഷിച്ച് വെച്ചിരുന്ന ആയിരത്തിഅഞ്ഞൂറ് രൂപ.
ആകെകൂടി പത്ത് രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടിരിക്കുന്നു.
കടയെകുറിച്ച് നന്നയി അറിയുന്ന ഒരാള്‍ക്കല്ലാതെ കുറിപ്പൈസ വെകുന്ന സ്ഥലം അറിയില്ല. സ്ഥിരമായ് കടയില്‍ വരുന്ന ആരേയും സംശയിക്കാം,,
പക്ഷെ ആരെ?
കുഞ്ഞമ്മദ്കാക്ക കേട് വന്ന നിരപ്പലക നേരയാക്കന്‍ ഗോവിന്ദനാശാരിയെ വിളിപ്പിച്ചു .
“കുഞ്ഞമ്മദാപ്പളെ ആളെ അറിയാന്‍ ഒരു മാര്‍ഗോണ്ട്.
ഗോവിന്ദനാശാരി നിരപ്പലക നേരാക്കികൊണ്ടിരിക്കുന്നതിനിടക്ക് പറഞ്ഞു.
എന്ത് എന്ന ചോദ്യഭാവത്തില്‍ കുഞ്ഞമദാക്ക ഗോവിന്ദനാശാരിയെ നോക്കി.
ഗോവിന്ദനാശാരി ഉളി താഴെവെച്ച് കുഞ്ഞമ്മദാക്കാന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു.
“മ്മടെ നാണുപ്പണിക്കരെ കണ്ടാമതി.
“ഊം.!!
കുഞ്ഞമ്മദാക്ക ഒന്ന് ഇരുത്തി മൂളി.
പിറ്റേന്ന് കുഞ്ഞമ്മദാക്കയും ഗോവിന്ദനാശാരിയും കൂടി നാണുപ്പണികരെ കാണാന്‍ പോയി.
നാണുപ്പണിക്കര്‍ കവടി നിരത്തി . കുഞ്ഞമ്മദാക്കയും ഗോവിന്ദനാശാരിയും പണിക്കരുടെ മുഖത്തുനിന്നും കണ്ണെടുക്കതെ നോക്കിയിരുന്നു.
കവടിയില്‍ നിന്നും കണ്ണെടുത്ത പണിക്കര്‍ കള്ളനെ കണ്ട ഭാവത്തില്‍ കുഞ്ഞമ്മദ്കക്കാനെ നോക്കി.
“ആളെ മനസ്സിലായീ ട്ടോ .
“ആരാ ?
കുഞ്ഞമ്മദാക്കക്ക് ആളെ അറിയാന്‍ തിടുക്കമായി
‘അങ്ങനെ പരസ്യമായി പറയാന്‍ പറ്റില്ല്യാ വേണോങ്കി ഒരടയാളം കാണിക്കാം എന്താ വേണ്ട് ?
“മതി അത് മതി ആ പഹേന്‍ ആരാണെങ്കിലും ചോരതുപ്പണം .
കുഞ്ഞമ്മദാക്ക തന്‍റെ മനസ്സിലെ ദേഷ്യം പണിക്കരോട് പറഞ്ഞു.
“തുപ്പിക്ക്യാം ചോരതന്നെ തുപ്പിക്ക്യം പക്ഷെ വീട്ടിലോട്ട് പോവുമ്പോള്‍ ഒരു കോളാമ്പി കൂടെ കരുതിക്കോള്വാ..
കുഞ്ഞമ്മദാക്കയും ഗോവിന്ദനാശാരിയും മുഖത്തോട് മുഖം നോക്കി.
“എന്നാപ്പിന്നെ അടയാളമൊന്നും വാണ്ട.
കുഞ്ഞമ്മദാക്ക തന്‍റെ അഭിപ്രായം പിന്‍വലിച്ചു
ഗോവിന്ദനാശാരിക്ക് കാര്യമൊന്നും പിടികിട്ടിയില്ല.
പുറത്തിറങ്ങിയ കുഞ്ഞമദ്കാക്കനോട് ഗോവിന്ദനാശാരി ചോദിച്ചു
“കുഞ്ഞമ്മദാപ്പളെ എന്തെ അടയാളം ഒന്നും കാണിക്കെണ്ടന്നു പറഞ്ഞത് ?
“അത് ഗോവിന്ദാ അടയാളം കാണിച്ചാല്‍ പിന്നെ അതിന്ള്ള ചികിത്സക്ക് നമ്മള് തന്നെ ഇബടെ വരണ്ടി വരും അതാ
എന്നിട്ടും കാര്യം മനസ്സിലാകാത്ത ഗോവിന്ദനാശാരിയെ നോക്കി കുഞ്ഞമ്മദ്കാക്ക പറഞ്ഞു.
“അത് വേറാരൂല്ല നമ്മടെ സൈതലവി തന്നെന്നാ പണിക്കര് ഉദ്ദേശിച്ചത്,, ഇനി ജ്ജായിട്ട് ഇതാരോടും പറയണ്ട.
കുഞ്ഞമ്മദ്കാക്ക കാലന്‍ കുടയും വീശി പാടവരമ്പത്തു കൂടി ഒറ്റ നടത്തം.
2010, ജനുവരി 21, വ്യാഴാഴ്‌ച
കുഞ്ഞിപ്പാത്തു { കഥ }
അലവിയെ മനസ്സിലായിക്കാണും അല്ലെ ?
ഇല്ലങ്കില്‍ ഈ ബ്ലോഗിലെ ബിരിയാണി വായിച്ചാല്‍ മതി
അലവി ഇപ്പോള്‍ ഗള്‍ഫിലാണ്.
“ഇവിടെ ആരുമില്ലെ .
കുഞ്ഞിപ്പാത്തു നന്നാക്കികൊണ്ടിരുന്ന മത്തി പാത്രത്തില്‍ തന്നെയിട്ട് മീന്‍ കഴുകാനെടുത്ത വെള്ളത്തില്‍ കൈരണ്ടും മുക്കി ഉടുത്തിരുന്ന മാക്സിയുടെ തലപ്പുകൊണ്ട് കൈ തുടച്ച് പുറത്ത് വന്നു നോക്കി
“ആരാ ?
“ഞാന്‍ നാസര്‍ അലവിക്കാടെ അടുത്ത് നിന്നും വന്നതാ
“ഇങ്ങട്ട് കേറി ഇരിക്കീം
കുഞ്ഞിപ്പാത്തു നാസറിനെ അകത്തേക്ക് വിളിച്ചു.
“ഒരു കത്ത് തന്നിട്ടുണ്ട് .
“ഓല് വര്ണ കാര്യമൊന്നും പറഞ്ഞില്ലെ ?
കുഞ്ഞിപ്പാത്തു തന്‍റെ മനസ്സിലെ സങ്കടം പുറത്ത് കാണിക്കാതെ നാസറിനെ നോക്കി.
“ഇല്ല ഒന്നും പറഞ്ഞില്ല .സുഖമാണെന്ന് പറയാന്‍ പറഞ്ഞു.
കുഞ്ഞിപ്പാത്തു കുറച്ച് നേരത്തേക്കൊന്നും മിണ്ടിയില്ല..
“ഞാന്‍ കുടിക്കാന്‍ വല്ലതും എടുക്കട്ടെ..
“വേണ്ട ഒന്നും വേണ്ട. കൂട്ടുകാരന്‍ കാറിലിരിക്കുന്നുണ്ട്.
നാസര്‍ പോവാനായി എഴുനേറ്റു.
“എന്നാ ഇനി ഒരീസം കുട്ട്യേളിം കൂട്ടി വരീം.
കുഞ്ഞിപ്പാത്തു തന്‍റെ ആദിത്യ മര്യാദയ്ക്കു ഒട്ടും കുറവു വരുത്താതെ നാസറിനെ നോക്കി പറഞ്ഞു
“എന്നാ ശരി അലവിക്ക വിളിക്കുമ്പോള്‍ ഞാന്‍ വന്ന കാര്യം പറയണം.
നാസര്‍ പുറത്തിറങ്ങി.
കുഞ്ഞിപ്പാത്തു തന്‍റെ കയ്യിലിരിക്കുന്ന കത്തിലേക്ക് ഒന്ന് നോക്കി.. വായിക്കണമെങ്കില്‍ ഇനി സുബൈദ സ്കൂള്‍ വിട്ട് വരണം.
അലവിക്കും കുഞ്ഞിപ്പാത്തുവിനും കൂടി ആകെ ഒരു മോള്‍ മാത്രമേയുള്ളൂ,, ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സുബൈദ
കത്ത് ചുമരലമാരയില്‍ വെച്ച് കുഞ്ഞിപ്പാത്തു തകരപ്പെട്ടിയില്‍ കിടന്നിരുന്ന അലവിയുടെ ഒരു പഴയ ബ്ലാക്കന്‍വൈറ്റ് ഫോട്ടോ എടുത്ത് അതിലേക്കു തന്നെ നോക്കി നിന്നു .
എന്തൊരു മൊഞ്ചാ ആ ഫോട്ടോയില്‍ അലവിക്കാനെ കാണാന്‍ ഹിപ്പി മുടിയും വരയന്‍ മീശയും…
ആദ്യമായ് അലവിക്കാനെ കണ്ടപ്പോള്‍ ഇതു പോലായിരുന്നു .
കുഞ്ഞിപ്പാത്തു തന്‍റെ ഓര്‍മകളെ കാട് കയറാന്‍ വിട്ട് അവിടെ തന്നെ കുത്തിയിരുന്നു.
മൂത്താപ്പാന്‍റെ മോള്‍ റുഖിയാന്‍റെ കല്ല്യാണത്തിനു ബിരിയാണിവെക്കാന്‍ വന്ന മരക്കാരാക്കന്‍റെ കൈപ്പണ്ടാരിയായിട്ടാണ് അലവിക്കാനെ ആദ്യം കാണുന്നത്. കല്ല്യാണപ്പുരയിലേക്ക് പെണ്ണുങ്ങള്‍ക്കു പോവാനും വരാനും പിന്നാമ്പുറത്ത് കൂടിയുള്ള വഴിയുടെ അടുത്താണ് അന്ന് ബിരിയാണി വെച്ചിരുന്നത്. മൂത്താപ്പാടെ പുരയുടെ പുറകിലാണ് കുഞ്ഞിപ്പാത്തുന്‍റെ വീട്.. ഓരോരോ ആവശ്യങ്ങള്‍ക്കു അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ കുഞ്ഞിപ്പത്തൂനെ അലവി ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
“പെണ്ണേ അന്‍റെ പേരെന്താ?
തഞ്ചത്തില്‍ കിട്ടിയപ്പോള്‍ അലവി കുഞ്ഞിപ്പാത്തൂനോട് ലോഹ്യം കൂടാന്‍ ചെന്നു.
“ന്‍റെ പേരറിഞ്ഞിട്ട് ങ്ങക്കെന്തിനാ ബിരിയാണീലിട്ടളക്കാനോ..
“അല്ല അന്‍റെ പാവാടീം ജമ്പറും കാണാന്‍ നല്ല രസണ്ട് ട്ടോ. പിന്നെ ബിരിയാണിചെമ്പിന്‍റെ അടപ്പ് പോലത്തെ അന്‍റെ വട്ടമോറും.
അലവി തന്‍റെ സൌന്ദര്യബോധം മറച്ച് വെച്ചില്ല.
കുഞ്ഞീപ്പാത്തു അലവീടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി അവിടന്ന് ഒരോറ്റ ഓട്ടം. ഓട്ടത്തിനു അധിക ദൂരം ഉണ്ടായില്ല കുഞ്ഞിപ്പാത്തു ഓട്ടം നിര്‍ത്തി പിറകിലേക്കൊന്ന് തിരിഞ്ഞ് നോക്കി,
അലവി അവിടെ തന്നെ നില്‍ക്കുന്നുണ്ട്,പ്രേംനസീറിന്‍റെ ചിരിയുമായ് ..
കുഞ്ഞിപ്പാത്തുന്‍റെ ഉള്ളിലും ഒരു പൂത്തിരികത്തി..
“ജ്ജ് ആ വേലിക്കരികില്‍ എന്ത്ട്ക്കാ കച്ചമ്പറിനുള്ള ഉള്ളി വെട്ടിയോ..
മരക്കാരാക്കന്‍റെ ചോദ്യം കേട്ടപ്പഴാണ് അലവിക്ക് സ്ഥലകാല ബോധം ഉണ്ടായത്.
“ആ കുട്ടിനെ കാണാന്‍ നല്ല ചേലുണ്ട് ല്ലെ .
അലവി തന്‍റെ ആഗ്രഹം മരക്കാരാക്കാനോട് പറഞ്ഞു.
“അനക്ക് ഓളെ പുടിച്ചോ.. എന്നാ നമക്കു ചോദിക്കാടാ .
കുഞ്ഞിപ്പാത്തൂന്‍റെ വാപ്പ കുഞ്ഞാലന്‍കുട്ടികാക്കാക്ക് മരം വെട്ടുന്ന പണിയാണ് ഉമ്മ ജമീലാത്ത ഹൌസ് വൈഫും.
കല്ല്യാണാലോചനുമായ് വന്ന മരക്കാരാക്ക അലവിയുടെ പോരിശകള്‍ കുഞ്ഞാലന്‍കുട്ടികാക്കന്‍റെ മുന്‍പില്‍ വിളമ്പി.
“ഞമളിഞ്ഞി അധിക കാലം ഒന്നും ഈ പണിക്കുണ്ടാവില്ല. ഞമ്മള് കയിഞ്ഞാ പിന്നെ ഈ നാട്ടില് ബിരിയാണിവെക്കാന്‍ അലവിയെ ഉണ്ടാവൂ. മത്രോല്ല ഒരഞ്ചിന്‍റെ പൈസ ഓനിക്ക് സ്ത്രീധനോം വാണ്ട പിന്നെ എന്താ .
തരക്കേടില്ലാത്ത അലോചനായാണ്.. കുഞ്ഞാലന്‍കുട്ടികാക്ക ജമീലാത്താന്‍റെ മുഖത്തെക്ക് ഒന്നു നോക്കി അവരുടെ മുഖത്തും സന്തോഷം തന്നെ..
അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമറിയുന്ന ശബ്ദം കേട്ട് കാട് കയറാന്‍ വിട്ട ഓര്‍മകളെ തിരിച്ച് പിടിച്ച് കുഞ്ഞിപ്പാത്തു അടുക്കളയില്‍ ഓടിചെന്നു നോക്കുമ്പോള്‍ അവിടത്തെ സ്ഥിരം ശല്ല്യക്കരനായ് കരിമ്പന്‍പൂച്ച മീന്‍പാത്രത്തില്‍ നിന്നും മുഴുത്ത ഒരു മത്തിയുമായി തുറന്നിട്ട വാതിലിലൂടെ പുറത്തേക്കൊരു ചാട്ടം. കയ്യി കിട്ടിയ വിറകുകൊള്ളികൊണ്ട് കുഞ്ഞിപ്പാത്തു ഒരേറ് കൊടുത്തെങ്കിലും അത് കരിമ്പന്‍റെ ഏഴയലത്ത് പോലും എത്തിയില്ല .
അല്ലങ്കിലും ഏറിനു കുഞ്ഞിപ്പാത്തു പണ്ടേ മോശമാണ് അല്ലങ്കില്‍ കരിമ്പന്‍ ഇടയ്ക്കിടയ്ക്ക് അടുക്കളയില്‍ വരില്ലല്ലോ.
സ്കൂള്‍ വിട്ട് വന്ന സുബൈദ കത്ത് വായിക്കാന്‍ തുടങ്ങി കത്തിലൂടെ ഒന്ന് കണ്ണോടിച്ച സുബൈദാന്‍റെ മുഖം തിളങ്ങുന്നത് കുഞ്ഞിപ്പാത്തു കണ്ടു,,
“എന്താടീ കത്തില് ഓല് എഴുതീക്ക്ണ്.
കുഞ്ഞിപ്പാത്തൂന് കര്യങ്ങളറിയാന്‍ തിരക്കായ്
“ ഇമ്മാ ഇപ്പ വരുന്ന്ണ്ട് പതിനാലാന്തീന്ന് ;
“റമ്പുല്‍ ആലമീനായാ തമ്പുരാനെ ഇന്‍റെ ദുആ ജ്ജ് കേട്ടു,
കുഞ്ഞിപ്പാത്തു പടച്ചോനെ സ്തുതിച്ചു.
ദിവസങ്ങള്‍ യുഗങ്ങളായി കുഞ്ഞിപ്പത്തുമ്മാക്ക് തോനി..
പതിനാലാം തിയ്യതി രാവിലെ എഴുന്നെറ്റ് കുഞ്ഞിപ്പാത്തുമ്മ അലവിക്കിഷ്ട്ട്ടമുള്ള പുവ്വടപൊരിച്ചതും ചട്ടിപ്പത്തിരിയും ഉണ്ടാക്കി അലവിയെയും കാത്തിരുന്നു.
പള്ളീല് ഇശാബങ്ക് കൊടുത്തു .
അലവി എത്തിയില്ല .
പാതിരാത്രിയായിട്ടും അലവി വന്നില്ല ,
ഉണ്ടാക്കി വെച്ച ചട്ടിപ്പത്തിരി കുഞ്ഞിപ്പാത്തുമ്മാനെ നോക്കി പല്ലിളിച്ചു.
എല്‍ ഐ സി ഏജന്‍റ് അബൂബക്കര്‍ സുബ്ഹിബാങ്ക് കൊടുക്കുന്നതിന്‍റെ മുന്‍പ് തന്നെ വീടിന്‍റെ ഉമ്മറത്ത് എത്തി.അലവിക്കുള്ള ഒരു പുതിയ പോളീസിയുമായ്
അലവി എത്തിയിട്ടില്ല എന്നറിഞ്ഞപ്പോള്‍ അബൂബക്കര്‍ പിന്നെ വരാമെന്നും പറഞ്ഞ് പോയി..
ദിവസങ്ങള്‍ ആഴ്ച്ചകളായും ആഴ്ച്ചകള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും കഴിഞ്ഞു പോയി .
അലവി വന്നില്ല..
:: പ്രവാസലോകം പരിപാടിയിലേക്കു സ്വഗതം. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് ജിദ്ദയില്‍ നിന്നും കാണാതായ അലവി കഴിഞ്ഞ രണ്ട് വര്‍ഷമയി ഇയാളെ കുറിച്ച് ബന്തുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഞങ്ങളുടെ പ്രവാസലോകം പ്രവര്‍ത്തകരുമായ് ബന്തപ്പെടുക.
അലവി നിങ്ങള്‍ ഈ പരിപാടി കാണുന്നുണ്ട് എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്ന ഭാര്യയേയും മകളെയും ഇനിയും കണ്ണീര്‍ കുടിപ്പിക്കാതെ എത്രയും പെട്ടന്നു അവരുമായ് ബന്തപ്പെടുക.
കൈരളി ടി.വി പ്രവാസലോകം പരിപാടിയില്‍ കുഞ്ഞിപ്പത്തുമ്മയും സുബൈദയും കണ്ണീരുമായ് ഇരിക്കുന്നു .താഴെ അലവിയുടെ ആ പഴയ ബ്ലാക്കന്‍വൈറ്റ് ഫോട്ടോയും.
…..എന്തൊരു മൊഞ്ചാ ആ ഫോട്ടോയില്‍ അലവിക്കാനെ കാണാന്‍ ഹിപ്പി മുടിയും വരയന്‍ മീശയും..
2010, ജനുവരി 16, ശനിയാഴ്‌ച
മാറ് കാണുന്നില്ല { നര്‍മം }
“ടീച്ചറെ മാറ് കാണുന്നില്ല .
എന്നു പറഞ്ഞതിനു രാധാകൃഷ്ണനെ ടീച്ചര്‍ ചൂരലുമായ് വന്ന് പൊതിരെ തല്ലി..
കാര്യം എന്താ എന്നറിയാതെ ഞങ്ങള്‍ പകച്ചിരുന്നു.
സംസ്ക്കാരമില്ലത്തവന്‍ നീ എങ്ങനെ ഒന്‍പതാം ക്ലാസില്‍ വന്നുപെട്ടു. രക്ഷിതാവിനെ കൊണ്ട് വന്നു ക്ലാസില്‍ കയറിയാല്‍ മതി എന്നും പറഞ്ഞ് ക്ലാസില്‍ നിന്നും ഇറക്കി വിട്ടു..
ഇതിനു മാത്രം എന്തു സംസ്ക്കാരമില്ലയ്മയാ രാധാകൃഷ്ണന്‍ ചെയ്തത് ?
അന്ന് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോയ രാധാകൃഷ്ണന്‍ പിറ്റേന്ന് അച്ചനുമായ് ക്ലാസില്‍ വന്നു കാര്യമറിഞ്ഞ അച്ചനും ഞങ്ങളെ മുന്‍പില്‍ വെച്ച് രാധാകൃഷ്ണനെ തല്ലി.
ബോര്‍ഡിന്‍റെ മുന്‍പില്‍ നിന്നും മാറി നില്‍ക്കാന്‍ പറഞ്ഞതിനു എന്തിനാ ആ പാവത്തിനെ എല്ലാവരും ഇങ്ങനെ തല്ലുന്നത് എനിക്കൊന്നും മനസ്സിലായില്ല . നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ ?
2010, ജനുവരി 14, വ്യാഴാഴ്‌ച
ബിരിയാണി .{ കഥ }
മാത്രോമല്ല അറബി ലീവ് കൊടുക്കാത്തത് കൊണ്ട് സുലൈമാന്‍കാക്ക് റംലത്തിന്‍റ് കല്ല്യാണത്തിന് കൂടാന്‍ പറ്റിയിട്ടില്ല അപ്പോപ്പിന്നെ ആകെയുള്ള മകളൂടെ കുട്ടിടെ പേരിടല്‍ ചട്ങ്ങ് എങ്കിലും നന്നയി നടത്തണ്ടെ ..
“ഓല് പത്തറുപത് ആള്‍ക്കരു വരും .പിന്നെ കൂട്ടുകുടുംബവും അയല്‍വാസികളും നാട്ടിലെ പ്രമാണിമാരും ഒക്കെ കൂടി പത്ത്മുന്നുറ് ആളുണ്ടാവും .നമ്മള് പരിപാടി ഏതായാലും മോശാക്കാന്‍ പറ്റില്ല കോഴിന്‍റെ ബിരിയാണി തന്നെ ആയിക്കോട്ടെ“.
സുലൈമാന്‍ക്ക ഒരഭിപ്രായത്തിനായ് മറിയാത്താനെ നോക്കി.
“ങ്ങളെ ഷ്ട്ട്ടം പോലായിക്കോട്ടെ”
മറിയാത്താക്ക് കെട്ടിയോന്‍റെ അഭിപ്രായത്തിന് ഒരു മറുവാക്കില്ല.
ബിരിയാണി വെക്കാന്‍ അലവി തന്നെ.
വേറെ ഒരു ചിന്തക്ക് അവിടെ സ്ഥാനമില്ല .
ഒരേ ദിവസം തന്നെ മൂന്നും നാലും പരിപാടി ഏറ്റെടുക്കുന്ന അലവി പക്ഷെ അന്നു വേറെ പരിപാടി ഒന്നും ഏറ്റെടുത്തില്ല .
സുലൈമാക്ക ഗള്‍ഫീന്നു വന്നപ്പോള്‍ മൂപ്പരെ പെട്ടീല് ഒരു കുക്കിന്‍റെ വിസയുള്ള കാര്യം അലവി കേട്ടറിഞ്ഞിട്ടുണ്ട് എങ്ങനയെങ്കിലും മൂപ്പരെ സോപ്പിട്ട് ആ വിസ കൈക്കലാക്കണം.
തലെന്ന് തന്നെ അലവിയും സഹായി സുബൈറും സുലൈമാക്കടെ പുരയുടെ പിന്നില്‍ അടുപ്പിനു പറ്റിയ സ്ഥലം നോക്കാനായ് വന്നു .
“ആ കിണറിന്‍റെടുത്ത് അടുപ്പ് കൂട്ടിക്കൊള്ളിം
പറഞ്ഞത് സുലൈമാക്കാന്‍റെ കെട്ടിയോള് മറീയാത്തയാണ്
“പറ്റിയ സ്ഥലാണ് അവിടെ തന്നെ ആയിക്കോട്ടെ ,
സുലൈമാക്കയും ശരി വെച്ചു.
കിണറിന്‍റെ പൊട്ടിപ്പോളിഞ്ഞ കൈവരിയില്‍ നിന്നും മൂന്ന് വെട്ട്കല്ല് പുഴക്കിയെടുത്ത് അലവിയും സുബൈറും ബിരിയാണിക്കുള്ള അടുപ്പുണ്ടാക്കി രാത്രി വരാമെന്നും പറഞ്ഞ് പോയി.
അയല്‍പക്കത്തെ പെണ്ണുങ്ങള്‍ അരിചേറാനും വെളുത്തുള്ളി തൊലിക്കാനും കൂട്ടത്തില്‍ കുറച്ച് നുണ പറഞ്ഞിരിക്കാനും തലേന്നു തന്നെ എത്തിയിരുന്നു അവര്‍ക്ക് നേത്രത്ത്വം കൊടുത്ത് കൊണ്ട് സുലൈമാക്കടെ ഉമ്മ കുഞ്ഞൈസാത്ത നേരത്തെ തന്നെ കോളാമ്പിയും അടുത്ത് വെച്ച് പലകമ്മല്‍ കാലും നീട്ടി ഇരിപ്പുറപ്പിച്ചും കഴിഞ്ഞു.
ഇശാനിസ്ക്കാരം കഴിഞ്ഞ് അലവിയും സുബൈറും അവരുടെ പണിയായുധമായ ഉള്ളിക്കത്തിയും മൂര്‍ച്ചകൂട്ടി ഉള്ളിവെട്ടാനിരുന്നു .
കുട്ടിടെ പേരിടുന്നതിനും മുടി കളയുന്നതിനും മുന്‍പ് അറുത്തോരി വെക്കാന്‍ കൊണ്ട് വന്ന പോത്ത് ക്ലൈമറ്റ് പിടിക്കാത്തത് കൊണ്ട് മുരണ്ട് കൊണ്ടിരിക്കുന്നത് കേട്ട് സുബൈറിന്‍റ് വക ഒരു കമാന്‍റ്
നമ്മടെ സുലൈമാക്ക മുരളുന്നത് പോലെ തന്നെണ്ടല്ലെ ..
“മുണ്ടാതിരിക്കെടാ ഹംക്കെ മൂപ്പര് കേട്ടോണ്ട് വരും…
ഇക്ക് കിട്ടന്‍ പോണ വിസ ജ്ജായിട്ട് മൊടക്കണ്ട…
അലവി തന്‍റെ മനസ്സിലിരിപ്പു സുബൈറിന്‍റെ മുന്‍പില്‍ തുറന്നു,,,
“ങ്ങക്ക് വല്ല കാറ്റൂണ്ടോക്കാ… മൂപ്പരടുത്ത് ഒലക്കെണ് വിസ,, വരുമ്പോ വരുമ്പോ വിസണ്ട്ന്നു പറയും ന്ന്ട്ട് ആരും മൂപ്പരെ വിസമ്മെ ഇതുവരെ ഇവിടന്നു പോയിട്ടൂല്ല.
അലവീടെ സ്വപ്നത്തിന്‍റെ കടയ്ക്കലാണ് സുബൈര്‍ തന്‍റെ ഉള്ളിക്കത്തി കയറ്റിയത്.
“വിസ കിട്ടിയാലും ഇല്ലെലും ബിരിയാണി നന്നാവണം അത് നമ്മളെ കഞ്ഞിയാണ്”
“കഞ്ഞിയോ ? നമ്മളപ്പോ ബിരിയാണിയല്ലെ വെക്ക്ണത് ?
“എടാ ബിരിയാണി വെച്ച് കിട്ടുന്ന കായ് കൊണ്ട് വേണ്ടെ അന്‍റിം ഇന്‍റീം കുടീല് കഞ്ഞി വെക്കാന്‍ അതാ ഞാന്‍ പറഞ്ഞത്”
നേരം പരപരാ വെളുക്കാന്‍ തുടങ്ങി…
ബിരിയാണിചെമ്പ് ആവി പോവാതിരിക്കാന്‍ മൈദമാവ് നനച്ച് ചെമ്പിന്‍റെ അടപ്പ് കൂട്ടിയൊട്ടിച്ച് അടപ്പിനു മുകളില്‍ അടുപ്പില്‍ നിന്നും കോരിയെടുത്ത തീകനല്‍ ഇട്ട് അലവി സുബൈറിനോട് നോക്കാന്‍ പറഞ്ഞ് പ്രഭാതക്രത്യങ്ങള്‍ ചെയ്ത് വരാന്‍ പോയി.
കാര്യങ്ങളെല്ലാം കഴിഞ്ഞ് ഒരു ബീഡിയും കത്തിച്ച് അലവി തിരിച്ച് വന്നപ്പോള്‍ കണ്ട കാഴ്ച്ച..!!!
ബിരിയാണി അടിയില്‍ കരിഞ്ഞ്പിടിച്ചതിന്‍റെ ഒരു മണവും
ചെമ്പിന്‍റെ അടുത്ത് നിന്നും മാറി കിടന്നുറങ്ങുന്ന സുബൈറും
പടച്ചറബ്ബേ പറ്റിച്ചല്ലോ!!!
ഒറങ്ങിക്കിടക്കുന്ന സുബൈറിനെ ഒരു ചവിട്ട് കൊടുത്തുണര്‍ത്തി..
സുബൈര്‍ ചാടി എണീറ്റ് നോക്കുമ്പോള്‍ തലയില്‍ കയ്യും വെച്ച് നില്‍ക്കുന്ന അലവി
“ഇനി എന്താ റബ്ബേ നമ്മള് ചെയ്യാ,,,,
അലവി ചുറ്റ്പാടും ഒന്നു നോക്കി അടുത്താരും ഇല്ല
വീട്ടിനകത്ത് എല്ലാരും ഉറക്കത്തിലാ…
വളപ്പിന്‍റെ അങ്ങേ തലക്കല്‍ പോത്തിനെ അറുക്കുന്നിടത്ത് ആരോക്കയോ കൂടി നില്‍ക്കുന്നുണ്ട്
ഇനി കൂടുതല്‍ ആലോജിച്ച് നിന്നിട്ട് കാര്യമില്ല ആളുകളെ മുന്‍പില്‍ കരിഞ്ഞ ബിരിയാണി വിളമ്പണ്ടി വന്നാല്‍ അതോടെ തീരും എല്ലാം …
ഇനി അറ്റകൈ തന്നെ ചെയ്യാം
“ജ്ജ് ആ കക്കൂസില്‍ കയറി വാതില്‍ അടച്ച് നില്‍ക്ക് .
സുബൈറിനോട് അലവി ,
അതെന്തിനാ ?
സുബൈറിനു കാര്യം മനസ്സിലായില്ല ,,
“ജ്ജ് ഞാന്‍ പറീണത്കേക്ക് “
അലവിടെ സ്വരം അപ്പോഴെക്കും കനത്തിരുന്നു..
പിന്നെ സുബൈര്‍ കൂടുതല്‍ ചോദിക്കാന്‍ നില്‍ക്കാതെ കക്കൂസില്‍ കയറി വാതില്‍ അടച്ചു.
കരിഞ്ഞ ബിരിയാണി ശരിയാക്കാന്‍ വല്ല പൊടിക്കയ്യും ഉണ്ടാവും ഞാന്‍ കാണാതിരിക്കാന്‍ വേണ്ടിയാവും എന്നോട് വാതില്‍ അടച്ച് നില്‍ക്കാന്‍ പറയുന്നത് എന്നാല്‍ അതോന്നു കാണുക തന്നെ വേണമല്ലോ…
വാതിലിന്‍റെ ഇടയിലൂടെ സുബൈര്‍ അലവി എന്താണ്ചെയ്യുന്നത് എന്ന് നോക്കി.
അലവി കിണറ്റിന്‍ കരയില്‍ ചെന്ന് കിണറ്റിലെക്കൊന്നു നോക്കി പിന്നെ ചുറ്റ്പാടും ഒന്നുകൂടി കണ്ണോടിച്ച് ആരും ഇല്ലെന്നുറപ്പ് വരുത്തി വെള്ളം കോരുന്ന കയറില്‍ തൂങ്ങി കിണറ്റില്‍ ഇറങ്ങിയിരുന്നു.. നാട്ടുകാരെ കൂവി വിളിക്കാന്‍ തുടങ്ങി ,,,
“മണ്ടിവര്യയ്,, നമ്മള് കെണറ്റില് വീണെയ്,,,
സുബൈറിനപ്പോഴാണ് കാര്യത്തിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയത്…. വെള്ളത്തിന്‍റെ പൈപ്പും തുറന്നിട്ട് സുബൈര്‍ കക്കൂസില്‍ തന്നെ നിന്നു.
അറവു നടക്കുന്നിടത്ത് നിന്നും ആളുകള്‍ ഓടി വന്നു നോക്കുമ്പോള്‍ അലവി കിണറ്റില്‍ വീണ് കിടക്കുന്നു ,,,
ആരോക്കയോ കപ്പിയും കയറുമൊക്കെയായി അലവിയെ മുകളിലെക്കു വലിച്ച് കയറ്റാന്‍ നോക്കുമ്പോള്‍ അലവി താഴെ നിന്നും വിളിച്ച് പറയുന്നുണ്ടായ്യീരുന്നു ..
“ങ്ങള് ആരെങ്കിലും ആ ബിരിയാണിചെമ്പ് ഒന്ന് നോക്കീം ആദ്യം…നമ്മള കാര്യല്ല പ്രശ്നം,
“ബിരിയാണിയല്ലെ അതു സാരമില്ല അലവീ ജ്ജ് ങ്ങട്ട് കയറിപ്പോര്
മുകളീല്‍ നിന്നും ആളുകളും അലവിയോട് പറയുന്നുണ്ടായ്യിരുന്നു.
എല്ലവരും കൂടി വലിച്ച് കയറ്റി അലവി മുകളീല്‍ എത്തി.
“അനക്കൊന്നും പറ്റീലല്ലോ അലവിയെ ?
“ഇന്‍റെ പറ്റലൊന്നും സാരല്ല നമ്മളെ ബിരിയാണി എന്തായ്യിന്നൊന്നു നോക്കിം..
അലവി തന്‍റെ ജോലിയിലെ ആത്മാര്‍ത്തത കാണിക്കുന്നുണ്ടായിരുന്നു…
“അതു കുറച്ച് കരിഞ്ഞിട്ടുണ്ട്ന്നെയുള്ളൂ സാരല്ല,, ന്നാലും അനക്കൊന്നും പറ്റില്ലല്ലോ… പടച്ചോന്‍ കാത്തു.
സുലൈമാക്ക കിണറ്റില്‍ വീണിട്ടും ഒന്നും പറ്റാത്ത അലവിയെ നോക്കിക്കൊണ്ട് പറഞ്ഞു
കരിഞ്ഞ ബിരിയാണി തിന്നുകൊണ്ടിരിക്കുമ്പോഴും ആളുകള്‍ക്കെല്ലാം കിണറ്റില്‍ വീണിട്ടും ബിരിയാണിയെ കുറിച്ച് ആവലാതിപ്പെട്ട അലവിയുടെ ആത്മാര്‍ത്തതയായിരുന്നു ചര്‍ച്ചാ വിഷയം.
ബിരിയാണി കരിഞ്ഞത് ആര്‍ക്കും ഒരു വിഷയമായില്ല.
“അലവിക്കാ കരിഞ്ഞ ബിരിയാണി ശരിയാക്ക്ണ വിദ്യ നമ്മള് കക്കൂസില്‍ ഒളിഞ്ഞിരുന്നു നോക്കി പടിച്ചു പക്ഷെങ്കില് നമക്ക് ഒരു സംശയം കൂടിണ്ട് കിണറില്ലത്ത പുരയില് വെച്ചാ ബിരിയാണി കരിയിന്നതെങ്കില്‍ എങ്ങനാ ശരിയാക്കാ ?
സുബൈറിന്‍റെ മുഖത്തെക്ക് തുറിച്ചുള്ള ഒരു നോട്ടമായിരുന്നു അലവിയുടെ മറുപടി.