2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

സുഖമുള്ള നോവ്…

ടിയന്തരാവസ്ഥാകാലത്തെ ഒരു കര്‍ക്കിടക രാവില്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടിലില്‍ മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ഒരു ആണ്‍ കുഞ്ഞായി പിറന്ന എനിക്ക് മൂന്നാം വയസ്സില്‍ മരണപ്പെട്ടുപോയ ഉമ്മയുടെ സഹോദരന്‍റെ പേര് നല്‍കുമ്പോള്‍ എന്‍റെ ദീര്‍ഘായുസ്സിന് വേണ്ടി അവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരിക്കാം. എനിക്ക് ശേഷം ഉമ്മ പ്രസവിച്ചതെല്ലാം ആണ്‍കുട്ടികളായത് കൊണ്ട് എന്‍റെ ജന്മം പിന്നീടവര്‍ക്ക് ഭാഗ്യമായും തോന്നിയിട്ടുണ്ടാവാം.

കൂലിപ്പണിക്കാരനായ ഉപ്പാക്ക് കിട്ടുന്ന വരുമാനം വീട്ടിലെ ചിലവുകള്‍ക്ക് തന്നെ തികയാതെ വരുന്നതുകൊണ്ട് പാഠപുസ്തകങ്ങളൊന്നും ചുമക്കാതെയായിരുന്നു എന്‍റെ സ്കൂളിലേക്കും മദ്രസയിലേക്കുമുള്ള യാത്ര. മാസ വരിസംഖ്യയായ പതിനഞ്ചു രൂപ നാല് മാസമായി അടച്ചില്ലെന്നു പറഞ്ഞ് മദ്രസയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വീട്ടില്‍ നിന്നും പഠിച്ചുവരാന്‍ പറഞ്ഞ പാഠം പുസ്തകമില്ലാത്തത് കൊണ്ട് പഠിക്കാതിരുന്നതിനു അലവി ഉസ്താതിന്‍റെ ചൂരല്‍ വടി കൂട്ടിപിടിച്ചുള്ള നുള്ളലില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്നായിരുന്നു അപ്പോഴത്തെ എന്‍റെ ആശ്വാസം. പുരയില്‍ ചെന്ന് വരിസംഖ്യ വേണം എന്ന് പറയുമ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് പണിയില്ലാതിരിക്കുന്ന ഉപ്പയും ഉമ്മയും കൂടി ഓലമേഞ്ഞ പുരയുടെ മേല്‍കൂരയില്‍ നിന്നും തുള്ളി മുറിയാതെ അകത്തേക്ക് വീഴുന്ന വെള്ളം ചൂലുകൊണ്ട് അടിച്ച് പുറത്തേക്ക് തള്ളുന്ന തിരക്കിലായിരുന്നു എങ്കിലും ഞാന്‍ പറയുന്നത് അവര്‍ ശ്രദ്ധിച്ചിരുന്നു.

നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആരില്‍ നിന്നോ കടം വാങ്ങിയ അറുപത് രൂപ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ച് വരിസംഖ്യ അടച്ചോളൂ എന്ന് പറയുമ്പോള്‍ ഉപ്പയുടെ മുഖത്ത് ഈ കടം ഇനി എങ്ങനെ വീട്ടും എന്ന ആവലാതി എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും തുടര്‍ന്നും മദ്രസയില്‍ പോവമല്ലോ എന്ന സന്തോഷമായിരുന്നു എന്‍റെ മനസ്സില്‍.

വരിസംഖ്യയുമായി മദ്രസയില്‍ ചെന്ന ഞാന്‍ ഇരുന്നിരുന്ന മുന്‍ ബെഞ്ചില്‍ മരമില്ല് മുതലാളി ഹുസൈന്‍ ഹാജിയുടെ മകന്‍ സലാഹ് സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. പരാതിയുമായി ചെന്ന എന്നോട് പിറകിലെ ബെഞ്ചില്‍ ഇരുന്നാല്‍ മതി എന്ന് ശാസനാ രൂപത്തില്‍ അലവി ഉസ്താദ് പറഞ്ഞത് ഞാന്‍ ഇല്ലാത്തവന്‍റെ വീട്ടില്‍ നിന്നും വരുന്ന കുട്ടി ആയതുകൊണ്ട് മാത്രമായിരുന്നു.

ഇന്‍റര്‍ബെല്‍ സമയത്ത് മൂത്രപ്പുരയുടെ പടിക്കെട്ടുകളില്‍ തട്ടി വീണ് തലപൊട്ടി ചോരയൊലിപ്പിച്ച സലാഹിനെ ആരൊക്കയോ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ ആ പരിസരത്ത് എവിടയും ഇല്ലാതിരുന്ന ഞാന്‍ ബെഞ്ച് മാറ്റിയിരുത്തിയതിനു പ്രതികാരമായി മനപ്പൂര്‍വം തള്ളിയിട്ടതാണെന്ന് പറഞ്ഞ് അലവി ഉസ്താദ് കൈകളിലെ ചൂരല്‍ എന്‍റെ കാല്‍ തുടകളില്‍ പതിപ്പിക്കുമ്പോള്‍ ഉസ്താദിന്‍റെ മനസ്സില്‍ ഹുസൈന്‍ ഹാജിയുടെ പ്രീതി പിടിച്ചു പറ്റുക എന്ന ഉദ്ദേശമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ എന്നിലെ എട്ടു വയസ്സുകാരനു കഴിഞ്ഞിരുന്നു. ചെയ്യാത്ത തെറ്റിന് അടിവാങ്ങി കരഞ്ഞുകൊണ്ട് പുരയില്‍ ചെന്നപ്പോള്‍ സാരമില്ലെന്ന് പറഞ്ഞ് ഗോവിന്ദന്‍നായരുടെ ചായക്കടയില്‍ നിന്നും ഉപ്പ വാങ്ങിത്തന്ന കടലക്കറി ഒഴിച്ച ദോശയുടെ രുചി വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെ നാവിന്‍ തുമ്പില്‍ മായാതെ നില്‍ക്കുന്നു.

കീറിയ ഓലപ്പായയുടെ കീറാത്ത ഭാഗത്തേക്ക് നീക്കികിടത്തി എന്‍റെ കാല്‍ തുടയിലെ ചൂരലിന്‍റെ പാടുകള്‍ ചിമ്മിനി വിളക്കിന്‍റെ വെട്ടത്തില്‍ നോക്കി കൈ കൊണ്ട് തടവി കൊണ്ടിരിക്കുമ്പോള്‍ ഉമ്മയില്‍ നിന്നും അറിയാതെ വന്നിരുന്ന തേങ്ങലുകള്‍ കണ്ണടച്ച് ഉറക്കം വരാതെ കിടന്നിരുന്ന ഞാന്‍ അറിയുന്നുണ്ടായിരുന്നു.

കാല ചക്രത്തിന്‍റെ നിലക്കാത്ത കറക്കത്തില്‍ ജീവിത മാര്‍ഗം തേടി അറബ് നാട്ടിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം അവധിക്ക് നാട്ടിലേക്ക് പോവുമ്പോള്‍ അദ്ധ്യാപകന്മാര്‍ക്ക് അപമാനമയി മാത്രം ഞാന്‍ കരുതിയിരുന്ന അലവി ഉസ്താദിനെ ഒന്ന് നേരില്‍ കാണണമെന്ന മോഹം എനിക്കുണ്ടായിരുന്നു.

എന്‍റെ വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലേയുള്ള അലവി ഉസ്താതിന്‍റെ വീടിന്‍റെ മുന്നില്‍ കാര്‍ നിറുത്തി മുള്ളു വേലി കൊണ്ട് വളച്ചു കെട്ടിയ പഴയ ഇരു നില ഓടുപുരയുടെ പടികള്‍ കയറുമ്പോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ പോലുമറിയാതെ ചെകുത്താന്‍ രൂപപ്പെടുത്തിയ ഒരു പ്രതികാര വാശി ഉണ്ടായിരുന്നിരിക്കാം.

പൂമുഖത്ത് കട്ടിലില്‍ അവശതയോടെ ഇരിക്കുന്ന വൃദ്ധനെ കണ്ടപ്പോള്‍ കാരിരുമ്പ് പോലെ ഉറച്ച ശരീരമുണ്ടായിരുന്ന ആ പഴയ അലവിഉസ്താദിന്‍റെ അപ്പോഴത്തെ രൂപ മാറ്റം എന്നില്‍ എന്തോ മാനസിക വിഷമം വരുത്തുന്നത് ഞാന്‍ അറിഞ്ഞു.

സലാം പറഞ്ഞ് അകത്ത് കയറിയ എന്നെ മനസ്സിലാവാതെ നോക്കികൊണ്ടിരുന്ന ഉസ്താദിന് ഞാന്‍ ആരെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ എനിക്ക് ആദ്യം കിട്ടിയ വിഷയം സലാഹ് വീണ് തലപൊട്ടിയ കാര്യം തന്നെയായിരുന്നു. ഉസ്താദിന്‍റെ ഓര്‍മയില്‍ എവിടയും സ്ഥാനം പിടിക്കാത്ത ആ സംഭവം ഞാന്‍ മറക്കാതിരിക്കാന്‍ കാരണം അന്ന് ഞാന്‍ അനുഭവിച്ച വേദനയായിരിക്കാം.


വീടും അഡ്രസ്സും പറയാതെ ഉസ്താദിന്‍റെ ഓര്‍മയെ പരീക്ഷിക്കാന്‍ ശ്രമിച്ച് പരാജയം സമ്മതിച്ച ഞാന്‍ ആരെന്ന് പറഞ്ഞു കൊടുത്തപ്പോള്‍ ഉസ്താദിന്‍റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എന്നോട് ചെയ്ത തെറ്റിന്‍റെ പ്രായശ്ചിത്തമായിരുന്നില്ല അപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീരില്‍. പഠിപ്പിച്ചു വിട്ട ഒരു ശിഷ്യന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ കാണാന്‍ വന്നിരിക്കുന്നു എന്ന സന്തോഷമായിരുന്നു അതെന്ന് മനസ്സിലായപ്പോള്‍ ഇത്രയും കാലം ഉസ്താദിനെ കുറിച്ച് മോശമായി ചിന്തിച്ചിരുന്ന എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി. എന്‍റെ നല്ലതിനു വേണ്ടി പ്രാര്‍ത്ഥിച്ച ഉസ്താദിന്‍റെ കൈ ചുംബിച്ച് പടിയിറങ്ങുമ്പോള്‍ വര്‍ഷങ്ങളായി എന്‍റെ മനസ്സിലുണ്ടായിരുന്ന ആ അടിയുടെ വേദന അലിഞ്ഞ് സുഖമുള്ള ഒരു നോവായി മാറിയിരുന്നു.

-------------------------------------------------

ചിത്രം വരച്ച് എന്‍റെ പോസ്റ്റ് കുളമാക്കിയത് : നൌഷാദ് അകമ്പാടം

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

ദാരിദ്ര്യത്തിന്‍റെ മുഖം.

ആറ് മാസത്തെ അവധി തീരാന്‍ ‍ ഇനി നാല് ദിവസം കൂടി മാത്രം. വീണ്ടും മണല്‍ കാട്ടിലേക്കുള്ള യാത്രക്കായ് ഒരുക്കങ്ങള്‍. ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് ഉസ്താതിനെ കണ്ട് യാത്ര പറയാന്‍ പള്ളി വരാന്തയില്‍ കുറച്ച് സമയം കാത്തു നില്‍ക്കേണ്ടി വന്നു.

പള്ളിയുടെ ഒരു ഭാഗത്ത് ആളുകള്‍ കൂട്ടം കൂടി നിന്ന് എന്തോ കാര്യമായ ചര്‍ച്ചയിലാണ്. എന്താണ് പ്രശ്നം എന്നറിയാന്‍ ഞാന്‍ അങ്ങോട്ട് ചെന്നു. കൂട്ടത്തില്‍ നിന്നും ഒരാളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കള്ളിയെ പിടിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ചര്‍ച്ചയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .

കള്ളിയോ ? ….അതും പള്ളിയില്‍ ?

നിമിഷങ്ങള്‍ എണ്ണി നാട്ടില്‍ കഴിയുന്ന എനിക്ക് അവിടെ കളയാന്‍ കൂടുതല്‍ സമയം ഇല്ല. മാത്രവുമല്ല ജുമുഅ കഴിഞ്ഞു ഭാര്യയുമായി അവളുടെ വീട്ടില്‍ പോവാന്‍ അവളോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞു പോന്നതുമാണ്.

“അതേയ് എന്താ ശരിക്കും പ്രശ്നം ?”

എത്രയും പെട്ടന്ന് കാര്യങ്ങള്‍ വിശദമായി അറിഞ്ഞ് സ്ഥലം കാലിയാക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും അയാളെ തോണ്ടി വിളിച്ചു. മറുപടിയായി മറ്റൊരാളുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു കടലാസ് വാങ്ങി എന്‍റെ നേരെ നീട്ടി . ഞാന്‍ അതിലൊന്നു കണ്ണോടിച്ചു. ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനു സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഏതോ പള്ളിക്കമ്മറ്റി കൊടുത്ത് സഹായഭ്യര്‍ത്ഥനാ കത്ത്. ഒറ്റനോട്ടത്തില്‍ എനിക്കതില്‍ കുഴപ്പമൊന്നും തോന്നിയില്ല.

“ഇതിലെന്താ പ്രശ്നം ?”

“ ആ കത്തൊന്ന് ശരിക്കും നോക്കൂ..”

ഞാന്‍ അതിലേക്ക് വീണ്ടും നോക്കി ഇല്ല എനിക്കൊന്നും മനസ്സിലാവുന്നില്ല ഏതോ പള്ളിയുടെ ലറ്റര്‍പാഡില്‍ ഒപ്പും സീലും അടങ്ങിയ ഒരു കത്ത്. ഞാന്‍ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.

“ഊം..?”

“ അതിലെ തിയ്യതികള്‍ നോക്കൂ വെട്ടി തിരുത്തിയത് കണ്ടില്ലെ ?”

അപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ അതുപെട്ടത് അറിയാത്ത വിധത്തില്‍ അതിലെ തിയ്യതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

“അതെ തിരുത്തിയിട്ടുണ്ട്. എന്താ കാര്യം ? കള്ളക്കത്താണോ ?”

കഴിഞ്ഞ വെള്ളിയാഴ്ച ഒരു സ്ത്രീ കൊണ്ട് വന്ന് പള്ളിയില്‍ കൊടുത്ത കത്താണ് അത്. കത്ത് പരിശോധിച്ചപ്പോള്‍ സംശയം തോന്നി. പിരിവ് നടത്തി കാശ് അടുത്ത ആഴ്ച തരാം എന്ന് പറഞ്ഞ് അന്ന് അവരെ വിട്ടു. സ്ത്രീക്ക് കത്ത് കൊടുത്ത പള്ളിക്കമ്മറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ അവിടത്തെ സെക്രട്ടറിയും മറ്റൊരാളും ഇവിടെ എത്തിയിട്ടുണ്ട്. കത്ത് അവര്‍ കൊടുത്തത് തന്നെയാണെന്നും പക്ഷെ അതില്‍ പറഞ്ഞ കല്യാണം രണ്ട് മാസം മുന്‍പ് കഴിഞ്ഞതാണെന്നും പറഞ്ഞു. ഇപ്പോഴും ആ കത്തുമായി ആ സ്ത്രീ പിരിവ് നടത്തുന്ന കാര്യം അവര്‍ക്കറിയുകയുമില്ല. അപ്പോഴാണ് കൂട്ടത്തില്‍ നില്‍ക്കുന്ന രണ്ട് അപരിചിതരെ ഞാന്‍ ‍ ശ്രദ്ധിച്ചത്. ആ സ്ത്രീയുടെ നാട്ടിലെ പള്ളിക്കമ്മറ്റിയില്‍ പെട്ടവരാണ്. ഇതൊന്നും അറിയാതെ ആ സ്ത്രീ വന്ന് പള്ളിയുടെ പുറത്ത് നില്‍ക്കുന്നുണ്ട്.

ആഹാ ,,, അതുകൊള്ളാമല്ലോ. ,, എന്നാല്‍ ആ സ്ത്രീയെ ഒന്നു കാണുക തന്നെ വേണം. എന്‍റെ മറ്റു തിരക്കുകള്‍ എല്ലാം കുറച്ചു നേരത്തേക്ക് മറന്ന് ഞാനും അവരുടെ കൂടെ പള്ളിയുടെ പുറത്തേക്ക് നടന്നു.

തവിട്ടു നിറമുള്ള കോട്ടന്‍ സാരിയുടുത്ത് എകദേശം അമ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ രൂപം. ദാരിദ്ര്യം മുഖത്ത് പച്ചകുത്തിവെച്ചതുപോലെ. ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും സഹതാപം പിടിച്ചു പറ്റാന്‍ കഴിവുള്ള ഒരു സ്ത്രീ. അവരെ കണ്ടാല്‍ ഒരു തട്ടിപ്പുകാരിയെന്ന് ആരും പറയില്ല.

പിരിവ് നടത്തി കാശുമായി അടുത്തേക്ക് വരുന്ന ആളുകളേയും പ്രതീക്ഷിച്ചു നില്‍ക്കുന്ന അവരുടെ അടുത്തേക്ക് സ്വന്തം നാട്ടുകാരായ രണ്ടു പേരോടൊപ്പം വരുന്ന ആള്‍കൂട്ടത്തെ കണ്ടപ്പോള്‍ സംഗതി പന്തിയില്ലെന്നു അവര്‍ക്ക് മനസ്സിലായി.

“ഹവ്വാത്താ,, സുലൈഖാടെ കല്യാണം കഴിഞ്ഞിട്ട് മാസം രണ്ട് കഴിഞ്ഞില്ലെ . ഇപ്പോഴും ഈ കത്ത് കൊണ്ട് നടക്കുവാണോ നിങ്ങള്‍ ?”

ചോദ്യം അവരുടെ നാട്ടില്‍ നിന്നും വന്ന ഒരാളില്‍ നിന്നാണുണ്ടായത് . അപ്പോഴേക്കും പള്ളിക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടാന്‍ തുടങ്ങി. മറുപടി ഒന്നും പറയാതെ അവര്‍ തല താഴ്ത്തി നില്‍ക്കുകയാണ്. ആളുകള്‍ക്കിടയില്‍ നിന്നും അപ്പോഴേക്കും കള്ളിയെന്നും, തട്ടിപ്പുകാരിയെന്നു, അടിക്കണമെന്നും ഇടിക്കണമെന്നുമല്ലാം മുറുമുറുപ്പ് തുടങ്ങി കഴിഞ്ഞിരുന്നു.

“ചോദിച്ചതിനു മറുപടി പറയെടീ..”

കൂട്ടത്തില്‍ നിന്നും ആരോ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ മുഖം ഉയര്‍ത്തി. വെളുത്ത നിറമുള്ള അവരുടെ മുഖം വെയിലേറ്റ് ചുവന്നതിനുമപ്പുറം ഭയം കൊണ്ട് ഇരുണ്ട് പോയിരുന്നു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ മാറോട് ചേര്‍ത്തു പിടിച്ച് അവര്‍ ദയനീമായി മറ്റുള്ളവരെ നോക്കി. കുഴിഞ്ഞു പോയ അവരുടെ കണ്ണുകളില്‍ നിന്നും കണ്ണൂനീര്‍ കവിളിലൂടെ ഒഴുകാന്‍ തുടങ്ങി.

എനിക്കെന്തോ അവരുടെ മുഖത്ത് നോക്കിയപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. എങ്കിലും അവര്‍ ചെയ്തത് തെറ്റ് തന്നെ . സഹായത്തിനായി പള്ളിക്കമ്മറ്റി കൊടുത്ത കത്ത് ദുരുപയോഗം ചെയ്ത് അവര്‍ തട്ടിപ്പ് നടത്തുന്നത് ന്യായീകരിക്കാന്‍ കഴിയില്ലല്ലോ. കൂട്ടത്തില്‍ നിശബ്ദനായി ഒരു കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ..

“അത്.. അത്.. കല്യാണത്തിന്‍റെ കടം വീടിയിട്ടില്ല ..”

പതിഞ്ഞ ശബ്ദത്തില്‍ വിറക്കുന്ന സ്വരത്തോടെ അവര്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

“എന്നുവെച്ച് പഴയ കത്തില്‍ തിയ്യതി തിരുത്തി ആളെ പറ്റിക്കാന്‍ നടക്കുവാണോ ?

ആള്‍കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ ശരിക്കും കരയാന്‍ തുടങ്ങി. !

പള്ളിക്കമ്മറ്റി കത്ത് കൊടുത്തെങ്കിലും കാര്യമായ സഹായമൊന്നും എവിടെ നിന്നും കിട്ടിയില്ല . കടം വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ അവധി തീര്‍ന്നപ്പോള്‍ ജ്വല്ലറിക്കാര്‍ പെണ്ണിനെ കെട്ടിച്ചു വിട്ട വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കിയെന്നും അതുകാരണം പെണ്ണിനെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചുകൊണ്ടാക്കിയെന്നും. കല്യാണം കഴിഞ്ഞതുകാരണം അരും സഹായിക്കുന്നില്ലെന്നും അവര്‍ കരച്ചിലിനിടയില്‍ പറഞ്ഞു.

ദേഷ്യത്തോടെ നിന്നിരുന്നവരെല്ലാം അവരുടെ സംസാരം കേട്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ നിശബ്ദരായി . ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ.

ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന അവരുടെ ഭര്‍ത്താവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാമ്പ് കടിയേറ്റ് മരണപ്പെട്ടതാണ്. രണ്ട് പെണ്മക്കള്‍ മാത്രമുള്ള അവരെ സഹായിക്കാന്‍ മറ്റു ബന്ധുക്കള്‍ ആരുമില്ല. കഷ്ടപ്പാടുകൊണ്ട് ചെയ്തു പോയ ഈ തെറ്റിനു അവര്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും . അവരുടെ നാട്ടില്‍ നിന്നും വന്ന ഒരാള്‍ ആള്‍കൂട്ടത്തെ നോക്കി പറഞ്ഞു. ഒരു ക്ഷമാപണം കേള്‍ക്കുന്നതിനു മുന്‍പ് തന്നെ അവിടെ കൂടിയവരുടെയെല്ലം മനസ്സില്‍ അവരോട് അലിവ് തോന്നി കഴിഞ്ഞിരുന്നു.

ഈ തെറ്റ് ഇനി അവര്‍ ഒരിക്കലും ആവര്‍ത്തിക്കില്ല എന്നു പറഞ്ഞുകൊണ്ട് അയാള്‍ ആ കത്ത് അവിടെ കീറിയിട്ടു. അവിടെ കൂടി നിന്നവരെല്ലാം കൂടി കുറച്ച് കാശ് അവരുടെ കയ്യില്‍ കൊടുത്തു.

പള്ളിയിലേക്ക് കയറുമ്പോള്‍ സൈലന്‍റിലിട്ട മൊബൈല്‍ ഫോണ്‍ വിരുന്നു പോവാന്‍ കാത്തിരുന്ന് സഹികെട്ട ഭാര്യയുടെ തുടരെ തുടരെ യുള്ള വിളി കാരണം കിടന്നു തുള്ളാന്‍ തുടങ്ങിയിട്ട് സമയം ഏറെ ആയിരുന്നു. നേരം വൈകിയതിനു ഫോണിനേക്കാള്‍ വലിയ തുള്ളല്‍ വീട്ടില്‍ ചെന്നാല്‍ കാണാം എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നുവെങ്കിലും ആ സ്ത്രീയുടെ ദാരിദ്ര്യവും, ഭയവും നിറഞ്ഞ ആ മുഖമായിരുന്നു അപ്പോള്‍ എന്‍റെ മനസ്സ് നിറയെ.