2010, മേയ് 18, ചൊവ്വാഴ്ച

ഭ്രാന്തി സൈന.!

അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ ഭാര്യകൊണ്ട്കൊടുത്ത കട്ടന്‍ചായ ഒരു കവിള്‍ കുടിച്ച് പത്രം നിവര്‍ത്തികൊണ്ട് ഫിറോസ് കട്ടിലിലേക്ക് തന്നെ ചാഞ്ഞു. പോലീസ് അക്രമം ആദ്യപേജില്‍ വാര്‍ത്തയായപ്പോള്‍. അകത്തുള്ള പേജുകളെല്ലാം പീഡനവാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്നു . ഒരു മൂന്നാം കിട നോവല്‍ വായിക്കുന്ന രീതിയില്‍ മാത്രം വായിക്കേണ്ട രസംകൊല്ലിപത്രം ചുരുട്ടി മേശപ്പുറത്തേക്കിട്ട് ഒന്നുകൂടി മയങ്ങാം എന്നു ചിന്തിച്ച് തലയിണയിലേക്ക് മുഖം അമര്‍ത്തിയപ്പോഴാണ് ഉമ്മ മുറിയിലേക്ക് കയറി ചെന്ന് സൈനയുടെ മരണം അറിയിച്ചത്.! ആരെന്ന ഭാവത്തിലുള്ള ഫിറോസിന്‍റെ നോട്ടത്തിനു നമ്മുടെ ഭ്രാന്തിസൈന എന്ന മറുപടി കൊടുത്തപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മരണ വീട്ടിലേക്ക് പോവാന്‍ തയ്യാറായി നില്‍ക്കുന്ന ഉമ്മയോട് ഞാനും കൂടെ വരാം എന്നു പറഞ്ഞ് ഉടുതുണികൊണ്ട് കണ്ണുകള്‍ തുടച്ച് കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഫിറോസ് ബാത്ത് റൂമിലേക്ക് കയറി. ഷവറിലൂടെ ഒഴുകിയെത്തിയ തണുത്ത വെള്ളത്തിനിടയില്‍ നില്‍ക്കുമ്പോള്‍ കണ്ണുകളില്‍ നിന്നുമൊഴുകിയ കണ്ണുനീര്‍ വേര്‍തിരിച്ചറിയാനായില്ല .! വിതുമ്പിപ്പോയ ചുണ്ടുകള്‍ പാട്പെട്ട് കടിച്ചമര്‍ത്തി.!

കുട്ടിക്കാലത്ത് ഫിറോസിനു സൈനയെ പേടിയായിരുന്നു. ഓത്തുപള്ളിയിലേക്ക് പോവുന്ന ഇടവഴിയുടെ ഓരത്തു ഓലമേഞ്ഞ പുരയില്‍ അവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത് . ഇടവഴിയിലൂടെ പോവുന്ന കുട്ടികളെ മാടി വിളിച്ചുകൊണ്ട് അവര്‍ പുരയുടെ മുന്‍പില്‍ തന്നെയുണ്ടാവും .! പേടികാരണം കുട്ടികള്‍ ആരും അവരുടെ അടുത്തു ചെന്നിരുന്നില്ല.! കുട്ടികളെ കയ്യില്‍ കിട്ടിയാല്‍ കൊല്ലുന്ന ഭ്രാന്തിയാണവര്‍ എന്നാണ് കുട്ടികള്‍ക്കിടയിലെ വിശ്വാസം.! ഒരിക്കല്‍ സുബൈറാണ് ഫിറോസിനോടത് പറഞ്ഞത് അവനോട് അവന്‍റെ ഉമ്മ പറഞ്ഞുകൊടുത്തതാണത്രെ, സൈനയുടെ പുരയുടെ മുന്നില്‍ എത്തിയാല്‍ അവരുടെ നടത്തത്തിനു വേഗത കൂടി അത് ഓട്ടമായി മാറും.!

ചുരുണ്ട മുടിയില്‍ വെള്ളിരോമങ്ങള്‍ നിറഞ്ഞ് യുവത്വത്തില്‍ തന്നെ വാര്‍ദ്ധക്യത്തിനു പിടികൊടുത്തു തനിച്ചു താമസിക്കുന്ന അവരുടെ പുരയിലേക്ക് കുട്ടികള്‍ എന്നല്ല അധികം ആരും പോവാറില്ല. ആരോടും സംസാരിക്കാതെ ഒതുങ്ങികൂടിയ പ്രകൃതം.! പക്ഷെ ഏതു നേരവും അവര്‍ സ്വയം എന്തോ പിറുപിറുത്ത്കൊണ്ടിരിക്കുന്നത് കാണാം .ചില സമയങ്ങളില്‍ അവര്‍ ഫിറോസിന്‍റെ വീടിന്‍റെ അടുക്കളപ്പുറത്തു വന്നു നില്‍ക്കും ഉമ്മ കൊടുക്കുന്ന ഭക്ഷണം അടുക്കളപ്പുറത്തിരുന്നു തന്നെ കഴിച്ച് ഒന്നും മിണ്ടാതെ നടന്നകലുന്നത് ഫിറോസ് മുറിക്കകത്തിരുന്നു ഒളിഞ്ഞു നോക്കും.! ഒരു ദിവസം ഫിറോസ് ഉമ്മയോട് ചോദിച്ചു

എന്തിനാ ഉമ്മാ അവര്‍ക്ക് കഞ്ഞികൊടുക്കുന്നത് അവര്‍ കുട്ടികളെ കണ്ടാല്‍ കൊല്ലില്ലെ .

ഉമ്മ ചിരിച്ചു കൊണ്ട് ഫിറോസിനെ ചേര്‍ത്ത് പിടിച്ചു. വാത്സല്യത്തോടെ അവന്‍റെ തലയില്‍ തലോടി.!

ആരാ മ്മാന്‍റെ കുട്ടിനോട് നൊണ പറഞ്ഞത്?

സുബൈര്‍ പറഞ്ഞല്ലോ,, അവര്‍ക്ക് ഭ്രാന്താണ് അവര് കുട്ട്യേളെ കയ്യില്‍ കിട്ടിയാല്‍ കൊല്ലൂന്ന്..

നിഷ്കളങ്കമായ ഫിറോസിന്‍റെ ഉത്തരത്തിനു മുന്‍പില്‍ ഉമ്മ ഒന്ന് പുഞ്ചിരിച്ചു. അവനെ അരികിലേക്ക് കൂടുതല്‍ ചേര്‍ത്തു പിടിച്ചു. സൈനയെ കുറിച്ചു പറയാന്‍ തുടങ്ങി.!

മമ്മദിക്കയുടെയും റുഖിയാത്തയുടെയും ഒരേ ഒരു മോള്‍ സൈനബയെ വാത്സല്യത്തോടെ അവര്‍ വിളിച്ചിരുന്ന പേരാണ് സൈന.! കുട്ടിക്കാലത്ത് തന്നെ വാപ്പ നഷ്ടപ്പെട്ട സൈനയെ സുലൈമാന്‍ ഹാജിയുടെ വീട്ടിലെ അടുക്കളപ്പണിയെടുത്താണ് റുഖിയാത്ത വളര്‍ത്തിയത്. കൌമാരം പിന്നിട്ട് യവ്വനത്തിലേക്ക് കയറിയ സൈന റുഖിയാത്താന്‍റെ മനസ്സില്‍ വലിയ നൊമ്പരമായി തന്‍റെ കാല ശേഷം മകളുടെ ഭാവിയോര്‍ത്ത് അവര്‍ വേവലാതിപെട്ടു.! സുന്ദരിയായ സൈന നാട്ടിലെ ചെറുപ്പക്കാരുടെ എല്ലാം മോഹമായെങ്കിലും അവളെ അച്ചടക്കത്തോടെയാണ് റുഖിയാത്ത വളര്‍ത്തിയത്. സുലൈമാന്‍ഹാജിയുടെ മരമില്ലില്‍ ജോലി ചെയ്തിരുന്ന ചാവക്കാട്ടുകാരന്‍ ഹസ്സന്‍ സൈനബയെ കണ്ടപ്പോള്‍ സുലൈമാന്‍ഹാജി വഴി സൈനയെ വിവാഹം ആലോചിച്ചു. ഹസ്സനെ നന്നായി അറിയുന്ന സുലൈമാന്‍ ഹാജി റുഖിയാത്തയോട് സൈനയെ ഹസ്സനു കല്ല്യാണം കഴിച്ചു കൊടുക്കാന്‍ പറഞ്ഞു.! റുഖിയാത്തയ്ക്ക് അതു വലിയ ഒരു ആശ്വാസമായി.!

ഹസ്സനുമായുള്ള സൈനയുടെ വിവാഹം കഴിഞ്ഞു. ദുരിത ജീവിതത്തില്‍ ഒരു താങ്ങായി ഹസ്സന്‍ കൂടിയപ്പോള്‍ അവര്‍ ഏറെ സന്തോഷിച്ചു. ആണ്‍ മക്കള്‍ ഇല്ലാതിരുന്ന റുഖിയാത്തയ്ക്ക് ഹസ്സന്‍ സ്വന്തം മകനെ പോലെയായിരുന്നു. !

സന്തോഷകരമായ അവരുടെ ജീവിതത്തിനിടയിലേക്ക് ഒരു ദിവസം ഹൃദയം പിളര്‍ക്കുന്ന ഒരു വാര്‍ത്തയുമായാണ് സുലൈമാന്‍ഹാജിയുടെ മകന്‍ ജബ്ബാര്‍ ഓടിവന്നത് .!

റുഖിയാത്താ,,

ജബ്ബാറിന്‍റെ വിളികേട്ട റുഖിയാത്ത പുറത്തേക്ക് വന്നു.! ഇറയത്ത് നിന്നു കൊണ്ട് ജബ്ബാറിനെ നോക്കി.

റുഖിയാത്താ,,, ഹസ്സന്‍….ഹസ്സന്‍..

വാക്കുകള്‍ കിട്ടാതെ ജബ്ബാര്‍ പരുങ്ങികൊണ്ടിരുന്നു.!

എന്താന്‍റെ കുട്ടിക്ക് പറ്റ്യയ്..

റുഖിയാത്തയുടെ ശബ്ദം ഒരു അലറലായിരുന്നു. ഉമ്മയുടെ കരച്ചില്‍കേട്ട് പുറത്തേക്ക് വന്ന സൈന ഒന്നും പറയാന്‍ കഴിയാതെ നില്‍ക്കുന്ന ജബ്ബാറിനെ നോക്കി.!

അത് പിന്നെ ഒര്,, ഒര്.. മരം….

ജബ്ബാറിനു വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.! അപ്പോഴേക്കും സൈന ബോധമറ്റ് താഴെ വീണിരുന്നു.! റുഖിയാത്ത നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ച് ഉമ്മറപ്പടിയില്‍ തളര്‍ന്നിരുന്നു.!

ലോറിയില്‍ നിന്നും മരമിറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഉരുണ്ട് വീണ ഒരു മരത്തിന്‍റെ അടിയില്‍ പെട്ട ഹസ്സന്‍ അവരെയല്ലാം വിട്ട് സൃഷ്ടാവില്‍ അഭയം പ്രാപിച്ച് കഴിഞ്ഞിരുന്നു.!

താങ്ങിപിടിച്ച മയ്യിത്തുമായ് ആളുകള്‍ പുരയുടെ മുന്‍പില്‍ എത്തി. ഓര്‍മ തിരിച്ചുകിട്ടിയ സൈന ഹസ്സന്‍റെ മയ്യത്ത് കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.! നെഞ്ചില്‍ അമര്‍ത്തിപിടിച്ചു താഴെ ഇരുന്നിരുന്ന റുഖിയാത്തയുടെ ചലനം നിലച്ചുപോയത് ഏറെ വൈകിയാണ് മറ്റുള്ളവര്‍ അറിഞ്ഞത്.!

ഉമ്മയുടെയും ഭര്‍ത്താവിന്‍റെയും മയ്യിത്ത് ഒരേ സമയം പടിയിറങ്ങിപോവുമ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന സൈനയുടെ മനസ്സിന്‍റെ താളത്തിനു പിഴവുകള്‍ വന്നിരുന്നു. കരയാനറിയാതെ അവള്‍ നിര്‍വികരാവസ്ഥയോടെ നാലുപാടും നോക്കികൊണ്ടിരുന്നു. !

സുലൈമാന്‍ഹാജിയുടെ ഭാര്യ ഉമ്മുഖുല്‍സുവിന്‍റെ സഹായം
saina...2 ഉണ്ടായിരുന്നുവെങ്കിലും സ്വയബുദ്ധി നഷ്ടമായ സൈന കൂരയില്‍ വല്ലാതെ കഷ്ടപ്പെട്ടു. കൂടുതല്‍ താമസിയാതെ അവള്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി.! പ്രസവ ശേഷം സൈനയില്‍ ചെറിയ മാറ്റങ്ങള്‍ എല്ലാം കണ്ടുവെങ്കിലും പൂര്‍ണമായും അവള്‍ സാധാരണ നിലയില്‍ എത്തിയിരുന്നില്ല. എങ്കിലും കുട്ടിയുടെ അടുത്ത് അവള്‍ എല്ലാം തികഞ്ഞ ഒരു ഉമ്മയായിരുന്നു.! വാത്സല്യത്തോടെ അതിനെ താലോലിക്കുന്നത് കാണുമ്പോള്‍ ഉമ്മുകുത്സു അത്ഭുതപ്പെടാറുണ്ട് . കുട്ടിക്ക് ആറ് മാസം പ്രായമായ സമയത്ത് അവനെ അടുത്തു കിടത്തി മുലപ്പാല്‍ കൊടുത്തു കൊണ്ടുറങ്ങിപ്പോയ സൈന ഉറക്കത്തില്‍ കുട്ടിയുടെ മുകളിലേക്ക് മറിഞ്ഞ് കിടന്നത് അവളറിഞ്ഞില്ല .! സമയത്ത് കുഞ്ഞ് ശ്വാസം കിട്ടാതെ അവള്‍ക്കടിയില്‍ കിടന്ന് ഒന്ന് പിടഞ്ഞു. ഉറക്കത്തിന്‍റെ കാഠിന്യത്തിലായിരുന്ന സൈന അതറിഞ്ഞില്ല.! എന്തോ ഓര്‍മയില്‍ നെട്ടിയുണര്‍ന്ന സൈന ചനലനമറ്റ് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത് താന്‍ കാരണം കുഞ്ഞ് മരിച്ചുവെന്നറിഞ്ഞപ്പോള്‍ സൈന ഒന്നലറിക്കരഞ്ഞു പക്ഷെ കരച്ചില്‍ അധികനേരം ഉണ്ടായില്ല അപ്പോഴേക്കും അവള്‍ പൂണ്ണമായും ഒരു ഭ്രാന്തിയെ പോലെയായി.! പിറ്റേ ദിവസം ഉമ്മുഖുല്‍സു വന്നു നോക്കുമ്പോള്‍ ജീവനില്ലാത്ത കുഞ്ഞിനെയും താലോലിച്ചിരിക്കുന്ന സൈനയെയാണ് കണ്ടത്.!

ഭ്രാന്തിയായ അവള്‍ മനപ്പൂര്‍വ്വം കുട്ടിയെ കൊന്നതാണെന്ന ശ്രുതി നാട്ടില്‍ പരക്കുകയും ചെയ്തു.!

ഉമ്മ സൈനയുടെ കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിറ്റേ ദിവസം ഓത്തുപള്ളിയില്‍ പോവുന്ന വഴിയില്‍ അവരുടെ പുരയുടെ മുന്നില്‍ എത്തിയപ്പോള്‍ അവന്‍ അവിടെക്കൊന്നു നോക്കി ഉമ്മറത്തു തന്നെ തലയില്‍ ചൊറിഞ്ഞുകൊണ്ട് എന്തോ പിറുപിറുത്ത് ഇരിക്കുന്നുണ്ടായിരുന്നു സൈന. ഫിറോസിന്‍റെ നോട്ടം കണ്ടപ്പോള്‍ അവര്‍ അവനെ മാടി വിളിച്ചു. അവന്‍ പതുക്കെ പതുക്കെ അവരുടെ അടുത്തേക്ക് ചെന്നു അവര്‍ ഒരു കൈകൊണ്ട് അവനെ പിടിക്കാന്‍ നോക്കി , അവന്‍ ആദ്യം ഒന്നകന്നുമാറി. അവര്‍ പിന്നെയും അവനെ മാടി വിളിച്ചു അവന്‍ അവരുടെ അടുത്തേക്ക് പതുക്കെചേര്‍ന്നു നിന്നു അപ്പോഴെക്കും സുബൈറും മറ്റുകുട്ടികളും ഫിറോസിനെ സൈന പിടിച്ചേന്നും പറഞ്ഞു കരഞ്ഞ്കൊണ്ട് ഓത്തുപള്ളിയിലേക്ക് ഓടിയിരുന്നു.!

സൈന ഒരു കൈകൊണ്ട് ഫിറോസിനെ തലോടികൊണ്ടിരുന്നു ഫിറോസ് അവരുടെ മുഖത്തേക്ക് നോക്കി കുഴിഞ്ഞുപോയ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതാണ് അവന്‍ കണ്ടത്. ഒരു ഉമ്മയുടെ വാത്സല്യത്തോടെ അവര്‍ അവനെ ചേര്‍ത്തു പിടിച്ചു . അവരുടെ സങ്കടം കണ്ടപ്പോള്‍ ഫിറോസിന്‍റെ കണ്ണുകള്‍ നിറഞ്ഞു .! സൈന എന്തോ പിറുപിറുത്തുകൊണ്ട് ഫിറോസിനെ കൂട്ടിപിടിച്ച് നിന്നു.!

ഓത്തുപള്ളിയിലേക്ക് കരഞ്ഞുകൊണ്ട് ഓടിപ്പോയ സുബൈറും മറ്റ് കുട്ടികളും ഫിറോസിനെ സൈന പിടിച്ചെന്നും പറഞ്ഞു കോയമൊല്ലാക്കയെ കൂട്ടി വന്നു മൊല്ലാക്ക അവരെ നോക്കികൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.!

എന്തിനാ സൈന ജ്ജ് കുട്ട്യേളെ പേടിപ്പിക്കുന്നത് ?

സൈന മറുപടി ഒന്നും പറഞ്ഞില്ല.!! മൊല്ലാക്ക അവരുടെ കയ്യില്‍ നിന്നും ഫിറോസിനെ ബലമായി പിടിച്ചുമാറ്റി. ഫിറോസ് അപ്പോള്‍ കരയുകയായിരുന്നു. സൈനയെ പേടിച്ചാണ് ഫിറോസ് കരയുന്നതെന്നു കരുതി മൊല്ലാക്ക അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. സൈനയുടെ സ്നേഹവും സങ്കടവുമാണ് കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചതെന്നവര്‍ അറിഞ്ഞിരുന്നില്ല.!!

അതിനു ശേഷം എന്നും ഫിറോസ് ഇടവഴിയിലൂടെ പോവുമ്പോള്‍ അവരുടെ അടുത്ത് കയറും രാവിലെ ഉമ്മയുണ്ടാക്കുന്ന പലഹാരങ്ങളില്‍ നിന്നും ഒരു പങ്ക് അവര്‍ക്ക് കൊണ്ട് കൊടുക്കും അവര്‍ അത് അവന്‍റെ വായില്‍ തന്നെ വെച്ചു കൊടുക്കും. ഫിറോസ് സ്വന്തം ഉമ്മയില്‍ നിന്നും കിട്ടുന്ന അതെ സ്നേഹം അവരില്‍ നിന്നും കിട്ടുന്നതായി അറിഞ്ഞു.!

കാലങ്ങള്‍ ഫിറോസില്‍ പല മാറ്റങ്ങളും വരുത്തി. ജോലിതിരക്കിനിടയില്‍ അവരെ അപൂര്‍വ്വമായി മാത്രം കാണാന്‍ തുടങ്ങി . ഫിറോസിനെ കാണാന്‍ വേണ്ടിമാത്രമായ് സൈന അവരുടെ വീടിന്‍റെ പിറകില്‍ വന്നു നില്‍ക്കാന്‍ തുടങ്ങി. എന്തോ അവര്‍ക്ക് നഷ്ടപ്പെട്ടുപോയ മകനെ അവര്‍ ഫിറോസില്‍ കണ്ടു. കുറച്ചു ദിവസങ്ങളായി അവരെ കാണാതെയായി ജോലിതിരക്കിനിടയില്‍ ഫിറോസിന് അവരെ അന്വേഷിക്കാന്‍ സമയം കിട്ടിയതുമില്ല.!

ഫിറോസ് ഒഴികെ ബാക്കി എല്ലാവര്‍ക്കും അവര്‍ ഭ്രാന്തിസൈനയായിരുന്നു. ഫിറോസിനു മാത്രം അവരെ ഒരു ഭ്രാന്തിയായി കാണാന്‍ കഴിഞ്ഞില്ല.!!

നോക്കീം ങ്ങള്‍ അവിടെ എന്തെടുക്ക്വാ ഉമ്മ നിങ്ങളെ കാത്താ നില്‍ക്കുന്നത് ,

ബാത്ത് റൂമിന്‍റെ വാതിലില്‍ മുട്ടികൊണ്ട് ഭാര്യയുടെ വിളി ഫിറോസിനെ ചിന്തയില്‍ നിന്നുണര്‍ത്തി.

ഉമ്മയുടെ കൂടെ മരണ വീട്ടിലേക്ക് എത്തിയപ്പോള്‍ അവിടെ ആളുകള്‍ കൂടാന്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ അനാഥയായ ഒരു മയ്യത്തിന്‍റെ എല്ലാ കര്‍മ്മങ്ങളും ഒരു മകന്‍റെ സ്ഥാനത്ത് നിന്നു കൊണ്ട് ചെയ്തു തീര്‍ക്കുമ്പോള്‍ അവര്‍ ‍കാരണം മരണപ്പെട്ട അവരുടെ മകനായി മാറുകയായിരുന്നു ഫിറോസ്.!

2010, മേയ് 10, തിങ്കളാഴ്‌ച

കരാള ഹസ്തം.!!

girl.3

 

വെന്തുരുകും മാതൃഹൃദയത്തിന്‍ ശാപം  

മാറിടും നിന്‍ ശിരസ്സില്‍ ഇടിമിന്നലായ്  .!!      

പത്നിയായ്ഒരുവള്‍ ഉണ്ടാകിലും….

കാമവികാര ശമനത്തിനായ്   കൂടെ.!

കരുണക്കായ് കെഞ്ചിയ  പിഞ്ചു ബാല്യം..

ആര്‍ത്തിയാല്‍   പുല്‍കാന്‍ വെമ്പിടുമ്പോള്‍..

മറന്നുവോ അവള്‍ രക്തബിന്ദുവെന്ന്.?

പിതൃ വാത്സല്യം കൊതിച്ചെത്തിയ  ….

പുത്രിയില്‍ ..

ക്രൂരനാം ചെന്നായപോല്‍ മാറിടാന്‍.. 

നര ജന്മമായ് പിറന്ന  നിനക്കായെങ്കില്‍…!

ഇല്ല..!!

നിനക്കൊരിക്കലും ശാപമോക്ഷമീ ഉലകില്‍..

നിന്‍റെ രക്തം അശുദ്ധമാക്കിയവന്‍ നീ തന്നെയാകയാല്‍ .!!

                                   ********************

2010, മേയ് 3, തിങ്കളാഴ്‌ച

തീറ്റപ്പണ്ടാരം.!!

മദ്ധ്യവയസ്ക്കനായ കേശവേട്ടന്‍ രണ്ടു മാസമായി അസുഖത്തിലാണ്.!ഭക്ഷണ പാനീയങ്ങള്‍ ഒന്നും കഴിക്കാന്‍ വയ്യാതെ മരണം കാത്തുകിടക്കുന്നു.!! കേശവേട്ടനെ സന്ദര്‍ശിക്കാന്‍ ബന്ധത്തില്‍ പെട്ടവരും അല്ലാത്തവരുമായ ആളുകള്‍ വന്നും പോയുമിരിക്കുന്നു.!!

കേശവേട്ടനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന ഗോപിയെ വഴിയില്‍ വെച്ച് കണ്ട കുഞ്ഞാപ്പു ചോദിച്ചു.

“ഗോപിയെ എന്താ നമ്മുടെ കേശവേട്ടനു അസുഖം ?

ഗോപി കുറച്ച് നേരം ഒന്നും മിണ്ടിയില്ല പിന്നെ കുഞ്ഞാപ്പുവിനെ നോക്കി പറഞ്ഞു.!!

“ഹേയ് കേശവേട്ടനു അസുഖമൊന്നുമില്ല ഈശ്വരന്‍ അയാള്‍ക്ക് കണക്കാക്കിയ ffffffഭക്ഷണമൊക്കെ ഈ പ്രായം കൊണ്ട് അയാള്‍ തിന്നു തീര്‍ത്തു. പക്ഷെ ആയുസ്സാണെങ്കില്‍ ഇനിയും ബാക്കിയുണ്ട് ..അത് കൊണ്ട് അന്നം ഇറങ്ങാതെ ബാക്കിയുള്ള ആയുസ്സുകൂടി കേശവേട്ടന്‍ ജീവിച്ചു തീര്‍ക്കുവാ …

ഗോപിയുടെ മറുപടി തീറ്റപ്പണ്ടാരമായ കുഞ്ഞാപ്പുവിന്‍റെ എവിടയൊക്കയോ കൊളുത്തി വലിച്ചു..!!