2010, ജൂലൈ 19, തിങ്കളാഴ്‌ച

കോയക്കുട്ടിയുടെ ഉപദേശം

“ആവശ്യമില്ലാത്ത ഒരോ കാര്യം പറഞ്ഞ്   ഒരുത്തന്‍റെ പണി കളഞ്ഞപ്പോള്‍ നിനക്ക് സമാധാനമായില്ലെ”

അലാറത്തിന്‍റെ ശല്യമില്ലാതെ സ്വസ്ഥമായി     ഉറങ്ങാന്‍ കഴിയുന്ന വെള്ളിയാഴ്ച ദിവസം  പുറത്തു നിന്നും ഹസ്സനിക്കയുടെ  ഉച്ചത്തിലുള്ള സംസാരം കേട്ടുകൊണ്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്.    തലയിലൂടെ പുതപ്പ് വലിച്ചുവാരിയിട്ടു തിരിഞ്ഞുകിടന്ന് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും    സംസാരത്തിന്‍റെ ശബ്ദം  കൂടി വരികയാണ്.  അവധി ദിവസത്തിലെ സുഖനിദ്ര നഷ്ടപ്പെടുത്തിയ      ഹസ്സനിക്കയെ പ്രാകികൊണ്ട്   കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഞാന്‍ ഹാളിലേക്ക് ചെന്നു.

    നിവര്‍ത്തിപിടിച്ച പത്രത്തിലേക്ക്     ശ്രദ്ധിക്കാതെ  കൂട്ടിലങ്ങാടിക്കാരന്‍ ‍കോയകുട്ടിയുടെ  നേരെ തിരിഞ്ഞാണ് ഹസ്സനിക്കയുടെ സംസാരം.!  

“എന്താ ഹസ്സനിക്കാ രാവിലെ തന്നെ ?”

ഉറക്കം നഷ്ടമായ നീരസം പുറത്ത് കാണിക്കാതെ ഞാന്‍ ഹസ്സനിക്കയോട്    ചോദിച്ചു. !

“ഈ പഹയന്‍ കാരണം ആ ചെറുക്കന്‍റെ ജോലി പോയി” കോയക്കുട്ടിയെ  ചൂണ്ടികൊണ്ട് ഹസ്സനിക്ക എന്‍റെ നേരെ തിരിഞ്ഞു.   

“ആരുടെ ?”  എന്ന ഭാവത്തില്‍ ഞാന്‍ ഹസ്സനിക്കയെ  നോക്കി.

“നമ്മുടെ  ജമാലിന്‍റെ …  ഇവന്‍റെ ഒരോ ഉപദേശങ്ങള്‍…”   

അത്രയും പറഞ്ഞുകൊണ്ട്  കയ്യിലുണ്ടായിരുന്ന പത്രം താഴെക്കിട്ട് ഹസ്സനിക്ക കിച്ചനിലേക്ക്  നടന്നു.  കാര്യമൊന്നും മനസ്സിലാവാതെ ഞാന്‍ കോയക്കുട്ടിയെ നോക്കി .    ഒരുവഷളന്‍ ചിരിയുമായി താന്‍ ഈ നാട്ടുകാരനെയല്ലാ എന്ന ഭാവത്തില്‍   ഒന്നും മിണ്ടാതെ കസേരയിലേക്ക് കാലും കയറ്റിവെച്ച് നഖം മുറിച്ചുകൊണ്ടിരിക്കുകയാണ്  കോയക്കുട്ടി.   അവനോട് ചോദിച്ചിട്ടു ഒരു കാര്യവുമില്ലെന്ന് അറിയുന്നത്കൊണ്ട്     ഞാന്‍  ബ്രഷും, സോപ്പുമായി ബാത്ത്റൂമിലേക്ക് കയറി.

  ഡിഗ്രിവരെ പഠിച്ചവനാണെങ്കിലും ചില സമയത്ത് മണ്ടത്തരങ്ങള്‍  മാത്രമാണ്  കോയക്കുട്ടിയില്‍ നിന്നുമുണ്ടാവുക.   സ്ഥലവും സന്ദര്‍ഭവും നോക്കാതെ ഓരോ കാര്യങ്ങള്‍ പറയും .  പല സന്ദര്‍ഭങ്ങളിലും പലര്‍ക്കും അത് ദോഷമാവുന്നു എന്നവന് മനസ്സിലാക്കാന്‍ കഴിയില്ല.

   ഒരു ദിവസം റൂമില്‍ ഗസ്റ്റായി വന്ന ഹസ്സനിക്കയുടെ  അനുജനും സുഹൃത്തുക്കളും    മറ്റെല്ലാവരും കൂടി ഒന്നിച്ചിരുന്ന് ടി.വിയില്‍ വാര്‍ത്ത കൊണ്ടിരിക്കുമ്പോള്‍. വാര്‍ത്ത വായിക്കുന്ന അവതാരികയെ നോക്കി  കോയക്കുട്ടി പറഞ്ഞ സഭ്യതക്ക് നിരക്കാത്ത  അശ്ലീലം കലര്‍ന്ന   കമന്‍റില്‍   തൊലിയുരിഞ്ഞു പോയത് ഹസ്സനിക്കയുടെതായിരുന്നു .      ചിരിയും തമാശയുമായി ഇരുന്നിരുന്ന ഞങ്ങള്‍ എല്ലാം സംസാരം നിറുത്തിയിട്ടും കോയക്കുട്ടിക്ക്   കാര്യം മനസ്സിലായില്ല.  അവന്‍ അവന്‍റെ കമന്‍റ് വിശദീകരിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ നിന്നും ഒന്നും മിണ്ടാതെ ഹസ്സനിക്ക  പതുക്കെ പുറത്തേക്കിറങ്ങിപോയി.   അനുജനും  സുഹൃത്തുക്കളും പോയതിനു ശേഷം ഹസ്സനിക്ക അവനുമായി വഴക്ക് കൂടിയെങ്കിലും അവന്‍റെ വിവരദോഷം എന്ന രീതിയില്‍ എല്ലാവരും ഇങ്ങനയുള്ള സംഭവങ്ങളെല്ലാം  എഴുതി തള്ളുകയാണ് പതിവ്.

   

ഹസ്സനിക്കയുടെ ഭാര്യ സഹോദരനാണ് ജമാല്‍. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒന്നര ലക്ഷത്തോളം രൂപ മുടക്കി വിസക്ക് കൊണ്ട് വന്ന ജമാലിനു  നാലഞ്ചു മാസമായിട്ടും ജോലിയൊന്നും ശരിയായിരുന്നില്ല.   അകന്ന ഒരു പരിചയക്കാരന്‍ വഴി ജമാലിനു   ഒരു ബാകാലയില്‍  ( GROCERY )    ജോലി കിട്ടിയത് ഒരു മാസം മുന്‍പാണ് അത്യാവശ്യ ശമ്പളമൊക്കെയായി കുഴപ്പമില്ലാത്ത ഒരു ജോലി.  ഹസ്സനിക്ക ഒരു ഭാരം തലയില്‍നിന്നിറങ്ങി എന്ന ആശ്വാസത്തിലായിരുന്നു അതിനു ശേഷം.

  കുളികഴിഞ്ഞു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ഹസ്സനിക്ക പുറത്ത് നില്‍ക്കുന്നുണ്ട്.!

“എന്താ  ഹസ്സനിക്ക   പ്രശ്നം?  ജമാലിന്‍റെ  ജോലി എങ്ങനാ പോയത് ?”

ദേഷ്യത്താല്‍ ചുവന്ന മുഖവുമായി  നില്‍ക്കുന്ന ഹസ്സനിക്കയോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം  പറഞ്ഞ മറുപടി കേട്ട് എനിക്ക് ചിരിയാണ് വന്നത്.   സന്ദര്‍ഭം അനുകൂലമല്ലാത്തകൊണ്ട് വന്ന ചിരി പുറത്ത് കാണിക്കാതെ ഞാന്‍ റൂമിലേക്ക് കയറി.

ജമാല്‍  ജോലി ചെയ്യുന്ന കടയിലേക്ക് കോയക്കുട്ടി കുശലാന്വേഷണവുമായി കയറിചെന്നപ്പോള്‍  അവിടെ ആരൊക്കയോ നില്‍ക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ കോയക്കുട്ടി   ജമാലിനോട്  സംസാരം  തുടങ്ങി. ജോലിക്കിടയിലാണെങ്കിലും    ജമാല്‍  എല്ലാറ്റിനും മറുപടി പറഞ്ഞുകൊണ്ടിരുന്നു. അവസാനം യാത്ര പറഞ്ഞു പോരുന്ന സമയത്ത് കോയക്കുട്ടി  ജമാലിനൊരു  ഉപദേശം കൊടുത്തു.!

“ദിവസം നൂറ് റിയാലില്‍ കൂടുതല്‍  അടിച്ചുമാറ്റരുത്, കൂടുതല്‍ എടുത്താല്‍ മുതലാളിമാര്‍ക്ക് മനസ്സിലാവും . എടുക്കുന്ന കാശ്  പോക്കറ്റില്‍ ഇടരുത്  ഷൂവിനിടയിലോ സോക്സിനടിയിലോ ഒളിപ്പിച്ച് പുറത്തിറങ്ങിയാല്‍ മതി.”

കോയക്കുട്ടി ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍      ജമാല്‍  ഇടംകണ്ണിട്ടും  ആക്ഷന്‍  കാണിച്ചും    മറ്റുള്ളവര്‍ കേള്‍ക്കുന്നു എന്ന് കാണിക്കുന്നുണ്ടായിരുന്നുവെങ്കിലും കോയക്കുട്ടി അതൊന്നും ശ്രദ്ധിക്കാതെ പറയാനുള്ളത് പറഞ്ഞ് കടയില്‍ നിന്നും ഇറങ്ങി.

അന്നത്തോടുകൂടി  ജമാലിന്‍റെ ആ കടയിലെ സേവനം അവസാനിപ്പിക്കേണ്ടി വന്നു.   ഉപദേശം കൊടുത്ത് പോവുമ്പോള്‍ കടയില്‍ ഉണ്ടായിരുന്നവരുടെ    കൂട്ടത്തില്‍   മലയാളിയായ കടയുടെ ഉടമസ്ഥന്‍ കൂടിയുണ്ടെന്ന കാര്യം  കോയക്കുട്ടി ശ്രദ്ധിച്ചില്ല.!!

2010, ജൂലൈ 5, തിങ്കളാഴ്‌ച

സതി നിലനിന്നിരുന്നുവെങ്കില്‍……

ബന്ധങ്ങളും കടപ്പാടുകളും വെറും ജലരേഖകള്‍ മാത്രമാണെന്നതിന്‍റെ ഒരു ഉത്തമ ഉദാഹരണമാണ് ഹമീദിന്‍റെ ജീവിതം.

ആറടി ഉയരവും വിടര്‍ന്ന നെഞ്ചും വെളുത്ത നിറവും തുടുത്ത കവിളുകളും കട്ടി മീശയുമുള്ള സുന്ദരനായ അവനെ കണ്ടാല്‍ എഴുത്തും വായനയും അറിയില്ല എന്നാരും പറയില്ല. ഉപ്പയും ഉമ്മയും മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും അടങ്ങിയ കുടുംബത്തിലെ മുത്ത മകന്‍. നാട്ടില്‍ സ്വകാര്യ ബസ്സില്‍ ക്ലീനര്‍ ആയി ജോലിചെയ്യുന്നതിനിടയിലാണവന്‍ ഞങ്ങളുടെ കമ്പനിയിലെ ഓഫീസ്ബോയ് ആയി സൌദിയില്‍ വരുന്നത്. എന്‍റെ സഹമുറിയനായി താമസം തുടങ്ങിയ അവന്‍ രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അവധിയില്‍ പോയി വിവാഹം കഴിച്ചു. സുന്ദരിയായ സുനീറ ഹമീദിനു അനുയോജ്യമായ പെണ്ണ് തന്നെയായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ സുനീറ ഗര്‍ഭിണിയായിരുന്നു.

നാട്ടില്‍ സ്റ്റേഷനറി കട നടത്തുന്ന അനുജന്‍റെയും ഹമീദിന്‍റെയും വിവാഹം ഒരേദിവസമാണ് നടന്നത്. അനുജന്‍റെയും ഭാര്യയുടെയും വൈവാഹിക ജീവിത സന്തോഷവും ആര്‍ഭാടം നിറഞ്ഞതുമായി മാറുമ്പോള്‍ വിരഹവും,മാനസിക വിഷമങ്ങളും നിറഞ്ഞ ജീവിതമായിരുന്നു സുനീറക്ക് അവിടെ ഉണ്ടായിരുന്നത്. വിഷമങ്ങള്‍ അതിരുകടന്നിട്ടോ,അതോ സ്വഭാവ സവിശേഷതകൊണ്ടോ എന്നറിയില്ല സുനീറക്ക് ആ വീട്ടില്‍ സ്വസ്ഥത ഇല്ലായിരുനു. മറ്റു കുടുംബാങ്ങള്‍ക്ക് മുന്‍പില്‍ സുനീറ ഒറ്റപ്പെടുന്നതായും,അവളുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ വേണ്ടവിധം ശ്രദ്ധ ചെലുത്താതായും അവള്‍ക്ക് തോന്നിയത് ഹമീദിനെ അറിയിച്ചുകൊണ്ടിരുന്നു.

അവരുടെ സന്തോഷവും, സങ്കടവും. പ്രണയവും വിരഹവുമെല്ലാം എന്‍റെ എഴുത്തുകളിലൂടെയും വായനയിലൂടെയുമായിരുന്നു അവന്‍ അറിഞ്ഞിരുന്നത്. അവരുടെ സ്നേഹത്തിന്‍റെ ആഴം എഴുത്തിലൂടെ മനസ്സിലാക്കുമ്പോള്‍ ഞാന്‍ വിവാഹിതനായിരുന്നില്ല. ദാമ്പത്യബന്ധത്തിലെ സ്നേഹം എന്താണെന്ന് അറിയാത്ത ഞാന്‍ ചില സമയത്ത് അവന്‍റെ അമിതഭാര്യ സ്നേഹത്തെ രഹസ്യമായി കളിയാക്കാറുണ്ട്. അന്നവന്‍ എന്നോട് പറഞ്ഞിരുന്നു “നീ ഒന്ന് കെട്ട് അപ്പോള്‍ അറിയാം എന്ന്”. ഭാര്യയെ ഒരാള്‍ ഇത്രമാത്രം സ്നേഹിക്കുമോ എന്ന് അവന്‍റെ സ്നേഹം കാണുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

ഇതിനിടയില്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കുകയും, മറ്റു അനുജന്മാര്‍ വിവാഹിതരാവുകയും ചെയ്തതോടെ വീട്ടിലെ പ്രശ്നങ്ങള്‍ കൂടി വന്നു. അവിടത്തെ അസൌകര്യവും കുത്തുവാക്കുകളും സഹിക്കവയ്യാതായപ്പോള്‍ ബാങ്ക് ലോണായും കടമായും സ്വരുക്കൂട്ടിയ കാശുകൊണ്ട് രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ തറവാട് വീട്ടില്‍ നിന്നും അധികം അകലയല്ലാതെ ഒരു വീട് പണിതു.

പുതിയ വീട്ടിലേക്ക് താമസം മാറിയാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നു കരുതിയിരുന്ന അവന് പുതിയ പ്രശ്നങ്ങളുടെ തുടക്കമായി മാറുകയായിരുന്നു ആ വീട്.

മൊബൈല്‍ ഫോണ്‍ വ്യാപകമാവുകയും കത്തെഴുത്തുകള്‍ നിലക്കുകയും ചെയ്തപ്പോള്‍ തന്‍റെ പ്രശ്നങ്ങള്‍ മറ്റൊരാള്‍ കൂടി അറിയുന്നതിനവാസാനം ഉണ്ടാവുമല്ലോ എന്നു കരുതി കൂടുതല്‍ സന്തോഷിക്കുന്നതവനാവും എന്നു ഞാന്‍ കരുതിയത് വെറുതയായിരുന്നു. അപ്പോഴും അവന്‍റെ ഒരോ പ്രശ്നങ്ങളും അവന്‍ എന്നോട് പറയുമായിരുന്നു. ഈ സമയത്തെല്ലാം ഞാന്‍ വിവാഹം കഴിഞ്ഞ് പ്രണയത്തിന്‍റെ തീവൃതയും വിരഹത്തിന്‍റെ നൊമ്പരവും അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു.

ഏറെ സന്തോഷവനായി തമാശകള്‍ മാത്രം പറഞ്ഞിരുന്ന ഹമീദ് പിന്നെ പിന്നെ ചിന്താത്മകനായും നിശബ്ദനായും മാറുന്നത് ഞാന്‍ അവനെ ഇടക്കിടക്ക് ഓര്‍മപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി അവന്‍റെ മോള്‍ക്ക് പതിനൊന്ന് വയസ്സായി. പല പ്രാവശ്യം അവധിയില്‍ പോയിട്ടും ആ കുഞ്ഞിനു ശേഷം മറ്റൊരു കുഞ്ഞുണ്ടാവത്തിന്‍റെ വിഷമം അവന്‍റെ വാക്കുകളില്‍ എന്നും ഉണ്ടായിരുന്നു. കഴിഞ്ഞ തവണ അവധികഴിഞ്ഞു വന്നപ്പോള്‍ അവന്‍ വളരെ സന്തോഷവാനായിരുന്നു. പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അവര്‍ക്ക് വീണ്ടും ഒരു കുഞ്ഞ് ജനിക്കാന്‍ പോവുന്നതിന്‍റെ സൂചനകളുമായാണ് സുനീറ അവനെ യാത്രയാക്കിയത്. പക്ഷെ ആ സന്തോഷം രണ്ട് മാസത്തില്‍ കൂടുതല്‍ നില നിന്നില്ല. വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍കോള്‍ എല്ലാം തകര്‍ത്തെറിഞ്ഞു അവള്‍ ഹോസ്പിറ്റലില്‍ ആണെന്നും അത് അബോര്‍ഷനായെന്നും അറിയാന്‍ കഴിഞ്ഞു.

ഒരു ദിവസം സന്ധ്യാനമസ്കാരം കഴിഞ്ഞ് മുറിയിലേക്ക് കയറി ചെന്ന ഞാന്‍ മൊബൈലിലൂടെ ആരോടോ ഉച്ചത്തില്‍ സംസാരിക്കുന്ന ഹമീദിനേയണ് കണ്ടത്. എന്നെ കണ്ടയുടന്‍ മൊബൈല്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച അവനോട് സംസാരിക്കുവാണെങ്കില്‍ ഞാന്‍ പുറത്തു പോവാം എന്ന് ആംഗ്യ ഭാഷയിലൂടെ പറഞ്ഞപ്പോള്‍ വേണ്ട എന്നവന്‍ പറഞ്ഞുകൊണ്ട് ബെഡ്ഡിലേക്ക് ചാഞ്ഞ് ഒന്നും മിണ്ടാതെ കിടന്നു. പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ എന്നോട് പറഞ്ഞു.

“സതി നിലനിന്നിരുന്നാല്‍ മതിയായിരുന്നു അല്ലെ?”

എനിക്ക് ഒന്നും മനസ്സിലായില്ല.!!

“സതിയോ? അതെന്തിനാ?”

“എന്നാല്‍ ഭര്‍ത്താവ് ജീവന്‍ കളഞ്ഞാല്‍ ഭാര്യ കൂടെ ചാവുമായിരുന്നില്ലെ.?”

നിരക്ഷരനായ അവന്‍ എവിടന്നോ കേട്ട ഒരുവാക്ക് പറയുകയാവും എന്നു കരുതി ഞാന്‍ കൌതുകത്തോടെ അവനെ നോക്കി. എന്തേ ഇപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ എന്ന ഭാവത്തില്‍. അവന്‍ എന്‍റെ മുഖത്തു നിന്നും കണ്ണുകള്‍ എടുത്ത് താഴേക്ക് നോക്കികൊണ്ടിരുന്നു.

“നിനക്കെന്താ വട്ടുണ്ടോ? ഇനി ആ ആചാരം ഉണ്ടെങ്കില്‍ തന്നെ നമുക്കതെങ്ങനാ ബാധകമാവുന്നത്?” ഞാന്‍ സംസാരം തുടരാന്‍ തീരുമാനിച്ചു.ഒരു തമാശയായി മാത്രമാണ് ഞാന്‍ അത് കണക്കാക്കിയത് . പക്ഷെ അവന്‍റെ മുഖം കോപവും സങ്കടവും കൊണ്ട് ചുവന്നിരുന്നു.

“ഞാന്‍ എത്രമാത്രം അവളെ സ്നേഹിച്ചതാ എന്നിട്ടും അവള്‍ എന്നെ മനസ്സിലാക്കിയില്ലല്ലോ. അവളെ കൊന്ന് കളയാന്‍ എന്‍റെ കൈകള്‍ക്കാവില്ല അതാ…”

പറഞ്ഞു തുടങ്ങിയ വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയാതെ അവന്‍ പൊട്ടി പൊട്ടിക്കരഞ്ഞു. അല്‍പ്പ നേരത്തെ തേങ്ങലുകള്‍ക്കൊടുവില്‍ അവന്‍ സംസാരം തുടര്‍ന്നു. സുനീറ ആ കുഞ്ഞിനെ സ്വയം ഇല്ലാതാക്കിയതാണെന്ന നെട്ടിക്കുന്ന സത്യം അവന്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ എന്‍റെ മനസ്സ് സമ്മതിച്ചില്ല. വീട്ടില്‍ നിന്നും അവനുകിട്ടിയ വിവരം ഒരു അമ്മായിഅമ്മ മരുമകള്‍ വഴക്കിന്‍റെ ബാക്കിമാത്രം ആവും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തല കുലുക്കി അതിനെ എതിര്‍ത്തു. നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ടവന്‍ ബാക്കി കൂടി പറഞ്ഞത് സുനീറയുടെ മറ്റൊരു മുഖത്തെ കുറിച്ചായിരുന്നു.

മോളെ സ്കൂളിലേക്ക് കൊണ്ട് പോവുന്ന ഓട്ടോഡ്രൈവര്‍ സുനീറയുമായുള്ള സത്യമോ അതോ അവന്‍റെ വെറും മോഹമോ എന്നറിയാത്ത അവിഹിത ബന്ധം കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞു രസിച്ചത് ഹമീദിന്‍റെ സഹോദരന്‍റെ ചെവിയില്‍ എത്തിയ കാര്യം അവന്‍ ഹമീദിനെ അറിയിച്ചു. ആ ഓട്ടോറിക്ഷകാരനുമായി ഇനിയാതൊരു അടുപ്പവും വേണ്ട എന്ന വീട്ടുകാരുടെ എതിര്‍പ്പിനവള്‍ വില കല്‍പ്പിച്ചില്ല. ഹമീദിനോടവള്‍ തന്‍റെ നിരപാരാധിത്വം പറഞ്ഞപ്പോള്‍ അവന് അവളെ വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സത്യമാണെങ്കിലും അല്ലങ്കിലും ഇനി അവനുമായി ഒരു ലോഹ്യവും വേണ്ട എന്ന ഒരു വാക്കില്‍ അവന്‍ ആ വിഷയം അവസാനിപ്പിച്ചു.

പിന്നീടെന്നും സുനീറയെ പറ്റിയുള്ള ഒരോ കഥകള്‍ ഇവന്‍റെ ചെവിയില്‍ എത്തുന്നത് ഇവനെ അലോസരപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ പുതിയ പുതിയ കഥാപാത്രങ്ങളെ സുനീറയുമായി ചേര്‍ത്ത് പറഞ്ഞപ്പോള്‍ അവന്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ കളയുകയാണ് ചെയ്തത്.

അവരുടെ നാട്ടില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന സുരേഷ് എന്ന യുവാവുമായി സുനീറയെ ബന്ധപ്പെടുത്തിപറഞ്ഞത് ഹമീദ് ഏറെ വിശ്വസിക്കുകയും തന്നോട് ഒരിക്കലും നുണപറയില്ലെന്ന് പൂര്‍ണ്ണ വിശ്വാസവുമുള്ള അമ്മാവനായതുകൊണ്ട് ഹമീദിന്‍റെ മനസ്സില്‍ സംശയത്തിന്‍റെ മുള പൊട്ടി. പതിനൊന്നു വയസ്സായ മോളോട് സ്വന്തം ഉമ്മയുടെ സ്വഭാവത്തെ പറ്റി ചോദിച്ചറിയേണ്ടി വരികയും സുരേഷ്മാമ ഇടക്കെല്ലാം വീട്ടില്‍ വരാറുണ്ട് ഉമ്മയുമായി ഒറ്റക്ക് സംസാരിക്കാറുണ്ട് എന്നു മോള്‍ പറയുക കൂടി ചെയ്തപ്പോള്‍ ഹമീദ് തകര്‍ന്നു പോയി. തന്നെ ഇത്രയും കാലം അവള്‍ വഞ്ചിക്കുകയായിരുന്നെവന് മനസ്സിലായി. അപ്പോഴെക്കും സുനീറ അവന്‍റെ വീട്ടുകാരുമായി വഴക്കിട്ട് വീട് പൂട്ടി മോളുമായി അവളുടെ വീട്ടിലേക്ക് പോയിരുന്നു.

എത്രയും പെട്ടന്ന് നാട്ടില്‍ വാ എന്ന അമ്മാവന്‍റെ ആവശ്യപ്രകാരം ബോസിനോട് അവധി ചോദിച്ചപ്പോള്‍ ഉടന്‍ അവധിനല്‍കാന്‍ കഴിയില്ല എന്ന ബോസിന്‍റെ നിലപാടില്‍ വിസ ക്യാന്‍സല്‍ ചെയ്താണെങ്കിലും പോവണം എന്ന വാശിയിലായിരുന്നു അവന്‍. എന്‍റെ ഇടപെടലിലൂടെ അനുവദിച്ചുകിട്ടിയ അവധിയില്‍ അവന്‍ എന്നോട് യാത്ര പറഞ്ഞപ്പോള്‍. “നീ കേട്ടതെല്ലാം ഒരു നുണക്കഥയാവും സാരമില്ല പോയി വരൂ” എന്ന് ഞാന്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു എങ്കിലും കരഞ്ഞുകലങ്ങിയ അവന്‍റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എന്‍റെ കണ്ണുകളും നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നു.

പന്ത്രണ്ട് വര്‍ഷത്തെ ബന്ധവും അവളോടുള്ള സ്നേഹവും പെട്ടന്ന് പറിച്ചെറിയാന്‍ കഴിയാത്ത ഹമീദ് നാട്ട്മദ്ധ്യസ്തന്മാരുമായി ഒരു ഒത്തു തീര്‍പ്പിനു വേണ്ടി ചെന്നപ്പോള്‍ അവള്‍ അവന്‍റെ മുഖത്ത് നോക്കി പറഞ്ഞത് “നിങ്ങളുടെ ഒരു കുഞ്ഞിനെ കൂടി എനിക്കിനി വേണ്ടാത്തത് കൊണ്ട് തന്നെയാണതിനെ ഞാന്‍ കളഞ്ഞത്” എന്നായിരുന്നു. അവന്‍റെ കുഞ്ഞിനെ ആവശ്യമില്ലാത്ത അവള്‍ അപ്പോഴെക്കും അവന്‍റെ അതുവരെയുള്ള സമ്പാദ്യം കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു.

അവന്‍ അവിടന്ന് നിരാശയോടെ മടങ്ങി പോന്ന പിറകെ അവള്‍ നൊന്ത്പെറ്റ മോളുടെ കരയുന്ന മുഖം അവഗണിച്ചുകൊണ്ട് അവളുടെ വാപ്പയും ഉമ്മയും നോക്കി നില്‍ക്കെ സുരേഷിനെ വിളിച്ചു വരുത്തി അവന്‍റെ കൂടെ ഇറങ്ങിപോയി.

കോടതിയിലേക്ക് കേസ് എത്തിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു മുന്‍പില്‍ വക്കീലിന്‍റെ മറുപടി ഉണ്ടായത് കേസ് കോടതിയില്‍ എത്തിയാലും അവള്‍ക്കെ വിജയം ഉണ്ടാവൂ. അവന്‍റെ കൂടെ പോവാനെ കോടതി പറയൂ.. പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനോ അതില്‍ ഇവനു പറ്റിയ നഷ്ടങ്ങള്‍ക്കോ കോടതിയില്‍ വിലയുണ്ടാവില്ല. എന്നാണ്.

ഇടക്കെന്നോ സുനീറ മോളെ കാണാണം എന്നും പറഞ്ഞ് സ്കൂളില്‍ ചെന്നപ്പോള്‍ കുട്ടി അവളേ കാണണ്ട എന്നു പറഞ്ഞ് ടീച്ചറെ കെട്ടിപിടിച്ച് കരഞ്ഞത് കാരണം സ്കൂളില്‍ ഇങ്ങനെ ഒരു സീന്‍ ഉണ്ടാക്കരുതെന്നു പറഞ്ഞ് ടീച്ചേഴ്സ് സുനീറയെ മടക്കി അയച്ചു.

ഒരു ആത്മഹത്യയിലോ സതിയിലോ തീരണ്ടതല്ല ജീവിതങ്ങള്‍ എന്ന തിരിച്ചറിവുള്ള ഹമീദ് ഇപ്പോള്‍ സുനീറയേക്കാള്‍ സുന്ദരിയും സ്നേഹവതിയുമായ ഒരു ഭാര്യയും സ്വന്തം ഉമ്മയെക്കാള്‍സ്നേഹിക്കുന്ന ഒരു രണ്ടാനുമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന മോളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു.

***** ***** ***** ***** ***** *****

വാല്‍കഷ്ണം :

കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് മാത്രം മാറ്റം വരുത്തി ഒരു അനുഭവകഥ വളരെ ചുരുക്കി ഞാന്‍ ഇവിടെ എഴുതുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട് എന്നെനിക്കറിയാം. ഒരിക്കലും അവനു ബാധകമല്ലാത്തതും എന്നോ കേട്ട് മറന്നതുമായ സതി എന്ന വാക്ക് അവന്‍റെ നാവില്‍ നിന്നും വരാനുള്ള കാരണം അമിതമായി സ്നേഹിച്ച തന്‍റെ ഭാര്യ തന്നെ വഞ്ചിച്ചു എന്നറിഞ്ഞപ്പോഴുള്ള ആത്മരോക്ഷത്തില്‍ നിന്നുമാണെന്നു നമുക്ക് എഴുതി തള്ളാം.

പിന്നീടൊരിക്കല്‍ ഞാന്‍ അവനുമായി സംസാരിച്ചപ്പോള്‍ “എന്തറിഞ്ഞിട്ടാ നീ സതി ഉണ്ടായാല്‍ നന്നായി എന്നെന്നോട് പറഞ്ഞത്” എന്ന് ചോദിച്ചിരുന്നു. “നിനക്കറിയില്ലെ അവളെ ഞാന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു” എന്ന് പറയുമ്പോഴും അവനില്‍ നിന്നും അവന്‍റെ കുടുംബത്തില്‍ നിന്നുമുണ്ടായ തെറ്റുകള്‍ അവന്‍ നിരസിക്കുന്നില്ല. നാട്ടില്‍ തന്നെ നില്‍ക്കുന്ന അനുജന്‍ ഭാര്യയുമായി സന്തോഷത്തോടെ മധുവിധു ആഘോഷിക്കുമ്പോള്‍ കുടുംബ ഭാരം മുഴുവന്‍ തലയിലേറ്റി ഇവന്‍ ഗള്‍ഫിലേക്ക് തിരിച്ച് പോരുകയായിരുന്നു. മറ്റു അനുജന്മാരെല്ലാം വിവാഹിതരാവുകയും കുറഞ്ഞ മുറികള്‍ മാത്രം ഉള്ള വീട്ടില്‍ അവരെല്ലാം മണിയറ ഒരുക്കുകയും ചെയ്തപ്പോള്‍. വീടിന്‍റെ ഹാളില്‍ കിടന്നിരുന്ന സുനീറക്കും മോള്‍ക്കും അവധിക്ക് ഇവന്‍ ചെല്ലുമ്പോള്‍ മാത്രമാണ് മുറികളില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താക്കന്മാര്‍ അടുത്തുള്ള മറ്റു മരുമക്കളുടെ ഇടയില്‍ ഇവളുടെ ആവശ്യങ്ങള്‍ ഉപ്പയും ഉമ്മയും വേണ്ട രീതിയില്‍ ശ്രദ്ധിക്കാതിരുന്നതും അവന്‍റെ വീട്ടുകാരുടെ ഭാഗത്ത് വന്ന തെറ്റുകളാണ്. സ്വന്തമായി ഒരു വീടും അതിന്‍റെ ഭരണവും കൈവന്നപ്പോള്‍ ചോദ്യം ചെയ്യാന്‍ അടുത്താരുമില്ല എന്ന് മനസ്സിലാക്കി അവള്‍ ഇവന്‍റെ സ്നേഹത്തിനോ കഷ്ടപ്പാടുകള്‍ക്കോ വില കല്‍പ്പിക്കാതെ അവളുടെ ഇഷ്ടപ്രാകാരം അഴിഞ്ഞാടുകയും ചെയ്തു.