2010, ഫെബ്രുവരി 27, ശനിയാഴ്‌ച

ഒ..നെഗറ്റീവ്


ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .

അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍ എത്തി. അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്. വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.

“കേശവാ എന്തിനാ അവര്‍ വന്നത് ?

മൈക്ക് വാസുവിന് കാര്യമറിയണം.

“ഓ അയാളുടെ മോള്‍‍ ഗര്‍ഭിണിയാണത്രെ.. .. അവര്‍ അഷറഫിനെ തേടി വന്നതാ..

“എന്താ കാര്യം ?

“ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.

“അപ്പോള്‍ ? അഷറഫ്…..!! അവന്‍ അത്രക്കാരനോ…?

“ഗോവിന്ദാ,, ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ അഷറഫ് ഒരു ഹിന്ദുപെണ്ണിനെ ചതിച്ചെന്ന്.!!

മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി .. !!

“ആഹാ.. എന്നാല്‍ അവനെ വെറുതെ വിടരുത് വാ പോയി നോക്കാം.

എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും വെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.!!

അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു കാണുന്നുണ്ടായിരുന്നു.

“ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ. വാ നമുക്കും പോയി നോക്കാം..!!

നാസറും ആളെ കൂട്ടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും നടന്നു. വെട്ടുകത്തിയും വടിവാളും എടുക്കാന്‍ അവരും മറന്നില്ല.!!

ശിവന്‍‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു. അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു.

“നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് ..

നാസര്‍ വീമ്പിളക്കി.

“ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്‍റെ തല മണ്ണില്‍ കിടന്നുരുളും.

ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍.

“എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍..

പറഞ്ഞു തീരും മുന്‍പ് വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്.

പിന്നെ അവിടെ കൂട്ട തല്ല് ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നും രക്തം ഒലിച്ചിറങ്ങി.

പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും ഇറങ്ങി വന്നു. കൂടെ അഷറഫും.

“എന്താ … എന്തിനാ വഴക്ക്?

അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു.

“നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. ഒരു ഹിന്ദുവായ നിങ്ങളുടെ മകളെ ചതിച്ച് ഇവന്‍ ഇവിടെ ജീവിക്കണ്ട..

ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു.

“ചതിച്ചെന്നോ ആര് ആരെ ചതിച്ചു ? എന്താ ഈ പറയുന്നതു ?

അഷറഫിന് കാര്യം പിടി കിട്ടിയില്ല.

“ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ..

ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു.

“ നിര്‍‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ മോള്‍ ഗര്‍ഭിണിയാ അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ…

ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു.

“അപ്പോള്‍ പിന്നെ നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ?

തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു.

“അവള്‍ക്ക് സിസേറിയനാ ഇന്ന് ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ വായനശാലയില്‍ നിന്നാ അഷറഫിന്‍റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട് പോവാന്‍ വന്നതാ ഞങ്ങള്‍..

ശിവന്‍കുട്ടി അഷറഫിന്‍റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി.

ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം എന്ന് ചിന്തിച്ച്.

**********************



ചിത്രം : മുക്താര്‍

2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഒരു മഴക്കാല രാത്രിയില്‍…….

നാരായണേട്ടന്‍റെ ചായക്കടയുടെ മുന്‍പില്‍ ജീപ്പ് നിറുത്തി ചാറ്റല്‍മഴ തലയില്‍ വീഴാതിരിക്കാന്‍ ഇടതുകൈ തലയ്ക്ക് മുകളില്‍ പിടിച്ച് കടയിലേക്ക് ഓടിക്കയറി. പുറത്ത് തൂക്കിയിട്ടിരുന്ന പഴക്കുലയില്‍ നിന്നും ഒരു പഴം ഇടിഞ്ഞ് തൊലി കളഞ്ഞുകൊണ്ട് ഞാന്‍ നാലുപാടും ഒന്ന് നോക്കി.

“ഇന്ന് എന്തു പറ്റി ചേട്ടാ ആരേയും കാണുന്നില്ലല്ലോ?

സാധാരണ ഏതു സമയത്തും കടയില്‍ കാണാറുള്ള തൈപ്പാട്ടെ ചന്ദ്രനേയും പാറപ്പറമ്പിലെ മമ്മദിനേയും, കാണാത്തത് കൊണ്ട് ഞാന്‍ നാരായണേട്ടനോട് ചോദിച്ചു

“പുഴക്കരയില്‍ ഒരു സ്ത്രീയുടെ ശവം അടിഞ്ഞിട്ടുണ്ട്ത്രെ. രാവിലെ മുതല്‍ എല്ലാവരും അവിടാ.. നീ അറിഞ്ഞില്ലെ ?

കഴുകിവെച്ച പാത്രങ്ങള്‍ തുടച്ച് കൊണ്ടിരുന്ന നാരായണേട്ടന്‍ അതവിടെ വെച്ച് എന്നെ നോക്കി ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.

സ്തീയോ ? …..ഏത് സ്ത്രീ. ?

മനസ്സില്‍ ‍പെട്ടന്ന് എന്തോ……..ഒരു..!!!

ഞാന്‍ നാരായണേട്ടനോട് ചോദിച്ചു.

“ഓ, ആര്‍ക്കറിയാം,,, രാവിലെ പാല്‍ക്കാരന്‍ ഗോപി പറഞ്ഞപ്പഴാ ഞാന്‍ അറിഞ്ഞത് . നീ എന്താ വണ്ടിയിറക്കാന്‍ വൈകിയോ?

“ഉം ,ഇന്നലെ ഗുരുവായൂര്‍ക്ക് ഒരു ട്രിപ്പുണ്ടായിരുന്നു തിരിച്ച് എത്തിയപ്പോഴേക്കും കുറെ വൈകി.

“ നിനക്ക് ചായ എടുക്കട്ടെ ?

ടക്സി സ്റ്റാന്‍റില്‍ ജീപ്പ് കൊണ്ടിടുന്നതിനു മുന്‍പ് നാരായണേട്ടന്‍റെ ഒരു ചായ എനിക്ക് പതിവുള്ളതാണ് .

ചായ കുടികഴിഞ്ഞു ഞാന്‍ കടയില്‍ നിന്നും ഇറങ്ങി. പുഴക്കരയില്‍ സ്ത്രീയുടെ ശവം നാരായണേട്ടന്‍റെ വാക്കുകളായിരുന്നു എന്‍റെ മനസ്സു നിറയെ . ഒരു പക്ഷെ ആ സ്ത്രീ…. ഈശ്വരാ,,, അതാവരുതെ.. എന്‍റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഞാന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു.

മനോജിന്‍റെ കുട്ടിയുടെ ചോറൂണിനു ഗുരുവായൂരില്‍ പോയി തിരിച്ചെത്തിയപ്പോഴേക്കും സമയം പാതിരാത്രി കഴിഞ്ഞിരിന്നു. മനോജിനെയും കുടുമ്പത്തെയും ചെത്തല്ലൂര്‍ ഇറക്കി പുവ്വത്താണി വഴി തൂതയിലേക്ക്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് .നിലയ്ക്കാതെ പെയ്യുന്ന ചാറ്റല്‍മഴയില്‍ എന്‍റെ വലതുകൈ മുഴുവനായും നനഞ്ഞിരിക്കുന്നു. ഒരു വളവ് തിരിഞ്ഞ് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുത്ത് കുറച്ച്കൂടി മുന്നോട്ടെടുത്തപ്പോഴാണ് .ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ ദൂരെനില്‍ക്കുന്ന സ്ത്രീരൂപം ശ്രദ്ദയില്‍ പെട്ടത്… മഴയത്ത് ഒരു കുട പോലും ഇല്ലാതെ ഈ പാതിരാത്രി ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ വിജനമായ റോഡില്‍ ……. കുട്ടിക്കാലത്ത് കേട്ട പ്രേതകഥകള്‍ ഒന്നിനുപിറകെ ഒന്നായി മനസ്സില്‍ ഓടിയെത്തി . ജീപ്പിന്‍റെ വെളിച്ചം കണ്ട സ്ത്രീ റോഡിലേക്കിറങ്ങി കൈകാണിച്ചു. നിറുത്തണോ……..വേണ്ടയോ ….. ഞാന്‍ ആശയക്കുഴപ്പത്തിലായി..!!

എന്തോ ഒരു മാനസികപ്രേരണയില്‍ ഞാന്‍ ബ്രൈക്കില്‍ അറിയാതെ ചവിട്ടി. പാതിരാത്രിയില്‍ ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടിട്ട് അവഗണിച്ച് പോവാന്‍ എനിക്കായില്ല.

സ്ത്രീ ജീപ്പിന്‍റെ അടുത്തേക്ക് വന്നു എന്നില്‍ നിന്നും അല്‍പ്പം അകന്നു നിന്നു.

ചുവന്ന റോസാപൂക്കളുള്ള മഞ്ഞ സാരി മഴയില്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. ഏകദേശം മുപ്പതിനുള്ളില്‍ പ്രായം തോന്നിക്കുന്ന വെളുത്ത് മെലിഞ്ഞ ശരീരം. സാരിയുടെ തുമ്പ് തലയിലെക്കിട്ട് തലയെ മഴയില്‍ നിന്നും രക്ഷിക്കാനുള്ള ഒരു വിഫലശ്രമം നടത്തിയിരിക്കുന്നു. രണ്ട് കൈകൊണ്ടും മാറോട് ചേര്‍ത്ത് പിടിച്ച ഒരു പ്ലാസ്റ്റിക്ക് കവറും. ,വല്ലാത്ത ഒരു ഭീതി അവളുടെ മുഖത്തുള്ളതു പോലെ എനിക്ക് തോനി.

“എന്നെ തൂതവരെ ഒന്നു കൊണ്ട് പോവാമോ ?

യാജിക്കുന്ന രീതിയിലുള്ള അവളുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തി. ഞാന്‍ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു. ഈ സമയത്ത്ഒറ്റയ്ക്ക് ഒരു സ്ത്രീയുമായ് തൂതയില്‍ ചെന്നാല്‍…..

കുഞ്ഞാപ്പുവിനെയാണ് പേടി . ‍ ലോറിക്കാരുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും കച്ചവടം പ്രതീക്ഷിച്ച് കുഞ്ഞാപ്പു രാത്രിയില്‍ തട്ടുകടയും തുറന്നിരിക്കുന്നുണ്ടാവും . അവന്‍ കണ്ടാല്‍…. താന്‍ ഇത്രയും കാലം സൂക്ഷിച്ചുകൊണ്ട് നടന്ന ബ്രഹ്മചര്യം അതോടെ തീരും. നാവിന് ഒരു ലൈസന്‍സും ഇല്ലാത്തവനാണ്..

“നിങ്ങള്‍ക്ക് എവിടെ പോവാനാ ? എന്താ ഈ സമയത്ത് ?

ഞാന്‍ അവളെ നോക്കി ചോദിച്ചു.

“എന്നെ തൂതയില്‍ ഇറക്കിയാല്‍ മതി അവിടന്ന് എനിക്ക് പലക്കാട്ടേക്കുള്ള കെ.എസ്.ആര്‍. ട്ടീ.സി കിട്ടും . ഞാന്‍ കയറിക്കോട്ടെ ?

എന്‍റെ സമ്മതത്തിനു കാത്തു നില്‍ക്കാതെ അവള്‍ ജീപ്പിന്‍റെ പിറകില്‍ കയറി.

ഞാന്‍ ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു. പിന്നെ രണ്ടും കല്‍പ്പിച്ച് ജീപ്പ് മുന്നോട്ടെടുത്തു. അവള്‍ ആരില്‍ നിന്നോ ഒളിക്കാന്‍ എന്ന വിധം ജീപ്പിന്‍റെ ബാക്ക്കര്‍ട്ടന്‍ വലിച്ച് താഴേക്കിട്ടു.

“നിങ്ങള്‍ എന്താ ഈ സമയത്ത് ?

ഞാന്‍ പിറകിലേക്ക് തിരിഞ്ഞു നോക്കാതെ തന്നെ എന്‍റെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.

പിറകില്‍ നിന്നും മറുപടി ഒന്നുമില്ല . ഞാന്‍ തിരിഞ്ഞ് നോക്കി അവള്‍ സാരിതലപ്പുകൊണ്ട് മുഖം പൊത്തിയിരിക്കുന്നു. കരയുകയാണെന്ന് എനിക്ക് തോനി.

കുളിരുകോരുന്ന ചാറ്റല്‍മഴയിലും ഞാന്‍ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.വല്ലാത്ത ഒരു കുടുക്കിലേക്കാണോ ഞാന്‍ ചെന്ന് ചാടുന്നത് എന്നൊരു തോനല്‍ എനിക്കുണ്ടായി. വേണ്ട ഇനി ഒന്നും ചോദിക്കെണ്ട എത്രയും പെട്ടന്ന് തൂതയില്‍ എത്തി അവരെ ഇറക്കി വിട്ടാല്‍ മതി . ഞാന്‍ ജീപ്പിന്‍റെ വേഗത കൂട്ടി.

അവളെകുറിച്ചറിയാനുള്ള എന്‍റെ ജിക്ഞാസ മസ്സിലാക്കിയിട്ടോ… അതോ അവളുടെ മനസ്സിലെ ഭാരം ആരിലെങ്കിലും ഇറക്കി വെയ്ക്കാന്‍ വേണ്ടിയോ എന്നറിയില്ല. അവള്‍ എന്നോട് സംസാരിക്കാന്‍‍ തുടങ്ങി.

യൂപി സ്കൂളില്‍ ടീച്ചറായ അവള്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അന്യമതക്കാരനായ ഓട്ടോ ഡ്രൈവറെ പ്രേമിച്ചതും അവന്‍റെ കൂടെ ഇറങ്ങി പോന്നതും .പ്രേമിച്ചിരുന്ന കാലത്തുള്ള സ്വഭാവല്ല ഭര്‍ത്താവിന്‍റെതെന്ന് തിരിച്ചറിയാന്‍ അവള്‍ ഏറെ വൈകി എന്നറിഞ്ഞത് കൂടെ വന്ന കൂട്ടുകാരുമായ് കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോഴാണെന്നും . ജീവിതം അവസാനിപ്പിക്കുകയല്ലതെ ഇനി അവളുടെ മുന്നില്‍ ഒരു വഴിയുമില്ലെന്നും ഒരു സിനിമയുടെ ട്രൈലര്‍ എന്ന പോലെ അവള്‍ പറഞ്ഞവസാനിപ്പിച്ചു.

അവളോട് എന്ത് മറുപടി പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ എനിക്കറിയില്ല. അല്ലങ്കിലും എന്‍റെ ആശ്വാസ വാചകങ്ങളില്‍ തീരുന്നതല്ലല്ലോ അവളുടെ പ്രശ്നം.

കുഞ്ഞാപ്പുവിന്‍റെ തട്ടുകടയിലെ പെട്ട്രോള്‍മാക്സിന്‍റെ വെളിച്ചം അകലെ നിന്നേ കാണുന്നുണ്ട്. മുന്‍പില്‍ ഒരു ലോറി നില്‍ക്കുന്നുണ്ട്. പുറത്തെ ബഞ്ചില്‍ രണ്ട്പേര്‍ ഇരുന്ന് ചായകുടിക്കുന്നുണ്ട് ഇവളെ അവരുടെ മുന്‍പില്‍ ഇറക്കിയാല്‍.. !!! വേണ്ട ...

അവിടെ എത്തുന്നതിനു മുന്‍പ് തന്നെ ഞാന്‍ ജീപ്പ് നിറുത്തി .പിറകിലേക്ക് നോക്കി.

“നോക്കൂ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഒരു സ്കൂള്‍ടീച്ചറായ നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരേണ്ട അവശ്യമില്ലല്ലോ.. നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടിലേക്ക് ചെന്നുകൂടെ ?

അവള്‍ ഒന്നും മിണ്ടിയില്ല . നിറഞ്ഞുതുളുമ്പുന്ന കണ്ണുകളില്‍ എന്തോ തീരുമാനിച്ചുറപ്പിച്ചതിന്‍റെ ഭാവം.

“നിങ്ങള്‍ക്ക് കാശ് വല്ലതും…….?

ഞാന്‍ ‍ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കയ്യിട്ടു.

“വേണ്ട… എന്‍റെ കയ്യില്‍ ഉണ്ട്.. ഈ ഉപകാരം തന്നെ……. അവള്‍ വിതുമ്പുകയായിരുന്നു .

ഞാന്‍ പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല .അവള്‍‍ ജീപ്പില്‍ നിന്നും ഇറങ്ങി.

“ നീ വണ്ടിയും സ്റ്റാര്‍ട്ട് ചെയ്ത് എന്ത് സ്വപ്നം കണ്ടാ ഇരിക്കുന്നത് ?

നാരായണേട്ടന്‍റെ ചോദ്യം കേട്ടപ്പഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.

“നീ പുഴക്കരയിലേക്ക് പോവുന്നുണ്ടോ ഉണ്ടങ്കില്‍ ‍ ഞാനും ഉണ്ട്..

നാരായണേട്ടന്‍ ജീപ്പിന്‍റെ മുന്‍പില്‍ കയറി ഇരുന്നു.

പുഴക്കരയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു പോലീസുകാര്‍ ആളുകളെ അകറ്റി നിര്‍ത്താന്‍ പാടുപെടുകയാണ്. പോലീസ്നായ മണം പിടിച്ച് തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ആംബുലന്‍സിലേക്ക് ശവം കയറ്റാനുള്ള തയ്യാറെടുപ്പിലാണ്… എന്‍റെ ശ്വാസോശ്വാസത്തിന് വേഗത കൂടി… ഈശ്വരാ….. ഇന്നലെ കണ്ട ആ സ്ത്രീയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകളും……..

ഞാന്‍ ജീപ്പ് നിറുത്തി .നാരായണേട്ടന്‍ ജീപ്പില്‍നിന്നിറങ്ങി. എനിക്ക് ജീപ്പില്‍ നിന്നിറങ്ങാന്‍ തോനിയില്ല.

“വരൂ,, നമുക്കൊന്നു പോയി നോക്കാം ..

നാരായണേട്ടന്‍ എന്നെ വിളിച്ചു.

ഞാന്‍ ജീപ്പില്‍ നിന്നിറങ്ങി … പതുക്കെ പതുക്കെ ശവം കിടക്കുന്ന ഭാഗത്തേക്ക് നടന്നു. ഞങ്ങള്‍ എത്തുന്നതിനു മുന്‍പ് ശവം ആമ്പുലന്‍സില്‍ കയറ്റികഴിഞ്ഞിരുന്നു. പുഴയുടെ തീരത്തുള്ള അത്തിമരച്ചോട്ടില്‍ തൈപ്പാട്ടെ ചന്ദ്രന്‍ നില്‍ക്കുന്നു..കൂടെ കുഞ്ഞാപ്പുവും. കുഞ്ഞാപ്പു എന്നെ നോക്കി ഒന്നു ചിരിച്ചു.

ഞാന്‍ അവളെ ജീപ്പില്‍ നിന്നിറക്കി വിടുന്നത് കുഞ്ഞാപ്പു കണ്ടിരുന്നോ… !!!

കുഞ്ഞാപ്പുവിന്‍റെ ചിരി എന്നെ കൂടുതല്‍ ടെന്‍ഷനാക്കി. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.

“ആരാ …..ആരുടെയാ ശവം ?

“ഓ അത് ഇവിടെ അടുത്തുള്ള വൃദ്ധസധനത്തില്‍ ഈ അടുത്ത കാലത്ത് മക്കളാരോ കൊണ്ടാക്കി പോയ ഒരു വയസ്സായ സ്ത്രീ പുഴയില്‍ ചാടി ജീവന്‍ കളഞ്ഞതാ…

ചന്ദ്രന്‍ വളരെ ലാഘവത്തില്‍ പറഞ്ഞു . ചന്ദ്രന്‍റെ വാക്കുകളില്‍ വിഷമം തോനിയെങ്കിലും എന്‍റെ മനസ്സില്‍ നിന്നും വലിയ ഒരു ഭാരം ഇറങ്ങിയ പോലെ തോനി.

തിരിച്ച് പോരുമ്പോള്‍ കുഞ്ഞാപ്പു ജീപ്പിന്‍റെ മുന്‍പില്‍ കയറി ഇരുന്നു. നാരായണെട്ടന്‍ പിറകിലും. നാരായണേട്ടന്‍ വഴിയില്‍ ഇറങ്ങി കുഞ്ഞാപ്പു എന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു .

“ ഇന്നലെ രാത്രി തട്ടുകടയുടെ മുന്‍പിലൂടെ മഞ്ഞസാരി ഉടുത്ത ഒരു സ്ത്രീ ലോറിയില്‍ അങ്ങോട്ടു പോവുന്നത് കണ്ടു. കുറച്ച കഴിഞ്ഞപ്പോള്‍ മഴയില്‍ നനഞ്ഞ്കുതിര്‍ന്ന് അതേ സ്ത്രീ വീണ്ടും കടയുടെ മുന്‍പില്‍ വന്നു . പിന്നെ അവിടെ ചായ കുടിക്കാന്‍ വന്ന രണ്ടു ലോറിക്കാരുടെ കൂടെ അവള്‍ കൊഞ്ചിക്കുഴഞ്ഞ് അവിടെ നിന്നും കയറിപോയി.

കുഞ്ഞാപ്പു താന്‍ കണ്ട രാത്രികാഴ്ച്ചകള്‍ ഒരാളോടു കൂടി പറഞ്ഞു എന്ന ആത്മ സംതൃപ്തിയില്‍ ചിരിച്ചുകൊണ്ട് ജീപ്പില്‍ നിന്നിറങ്ങി.

കുഞ്ഞാപ്പുവിന്‍റെ വാക്കുകള്‍ കേട്ട് ഞാന്‍ നെട്ടി.!!! എനിക്കതു വിശ്വസിക്കാനായില്ല.

അപ്പോള്‍ അവള്‍……… !!

“എന്നെയൊന്ന് ചെര്‍പ്പുളശ്ശേരിയില്‍ കൊണ്ട് വിടുമോ ?

പുറത്ത് ചാറ്റല്‍ മഴയില്‍ കുടയും ചൂടി നില്‍ക്കുന്ന സുന്ദരിയായ ഒരു സ്ത്രീ. ഞാന്‍ അവളുടെ മഞ്ഞസാരിയിലേക്ക് നോക്കി….!! ഇല്ല അതില്‍ ചുവന്ന റോസാപൂക്കള്‍ ഇല്ല. കയ്യില്‍ പ്ലാസ്റ്റിക്ക് കവറും.

“കയറിക്കൊള്ളൂ…

ഞാന്‍ ‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു. പുറത്തെ ചാറ്റല്‍മഴ അപ്പോഴേക്കും ശക്തിയായി പെയ്തു തുടങ്ങിയിരുന്നു.

2010, ഫെബ്രുവരി 10, ബുധനാഴ്‌ച

കുമ്പളവള്ളി ചോട്ടിലെ കുറുക്കന്‍

ഞമ്മന്‍റെ കരളിന്‍റെ കരളായ സുലൈഖാക്ക് . ഈ ഹയാത്തില് അന്നെ കണ്ടതും അനക്കിന്നോട് ഇഷ്ടാണെന്നും പറഞ്ഞതും ..അനക്ക് ഒളുട്ക്കാനൊരു അലുമിനിയ കിണ്ടി വാണംന്ന് പറഞ്ഞപ്പോ ഞാന്‍ അനക്ക് തന്ന കിണ്ടി നോക്കി ഒരുകാലത്തും ങ്ങളെ ഞമ്മള് മറക്കൂലാന്നും പറഞ്ഞതും .ഞമ്മന്‍റെ കവളത്തൊരു മ്മ്മ തരാന്‍ പറഞ്ഞപ്പോ കവളത്ത് തരൂല കജ്ജില്‍ വാണങ്ങി താരാന്നും പറഞ്ഞ് മ്മ്മ വെക്ക്ണ പോലെ ജ്ജ് അന്‍റെ അരിമുല്ല പല്ലുകൊണ്ട് ഞമ്മന്‍റെ കജ്ജുമ്മല്‍ കടിച്ചതു വെരുത്തായിട്ട് ഞമ്മള് പടച്ചോനെ വിളിച്ചതും അങ്ങനത്തെ അന്‍റെ ഓരോരോ വികൃതികള് ഞമ്മന്‍റെ ഖല്‍ബീന്ന് പോണില്ല മുത്തെ. ജ്ജല്ലാതെ വേറ ഒന്നും ഞമ്മന്‍റെ ഖല്‍ബില്‍ ഇല്ലമുത്തെ. അന്നെ കാണാത്ത ഓരോ നേരവും കരയില്‍ പുടിച്ചിട്ട പരലിനെ പോലെ പെടക്കാണ് ഞമ്മന്‍റെ നെഞ്ച്. ……

“സുലൈഖാ ജ്ജാ വെളക്കൂതിക്കടന്നാ…മണ്ണണ്ണന്‍റെ വെല അനക്കറിയൂലെ നേരം വെളുക്കോളം കത്തിച്ച് വച്ച് വായിച്ചാലും അന്‍റെ വായന തീരൂലാ.

മണ്ണണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ ആഴ്ച്ചപ്പതിപ്പില്‍ ഒളിപ്പിച്ച് വെച്ച് വായിച്ചിരുന്ന കബീറിന്‍റെ പ്രണയലേഖനം മുഴുവനാക്കാന്‍ സമ്മതിക്കാത്ത ഉമ്മയെ ക്രൂരമായ് ഒന്ന് നോക്കി. വിളക്ക് ഊതിക്കെടുത്തി. കത്ത് തലയിണക്കിടയിലേക്ക് വെച്ച് സുലൈഖ കബീറിനെ കുറിച്ചോര്‍ത്ത് കിടന്നു.

“അലുമിനിയപ്പാത്രങ്ങളെയ്,,,, അലുമിനിയപ്പാത്രങ്ങളേയ്,,,

അലുമിനിയപ്പാത്രകെട്ടും തലയില്‍ ഏറ്റി വരുന്ന കബീറിന്‍റെ രൂപം സുലൈഖയുടെ ഖല്‍ബില്‍ കുളിര് കോരിയിടും. സുലൈഖാന്‍റെ പുരയുടെ മുന്‍പില്‍ എത്തിയാല്‍ കബീറിന്‍റെ വിളിച്ച് കൂവലിനു ശക്തി കൂടും.

“എത്ര നേരായ് ഞമ്മളിബട നിന്ന് ബിളിച്ച്കൂവാന്‍ തൊടങ്ങീട്ട് ജ്ജ് എബടാരുന്നു ? അനക്ക് കടലമുട്ടായി വാണോ ?

കബീര്‍ കയ്യിലുണ്ടായി മിട്ടായിപ്പൊതി സുലൈഖാന്‍റെ നേരെ നീട്ടി.

“ഞമ്മക്ക് ങ്ങളെ കടലമുട്ടായി ഒന്നൂം വാണ്ട . ങ്ങള് എന്നാണ് ന്നെ കെട്ടികൊണ്ടോണത് .?

“ജ്ജ് സബൂറാക് മുത്തെ. കജ്ജില് കൊറച്ച് പൈസായാ അന്ന് അന്നെ ഞമ്മള് കെട്ടികൊണ്ടോവൂലെ

“ ങ്ങള് പൈസാകാന്‍ കാത്തിരുന്നോളീം ഇപ്പ തന്നെ എത്ര ആലോജനകളാ വര്ണത്ന്നറിയോ,,

സുലൈഖ കണ്ണില്‍ വെള്ളം നിറച്ചു കബീറിനെ നോക്കി.

കബീര്‍ ഒന്നും മിണ്ടാതെ കുറേ നേരം നിന്നു.

“അന്നെ ഞമ്മളല്ലാതെ വേറ ഒരാളും കൊണ്ടോഊല ജ്ജ് ബേജാറാകാതിരിക്ക് സുലൈഖാ.

കബീര്‍ കയ്യിലുണ്ടായിരുന്ന മിട്ടായിപ്പൊതി സുലൈഖാന്‍റെ കയ്യില്‍ കൊടുത്ത് താഴയിറക്കി വെച്ചിരുന്ന പാത്രക്കെട്ട് പൊക്കി മുട്ടുകാലുകൊണ്ട് തട്ടി തലയിലെക്ക് വെച്ച് വീണ്ടും വിളിച്ച് കൂവി

“അലുമിനിയപാത്രങ്ങളൈ,,,അലമുനിയപ്പാത്രങ്ങളൈ.

കയ്യിലുണ്ടായിരുന്ന കടല മിട്ടായില്‍ നിന്നും ഒന്നെടുത്ത് വായിലിട്ട് സുലൈഖ കബീര്‍ നടന്നു നീങ്ങുന്നതും നോക്കി നിന്നു.

അവരുടെ പ്രണയത്തിനു അധികം ആയുസ്സുണ്ടായില്ല നിലമ്പൂരില്‍ മരപ്പണിക്ക് പോയിരുന്ന സുലൈഖാന്‍റെ ബാപ്പ കുഞ്ഞിപ്പരീദ് ഈ പ്രാവശ്യം വന്നത് സുലൈഖാക്ക് നല്ല ഒരു ആലോജനയുമായാണ്

ഇടിവെട്ടുപോലയാണ് ആ വാര്‍ത്ത കബീറിന്‍റെ ചെവിയില്‍ എത്തിയത് സുലൈഖാടെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു . കബീര്‍ സുലൈഖയെ കാണാന്‍ വേണ്ടി പാത്രകെട്ടുമായ് സുലൈഖയുടെ വീടിന്‍റെ മുന്‍പില്‍ ചെന്നു ഉറക്കെ വിളിച്ച് കൂവി.

“അലുമിനിയപാത്രങ്ങളൈ,,,അലമുനിയപ്പാത്രങ്ങളൈ.

സുലൈഖ ഇറങ്ങി വന്നില്ല പകരം സുലൈഖാടെ ഉമ്മ ആസ്യാത്തയാണ് പുറത്തെക്കിറങ്ങിയത്.

“ഇബടെ ഇപ്പ പാത്രോന്നും വാണ്ടകുട്ട്യെ.

“സുലൈഖ എബടാ ആസ്യാത്താ ?

കബീര്‍ അറച്ചറച്ച് അവരോട് ചോദിച്ചു.

“ഓളെ നിക്കാഹുറപ്പിച്ചു ജ്ജറിഞ്ഞില്ലെ ? ഉസ്മാന്‍ ന്നാ ഓന്‍റെ പേര്. ഓല് നിക്കാഹിനുള്ള തുണീംകുപ്പായോം എടുക്കാന്‍ അങ്ങാടീ പൊയ്ക്കാണ്.”

“സുലൈഖ നിക്കഹിന് സമ്മതിച്ചോ ?

കബീര്‍ ആസ്യാത്താനെ നോക്കി ചോദിച്ചു.

“പിന്നല്ലാണ്ട് പെണ്ണ്പ്പോ പൊലിവോണ്ട് നെലത്തൊന്നുല്ല നിക്ക്ണത്.

ആസ്യാത്താന്‍റെ മറുപടി കേട്ടപ്പോള്‍ കബീറിനു തലചുറ്റുന്ന പോലെ തോനി വീഴാതിരിക്കാന്‍ വെയിലിക്കരികിലെ മുരിക്കിന്‍ കുറ്റിയില്‍ പിടിച്ചു മുരിക്കിന്‍റെ മുള്ളുകുത്തി കയ്യില്‍ നിന്നും ചോര വന്നു.കയ്യിലെ ചോര തലയില്‍ കെട്ടിയ കള്ളിമുണ്ടില്‍ തുടച്ചു. ഇല്ല ഞമ്മളിത് വിശ്വസിക്കൂല ഞമ്മന്‍റെ സുലൈഖ ഞമ്മളെ ചതിക്കൂലാ.. കബീറിന്‍റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

എല്ലാം സത്യമായിരുന്നു. സുലൈഖയുടെ നിക്കാഹ് കഴിഞ്ഞു സുലൈഖ പുതുമണവാട്ടിയായി ഉസ്മാന്‍റെ കൂടെ പോയി .കബീറിന്‍റെ സമനില തെറ്റാന്‍ തുടങ്ങി പാത്രക്കച്ചവടത്തില്‍ ശ്രദ്ധയില്ലാതായി താടി വടിക്കതെയും കുളിക്കാതെയും ആരോടും മിണ്ടാതെയും മുറിയടച്ചിരിപ്പായി .കബീറിന്‍റെ ഉമ്മ നെഞ്ചത്തടിയും നിലവിളിയുമായ് പല ചികിത്സകളും നടത്തി .

വര്‍ഷം രണ്ട് കഴിഞ്ഞു കബീര്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തുടങ്ങി.അലുമിനിയപ്പത്രക്കച്ചവടം രണ്ടാമതും തുടങ്ങി. സുലൈഖയെ പതുക്കെ പതുക്കെ മറക്കാന്‍ ശ്രമിച്ചു. .കച്ചവടം പുതിയ സ്ഥലങ്ങളിലേക്ക് കൂടി വ്യപിപ്പിച്ച് കച്ചവടത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ഒരു ദിവസം പാത്രകെട്ടുമായ് പോയ കബീര്‍ ഒരു പുരയുടെ വാതില്‍ പടിയില്‍ കുട്ടിക്ക് മുലപ്പാല്‍ കൊടുത്ത് കൊണ്ടിരിക്കുന്ന സ്തീയെ കണ്ടു. കബീര്‍ ഒന്നു സൂക്ഷിച്ച് നോക്കി,,,,

അത്,,,,അത്,,, അത്ഞമ്മന്‍റെ സുലൈഖയല്ലെ ,,, പടച്ചോനെ,!!!!

സുലൈഖ നന്നായി വേളുത്തിട്ടുണ്ട് കുറച്ച് തടിയും കൂടിയിട്ടുണ്ട് പഴയതിനേക്കാള്‍ കുറച്ച് കൂടി സുന്ദരിയായിരിക്കുന്നു.

കബീറിനു സുലൈഖയെ പേര് വിളിക്കാനുള്ള ചങ്കുറപ്പുണ്ടായില്ല.

“അലുനിയപാത്രങ്ങളൈ… അലുമിനിയപ്പാത്രങ്ങളൈ..

കബീര്‍ ഉറക്കെ വിളിച്ച് കൂവി.

ശബ്ദം കേട്ട സുലൈഖ ഒന്നു നെട്ടി. നല്ല പരിചയമുള്ള ശബ്ദം സുലൈഖ ഇടവഴിയിലേക്ക് നോക്കി.

കബീറാക്ക….. !!!

സുലൈഖ കുട്ടിയെയും കൊണ്ട് വെയിലിക്കരികിലേക്ക് ഓടിചെന്നു.

വെയിലിക്കപ്പുറവും ഇപ്പുറവും അവര്‍ പരസ്പ്പരം ഒന്നും മിണ്ടാതെ കണ്ണില്‍ കണ്ണ് നോക്കി നിന്നു .

“സുലൈഖാ …

കബീര്‍ മൌനത്തിനു വിരാമമിട്ടു.

“ഊം.

സുലൈഖ ഒന്നു മൂളുക മാത്രം ചെയ്തു.

“ന്നാലും സുലൈഖ ജ്ജ് ഞമ്മളെ മറന്നല്ലോ…

കബീറിന്‍റെ തൊണ്ടയിടറി വാക്കുകള്‍ പുറത്ത് വന്നില്ല.

ഒരു ഏങ്ങിക്കരച്ചിലാണ് അതിനു സുലൈഖയിനിന്നുണ്ടായ മറുപടി .

“ഞമ്മക്ക് ഒരു കാലത്തും ങ്ങളെ മറക്കാന്‍ കയ്യൂലാ,, മറന്നിട്ടൊട്ടില്ലെനും .

സുലൈഖ കരഞ്ഞുകൊണ്ട് പറഞ്ഞു.

“പിന്നെ മറക്കാണ്ട് ജ്ജ് വേറ നിക്കാഹിന് സമ്മതിച്ചില്ലെ?.

കബീര്‍ തന്‍റെ സങ്കടം സുലൈഖയോട് പറഞ്ഞു.

“ ഞമ്മള് നിക്കാഹിന് സമ്മൈച്ചില്ലെങ്കി ബാപ്പ കെട്ടിത്തൂങ്ങിച്ചാകൂംന്ന് പറഞ്ഞപ്പോ…..

സുലൈഖ വാക്കുകള്‍ മുഴുവനാക്കിയില്ല.

കബീര്‍ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല ..

“ ഇബന്‍റെ പേരെന്താ ?

സുലൈഖാടെ കുട്ടിയെ നോക്കി കബീര്‍ ചോദിച്ചു.

“റിയാസ്.

സുലൈഖ കരച്ചില്‍ നിറുത്തി കബീറിനെ നോക്കി പുഞ്ചിരിച്ചു.

“ഓന്‍റെ ഉപ്പാക്കെന്താ പണി ?

“വയനാട്ടിലാ അബടെ ഒരു കാപ്പിത്തോട്ടത്തിന്‍റെ കാവക്കാരനാ.

“അപ്പള് ആള്ബടെ ല്ലെ ?

“ഇല്ല ആയ്ചീലൊരിക്കലെ വര്വൂള്ളൂ.

“അനക്ക് സൊകാണോ സുലൈഖാ ?

കബീര്‍ സുലൈഖയുടെ മുഖത്ത് നിന്നും കണ്ണെടുക്കതെ ചോദിച്ചു.

സുലൈഖ ഒന്നും മിണ്ടിയില്ല.

“ഞമ്മള് പോട്ടെ..

കബീര്‍ പോവാനൊരുങ്ങി.

“ഞ്ഞി ഇതില്‍കൂടി വര്വോ ങ്ങള്.

സുലൈഖ കബീറിന്‍റെ മുഖത്ത് നോക്കതെ കുട്ടിയുടെ തലയില്‍ ‍ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു

“ഞമ്മളിഞ്ഞീം വരണോ…..? അനക്കിഷ്ടാണൊങ്കി വരാ…എപ്പളാ വരണ്ട് ?

കബീര്‍ സുലൈഖയെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

“ഇബന്‍റെ ഉപ്പ ഞ്ഞി മൂന്നാലു ദിവസം കയിഞ്ഞിട്ടെ വര്വോള്ളൂ… ങ്ങള് ഇശാ കഴിഞ്ഞ് വന്നാ നമക്ക് കൊറെ നേരം വര്‍ത്താനം പറഞ്ഞോണ്ടിരിക്കാ..

സുലൈഖ താഴത്ത് നിന്നും കണ്ണെടുക്കതെ നാണത്തോടെ പറഞ്ഞു.

“ഞമ്മള് വരാ.. വന്ന്ട്ട് ഈ കുമ്പള വള്ളീന്‍റെ ചോട്ടീല് നിക്കാ ജ്ജ് ഇറങ്ങി വന്നാ മതി.

വെയിലിക്കരികിലെ കുമ്പള വള്ളി ചൂണ്ടിക്കാട്ടി കബീര്‍ പറഞ്ഞു.

“ഊം ..

സുലൈഖ ഒന്ന് മൂളി.

കബീര്‍‍ രാത്രിയില്‍ വരാമെന്നും പറഞ്ഞ് പോയി.

വൈകുന്നേരമായ്. കബീര്‍ കുളിച്ച് പുത്തനുടുപ്പിട്ട് അത്തര്‍ പൂശി സുലൈഖയെ കാണാനായി പറഞ്ഞുവെച്ച കുമ്പള വള്ളിക്കടിയില്‍ ചെന്നിരുന്നു.

കുട്ടിയെ നേരത്തെ തൊട്ടിയില്‍ കിടത്തിയുറക്കി കബീര്‍ ഇരിക്കുന്ന കുമ്പലവള്ളിചോട്ടിലേക്ക് പോവാനായ് വാതില്‍ തുറന്ന സുലൈഖ ഒന്നു നെട്ടി ..!!

പുറത്ത് ഉസ്മാന്‍ക്ക… !! നെട്ടല്‍ പുറത്ത് കാണിക്കതെ ഉസ്മാനോട് ചോദിച്ചു.

“ങ്ങളെന്താ പതിവില്ലാതെ ഇന്ന് വന്നുക്ക്ണത് ?

“ഒന്ന്വോല്ല നല്ല പനി അപ്പങ്ങട്ട് പോന്നു. നാളത്തെ കയിഞ്ഞിട്ടെ തിരിച്ച് പോണൂ‍ള്ളൂ.

മകരമാസത്തിലെ മഞ്ഞ് കൊണ്ടാല്‍ ഉസ്മാന് സാധാരണയുണ്ടാവുന്ന പനിയാണ് വയനാട്ടില്‍ തന്നെ നിന്നാല്‍ പനി കൂടും

“ അല്ല ജ്ജ്പ്പന്തിനാ വാതില് തൊറന്നത് ? ഞമ്മള് വാതിലുമ്മല് മുട്ടീട്ടില്ലല്ലോ?

സുലൈഖ ഒന്ന് പരുങ്ങി .

“അത് ….. അത്….ഇബടെ എന്തോ ഒച്ച കേട്ടപ്പ വന്ന് നോക്കിയതാ,,,

സുലൈഖ ഒരു വിദം പറഞ്ഞൊപ്പിച്ചു.

ഉസ്മാന്‍ കയ്യിലുള്ള നാലുകട്ട ടോര്‍ച്ച് കൊണ്ട് തൊടിയിലാകെ ഒന്ന് അടിച്ചുനോക്കി.

സുലൈഖാടേ നെഞ്ച് പടപടാ അടിക്കാന്‍ തുടങ്ങി.

“ഇബടെ ഒന്നൂല്ലല്ലോ…..അനക്ക് തോനിയതാക്കാരം.

ഉസ്മാന്‍ അകത്തേക്ക് കയറി. നേരെ പോയി കട്ടിലില്‍ കിടന്നു.

ഇതൊന്നുമറിയാതെ കബീര്‍ കുമ്പളവള്ളിച്ചോട്ടില്‍‍ തന്നെ സുലൈഖയെയും കാത്തിരുന്നു.

ഇറങ്ങിചെല്ലാന്‍ പറ്റാത്ത വിവരം കബീറിനെ അറിയിക്കണം . എങ്ങനെ എന്നാലോജിച്ച് സുലൈഖ കൂട്ടിലകപ്പെട്ട വെരുകിനെ പോലെ വീട്ടിനകത്ത് പരക്കം പാഞ്ഞു.

സുലൈഖക്ക് ഒരു ബുദ്ധി തോനി.

സുലൈഖ തൊട്ടിയില്‍ സുഖമായികിടന്നുറങ്ങുന്ന കുട്ടിയെ ഒരു നുള്ളു കൊടുത്തു. വേദനകൊണ്ട് കുട്ടി കരയാന്‍ തുടങ്ങി. സുലൈഖ കുട്ടിയെ ഉറക്കാന്‍ എന്ന രൂപത്തില്‍ നല്ല ഈണത്തില്‍ ഒരു താരാട്ട് പാട്ട് പാടി.

♪♫ അസ്ബീ റബ്ബീ ജല്ലള്ളാ മാഫീ ഖല്‍ബീ ഖൈറുള്ളാ..

നൂറുമുഹമ്മദ് സല്ലള്ളാ ഹക്ക് ലാഇലാഹ ഇല്ലള്ളാ…

കുഞ്ഞിന്‍റെ ഉമ്മാനെ കിട്ടൂലാ…കുറുക്കാ

കുമ്പള വള്ളീന്നോടിക്കോ…

ഇന്നല്ല നാളെല്ല മറ്റന്നാള്‍ .ഇന്നേരം വന്നങ്ങ് കൂടിക്കോ

കുറുക്കാ ഇന്നേരം വന്നങ്ങ് കൂടിക്കോ…♪♫


സുലൈഖ താരാട്ട് രണ്ട്മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് പാടി. താരാട്ട് കേട്ട് കുട്ടിയുറങ്ങി . പനിയുടെ ക്ഷീണവും സുലൈഖയുടെ പാട്ടുമായപ്പോള്‍ ഉസ്മാനും സുഖമായ് ഉറങ്ങി.. കുമ്പളവള്ളി ചോട്ടില്‍ ഇരിക്കുന്ന കുറുക്കനും കാര്യം മനസ്സിലായി. കുറുക്കന്‍ മറ്റന്നാള്‍ വരാം എന്ന് കരുതി സ്ഥലം കാലിയാക്കി.

2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

മൊഞ്ച്

                    ബസ്റ്റാന്‍റില്‍ നില്‍ക്കുന്ന സ്ത്രീയെ തന്നെ നോക്കിനില്‍ക്കുന്ന  മൊയ്തുമൊല്ലാക്കയോട് അന്‍വര്‍ ചോദിച്ചു.

  “മൊല്ലാക്കാ,, അന്യപെണ്ണുങ്ങളെ നോക്കല്‍ ഹറാമാണെന്നല്ലെ നിങ്ങള്  മദ്രസീല് ഞങ്ങളെ പഠിപ്പിച്ചത് എന്നിട്ട് നിങ്ങളന്നെ എന്താ  അന്യപെണ്ണുങ്ങളെ  മൊഞ്ച് നോക്കി നില്‍ക്ക്ണത് ?

                                 അന്‍വറിന്‍റെ ചോദ്യം കേട്ട് മൊല്ലാക്ക ഒന്നു ചമ്മിയെങ്കിലും .  ചമ്മല്‍ പുറത്ത് കാണിക്കതെ ഉടന്‍ ഉത്തരം കൊടുത്തു ..

           “പെണ്ണിന്‍റെ മൊഞ്ചല്ല അന്‍വറെ, ഇത്ര മൊഞ്ചില് ആ പെണ്ണിനെ പടച്ച പടച്ചോന്‍റെ മൊഞ്ച് എന്തായിരിക്കും എന്നാ ഞമ്മള്  നോക്കുണത് .