2010, നവംബർ 23, ചൊവ്വാഴ്ച

ശകുനം

eeee

ഭാര്യയുടെ പ്രാര്‍ത്ഥനയും, വഴിപാടുകളും കൊണ്ട് ഏറെ താമസിച്ചു കിട്ടിയ ജോലിക്കായ് ദൂര യാത്ര പുറപ്പെടുമ്പോള്‍ നിറകുടം കണ്ടിറങ്ങണമെന്ന അവളുടെ വിശ്വാസത്തിനു അയാള്‍ എതിരൊന്നും പറഞ്ഞില്ല. വെള്ളം നിറച്ച് മുറ്റത്ത് വെച്ച തിളക്കമുള്ള സ്റ്റീല്‍ കുടത്തിലേക്ക് മാത്രം നോക്കിക്കൊണ്ട് അയാള്‍ വീടിന്‍റെ പടികളിറങ്ങി.

മണിക്കൂറുകള്‍ക്കകം മുറ്റത്ത് വന്നു നിന്ന ആംബുലന്‍സില്‍ നിന്നും അയാളുടെ മൃതശരീരം പുറത്തേക്കിറക്കുമ്പോള്‍ വീടിന്‍റെ പടിക്കെട്ടുകളില്‍ ഉണങ്ങി തുടങ്ങിയ രക്തം ആരൊക്കയോ കഴുകി കളയുന്നുണ്ടായിരുന്നു.

2010, നവംബർ 9, ചൊവ്വാഴ്ച

അടുത്ത അവകാശി..

ച്ഛനമ്മമാരെ തിരിച്ചറിയാതെ ഭൂമുഖത്ത് വളരുന്ന അനേകായിരം കുഞ്ഞുങ്ങളില്‍ ഒരുവനായി ദൂരെ ദൂരെ ഒരു അനാഥാലയത്തിന്‍റെ മതില്‍ കെട്ടിനുള്ളില്‍ അവന്‍ വളരുന്നുണ്ടാവും.!!

കണ്ണെത്താ ദൂരത്തോളം പച്ച വിരിച്ച് നില്‍ക്കുന്ന നെല്‍പ്പാടത്തിനോട് ചേര്‍ന്ന ചെമ്മണ്‍പാതയുടെ ഓരത്ത് ആഡംബരത്തിലും ,പ്രൌഡിയിലും, തലയുയര്‍ത്തി നിന്നിരുന്ന മണ്ണിശ്ശേരി വീട്. ജാതി മത ഭേദമന്യേ ഏത് പാതിരാത്രിയിലും സഹായം തേടിയെത്തുന്നവര്‍ക്ക് ആശ്വാസമായിരുന്ന ആ ഇരുനില കേണ്‍ക്രീറ്റ് കെട്ടിടം കാട് പിടിച്ച മുറ്റവും, ചിലന്തിവലയും, പച്ചപ്പൂപ്പലും കെട്ടിയ ചുവരുകളുമായി മനുഷ്യവാസം നഷ്ടമായ പ്രേതഭവനം പോലെ മാറിയിരിക്കുന്നു ഇന്ന്.!

വിദേശത്ത് പോയി ആവശ്യത്തിലേറെ സമ്പാദിച്ച് വിശ്രമ ജീവിതം നയിക്കുന്ന നാട്ടു പ്രമാണിയും, സ്നേഹ സമ്പന്നനും, രണ്ട് ആണ്മക്കളുടെ പിതാവുമായ മണ്ണിശ്ശേരി തറവാട്ടിലെ കോയഹാജിയോട് നാട്ടുകാര്‍ക്കെല്ലാം സ്നേഹവും ബഹുമാനമായിരുന്നു.!

കാതില്‍ സ്വര്‍ണ്ണചിറ്റും, കഴുത്തില്‍ ചങ്കേലസ്സും അരയില്‍ വെള്ളി അരഞ്ഞാണവും, അണിഞ്ഞ് പതിനാലാം രാവില്‍ മിന്നി നില്‍ക്കുന്ന മണിമുത്തു പോലെയുള്ള കുഞ്ഞിമാളുതാത്ത ആ വീടിന്‍റെ ഐശ്വര്യവും , ഹാജിയുടെ ഭാഗ്യവുമായിരുന്നു.

സുന്ദരിയായ ഭാര്യ സൈറയുമൊത്ത് വിദേശത്ത് കഴിയുന്ന മൂത്ത മകന്‍ ഗഫാര്‍ ബാപ്പയെ പോലെ സ്നേഹസമ്പന്നനും, കരുണയുള്ളവനുമായിരുന്നു. രണ്ടാമന്‍ ജാഫര്‍ എഞ്ചിനിയറിങ്ങിനു പഠിക്കുന്നു.

സ്നേഹവും, സന്തോഷവും കളിയാടിയിരുന്ന ജീവിതത്തിനിടയില്‍ ഒരു വിറയലു പോലെ വന്ന അസുഖം കുഞ്ഞിമാളുതാത്തയെ ഒരു ഭാഗം തളര്‍ത്തി കിടപ്പിലാക്കി. പല രീതിയിലുള്ള ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

ഉമ്മയെ കാണാന്‍ ഭാര്യയുമൊത്ത് നാട്ടിലെത്തിയ ഗഫാര്‍ തിരിച്ചു പോവുമ്പോള് സൈറയെ ഉമ്മയുടെ സഹായത്തിനു നിര്‍ത്തിയാണ് മടങ്ങിയത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ജാഫര്‍ വീട്ടിലേക്ക് താമസം മാറ്റി. അവിടെ നിന്നും കോളേജില്‍ പോവാന്‍ തുടങ്ങി.

മാസങ്ങള്‍ പലത് കഴിഞ്ഞു. കുഞ്ഞിമാളുതാത്തയുടെ അസുഖത്തിനു കുറവൊന്നുമുണ്ടായില്ല. കളിച്ചും,ചിരിച്ചും വീട്ടു കാര്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം നിയന്ത്രിച്ചിരുന്ന സൈറയുടെ മുഖത്തെ വിളര്‍ച്ചയും, രൂപ മാറ്റവും കണ്ട് അടുക്കളപ്പുറത്ത് പണിക്കാരി പെണ്ണുങ്ങള്‍ അടക്കം പറയാന്‍ തുടങ്ങി. അത് പതുക്കെ പതുക്കെ നാട്ടില്‍ പരന്നതോടെ ഗ്രാമവാസികളുടെ ശ്രദ്ധ മുഴുവന്‍ മണ്ണിശ്ശേരി വീട്ടിലേക്കായി.

ഗഫാര്‍ സൈറയെ വിട്ട് പോയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു . സൈറ ഇപ്പോള്‍ നാല് മാസത്തോളം ‍ഗര്‍ഭിണിയാണ്. ഹാജിയുടെ സഹായം പറ്റി ജീവിച്ചിരുന്നവര്‍ തന്നെ ഗര്‍ഭകഥ ഹരം പകരുന്ന രീതിയില്‍ അങ്ങാടിയില്‍ പറയാന്‍ തുടങ്ങി.

എല്ലാ കണ്ണുകളും ജാഫറിലേക്ക് തിരിഞ്ഞു. ജ്യേഷ്ട ഭാര്യയില്‍ അനുജനു ജനിക്കാന്‍ പോവുന്ന കുഞ്ഞിന്‍റെ ഭാവികാലം വരെ നാലാളു കൂടുന്നിടത്തെ ചര്‍ച്ചാ വിഷയമായി. കാശിനോടൊപ്പം വീറും വാശിയും കൈമുതലായുള്ള അന്നാട്ടിലെ തന്നെ ‍പേരുകേട്ട മറ്റൊരു തറവാട്ടില്‍ പെട്ട സൈറയുടെ വീട്ടുകാരും വിവരം അറിഞ്ഞു. മണ്ണിശ്ശേരി വീട്ടില്‍ നിന്നുമുണ്ടായ ഗര്‍ഭം അത് ആരുടെതാണെങ്കിലും അതിനുത്തരം കാണേണ്ടവര്‍ അവര്‍ തന്നെ എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം ഹാജിയും കുടുംബവും നാണക്കേടിലായി.

തന്‍റെ നിരപാരിധിത്വം ജാഫര്‍ പലരോടും പറഞ്ഞുവെങ്കിലും സംശയിക്കത്തക്ക വിധം സൈറയുമായി മറ്റാര്‍ക്കും ബന്ധമില്ലാത്തതിനാല്‍ ആര്‍ക്കും അത് വിശ്വാസമായില്ല. സ്വന്തം ബാപ്പ പോലും തന്നെ വിശ്വസിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ ഒരു രാത്രിയില്‍ ജാഫര്‍ ആരോടും പറയാതെ നാട് വിട്ട് പോയി. ജാഫറിനെ കാണാതായതോടു കൂടി ജനിക്കാന്‍ പോവുന്ന കുഞ്ഞിന്‍റെ പിതൃത്വത്തിനു നാട്ടുകാര്‍ക്ക് മറ്റൊരാളെ അന്വേഷിക്കേണ്ടി വന്നില്ല.

സൈറ ആരോടും ഒന്നും ഉരിയാടാതെ ഒരു മുറിയില്‍ മാത്രം ഒതുങ്ങിക്കൂടി. മനോനില നഷ്ടമായ ഒരു ഭ്രാന്തനെ പോലെ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ഗഫാറിനു അവളുടെ നാവില്‍ നിന്നു തന്നെ സത്യമറിയണമെന്ന വാശിയായി.

ഗഫാറിന്‍റെ വരവറിഞ്ഞ് മണ്ണിശ്ശേരി വീട്ടുമുറ്റത്ത് ആളുകള്‍ തടിച്ചു കൂടിയതോടെ ആരുടെയും മുഖത്ത് നോക്കാന്‍ ശേഷിയില്ലാതെ ഹാജി തളര്‍ന്നു കിടക്കുന്ന കുഞ്ഞിമാളുതാത്തയുടെ മുറിയില്‍ കയറി വാതിലടച്ചിരുന്നു.

സൈറയുടെ മുറിയില്‍ കയറിയ ഗഫാര്‍ അവളോട് വീട്ടില്‍ നിന്നിറങ്ങാന്‍ പറഞ്ഞു. മറുപടിയൊന്നുമില്ലാതെ നിര്‍വികാരതയോടെ ഇരിക്കുന്ന സൈറയുടെ മുടിക്കുത്തില്‍ പിടിച്ച് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് വന്നു. കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തിനു മുന്നില്‍ പരിസരബോധം നഷ്ടമായി ഒരു ഭ്രാന്തിയെ പോലെ അവള്‍ വിളിച്ചു കൂവാന്‍ തുടങ്ങി…

“നിങ്ങളെ ബാപ്പ പറയട്ടെ എന്നോട് ഇറങ്ങിപ്പോവാന്‍ അപ്പോള്‍ ഞാന്‍ പോവാം ..”

അവളുടെ വാക്കുകള്‍കേട്ട് ആളുകള്‍ ഞെട്ടി പരസ്പരം മുഖത്തോട് മുഖം നോക്കി. ഇടിവെട്ടേറ്റവനെ പോലെ ഗഫാര്‍ അവളില്‍ നിന്നും കൈകള്‍ പിന്‍വലിച്ചു. ഇതേ സമയം അകത്തുനിന്നും കുഞ്ഞിമാളുതാത്തയുടെ ഭയന്നു വിറച്ചുള്ള നിലവിളി നാട്ടുകാര്‍ കേട്ടു. വീടിനകത്തേക്ക് ഓടി കയറിവര്‍ കുഞ്ഞിമാളുതാത്തയുടെ മുറിയുടെ വാതില്‍ തള്ളിതുറന്ന് അകത്തേക്ക് കയറിയപ്പോഴേക്കും ഉടുമുണ്ടില്‍ തുങ്ങി നില്‍ക്കുന്ന ഹാജിയുടെ അവസാന ശ്വാസവും നിലച്ചിരുന്നു. മരുന്നിന്‍റെയും, കുഴമ്പിന്‍റെയും മണം നിറഞ്ഞു നിന്ന മുറിയില്‍ കണ്മുന്നില്‍ തൂങ്ങിയാടുന്ന ഭര്‍ത്താവിന്‍റെ ശരീരത്തിലേക്ക് കണ്ണ് തുറിച്ച്നോക്കി നിസ്സഹായാവസ്ഥയില്‍ കിടന്നിരുന്ന കുഞ്ഞിമാളുതാത്ത കൂടുതല്‍ താമസിയാതെ മരണത്തിനു കീഴടങ്ങി .

മണ്ണിശ്ശേരി വീട്ടിലെ തന്നെ അവകാശിയായി ജനിക്കാന്‍ പോവുന്ന കുഞ്ഞിനേയോ സൈറയെയോ സ്വീകരിക്കാന്‍ അവളുടെ വീട്ടുകാര്‍ തയ്യാറായില്ല. ഭാര്യക്ക് ജനിച്ച അനുജനേയും ബാപ്പയുടെ സ്വത്തുക്കളും ദൂരെയൊരു അനാഥാലയത്തിനു നല്‍കി ഒരിക്കലും ഈ ഗ്രാമത്തിലേക്കൊരു മടക്കമില്ലെന്ന തീരുമാനത്തോടെ സൈറയുമായി ഗഫാര്‍ ‍ വിദേശത്തേക്ക് മടങ്ങി .!!